Sunday, 19 May 2013

[www.keralites.net] Dear Keralites - this is for you to amend on.......

 

ധൂര്‍ത്ത് കുറയ്ക്കാം, വെള്ളം കരുതാം; ഈ നാട് മരുഭൂമിയാകും മുമ്പേ

 

എം.ഇ. അനൂപ്‌

Fun & Info @ Keralites.netനിങ്ങള്‍ക്ക് പല്ല് തേയ്ക്കാന്‍ എത്ര വെള്ളംവേണം...? അമ്പരക്കേണ്ട... ഒരോ ദൈനംദിന പ്രവൃത്തിക്കും വേണ്ടിവരുന്ന ശരാശരി വെള്ളത്തിന് കണക്കുണ്ട്. എന്നാല്‍, വന്‍ധൂര്‍ത്താണ് ജലഉപഭോഗത്തില്‍ മലയാളിക്ക്.

സര്‍ക്കാരിന്റെ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കപ്പാസിറ്റി ഡവലപ്പ്‌മെന്റ് യൂണിറ്റിന്റെ (സി.സി.ഡി.യു) കണക്ക്പ്രകാരം ശരാശരി ഒരു ലിറ്റര്‍ വെള്ളമാണ് ഒരാള്‍ക്ക് പല്ലുതേയ്ക്കാന്‍ ആവശ്യം. എന്നാല്‍, അഞ്ച് ലിറ്ററിലധികമാണ് കേരളീയര്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ നമ്മള്‍ ജലത്തിന്റെ ധൂര്‍ത്തും ദുരുപയോഗവും തുടങ്ങുന്നു.

ഒരു വര്‍ഷം ശരാശരി 300 സെന്റിമീറ്ററിലധികം മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. 116.5 ഘനകിലോമീറ്ററിലധികം മഴവെള്ളം നമുക്ക് കിട്ടുന്നു. വലിപ്പത്തിന്റെ കാര്യത്തില്‍ രാജ്യത്ത് 21-ാം സ്ഥാനം മാത്രമുള്ള ഈ നാട്ടിലൂടെ ഒഴുകുന്നത് 44 നദികളാണ്. 70 ലക്ഷത്തിലധികം കിണറുകള്‍ നമുക്കുണ്ട്. തടാകങ്ങളും കുളങ്ങളും അരുവികളും മറ്റുമായി നിരവധി ജലസ്രോതസ്സുകള്‍ വേറെയും. എന്നിട്ടും വേനല്‍ എത്തിനോക്കുമ്പോഴേക്കും മലയാളികള്‍ ജലദരിദ്രരായി മാറുന്നു.

വെള്ളം സംരക്ഷിക്കാതെ ധൂര്‍ത്തടിക്കുന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. കുളിക്കാന്‍ 20 ലിറ്റര്‍ വെള്ളം വേണ്ടിടത്ത് 100 ലിറ്റര്‍ വരെ നമ്മള്‍ ഉപയോഗിക്കുന്നു. പാത്രങ്ങള്‍ കഴുകാന്‍ ഒരു ദിവസം 14 ലിറ്റര്‍ വെള്ളം മതി. എന്നാല്‍, ഉപയോഗിക്കുന്നതാകട്ടെ 50 ലിറ്റര്‍. പൂന്തോട്ടം നനയ്ക്കലാണ് ഏറ്റവും വിചിത്രം. കുടിക്കാന്‍ വെള്ളമില്ലെങ്കിലും തോട്ടം നനയ്ക്കും ചിലര്‍. സി.സി.ഡി.യുവിന്റെ കണക്ക് പ്രകാരം ഒരുദിവസം 135 ലിറ്റര്‍ വെള്ളം ആവശ്യമുള്ള വ്യക്തി ഉപയോഗിക്കുന്നത് 420 ലിറ്ററാണ് - വേണ്ടതിന്റെ മൂന്നിരട്ടിയോളം. ഇത് പകുതിയെങ്കിലുമാക്കി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ വലിയവ്യത്യാസമാണ് ഉണ്ടാകുക.

ധൂര്‍ത്ത് കുറയ്ക്കുന്നതിനൊപ്പം മഴവെള്ളം സംഭരിക്കാനും ജലമലിനീകരണം ഇല്ലാതാക്കാനും അടിയന്തര ശ്രദ്ധനല്‍കണം. ലഭിക്കുന്ന മഴയുടെ 35 ശതമാനവും രണ്ടുദിവസം കൊണ്ട് കടലിലേക്ക് ഒഴുകിപ്പോകുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റേത്. ഇതില്‍ കുറച്ചെങ്കിലും സംഭരിക്കാനായാല്‍ വരള്‍ച്ചയെ പ്രതിരോധിക്കാം. മഴവെള്ളം ഒഴുകിപ്പോകാതെ ശേഖരിക്കാനോ മണ്ണിലേക്കിറങ്ങാനോ സംവിധാനമൊരുക്കണം.

കിണര്‍ ഒരു അക്ഷയപാത്രമാണെന്ന മട്ടിലുള്ള ജലഉപഭോഗം നിയന്ത്രിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റിയിലെ സീനിയര്‍ കെമിസ്റ്റ് എം.ജി. വിനോദ് കുമാര്‍ പറയുന്നു. ''കൃത്യമായി റീചാര്‍ജ് ചെയ്യപ്പെട്ടില്ലെങ്കില്‍ കിണറുകള്‍ വറ്റും. മഴവെള്ള സംഭരണം ഊര്‍ജിതമാക്കിയില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ ഗുരുതര പ്രതിസന്ധി നമ്മള്‍ നേരിടേണ്ടിവരും'' - അദ്ദേഹം പറയുന്നു.
മഴവെള്ള സംഭരണത്തിലാണ് കേരളം ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റി (സി.ഡബ്ല്യു.ആര്‍.ഡി.എം.)ലെ വാട്ടര്‍ ക്വാളിറ്റി ഡിവിഷന്‍ മേധാവി ഡോ. പി.എസ്. ഹരികുമാറും പറയുന്നു.

ഇടക്കാലത്ത് നല്ല രീതിയില്‍ നടന്നുവന്നിരുന്ന സംഭരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തളര്‍ച്ചയിലാണ്. ഇത് പുനരുജ്ജീവിപ്പിക്കണം. പരമ്പരാഗത ജലസ്രോതസുകള്‍ നികത്തുന്നതും മണല്‍ വാരലും നിയന്ത്രിക്കണം. വെള്ളത്തിന്റെ പുനരുപയോഗവും മലയാളി ശീലിക്കേണ്ടതാണ്- അദ്ദേഹം പറഞ്ഞു.

വിദഗ്ധരുടെ വാക്കുകളില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. ജലസംരക്ഷണത്തിലും സംഭരണത്തിലുമാണ് ഇനി കേരളം ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് മഴവെള്ളക്കൊയ്ത്തില്‍. വിദ്യാലയങ്ങളിലും സ്ഥാപനങ്ങളും മാത്രമല്ല ഓരോ പൗരനും ഇതിനായി മുന്നിട്ടിറങ്ങണം. ഇനിയും വൈകിയാല്‍ മനോഹരമായ ഈ നാട് മരുഭൂമിയായി മാറും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment