നിതാഖാത് നല്ല നാളേക്കു വേണ്ടി: ശിഹാബ് കൊട്ടുകാട്
ദമ്മാം : സൗദി ഗവണ്‍മെന്റ് നടപ്പിലാക്കി വരുന്ന നിതാഖാത് മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികളെ പ്രയാസപ്പെടുത്താനുള്ളതല്ലെന്നും പകരം പ്രശ്‌നരഹിതമായ നല്ല നാളേക്ക് വേണ്ടിയുള്ളതാണെന്നും നാം മനസിലാക്കണമെന്നും നിലവിലുള്ള ആനുകൂല്യം ഉപയോഗപ്പെടുത്തി ജോലി നിയമവിധേയമാക്കാന്‍ മുഴുവനാളുകളും ശ്രമിക്കണമെന്നും നോര്‍ക്ക റൂട്ട്‌സ് ജനറല്‍ കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.തനിമ അല്‍ ഖോബാര്‍ മേഖല റാക്ക അന്നഹ്ദ ക്ലബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'നിതാഖാതും പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മെയ് 30 വരെ 'സ്വാന്തനമേകാന്‍ കൈകോര്‍ക്കുക' എന്ന പ്രമേയത്തില്‍ തനിമ സംഘടിപ്പിക്കുന്ന നിതാഖാത് ബോധവല്‍ക്കരത്തിന്റെ ഭാഗമായാണ് സെമിനാര്‍ ഒരുക്കിയത്. നുഴഞ്ഞുകയറ്റക്കാര്‍ക്കല്ലാത്ത ആര്‍ക്കും തിരിച്ചു പോക്കിനുള്ള സഹായം സൗദി സര്‍ക്കാര്‍ നല്‍കിയത് വലിയ അനുഗ്രഹമാണെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു. ഇഖാമയോ പാസ്‌പോര്‍ട്ടോ ഇല്ലാത്തവര്‍ക്ക് പോലും ഇപ്പോള്‍ രാജാവ് നല്‍കിയ ആനുകൂല്യം നിശ്ചിത സമയപരിധിക്കുള്ളില്‍ ഉപയോഗപ്പെടുത്താം. പാസ്‌പോര്‍ട്ടില്ലാത്തവര്‍ക്ക് എംബസി വഴി പാസ്‌പോര്‍ട്ട് തരപ്പെടുത്തി നല്‍കുവാനുള്ള സംവിധാനമുണ്ട്. ഇന്ത്യന്‍ മിഷന്റെ നിരന്തര പരിശ്രമഫലമായാണ് ഈ ആനുകൂല്യം സൗദി സര്‍ക്കാരില്‍ നിന്നും നേടിയെടുക്കാനായത്. മന്ത്രിമാരുടെ സന്ദര്‍ശനവും സഹായമായിട്ടുണ്ട്. ഇന്ത്യന്‍ അംബാസിഡറും, ഡി.സി.എമ്മും ഈ വിഷയത്തില്‍ എല്ലാ സഹായവുമായി രംഗത്തുണ്ട്. ഈ ആനുകൂല്യ സമയപരിധി കഴിഞ്ഞാല്‍ റെയ്ഡുകളില്‍പെടുന്നവര്‍ക്ക് ലക്ഷം റിയാലും രണ്ട് വര്‍ഷം തടവും വരെ ലഭിക്കുന്ന ശിക്ഷ ലഭിക്കുമെന്നത് കൊണ്ട് ഇപ്പോള്‍ നിയമവിധേയമാക്കാന്‍ മുടക്കുന്ന ചെറിയ തുക ഒരു നഷ്ടമായി കണക്കാക്കേണ്ടതില്ല.
നിയമവിധേയമായാല്‍ പിന്നീട് പുതിയ വിസയില്‍ വരുന്നതിന് ഒരു തടസവുമില്ല. തനിമ സംഘടിപ്പിക്കുന്ന ഈ കാമ്പയിന്‍ മാതൃകാപരമാണെന്നും യു.പി, ബീഹാര്‍, രാജസ്ഥാന്‍, തമിഴ്‌നാട് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലുള്ള പ്രവാസികളിലും ഇപ്പോള്‍ നാട്ടില്‍ അവധിക്ക് പോയവര്‍ക്കും ഈ സന്ദേശം എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിമാനത്തോടുകൂടിയുള്ള ഒരു തിരിച്ചു പോക്കിനുള്ള തയ്യാറെടുപ്പ് നാം നടത്തേണ്ടതുണ്ടെന്ന് തനിമ അഖിലസൗദി പ്രസിഡന്റ് കെ.എം. ബഷീര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നല്‍കുന്ന ഏതെങ്കിലും പുനരധിവാസ പദ്ധതിക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നവരാവാന്‍ വേണ്ടിയല്ല നാം നാട്ടിലേക്ക് പോകുക, പകരം കേരളത്തിന്റെ സമസ്ത മേഖലകളിലെയും വികസനത്തില്‍ കൈയൊപ്പ് ചാര്‍ത്തിയതിന്റെ അഭിമാനത്തോടു കൂടിയായിരിക്കും. ദൈവം നമുക്ക് വല്ലതും തരാനുദ്ദേശിച്ചാല്‍ അത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ദൈവം വല്ലതും നിഷേധിച്ചാല്‍ ആരു വിചാരിച്ചാലും നമുക്ക് ലഭ്യമാകില്ലെന്നും മുസ്ലിംകള്‍ നമസ്‌കാരശേഷം അനുസ്മരിക്കുന്ന പ്രാര്‍ഥന നാം ഈ അവസരത്തില്‍ ഓര്‍മ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാന്‍ഗള്‍ഫ് അസിസ്റ്റന്റ് മാനേജര്‍ താരിഖ് ശമ്രി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തനിമ ഖോബാര്‍ സോണ്‍ പ്രസിഡന്റ് ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ ആശംസപ്രസംഗം നടത്തി. ആസിഫ് കക്കോടി സ്വാഗതവും റിയാസ് കൊച്ചി നന്ദിയും പറഞ്ഞു. അബ്ദുല്‍ കരീം ഖിറാഅത്ത് നടത്തി. സദസില്‍ നിന്നുള്ള നിരവധി ചോദ്യങ്ങള്‍ക്ക് പ്രാസംഗികര്‍ മറുപടി നല്‍കി. പരിപാടിയില്‍ പ്രത്യേകം ഒരുക്കിയ തനിമ ഹെല്‍പ് ഡെസ്‌ക് കൗണ്ടര്‍ നിരവധി പേര്‍ ഉപയോഗപ്പെടുത്തി.
No comments:
Post a Comment