ശ്രീശാന്തിന് കിട്ടിയത് 40 ലക്ഷം: അങ്കിത് ചവാന് 60 ലക്ഷം
ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഐ.പി.എല്‍. ഒത്തുകളിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡല്‍ഹി പോലീസ് ഇന്ന് പുറത്തുവിട്ടത്. ഒരു കളിയിലെ ഒരു ഓവര്‍ ഒത്തുകളിച്ചപ്പോള്‍ ശ്രീശാന്തിന് 40 ലക്ഷം രൂപയും അങ്കിത് ചവാന് 60 ലക്ഷവും കിട്ടിയപ്പോള്‍, അജിത് ചാണ്ഡിലയ്ക്ക് വാക്ക് തെറ്റിച്ചതിന് മുന്‍കൂറായി നല്‍കിയ 20 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടി വന്നു.
കളിക്ക് മുമ്പ് ഒരു കളിക്കാരന്‍ താന്‍ എറിയാന്‍ പോകുന്ന ഓവറില്‍ എത്ര റണ്‍സ് വിട്ടുകൊടുക്കുമെന്ന് വരെ വാതുവെയ്പുകാരുമായി മുന്‍കൂട്ടി കരാര്‍ ഉറപ്പിച്ചാണ് കളിക്കിറങ്ങുന്നതെന്ന വിവരമാണ് തെളിവുകളോടൊപ്പം പോലീസ് പുറത്തുവിട്ടത്.
വാതുവെയ്പുകാരുമായുള്ള ധാരണ അനുസരിച്ച് കളിക്കിടെ ഓവര്‍ തുടങ്ങുന്നതിന് മുമ്പുതന്നെ തങ്ങള്‍ പറഞ്ഞുറപ്പിച്ച പ്രകാരം എറിയാന്‍ പോകുന്നുവെന്ന് വാതുവെയ്പുകാര്‍ക്ക് മനസ്സിലാക്കാനായി ചില അടയാളങ്ങള്‍ പോലും ഗ്രൗണ്ടില്‍ നിന്ന് നല്‍കാറുണ്ട്. ഒന്നുകില്‍ ടൗവല്‍ അരയില്‍തിരുകി സിഗ്‌നല്‍ കാണിക്കും. ചിലപ്പോള്‍ കൈയില്‍ കെട്ടിയിരിക്കുന്ന വാച്ച് തിരിച്ചുകാണിക്കും.
മൂന്നു താരങ്ങള്‍ക്ക് പുറമെ 11 വാതുവെയ്പുകാരേയും ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തുവെന്ന് ഡല്‍ഹി പോലീസ് മേധാവി നീരജ് കുമാര്‍ അറിയിച്ചു. ഈ സീസണില്‍ ഐ.പി.എല്‍ മത്സരം തുടങ്ങുന്നത് മുതല്‍ തന്നെ ഒത്തുകളിയെക്കുറിച്ച് നിരീക്ഷിച്ചുവരികയായിരുന്നു.
ചാണ്ഡിലക്ക് 20 ലക്ഷം തിരിച്ചുകൊടുക്കേണ്ടി വന്നു
മെയ് അഞ്ചിന് പൂണെ വാരിയേഴ്‌സിനെതിരെ ജയ്പൂരില്‍ നടന്ന കളിയിലാണ് അജിത് ചാണ്ഡില ഒത്തുകളിച്ചത്. ഇതിനായി 20 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റുകയും ചെയ്തു. മൂന്നു കളിക്കാരും ആദ്യമായി ഒത്തുകളിയില്‍ പങ്കാളിയായത് അവിടെയാണ്.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 14 റണ്‍സാണ് ചാണ്ഡില ആ കളിയില്‍ ഒരു ഓവറില്‍ വഴങ്ങേണ്ടിയിരുന്നത്. ആദ്യ പരീക്ഷണമായതിനാല്‍ ഒത്തുകളി ഓവര്‍ തുടങ്ങുന്നതിന് മുമ്പ് അതിന്റെ അടയാളം നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ചാണ്ഡില അക്കാര്യം മറന്നു. വാതുവെയ്പുകാരുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ താന്‍ ഇട്ടിരിക്കുന്ന രണ്ട് ടീ ഷര്‍ട്ടും പാന്റ്‌സിനുള്ളില്‍ നിന്ന് പുറത്തേക്കിട്ട് കാണിക്കണമെന്നായിരുന്നു അടയാളമായി പറഞ്ഞുറപ്പിച്ചിരുന്നത്.
