സുര്യനെ ഊര്‍ജമാക്കി പരിഷത്ത് സമ്മേളനം; ലാഭിച്ചത് 200 യൂണിറ്റ് വൈദ്യുതി
കോഴിക്കോട്: പ്രകൃതിയെ നോവിക്കാതെ, മനുഷ്യരെ കുടിയൊഴിപ്പിക്കാതെ ഊര്‍ജമുത്പാദിപ്പിക്കാനുള്ള ബദല്‍വഴികളെപ്പറ്റി പണ്ടേ മലയാളിയോട് പറഞ്ഞ പ്രസ്ഥാനം അമ്പതുവര്‍ഷം പിന്നിടുമ്പോള്‍ അത് ഒന്നുകൂടി ഉറപ്പിച്ചുപറഞ്ഞു.
ശാസ്ത്രസാഹിത്യപരിഷത്ത് എന്ന ആ കൂട്ടായ്മ സുവര്‍ണജൂബിലി സമ്മേളനത്തിലൂടെ ഉയര്‍ത്തിക്കാട്ടിയത് ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യം. നാലുദിവസം 500 പേര്‍ക്ക് വെളിച്ചവും ശബ്ദവും നല്‍കാന്‍ സമ്മേളനനഗരിയില്‍ ചെലവഴിച്ചത് 16.8 യൂണിറ്റ് വൈദ്യുതിമാത്രം. സാധാരണ ഇത്തരമൊരു സമ്മേളനത്തില്‍ ഉപയോഗിക്കുന്ന ശബ്ദ-വെളിച്ചക്രമീകരണങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ലാഭിച്ചത് 200 യുണിറ്റിലധികം.
സൗരോര്‍ജപാനലുകളില്‍നിന്നാണ് സമ്മേളനത്തിന് വൈദ്യുതിയെടുത്തത്. എന്നാല്‍ സൗരോര്‍ജം കിട്ടാനുണ്ടല്ലോ എന്നുകരുതി ദുര്‍വ്യയത്തിനൊരുങ്ങിയില്ല. അഞ്ച് വാട്‌സിന്റേയും പത്ത് വാട്‌സിന്റേയും 41 എല്‍.ഇ.ഡി. ബള്‍ബുകള്‍കൊണ്ട് അവര്‍ 50 വര്‍ഷത്തിന്റെ ചരിത്രംപറയുന്ന വേദിക്ക് വെളിച്ചംനല്‍കി. 600 വാട്‌സിന്റെ കാബിനുകള്‍ ഉപയോഗിച്ച് ശബ്ദവും. സാധാരണ ഇത്തരം സമ്മേളനവേദിയില്‍ 5000 മുതല്‍ 10000 വരെ വാട്‌സിന്റെ ബള്‍ബും സൗണ്ട് സിസ്റ്റവുമാണ് ഉപയോഗിക്കാറുള്ളത്.
അഞ്ച് വാട്‌സിന്റെ 32 എല്‍.ഇ.ഡി. ബള്‍ബുകളും 10 വാട്‌സിന്റെ ഒമ്പത് ബള്‍ബുമാണ് സമ്മേളനനഗരിയില്‍ ഉപയോഗിച്ചത്. ആകെ വേണ്ടിവന്നത് 250 വാട്‌സിന്റെ എല്‍.ഇ.ഡികള്‍. അവ നാലുദിവസവുംകൂടി കത്തിച്ചത് 24 മണിക്കൂറാണ്. ആയിരം വാട്‌സ് ഒരു മണിക്കൂര്‍ ഉപയോഗിച്ചാല്‍ ഒരു യൂണിറ്റായി. അങ്ങനെ ആകെ ആറ് യൂണിറ്റ് വൈദ്യുതിയില്‍ കാര്യം കഴിഞ്ഞു.
കാത് തുളയ്ക്കുന്ന ശബ്ദമലീനീകരണമാണ് പല സമ്മേളനവേദികളിലും പതിവ്. അതിന് 8000 വാട്‌സിന്റെവരെ കാബിനുകള്‍ ഉപയോഗിക്കും. എന്നാല്‍ വേദിയില്‍ പറയുന്ന കാര്യം സദസ്സിലിരിക്കുന്നവര്‍ക്കെല്ലാം കേള്‍ക്കാന്‍ 150 വാട്‌സിന്റെ നാല് കാബിനുകള്‍ മതിയെന്ന് സംഘാടകര്‍ തിരുമാനിച്ചു. ആകെ 600 വാട്‌സ്. നാല് ദിവസവുംകുടി 18 മണിക്കൂര്‍ നേരത്തേക്കായിരുന്നു കാബിനുകള്‍ പ്രവര്‍ത്തിച്ചത്. അതിന് വേണ്ടിവന്നത് 10.8 യൂണിറ്റ് വൈദ്യുതിമാത്രം. 100 യൂണിറ്റ് വൈദ്യുതിയെങ്കിലും അങ്ങനെ ലാഭിക്കാനായി.
വേങ്ങേരി നിറവ് റസിഡന്റ്‌സ് അസോസിയേഷനാണ് പരിഷത്തിനുവേണ്ടി സൗരോര്‍ജപാനലുകള്‍ നല്‍കിയത്. 800 വാട്‌സ് വൈദ്യുതി കിട്ടുന്ന രണ്ട് ബാറ്ററികളുള്ള പാനലാണ് വെളിച്ചത്തിനുപയോഗിച്ചത്. ഒരു കിലോ വാട്‌സിന്റെ പാനല്‍ ശബ്ദസംവിധാനത്തിന് ഉപയോഗിച്ചു. നിറവിന്റെ ഊര്‍ജശ്രീ പദ്ധതിയുടെ ഭാഗമാണ് ഈ പാനലുകള്‍.
ഉപയോഗിച്ച് വലിച്ചെറിയുന്ന ഗ്ലാസുകള്‍ക്കും പ്ലെയ്റ്റുകള്‍ക്കും പകരം സ്റ്റീല്‍ഗ്ലാസും പ്ലേറ്റും ഉപയോഗിച്ച് സമ്മേളനം മിതോപയോഗത്തിനും മാതൃകയായി. തോരണങ്ങള്‍ തൂക്കാതെ, ഫ്ലക്‌സ് ബോര്‍ഡ് പരസ്യങ്ങളില്ലാതെ തുണിയിലും പായയിലും മുദ്രാവാക്യങ്ങളെഴുതി പരിഷത്ത് എന്നത്തേയുംപോലെ പരിസ്ഥിതിസൗഹൃദവും ഉയര്‍ത്തിപ്പിടിച്ചു
Mathrubhumi
.
No comments:
Post a Comment