അമിത ഭോജനത്തിന്റെ അടിമകളായിത്തീരരുത്
നോമ്പുതുറ വിഭവങ്ങള്‍ അനാരോഗ്യ പ്രവണതയിലേക്ക് അതിവേഗം കൂപ്പുകുത്തിയ കാലമാണിത്. ആഹാര കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ട ഹൃദ്രോഗികളും പ്രമേഹ രോഗികളും വര്‍ജിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമായ ആഹാരങ്ങള്‍ ധൃതിപിടിച്ച് പെട്ടെന്ന് കഴിക്കുകയും അമിത ഭോജനത്തിന്റെ അടിമകളായിത്തീരുകയും ചെയ്യുന്നു.
കൊഴുപ്പു കൂടിയ ആഹാരങ്ങളാണ് നോമ്പുതുറക്കലിന് പ്രധാനമായി കരുതുന്നത്. വെളിച്ചെണ്ണയും ഡാല്‍ഡയും ആര്‍.കെ.ജിയും മറ്റു നെയ്യുകളും യഥേഷ്‌ടം പലഹാര നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തുന്നു. എല്ലാ നെയ്യുകളും കൊണ്ടുള്ള പലഹാരോത്സവമാണ് ഇഫ്‌ത്താര്‍ വഴി അരങ്ങേറുന്നത്. പഞ്ചസാര ധാരാളമടങ്ങിയ പാനീയങ്ങളാണ് മറ്റൊരപകടം.
കൊഴുപ്പ് വളരെ കുറഞ്ഞതും ധാരാളം ഫൈബര്‍ അടങ്ങിയതുമായ ആഹാരങ്ങളെ കുറിച്ച് കാറ്ററിംഗുകാര്‍ ചിന്തിക്കാറേയില്ല. പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ ധാരളമായി ഉപയോഗിക്കണം.
ആഹാരം സാവധാനം മന:ശാന്തിയോടെ കഴിക്കണം. ധൃതിപിടിച്ച് പെട്ടെന്ന് കഴിക്കുന്ന സ്വഭാവം ദോഷകരമാണ്. അന്നനാളത്തേയും ആമാശയത്തേയും വന്‍കുടലിനേയും ബാധിക്കുന്ന കാന്‍സറും ആമാശയത്തേയും ചെറുകുടലിനേയും ബാധിക്കുന്ന പുണ്ണും ഇല്ലായ്‌മ ചെയ്യാന്‍ വ്രതകാലത്തെ ഭക്ഷണ നിയന്ത്രണംവഴി സാധിക്കും. പോഷകാഹാര കുറവ് ദാരിദ്ര്യം കൊണ്ട് മാത്രമുണ്ടാവുന്നതല്ല. സമ്പന്നതയുടെ നടുവിലും അതുണ്ടാവും. മാംസം മാത്രം ഭക്ഷിക്കുന്ന സമ്പന്നന്റെ കാര്യമെടുക്കാം. പച്ചക്കറികളോട് താല്‍പര്യമൊന്നും കാണിക്കാതിരിക്കുന്ന അയാള്‍ക്ക് വന്നുപെടുന്നത് പോഷകാഹാരക്കുറവ് തന്നെ. ആഹാരത്തെ കുറിച്ചുള്ള അറിവില്ലായ്‌മ വ്രതകാലത്തും അപകടം വരുത്തുമെന്ന് മനസിലാക്കണം.
ഇന്ദ്രിയങ്ങളെ കീഴ്‌പ്പെടുത്തുന്നതിനുള്ള പരിശീലനമായി അനുഷ്‌ഠിക്കാന്‍ ഇസ്ലാം കല്‍പ്പിച്ച വ്രതത്തിന്റെ അന്തസ്സത്ത ആരും കളഞ്ഞുകുളിക്കരുത്. രോഗികളായവര്‍ക്കും യാത്രചെയ്യുന്നവര്‍ക്കും വ്രതത്തില്‍ ഇളവ് കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. വ്രതത്തെ തുടര്‍ന്നുണ്ടാകുന്ന ധാര്‍മിക ശുദ്ധിപോലെ പ്രധാനമാണ് ശരീര ശുദ്ധിയും. അശുദ്ധമായ ദേഹവും മനസ്സും റമദാന്റെ പവിത്രത ഉള്‍ക്കൊള്ളില്ല
No comments:
Post a Comment