''തെക്കേ അറ്റത്തുനിന്ന് തന്റെ സ്വാധീനം വ്യാപിപ്പിച്ചുകൊണ്ടും, ഒരിക്കല്‍ ചുവപ്പുകോട്ടയായിരുന്ന മധ്യബംഗാള്‍ പിടിച്ചടക്കിക്കൊണ്ടും വടക്കന്‍ ഭാഗത്തെ കോണ്‍ഗ്രസിന്റെ പ്രതിബന്ധങ്ങള്‍ തകര്ത്തെറിഞ്ഞുകൊണ്ടും മമതാ ബാനര്‍ജി ബംഗാളിന്റെ നട്ടെല്ലിലൂടെ തുളച്ചുകയറിക്കൊണ്ടിരിക്കുകയാണ്'',
പശ്ചിമബംഗാളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുണ്ടായ തകര്‍പ്പന്‍ വിജയത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് ബംഗാളിലെ പ്രമുഖ ദിനപത്രമായ ''ദ ടെലിഗ്രാഫ്'' 2013 ജൂലൈ 30ന് പ്രസിദ്ധീകരിച്ച പ്രധാന വാര്‍ത്ത ആരംഭിക്കുന്നത് ഈ വാക്കുകളോടെയാണ്.
ബംഗാളില്‍നിന്നു കിട്ടുന്ന ഏറ്റവും പുതിയ ഫലങ്ങളനുസരിച്ച് അവിടുത്തെ 17 ജില്ലകളിലെ പഞ്ചായത്തുകളില്‍ 13ലും തൃണമൂല്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. മുകള്‍തട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലും തൃണമൂലിനാണ് സമ്പൂര്‍ണ ആധിപത്യം. മധ്യബംഗാളില്‍ പതിറ്റാണ്ടുകളായി തകരാതെനിന്ന ചുവപ്പു കോട്ടകളും തൃണമൂലിന്റെ കടന്നാക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായി. കൂച്ച്ബീഹാര്‍, തെക്കന്‍ ദിനജ്പൂര്‍ മുതലായ ഇടത് ആധിപത്യ കേന്ദ്രങ്ങളും തൃണമൂല്‍ പിടിച്ചടക്കി. ബംഗാളിലെ ഗ്രാമീണ മേഖലകളില്‍ തൃണമൂലിന് സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കാനായി എന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വിളിച്ചുപറയുന്നു. 13 ജില്ലാ പരിഷത്തുകള്‍ തൃണമൂല്‍ നിയന്ത്രിക്കും എന്ന് ഇതിനകം ഉറപ്പായിക്കഴിഞ്ഞു. ബാക്കിയുള്ള നാല് ജില്ലകളിലും ആ പാര്‍ട്ടി നിര്‍ണായക ശക്തിയായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തുടര്‍ച്ചയായി 30 വര്‍ഷം അധികാരത്തിലിരുന്ന സി പി എം ബംഗാളിലെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ തുടച്ചുനീക്കപ്പെട്ടു എന്നതിന്റെ ഞെട്ടിക്കുന്ന ചിത്രമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. കേവലം രണ്ട് കൊല്ലംമാത്രം കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന് സി പി എമ്മിനെ ഇതുപോലെ തകര്‍ക്കാന്‍ കഴിഞ്ഞത്. തകര്‍ച്ചയുടെ ആഴം മനസിലാകണമെങ്കില്‍ ചില കണക്കുകള്‍ പരിശോധിച്ചേ മതിയാകൂ. ഉദാഹരണത്തിന് 2008ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മിഡ്‌നാപൂര്‍ ജില്ലയിലെ മൊത്തം 3846 പഞ്ചായത്ത് സീറ്റുകളില്‍ 2446 സീറ്റുകളുണ്ടായിരുന്നു. തൃണമൂലിനാകട്ടെ 402 സീറ്റുകള്‍ മാത്രം. എന്നാല്‍ 2013ലെ തിരഞ്ഞെടുപ്പില്‍ ഇടതിന്റെ സീറ്റുകള്‍ വെറും 250 ആയി കുറഞ്ഞപ്പോള്‍ തൃണമൂലിന്റെ സീറ്റുകള്‍ 3200 ആയി കുത്തനെ ഉയര്‍ന്നു. ബര്‍ദ്വാന്‍ ജില്ലയിലെ 4067 പഞ്ചായത്ത് സീറ്റുകളില്‍ 2008ല്‍ ഇടതിന് 2499 സീറ്റുകളുണ്ടായിരുന്നു. തൃണമൂലിനാകട്ടെ വെറും 577 സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതിന്റെ സീറ്റുകള്‍ 876 ആയി ചുരുങ്ങിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 2162 ആയാണ് വര്‍ധിച്ചത്. ഹൂബ്ലി ജില്ലയില്‍ മൊത്തം 3192 പഞ്ചായത്ത് സീറ്റുകളാണുള്ളത്. 