അച്‌ഛന്‍ ജേതാവ്: മകന്‍ രാജാവ്
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസ്‌ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചു പിരിഞ്ഞപ്പോള്‍ മണ്ണുംചാരി നിന്ന പിള്ള നേട്ടം കൊയ്‌തു. ഒറ്റ എം.എല്‍.എ. മാത്രമുള്ള കേരളാ കോണ്‍ഗ്രസ്(ബി)ന് കാബിനറ്റ് പദവിയുള്ള രണ്ടു സ്‌ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയേറി.
ആര്‍. ബാലകൃഷ്‌ണപിള്ളയ്‌ക്ക് മുന്നാക്കക്ഷേമ കമ്മിഷന്‍ ചെയര്‍മാന്‍ സ്‌ഥാനം നല്‍കാമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് യു.ഡി.എഫ് വാഗ്‌ദാനം ചെയ്‌തിരുന്നു. ഇപ്പോള്‍, എന്‍.എസ്.എസിന്റെ ശിപാര്‍ശയോടെ മകന്‍ കെ.ബി. ഗണേഷ് കുമാറിനു മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിനും പിള്ള വഴിയൊരുക്കിയിരിക്കുകയാണ്. കണ്ടാല്‍ തിരിഞ്ഞുനില്‍ക്കുന്നത്ര ശത്രുതയിലായിരുന്ന പിള്ളയും ഗണേഷും ഇതിനായി ഒന്നിക്കുകയും ചെയ്‌തു.
ഗണേഷ് ഒഴിഞ്ഞ മന്ത്രിസ്‌ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പിന്നീടു തിരിച്ചുകിട്ടില്ലെന്നു ബോധ്യമായതോടെയാണു പിള്ളയും ഗണേഷും വിട്ടുവീഴ്‌ചയ്‌ക്കൊരുങ്ങിയത്. അച്‌ഛന്റെ കാലുപിടിക്കാന്‍ ഗണേഷ് തയാറായതോടെ മഞ്ഞുരുകല്‍ എളുപ്പമായി. ഗണേഷിനെ മന്ത്രിയാക്കുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്ന് കേരളാ കോണ്‍ഗ്രസ്(ബി) മുഖ്യമന്ത്രിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗണേഷിന്റെ മടങ്ങിവരവ് െവെകില്ലെന്നാണു സൂചന. കഴിഞ്ഞദിവസം എന്‍.എസ്.എസ്. ആസ്‌ഥാനത്ത് ബാലകൃഷ്‌ണപിള്ളയും ജി. സുകുമാരന്‍ നായരും തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഗണേഷിനെതിരായ നിലപാടില്‍നിന്ന് പിള്ള അയഞ്ഞത്.
ഗണേഷ് വീണ്ടും മന്ത്രിയാകുന്നതിനെ കെ.എം. മാണി, ഷിബു ബേബി ജോണ്‍ തുടങ്ങിയ യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ സ്വാഗതം ചെയ്‌തിട്ടുണ്ട്. ഗണേഷ് വരുന്നതില്‍ മുസ്ലിം ലീഗിനും എതിര്‍പ്പില്ല. എന്നാല്‍, ഗണേഷിന്റെ മടങ്ങിവരവിനെതിരേ ഗ്രൂപ്പ് ഭേദമെന്യേ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഗണേഷ് രാജിവയ്‌ക്കാനിടയായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീണ്ടും മന്ത്രിയാക്കരുതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജും ഗണേഷിനെ പരസ്യമായി വിമര്‍ശിച്ചു.
കാമുകിയുടെ ഭര്‍ത്താവ് തല്ലിയെന്ന വാര്‍ത്തയെച്ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് ഗണേഷ്‌കുമാറിന് മന്ത്രിസ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. ആരോപണങ്ങളില്‍ കഴമ്പില്ലെന്നു ഗണേഷ് വാദിച്ചെങ്കിലും ഗാര്‍ഹികപീഡനവും പരസ്‌ത്രീ ബന്ധവും ആരോപിച്ച് ഭാര്യ യാമിനി ഗണേഷിനെതിരേ പരാതി നല്‍കിയതോടെ രാജിയല്ലാതെ മറ്റു മാര്‍ഗമില്ലാതാവുകയായിരുന്നു. തന്നെ മര്‍ദിച്ചെന്നാരോപിച്ച് യാമിനിക്കെതിരേ ഗണേഷ് കുമാറും പരാതി നല്‍കി. പിന്നീട് ഒത്തുതീര്‍പ്പിന്റെ അടിസ്‌ഥാനത്തില്‍ ഇരുവരും പരാതികള്‍ പിന്‍വലിക്കുകയായിരുന്നു. നിലവില്‍ തനിക്കെതിരേ കേസില്ലാത്തതിനാല്‍ മന്ത്രിയാകുന്നതില്‍ തടസമില്ലെന്നാണു ഗണേഷിന്റെ നിലപാട്.
വിവാദ സമയത്തും പിന്നീടും ആര്‍. ബാലകൃഷ്‌ണപിള്ള എതിരായതും ഗണേഷിനു തിരിച്ചടിയായിരുന്നു. പാര്‍ട്ടിക്കു വഴങ്ങാത്ത മന്ത്രിയെ വേണ്ടെന്നായിരുന്നു പിള്ളയുടെ നിലപാട്. വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അന്നു പിള്ള പറഞ്ഞിരുന്നു. രാജിവച്ചശേഷം താനാണു പാര്‍ട്ടിയെന്നു പറഞ്ഞു ഗണേഷ് പിള്ളയെ വെല്ലുവിളിക്കുകയും ചെയ്‌തു. എന്നാല്‍, പാര്‍ട്ടി ചെയര്‍മാനും അച്‌ഛനുമായ ആര്‍. ബാലകൃഷ്‌ണപിള്ളയ്‌ക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പാണ് ഗണേഷ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
മന്ത്രിയായാല്‍ സ്‌റ്റാഫില്‍ പാര്‍ട്ടി പറയുന്നവരെ നിയമിക്കും. പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിക്കും. എല്ലാ കാര്യങ്ങളും അച്‌ഛനുമായി ആലോചിച്ച് മാത്രമേ ചെയ്യൂ. ഈ ഉറപ്പുകള്‍ ഗണേഷ്‌കുമാര്‍ പിള്ളയ്‌ക്കു നല്‍കിയിട്ടുണ്ട്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment