ഉമ്മൻ ചാണ്ടി സർക്കാർ കേരളത്തിൽ ഒരുലക്ഷം പേര്‍ക്ക് മൂന്നുസെന്റ് ഭൂമിവീതം നല്‍കുന്നു
* സീറോ ലാന്‍ഡ്‌ലെസ് ഉദ്ഘാടനത്തിന് സോണിയാഗാന്ധി എത്തും.
സംസ്ഥാനത്തെ ഭൂരഹിതരായ ഒരു ലക്ഷം പേര്‍ക്ക് വിതരണത്തിനുള്ള ഭൂമി തയ്യാറായി. മൂന്ന് സെന്റ് വീതമാണ് ഭൂരഹിതര്‍ക്ക് വീട് വെയ്ക്കുന്നതിനായി നല്‍കുക. സപ്തംബറില്‍ യു. പി.എ. അധ്യക്ഷ സോണിയാഗാന്ധി സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ സീറോ ലാന്‍ഡ്‌ലെസ് കേരള പദ്ധതി ഗുണഭോക്താക്കള്‍ക്ക് പട്ടയം നല്‍കി ഉദ്ഘാടനം ചെയ്യും.
ഉമ്മൻ ചാണ്ടി സര്‍ക്കാരിന്റെ ഏറ്റവും വലിയ ജനകീയ പദ്ധതിയായാണ് സീറോ ലാന്‍ഡ്‌ലെസ് കേരളം രൂപപ്പെടുത്തിയത്.
2,33,232 കുടുംബങ്ങളാണ് സംസ്ഥാനത്ത് ഭൂരഹിതരായിട്ടുള്ളത്. ഇതില്‍ ആദ്യപടിയായി ഒരു ലക്ഷം പേര്‍ക്കാണ് ഭൂമി നല്‍കുന്നത്. മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കാന്‍ 7735 ഏക്കര്‍ സ്ഥലം വേണം. 75270 പ്ലോട്ടുകള്‍ ഇതിനകം തയ്യാറായിട്ടുണ്ട്. ബാക്കിയുള്ള പ്ലോട്ടുകള്‍ വിതരണത്തിനായി ഒരുക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്.
സംസ്ഥാനത്തെ ഭൂരഹിതരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്തിയിരുന്നില്ല. എല്ലാവര്‍ക്കും ഭൂമി നല്‍കാനുള്ള പദ്ധതിക്കായി ആദ്യം ഭൂരഹിതരുടെ എണ്ണം തിട്ടപ്പെടുത്തുകയെന്നതായിരുന്നു ആദ്യ നടപടി. വില്ലേജ് ഓഫീസുകള്‍ വഴി അപേക്ഷാഫാറം വിതരണം ചെയ്ത് വിവരം ശേഖരിച്ചപ്പോള്‍ 306595 പേര്‍ അപേക്ഷിച്ചു. ഇതില്‍ 2,33,232 പേരാണ് ഒരു സെന്റ് ഭൂമി പോലുമില്ലാത്തവര്‍ എന്ന് പരിശോധനയിലൂടെ കണ്ടെത്തി.
ഒരുവശത്ത് ഭൂരഹിതരെ കണ്ടെത്താനുള്ള നടപടി നടക്കവെ, മറുഭാഗത്ത് ഭൂമി കണ്ടെത്താനുള്ള ശ്രമവും തുടങ്ങി. ഓരോ ജില്ലയിലും പ്രത്യേക സെല്‍ ഇതിനായി രൂപവത്കരിച്ചു. മിച്ച ഭൂമിയും പുറമ്പോക്കും തിട്ടപ്പെടുത്തിയാണ് പ്രധാനമായും ഭൂമി കണ്ടെത്തിയത്. 75270 പ്ലോട്ടുകള്‍ കണ്ടെത്തി വിതരണത്തിന് യോഗ്യമാക്കുകയായിരുന്നു.
പ്ലോട്ടുകള്‍ തിരിച്ചുനില്‍കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. വിധവകള്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കും മുന്‍ഗണനയുണ്ടാകും. മറ്റ് യോഗ്യതാ മാനദണ്ഡങ്ങളുമുണ്ട്. ഇതുപ്രകാരം ഓണ്‍ലൈന്‍ വഴിയായിരിക്കും വിതരണം. ആദിവാസികള്‍ക്കും മറ്റും അവരുടെ ആവാസവ്യവസ്ഥയ്ക്കനുസൃതമായ രീതിയിലുള്ള സ്ഥലം നല്‍കും. മൂന്ന് സെന്റിന് പകരം കൂടുതല്‍ സ്ഥലവും അവര്‍ക്ക് നല്‍കും. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പട്ടിക തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി പ്രത്യേക സോഫ്റ്റ് വേര്‍ വികസിപ്പിച്ചു.
സ്ഥലം കണ്ടെത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെയും നേതൃത്വത്തില്‍ പലകുറി അവലോകന യോഗങ്ങള്‍ നടത്തിയാണ് തടസ്സങ്ങള്‍ മറികടന്ന് സ്ഥലം ലഭ്യമാക്കിയത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന വിപുലമായ സംഘമാണ് സീറോ ലാന്‍ഡ്‌ലെസ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്.
No comments:
Post a Comment