കൃത്യമായി 14 റണ്‍സ് തന്നെ വഴങ്ങി വാക്കുപാലിച്ചു. എന്നാല്‍ മുന്‍കൂട്ടി അടയാളം നല്‍കാന്‍ മറന്നതിന്റെ പേരില്‍ ചാണ്ഡിലയ്ക്ക് ലഭിച്ച തുകയില്‍ നിന്ന് 20 ലക്ഷം തിരിച്ചുകൊടുക്കേണ്ടി വന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. അടയാളം കാട്ടാത്തതിന്റെ പേരില്‍ കളിക്കാരനും വാതുവെയ്പുകാരനും തമ്മില്‍ ഫോണ്‍വിളിക്കിടെ പിന്നീട് വാഗ്വാദമുണ്ടാകുകയും 20 ലക്ഷം തിരിച്ചുചോദിക്കുകയുമായിരുന്നു.
ശ്രീശാന്തിന് കിട്ടിയത് 40 ലക്ഷം
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മെയ് ഒമ്പതിന് നടന്ന കളിയിലാണ് ശ്രീശാന്ത് ഒത്തുകളിച്ചത്. വാതുവെയ്പുകാരമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ശ്രീശാന്ത് താന്‍ എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ 13 റണ്‍സ് വിട്ടുനല്‍കിയപ്പോള്‍ 40 ലക്ഷം രൂപയാണ് ലഭിച്ചത്. ഓവറില്‍ 14 റണ്‍സായിരുന്നു കരാര്‍ ഉറപ്പിച്ചത്. എന്നാല്‍ ശ്രീ എറിഞ്ഞ രണ്ടാം ഓവറില്‍ 13 റണ്‍സെടുക്കാനെ പഞ്ചാബ് ടീമിന്റെ ബാറ്റസ്മാന്മാര്‍ക്ക് കഴിഞ്ഞുള്ളൂ. ഒരു റണ്‍ കുറഞ്ഞിട്ടും പറഞ്ഞുറപ്പിച്ച തുക ശ്രീക്ക് നല്‍കി.
റണ്‍സ് വഴങ്ങുന്ന ഓവര്‍ തുടങ്ങും മുമ്പ് ശ്രീശാന്ത് ടൗവല്‍ അരയില്‍തിരുകി അത് പുറത്തേക്ക് നീട്ടിയിട്ടാണ് അടയാളം കാട്ടിയത്. ഇതിന് പുറമേ ഓവര്‍ തുടങ്ങും മുമ്പ് വാംഅപ്പിനായും ഫീല്‍ഡ് ക്രമീകരിച്ചും ശ്രീശാന്ത് വാതുവെപ്പുകാര്‍ക്ക് വാതുവെപ്പിന് വേണ്ടത്ര സമയം നല്‍കി. ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറാണ് ഇങ്ങനെ ഒത്തുകളിച്ചത്. ആദ്യ ഓവര്‍ നന്നായി എറിഞ്ഞ ശ്രീശാന്ത് അപ്പോള്‍ ടൗവല്‍ അരയില്‍തിരുകിയിരുന്നില്ല.
ഓവറില്‍ 14 റണ്‍സ്; അങ്കിത് ചവാന്റെ പോക്കറ്റിലേക്ക് പോയത് 60 ലക്ഷം
മുംബൈ ഇന്ത്യന്‍സിനെതിരെ ബുധനാഴ്ച വാങ്കഡെയില്‍ നടന്ന കളിയായിരുന്നു ഒത്തുകളിയുടെ അവസാന വേദി. 14 റണ്‍സില്‍ കുറയാതെ വിട്ടുനല്‍കണമെന്നായിരുന്നു അങ്കിത് ചവാനുമായുള്ള കരാര്‍. ഇതിനായി 60 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്.
