KPCCപ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം ഞായറാഴ്ചയ്ക്കുള്ളില്‍ നടക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ബുധനാഴ്ച നടത്തുന്ന കൂടിക്കാഴ്ച നിര്‍ണായകമാകും. ആഭ്യന്തരമായിരിക്കും കിട്ടുക. എന്നാല്‍, തന്നില്‍നിന്ന് ആഭ്യന്തരം അപഹരിച്ചാല്‍ പൊറുക്കില്ലെന്നും രാജിവെക്കുമെന്നുമുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭീഷണി സജീവമാണ്.
ഭരണത്തില്‍ പുതിയൊരു അധികാരകേന്ദ്രം ഉയരുമെന്നതിനാല്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം നല്‍കരുതെന്ന് എ ഗ്രൂപ്പിലെ നല്ലൊരു പങ്ക് ശഠിക്കുന്നുമുണ്ട്. അതിനെയെല്ലാം അതിജീവിച്ച് മുഖ്യമന്ത്രി തീരുമാനം എടുക്കുമോ എന്നത് ബുധനാഴ്ചത്തെ ചര്‍ച്ചയ്ക്കുശേഷം അറിയാം. മുസ്ലിംലീഗിനെ അനുനയിപ്പിച്ച്, ആഭ്യന്തരമില്ലാത്ത ഉപമുഖ്യമന്ത്രിപദവി നല്‍കി കോണ്‍ഗ്രസിലെ പൊട്ടിത്തെറി തല്‍ക്കാലം ഒഴിവാക്കാനും നോക്കും. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയെതുടര്‍ന്നാണ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം ഉമ്മന്‍ചാണ്ടി ഉറപ്പിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രിപദവി അല്ലെങ്കില്‍ ആഭ്യന്തരം എന്ന ഉപാധിയില്‍മാത്രം മന്ത്രിസഭയിലേക്കെന്ന കര്‍ക്കശ നിലപാട് തുടരാനാണ് ചെന്നിത്തലയുടെയും ഐ ഗ്രൂപ്പ് നേതാക്കളുടെയും ധാരണ.
പത്തുദിവസംമുമ്പ് മുഖ്യമന്ത്രിയുമായി നടന്ന ക്ലിഫ്ഹൗസ് ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ ഇനി മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെയും തനിക്കു തന്റെയും വഴിയെന്ന് ചെന്നിത്തല തുറന്നടിച്ചിരുന്നു. ഐ ഗ്രൂപ്പിനെ വല്ലാതെ പിണക്കിയാല്‍ നേരിയ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍, നിയമസഭയുടെ തിങ്കളാഴ്ച ആരംഭിക്കുന്ന സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തില്‍ ബുദ്ധിമുട്ടുമെന്ന ഭയമുണ്ട്. ഇത് കണക്കിലെടുത്താണ് സമവായത്തിന് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയോട് ഉപദേശിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, സംഘടനാ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി, അധ്യക്ഷയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരുമായാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയത്. ചെന്നിത്തല കെപിസിസി പ്രസിഡന്റായതുകൊണ്ട് മന്ത്രിസഭാപ്രവേശത്തിന് ഹൈക്കമാന്‍ഡിന്റെ അനുമതി വേണം. അനുമതി നല്‍കിയ സോണിയാഗാന്ധി KPCC പ്രസിഡന്റ് മന്ത്രിസഭയില്‍ വരുന്നെങ്കില്‍ മാന്യമായ സ്ഥാനം നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേരളത്തില്‍ ചെന്നിത്തലയുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാനാണ് ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഉപമുഖ്യമന്ത്രിപദവി സൃഷ്ടിക്കുന്നതിന് യുഡിഎഫില്‍ ചര്‍ച്ചയും മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് എം എന്നിവയുടെ സമ്മതവും വേണം. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായി ഇതേപ്പറ്റി ചില ആലോചന ഉമ്മന്‍ചാണ്ടി നടത്തിയിട്ടുണ്ട്. അത് വിജയിക്കുന്നില്ലെങ്കില്‍ പ്രശ്നപരിഹാരത്തിനായി വിജിലന്‍സ് തിരുവഞ്ചൂരില്‍ നിലനിര്‍ത്തി ആഭ്യന്തരം ചെന്നിത്തലയെ ഏല്‍പ്പിക്കാനാണ് സാധ്യത. വര്‍ഗീയവാദിയെന്നടക്കം വിമര്‍ശിച്ച് മുഖ്യമന്ത്രിയുമായി NSS നേതൃത്വം ഒരിക്കലും സംഭവിക്കാത്തവിധം അകന്നതിനാല്‍ ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായിരിക്കയാണ്.
ചെന്നിത്തലയുടെ ഒഴിവില്‍ KPCC പ്രസിഡന്റിനെ നിയമിക്കുന്നത് ബജറ്റ് സമ്മേളനത്തിനുശേഷമായേക്കും. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പേരിനാണ് മുന്‍തൂക്കം. പക്ഷേ, സഭാസമ്മേളനത്തിന് തൊട്ടുമുമ്പായി സ്പീക്കറെ മാറ്റുന്നതും പകരം സ്പീക്കറെ കണ്ടെത്തുന്നതും ശ്രമകരമാണ്. ജൂണ്‍ 10ന് നിയമസഭാ സമ്മേളനം ചേരുംമുമ്പ് ഇതു പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കെപിസിസിക്ക് ആക്ടിങ് പ്രസിഡന്റ് വന്നേക്കും.
No comments:
Post a Comment