നിതാഖാത്ത്: ഇന്ത്യന്‍ സംഘത്തിന് പിറകെ ബംഗ്ളാദേശ് ഉന്നതതല സംഘവും സൗദിയില്‍
കെ.സി.എം അബ്ദുല്ല
റിയാദ്: പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിക്കൊണ്ടുള്ള ഇന്ത്യന്‍ സംഘത്തിന് പിറകെ ബംഗ്ളാദേശ് സര്‍ക്കാറിന്‍െറ ഉന്നതതല സംഘവും സൗദിയില്‍. ബംഗ്ളാദേശ് വിദേശകാര്യ മന്ത്രി ഡോ. ദീപു മോനിയാണ് പത്തംഗ സംഘത്തോടൊപ്പം ഉന്നതതല കൂടിക്കാഴ്ച്ചകള്‍ക്കായി ശനിയാഴ്ച്ച സൗദിയിലെത്തിയത്. തൊഴില്‍ പ്രശ്നങ്ങളുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കൊപ്പം ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനുമാണ് വിദേശകാര്യ മന്ത്രിയും സംഘവും ഇവിടെയെത്തിയത്.
കിരിടവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്, വിദേശകാര്യ മന്ത്രി സുഊദ് അല്‍ഫൈസല്‍ എന്നിവരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ അവര്‍ സൗദി തൊഴില്‍ കാര്യ മന്ത്രി എഞ്ചി. ആദില്‍ ഫഖീഹുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സ് അംഗരാജ്യം കൂടിയായ ബംഗ്ളാദേശ് ഒ.ഐ.സി യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിതനാകുന്ന ഇയാദ് മദനിയുമായും ചര്‍ച്ച നടത്തുന്നുണ്ട്.
പതിനഞ്ച് ലക്ഷത്തോളം ബംഗ്ളാദേശ് പൗരന്‍മാരാണ് സൗദിയിലുള്ളത്. ഇന്ത്യ കഴിഞ്ഞാല്‍ സൗദിയിലെ തൊഴില്‍ പ്രശ്നം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലൊന്നാണ് ബംഗ്ളാദേശ്. പുതിയ തൊഴില്‍ പരിഷ്കരണങ്ങളുടെ ഭാഗമായി ഇന്ത്യക്കാരെപോലെ തന്നെ ജോലി നഷ്ടപ്പെടുന്നവരും നിയമ കുരുക്കുകളില്‍ പെട്ട് മടങ്ങാന്‍ കഴിയാത്തവരുമായ വലിയൊരു വിഭാഗം ബംഗ്ളാദേശ് പൗരന്‍മാര്‍ ഇവിടെയുണ്ട്. ഫ്രീവിസ, ഹുറൂബ്, ചുവപ്പ്-മഞ്ഞ വിഭാഗം തുടങ്ങി വ്യത്യസ്തങ്ങളായ പ്രശ്നങ്ങള്‍ നേരിടുന്ന പതിനായിരക്കണക്കിന് പൗരന്‍മാര്‍ ഉണ്ടെന്നാണറിയുന്നത്. ഈ സാഹചര്യത്തില്‍ സ്വന്തം പൗരന്‍മാരുടെ മടങ്ങിപ്പോക്കിന്‍െറ എണ്ണം കുറച്ച് ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ തൊഴില്‍ പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകളാകും രണ്ട് ദിവസത്തെ കൂടിക്കാഴ്ചയിലുണ്ടാവുക.
ഇതോടൊപ്പം സൗദിയിലേക്ക് വീട്ടുവേലക്കാരികളെ അയക്കാന്‍ ബംഗ്ളാദേശ് അടുത്തിടെ തീരുമാനിച്ചിരുന്നു. ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ റിക്രൂട്ടിങ് സൗകര്യം ഉപയോഗപ്പെടുത്തി ചൂഷണം തടഞ്ഞ് നേരിട്ടുള്ള റിക്രൂട്ട്മെന്‍റ് നടത്താനാണ് നീക്കം. ഇതുസംബന്ധമായ കൂടുതല്‍ വ്യക്തതയും ഈ സന്ദര്‍ശനത്തോടെ കൈവരുമെന്നാണ് പ്രതീക്ഷ. സൗദിയിലെ തൊഴില്‍ പരിഷ്കരണങ്ങളുടെ ഭാഗമായി വന്‍തോതില്‍ വിദേശികളുടെ ഒഴിച്ചുപോക്കുണ്ടായാല്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കനത്ത സാമ്പത്തിക പ്രഹരമാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് മേഖലയിലെ വിവിധ സര്‍ക്കാറുകള്‍ സൗദിയുമായി ചര്‍ച്ച നടത്തി ഉന്നതതല ഇടപെടലുകള്‍ വഴി പ്രശ്ന പരിഹാരത്തിന് ശ്രമം ഊര്‍ജജിതമാക്കുന്നത്.
No comments:
Post a Comment