വാക്ക് പാലിച്ചുകൊണ്ട് അങ്കിത് ചവാന്‍ തന്റെ രണ്ടാമത്തെ ഓവറില്‍ 15 റണ്‍സ് വിട്ടുനല്‍കി വാക്ക് പാലിച്ചു. ഓര്‍ക്കുക ഇന്നലത്തെ കളിയില്‍ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് ചവാന്‍ വഴങ്ങിയത്. അടുത്ത ഓവറില്‍ വിട്ടുകൊടുത്തത് 15 റണ്‍സും. അതും ആദ്യ മൂന്നു പന്തുകളില്‍. ആദ്യ പന്ത് സിക്‌സര്‍, രണ്ടാമത്തെ പന്തില്‍ രണ്ട് റണ്‍സ്, മൂന്നാമത്തെ പന്തില്‍ വീണ്ടും സിക്‌സര്‍. അതോടെ വാക്ക് പാലിച്ചു. പിന്നെയുള്ള മൂന്നു പന്തില്‍ നിന്ന് ഒരേയൊരു റണ്ണാണ് ചവാന്‍ വിട്ടുകൊടുത്തത്. ഇന്നലത്തെ കളിയില്‍ അങ്കിത് ചവാന്‍ ഒത്തുകളിച്ചതിന് ഇടനില നിന്ന് പണംവാങ്ങിയത് ചാണ്ഡിലയാണെന്നും പോലീസ് വ്യക്തമാക്കി.
സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം?
ഒത്തുകളിയുടെ സൂത്രധാരനാര് എന്ന ചോദ്യത്തിന് അത് ശ്രീശാന്തല്ല ഇന്ത്യക്ക് പുറത്തുള്ള ഒരാള്‍ എന്ന മറുപടിയാണ് പോലീസ് നല്‍കിയത്. അതിനെക്കുറിച്ച് പിന്നീട് വ്യക്തമാക്കുമെന്നായിരുന്നു മറുപടി. ഒത്തുകളിയില്‍ ഉള്‍പ്പെട്ട മൂന്നു കളിക്കാരും വാതുവെയ്പുകാരും തമ്മില്‍ നടന്ന മൊബൈല്‍ ഫോണ്‍ സംഭാഷണവും പോലീസ് തെളിവായി വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി. കൂടാതെ ഓവര്‍ തുടങ്ങും മുമ്പ് എങ്ങനെ ഒത്തുകളിയുടെ അടയാളം ഓരോ താരവും കാട്ടുന്നുവെന്നതിന്റെ റെക്കോഡ് ചെയ്ത വീഡിയോ ദൃശ്യവും പോലീസ് പുറത്തുവിട്ടു.
രാജസ്ഥാന്‍ റോയല്‍സിന്റെ ഈ മൂന്നു താരങ്ങള്‍ മാത്രമേ ഒത്തുകളിച്ചുട്ടുള്ളൂവെന്നാണ് പോലീസ് പറയുന്നത്. കളിക്കാര്‍ ഇതില്‍ ഉള്‍പ്പട്ടെങ്കിലും ടീം ഉടമകള്‍ക്ക് ഇതില്‍ പങ്കില്ല. ധോനിയും ഹര്‍ഭജനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ശ്രീയെ ഇതില്‍ കുടുക്കുകയായിരുന്നുവെന്ന ശ്രീശാന്തിന്റെ അമ്മയുടെ ആരോപണം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ധോനി ഇങ്ങനെ ടവല്‍ പാന്റസിന്റെ പോക്കറ്റില്‍ നിന്ന് പുറത്തേക്കിട്ട് അടയാളം കാട്ടിയില്ലെന്നായിരുന്നു പോലീസ് മേധാവിയുടെ മറുപടി.
ഒത്തുകളിയുടെ പ്രധാന ബുദ്ധികേന്ദ്രം ഇന്ത്യക്ക് പുറത്താണെന്ന പറഞ്ഞ പോലീസ് അതാരെന്ന് പറഞ്ഞില്ലെങ്കിലും ദാവൂദ് ഇബ്രാഹിമിലേക്ക് അദ്ദേഹത്തിന്റെ ഡി കമ്പനിയിലേക്കും തന്നെയാണ് സൂചനകള്‍ നീളുന്നത്.
-- Mathrubhumi
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment