ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതി ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്നു പാര്‍ലമെന്ററി സ്റാന്‍ഡിംഗ് സമിതി. പദ്ധതി സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സീതാറാം യെച്ചൂരി അധ്യക്ഷനായ ഗതാഗത- ടൂറിസം- സാംസ്കാരിക വകുപ്പുകളുടെ സ്റാന്‍ഡിംഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തു. 150 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ടു വിമാനത്താവളങ്ങള്‍ പാടില്ലെന്നാണു പുതിയ വിമാനത്താവളങ്ങള്‍ സംബന്ധിച്ച ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുള്ള പശ്ചാത്തലത്തില്‍ ആറന്മുളയില്‍ വിമാനത്താവളം അനുവദിച്ചതു തെറ്റായ നടപടിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഒരു വിമാനത്താവളത്തില്‍ ഉള്‍ക്കൊള്ളാനാവാത്ത വിധത്തിലുള്ള തിരക്കു വരുകയും അവിടെ വികസനം സാധ്യമല്ലാതിരിക്കുകയും ചെയ്യുന്നെങ്കില്‍ മാത്രമേ 150 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പുതിയ വിമാനത്താവളത്തിന് അനുമതി നല്‍കാനാവൂ. നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിന് 120 കിലോമീറ്റര്‍ അകലെ കൊച്ചി വിമാനത്താവളവും 90 കിലോമീറ്റര്‍ അകലെ തിരുവനന്തപുരം വിമാനത്താവളവുമുണ്ട്. ഇവ പുതിയ വിമാനത്താവളങ്ങളായതിനാല്‍ അടുത്തെങ്ങും പൂര്‍ണശേഷി കവിയുന്ന അവസ്ഥ ഉണ്ടാകില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ പദ്ധതിയായി നടപ്പിലാക്കുന്ന ആറന്മുള വിമാനത്താവളത്തിനു കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്രതിരോധ, പരിസ്ഥിതി, വ്യോമയാന മന്ത്രാലയങ്ങളില്‍ നിന്നു പദ്ധതിക്കു പ്രാഥമിക അനുമതിയും ലഭിച്ചു കഴിഞ്ഞു. കെജിഎസ് ഇന്‍ഫ്രാ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ 900 ഏക്കറില്‍ നിര്‍മിക്കാനിരിക്കുന്ന വിമാനത്താവള പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത് വ്യവസായ മേഖലയായി സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതി ഉപേക്ഷിക്കണമെന്നു പാര്‍ലമെന്ററി സമിതി ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് ആന്റോ ആന്റണി എംപി ചൂണ്ടിക്കാട്ടി. വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്റിയറിംഗ് കമ്മിറ്റിക്ക് 150 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മറ്റൊരു വിമാനത്താവളം അനുവദിക്കാമെന്നാണു വ്യവസ്ഥ . കേന്ദ്ര ആഭ്യന്തര, പ്രതിരോധ, സാമ്പത്തികകാര്യ, റവന്യു, ആസൂത്രണ കമ്മീഷന്‍ സെക്രട്ടറിമാരും, എയര്‍പോര്‍ട്ട് അഥോറിറ്റി ചെയര്‍മാന്‍, മെറ്ററോളജിക്കല്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍, സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായ സ്റിയറിംഗ് കമ്മിറ്റിയും പദ്ധതിയുടെ വിവിധ വശങ്ങള്‍ പഠിച്ച ശേഷമാണു പുതിയ എയര്‍പോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കുന്നത്.അതു പുനഃപരിശോധിക്കുക എന്നതു തന്നെ ബാലിശമായ നിലപാടാണ്. കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളുടെ ഇടയില്‍ 150 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ചു സീതാറാം യെച്ചൂരി അധ്യക്ഷനായ സമിതി മൌനം പാലിക്കുകയാണെന്നും ആന്റോ ആന്റണി കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു നടപടി സ്വീകരിക്കണമെന്നും സ്റാന്‍ഡിംഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഏറെ സാധ്യതകളുള്ള വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കാന്‍ ഷിപ്പിംഗ് മന്ത്രാലയം താത്പര്യം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ ഷിപ്പിംഗ് കോര്‍പറേഷന്‍ തുറമുഖം ഏറ്റെടുക്കാന്‍ താത്പര്യം കാണിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അധികം മണ്ണെടുക്കാതെ നിര്‍മിക്കാവുന്ന തുറമുഖ പദ്ധതിയാണിത്. നിര്‍ദിഷ്ട തുറമുഖം യാഥാര്‍ഥ്യമായാല്‍ മദര്‍ ഷിപ്പുകള്‍ക്കു വരാനും അതുവഴി അന്താരാഷ്ട്ര തലത്തില്‍ ബിസിനസ് നടത്താനും വഴിതെളിയും. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെ. സുധാകരന്‍ എംപി കൂടി അംഗമായ സമിതി ശിപാര്‍ശ ചെയ്തു. |
No comments:
Post a Comment