2008ല്‍ ഇടതിന് ഇവിടെ 1928 സീറ്റുകള്‍ നേടാനായി. തൃണമൂലിന് 717 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. എന്നാല്‍ 2013ല്‍ ഇടതു നേടിയ സീറ്റുകളുടെ എണ്ണം 509 ആയി കുറഞ്ഞപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകളുടെ ണ്ണം 2090 ആയാണ് ഉയര്‍ന്നത്.
പശ്ചിമ ബംഗാളില്‍ 2008ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 17 ജില്ലകളില്‍ 13ലും ഇടതുപക്ഷത്തിനാണ് തൃണമൂലിനെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. എന്നാല്‍ 2013ല്‍ രണ്ട് ജില്ലകളില്‍ മാത്രമായി ഇടതുപക്ഷത്തിന്റെ മുന്‍തൂക്കം ചുരുങ്ങി. 15 ജില്ലകളിലും തൃണമൂലിനായി ഭൂരിപക്ഷം. അതില്‍ ഏഴ് ജില്ലകളിലും ഇടതുപക്ഷത്തിന് ലഭിച്ച സീറ്റുകളുടെ എണ്ണം 2008നെ അപേക്ഷിച്ച് 2013ല്‍ പകുതിയിലധികമായി കുറഞ്ഞു. എസ് 24 പര്‍ഗാനാസ് ജില്ലയിലും മുര്‍ഷിദാബാദ് ജില്ലയിലും നാമമാത്രമായ ഭൂരിപക്ഷം മാത്രമാണ് ഇടതുപക്ഷത്തിന് നിലനിര്‍ത്താനായത്.
''പശ്ചിമബംഗാളിലെ സ്വാഭാവിക ജനവിധിയല്ല ഈ വിധി പ്രതിഫലിപ്പിക്കുന്നത്. ജനാധിപത്യ പ്രക്രീയയെ തകര്‍ത്തെറിഞ്ഞ ഭരണപക്ഷം പ്രതിപക്ഷത്തെ നാമനിര്‍ദേശ പത്രികപോലും സമര്‍പ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു'' എന്നാണ് സി പി എം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്.
യഥാര്‍ഥത്തില്‍ ശുദ്ധ അസംബന്ധമല്ലേ ഈ വാദം. മുപ്പത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും, അഞ്ച് തവണയിലധികം തുടര്‍ച്ചയായി തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണാധിപത്യം നേടിയിട്ടും അതെല്ലാം ഒറ്റയടിക്ക് പഴങ്കഥയാക്കി, രണ്ടുവര്‍ഷംകൊണ്ട് മമതാ ബാനര്‍ജി ഗ്രാമീണ ബംഗാളില്‍നിന്ന് ഉള്‍പ്പെടെ സി പി എമ്മിനെ തൂത്തെറിഞ്ഞു എന്നതല്ലേ യഥാര്‍ഥ വസ്തുത?. കഴിഞ്ഞ രണ്ടുവര്‍ഷത്തെ മമതാ ബാനര്‍ജിയുടെ ഭരണം ബംഗാള്‍ ദീര്‍ഘകാലംകൊണ്ട് നേടിയതെല്ലാം ഒറ്റയടിക്ക് അല്ലാതാക്കുന്നതായിരുന്നു എന്നും ഏകാധിപതിയെപ്പോലെയായിരുന്നു അവരുടെ ഭരണമെന്നും സി പി എം പുരക്കുമുകളില്‍ കയറി വിളിച്ചുകൂവുകയായിരുന്നു. ബംഗാളില്‍ നഷ്ടപ്പെടതൊക്കെ സി പി എം ഏറെ താമസിയാതെ തിരികെ പിടിക്കുമെന്ന വാദവുമുണ്ടായിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലകളില്‍പ്പോലും സി പി എം നാമാവശേഷമായി എന്ന് തിരഞ്ഞെടുപ്പ് ഫലം അര്‍ധശങ്കക്കിടയില്ലാത്തവിധം വിളിച്ചുപറയുന്നു.
