ഞാന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ ഒരാരാധകനാണ്. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി ആയിരുന്നുകൊണ്ട് അദ്ദേഹം നടപ്പാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് ഇന്ന് കാണുന്ന പുരോഗതിയിലേക്ക് രാജ്യത്തെ നയിച്ചത് എന്ന് ഞാന്‍ കരുതുന്നു. അല്ലായിരുന്നെങ്കില്‍, സ്വര്‍ണ്ണം പണയം വെച്ച് നിത്യനിദാനച്ചെലവുകള്‍ നടത്തേണ്ട സ്ഥിതിയില്‍ എത്തിയ ഇന്ത്യ ഇതിനകം മറ്റൊരു സോമാലിയ ആയിമാറിയിട്ടുണ്ടാകും എന്നും ഞാന്‍ കരുതുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എത്രയോ കോടാനുകോടി രൂപ ആവശ്യമായി വരുന്ന നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാരിന്റെ ഖജനാവില്‍ എത്തുന്നത് മന്‍മോഹന്‍ സിങ്ങിന്റെ നയം ഒന്ന് കൊണ്ട് മാത്രമാണ്. രാജ്യം ഇന്ന് എത്രയോ പുരോഗതിയില്‍ എത്തിയിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ രാജ്യത്ത് നിശബ്ദമായ ഒരു സാമ്പത്തിക വിപ്ലവം തന്നെയാണ് നടന്നത്.
മന്‍മോഹന്‍ സിങ്ങിനെതിരെ പല ഭാഗത്ത് നിന്നും വിമര്‍ശനങ്ങളും ഭര്‍ത്സനങ്ങളും ഉയരുന്നത് രാഷ്ട്രീയശത്രുത നിമിത്തമാണ്. അതങ്ങനെ തന്നെയാണ് വേണ്ടത്. അത്രമാത്രം രാഷ്ട്രീയനിലവാരവും സംസ്ക്കാരവും മാത്രമേ നമുക്ക് പാടുള്ളൂ. തന്റെ പാര്‍ട്ടിയല്ലെങ്കില്‍, താന്‍ ആരാധിക്കുന്ന നേതാവല്ലെങ്കില്‍ തെറി പറയണം എന്ന സംസ്ക്കാരത്തില്‍ നിന്ന് നമ്മള്‍ വളരരുത്. പരസ്പരബഹുമാനം എന്ന ജനാധിപത്യസംസ്ക്കാരം നമുക്ക് പറഞ്ഞതല്ല.
ഇപ്പോള്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജി വെക്കാനിടയായത് അങ്ങേയറ്റം ദുര്‍ഭാഗ്യകരമാണ്. അതിലും അശ്വിനികുമാറിന്റെ രാജിക്ക് ഒരു ന്യായീകരണവും ഇല്ല. കല്‍ക്കരിപ്പാട നഷ്ടക്കണക്ക് എന്നത് സി.എ.ജി.യുടെ മറ്റൊരു ഊഹക്കണക്കാണ്. അതിന്റെ പേരിലാണ് സി.ബി.ഐ.യുടെ കേസ്. അതുമായി ബന്ധപ്പെട്ട് സി.ബി.ഐ.കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിയമമന്ത്രി കണ്ടു എന്നതാണ് അശ്വിനില്‍കുമാറിന്റെ പുറത്താക്കലില്‍ കലാശിച്ചത്. പവന്‍ കുമാര്‍ ബന്‍സലുമായി ബന്ധപ്പെട്ട റെയില്‍വേക്കോഴ പൊടുന്നനെ എങ്ങനെ വന്നു എന്നറിയില്ല. സി.ബി.ഐ.ആയിരത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചുപോലും. അപ്പോള്‍ അങ്ങനെ ഒരു കേസ് നിലവില്‍ ഉണ്ടായിരുന്നോ? അതോ കേസ് ഉണ്ടാക്കാന്‍ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയായിരുന്നോ? എന്തായാലും എല്ലാം ചടപടേ എന്നായിരുന്നു.
ശ്രീമതി സോണിയാഗാന്ധി തിടുക്കത്തില്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ പോയി രണ്ട് മന്ത്രിമാരെയും തല്‍ക്ഷണം പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എല്ലാം ഒരു മണിക്കൂറിനള്ളില്‍ സംഭവിച്ചു. അത്കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ കേന്ദ്രമന്ത്രിസഭയും കോണ്‍ഗ്രസ്സും എല്ലാം കള്ളന്മാരെക്കൊണ്ട് നിറഞ്ഞു എന്നും ഈ കള്ളന്മാര്‍ എല്ല്ലാം കൂടി ഇന്ത്യയെ കട്ടുമുടിക്കുകയായിരുന്നു എന്നും ഇന്ത്യന്‍ ജനങ്ങള്‍ മൊത്തം പാപ്പരായി തെണ്ടുകയാണെന്നും ഉള്ള ഒരു പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്.
നാണവും മാനവും ഉളുപ്പും ഉണ്ടെങ്കില്‍ മന്ത്രിസഭ രാജി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ശ്രീമതി സോണിയ ഗാന്ധി തയ്യാറാവേണ്ടത്. ബാക്കിയുള്ള പത്ത് മാസം കൂടി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് ഭാവമെങ്കില്‍ വെറുതെ ഇനിയും നാറുകയേയുള്ളൂ. എന്നിട്ട് അഞ്ച് കൊല്ലം പ്രതിപക്ഷത്തിരിക്കുക. അപ്പോഴേക്കും എല്ലാം കലങ്ങിത്തെളിയും. അഞ്ച് കൊല്ലം കോണ്‍ഗ്രസ്സ് ഭരണത്തില്‍ ഇല്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുകയും ഒന്നും ഇല്ല.
എനിക്ക് ഒരു കാര്യം മനസ്സിലായില്ല. റെയില്‍വേ മന്ത്രി ബന്‍സല്‍ രാജിവെച്ചതും അതിന് വേണ്ടി സോണിയാഗാന്ധി പ്രധാനമന്ത്രിയുടെ വസതി സന്ദര്‍ശിച്ചതും എല്ലാം ഇന്നലെ വൈകുന്നേരമാണല്ലൊ. അതിന് മുന്‍പ് രാവിലെ തന്നെ മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗയെ റെയില്‍വേ മന്ത്രിയാക്കാമെന്ന് ഏ.കെ.ആന്റണി ഉറപ്പ് കൊടുത്തല്ലൊ, അതെങ്ങനെ? അപ്പോള്‍ തിരക്കഥ ആന്റണിയുടേത് ആയിരിക്കും അല്ലേ? കേന്ദ്രത്തിലും കോണ്‍ഗ്രസ്സിലും ഒരാളെങ്കിലും അതായത് ഏ.കെ.ആന്റണിയെങ്കിലും കള്ളനല്ല എന്ന് പറയാനുള്ള സൌമനസ്യം പ്രതിപക്ഷം കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളെല്ലാം പരമസാത്വികര്‍ ആണല്ലൊ.
No comments:
Post a Comment