CBSE സിലബസ്സ് എന്നത് ഏറ്റവും വലിയ ഒരു അന്ധവിശ്വാസമാണു. അങ്ങനെയൊരു സിലബസ്സ് ഇന്ത്യയിൽ ഇല്ല എന്ന് ഒരു മലയാളിക്കും അറിയില്ല എന്നത് ഇപ്പോഴൊക്കെ ആളുകളുടെ പൊതുവിജ്ഞാനം എത്ര ശുഷ്ക്കമാണു എന്നതിനു തെളിവാണു. അഭ്യസ്ഥവിദ്യരായ രക്ഷിതാക്കളും തങ്ങളുടെ മക്കളെ CBSE സിലബസ്സ് പ്രകാരം പഠിക്കാനാണു ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളിൽ അയക്കുന്നത്. അങ്ങനെ ഒരു സിലബസ്സ് നിലവിലില്ല എന്ന് ഞാൻ ഒട്ടേറെ തവണ ബ്ലോഗിലും മറ്റും എഴുതിയിട്ടും ആരും വിശ്വസിക്കുന്നില്ല. ആളുകൾക്ക് ഇപ്പോഴും അച്ചടിച്ച് വരുന്നത് മാത്രമാണു സത്യം. അല്ലെങ്കിൽ അച്ചടിക്കുന്നത് എന്തും സത്യം എന്ന് കരുതുന്നു. CBSE എന്നത് സെക്കന്ററി തലത്തിൽ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്ന ഒരു സ്ഥാപനം മാത്രമാണു.
ഇന്ത്യയിൽ സിലബസ്സ് ആവിഷ്ക്കരിക്കുന്നതും ഗവേഷണം നടത്തുന്നതും പരിഷ്ക്കരിക്കുന്നതും ഒക്കെ NCERT ആണു. അവർ അവരുടെ സിലബസ്സ് പ്രകാരം ടെക്സ്റ്റ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നുമുണ്ട്. എന്നാൽ ഇപ്പറഞ്ഞ CBSE സിലബസ്സ് എന്ന് പറയുന്ന സ്കൂളുകളിൽ NCERT പുസ്തകങ്ങൾ പഠിപ്പിക്കുന്നില്ല. അവർ സ്വകാര്യ പ്രസിദ്ധീകരണക്കാരുടെ ടെക്സ്റ്റ് പുസ്തകങ്ങളാണു പഠിപ്പിക്കുന്നത്. ഉദാഹരണത്തിനു എന്റെ ചെറുമകൾ പഠിക്കുന്നത് മൂന്നാം ക്ലാസ്സിലാണു. MACMILLAN PUBLISHERS ന്റെ പുസ്തകമാണു അവർ പഠിപ്പിക്കുന്നത്. ഒരു ടെക്സ്റ്റിനു 250 രൂപ മുതൽ വിലയുണ്ട്. ഈ പുസ്തകങ്ങൾ സ്ക്കൂൾ നേരിട്ട് വിൽക്കുമ്പോൾ നല്ല കമ്മീഷൻ കിട്ടുമായിരിക്കും.
NCERT പുസ്തകങ്ങൾക്ക് തുച്ഛമായ വിലയും കുട്ടികൾക്ക് എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റുന്ന ഘടനയുമാണു. എനിക്ക് രണ്ട് കാര്യങ്ങൾ മനസ്സിലാകുന്നില്ല. എന്തുകൊണ്ട് CBSE പരീക്ഷ നടത്തുന്ന ഈ ഇഗ്ലീഷ് മീഡിയം സ്കൂളുകളിൽ NCERT സിലബസ്സ് പ്രകാരമുള്ള പുസ്തകങ്ങൾ പഠിപ്പിച്ചുകൂട? ഈ മാക്മില്ലൻ കമ്പനിയെ സിലബസ്സ് ഉണ്ടാക്കാനും അവരുടെ പുസ്തകങ്ങൾ സ്കൂളുകളിൽ പഠിപ്പിക്കാനും ആരാണു തീരുമാനിക്കുന്നത്, ആരാണു മാക്മില്ലൻ കമ്പനിയെ ചുമതലപ്പെടുത്തുന്നത്.
ഇക്കാര്യങ്ങളൊന്നും രക്ഷിതാക്കൾ മനസ്സിലാക്കുന്നേയില്ല. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ രക്ഷിതാക്കൾക്ക് ഒരു നിയന്ത്രണവുമില്ല. സ്കൂളുകളുടെ ഗേറ്റ് വരെ മാത്രമേ രക്ഷിതാക്കൾക്ക് പ്രവേശനമുള്ളൂ. വല്ലപ്പോഴും നടക്കുന്ന പേരന്റ്സ് മീറ്റിങ്ങിൽ ഭവ്യതയോടെ പങ്കെടുക്കാമെന്ന് മാത്രം. പല ഇനങ്ങളിലായി അവർ കനത്ത ഫീസും വാങ്ങുന്നു. ഇത്രയൊക്കെ ആയിട്ടും കേരളത്തിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയുന്നുമില്ല. പിന്നെ എന്തിനു ഈ അഭ്യാസം എന്ന് ചോദിച്ചാൽ എല്ലാം ഒരു പവ്വറിനു വേണ്ടി എന്നേ പറയാൻ പറ്റൂ.
No comments:
Post a Comment