30 വര്‍ഷം സി പി എം തുടര്‍ച്ചയായി അധികാരത്തിലിരുന്നപ്പോള്‍ ബംഗാളിനെപ്പറ്റി എന്തൊക്കെ പ്രചാരണങ്ങളായിരുന്നു. വ്യാപകമായ ഭൂപരിഷ്‌കരണം, ആഴത്തിലുള്ള അധികാര വികേന്ദ്രീകരണം, ഭക്ഷ്യോല്പാദനത്തില്‍ സ്വയംപര്യാപ്തത, സമ്പൂര്‍ണ സാക്ഷരത, കാര്‍ഷിക മേഖലയുടെ അഭൂതപൂര്‍വമായ വളര്‍ച്ച എന്നിങ്ങനെ എന്തൊക്കെ പ്രഖ്യാപനങ്ങളായിരുന്നു. അവയൊക്കെ തീര്‍ത്തും അസംബന്ധങ്ങളായിരുന്നു എന്നല്ലേ രണ്ട് വര്‍ഷം കൊണ്ടുള്ള സി പി എമ്മിന്റെ ഹിമാലയന്‍ തകര്‍ച്ച സൂചിപ്പിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട നേട്ടങ്ങള്‍ക്ക് യഥാര്‍ഥ്യങ്ങളുമായി പുലബന്ധംപോലും ഉണ്ടായിരുന്നു എങ്കില്‍ ഗ്രാമീണ മേഖലയില്‍നിന്നും സി പി എം ഇത്തരത്തില്‍ തൂത്തെറിയപ്പെടുമായിരുന്നോ. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗുണ്ടായിസം അരങ്ങേറി എന്നവാദം ആരും തള്ളിക്കളയുന്നില്ല. എന്നാല്‍ സി പി എം ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണം ഇതാണെന്ന് പറയാന്‍ ബംഗാളിലെ സി പി എം നേതൃത്വത്തിന് കഴിയുമോ? ഒരിക്കലുമില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവര്‍ക്കൊപ്പം നില്‍ക്കുന്ന അവരുടെ ഭരണമായിരുന്നില്ല സി പി എം മൂന്ന് പതിറ്റാണ്ടുകാലം നടത്തിയത് എന്നാണ് ഇത് തെളിയിക്കുന്നത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി, തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലെ സി പി എമ്മിന്റെ 30 വര്‍ഷത്തെ ആധിപത്യം ആദ്യമായി തകര്‍ത്തു. ഇപ്പോഴിതാ കഷ്ടിച്ച് രണ്ട് വര്‍ഷവും 2 മാസവും കഴിഞ്ഞപ്പോള്‍ വീണ്ടും, ഗ്രാമീണ മേഖലയില്‍നിന്നുപോലും തൃണമൂല്‍ സി പി എമ്മിനെ തുടച്ചുനീക്കിയിരിക്കുന്നു. ഒന്‍പത് മാസങ്ങള്‍ക്കു ശേഷം നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം എന്താണെന്ന് ഇപ്പോഴേ നാം അറിഞ്ഞിരിക്കുന്നു. ഇങ്ങനെപോയാല്‍ ബംഗാളിലെ സി പി എം ഒരു പഴങ്കഥയായി മാറുമോ? കാത്തിരുന്നു കാണുകയോ നിവൃത്തിയുള്ളൂ.
No comments:
Post a Comment