ബീറ്റ്റൂട്ടും കാപ്പിപ്പൊടിയും മഞ്ഞളും വര്‍ണക്കൂട്ടാക്കി ശബ്നയുടെ 'സചിത്ര' പരീക്ഷണങ്ങള്‍- റിയാദ് റിയാദ്: പനയോലയുടെ ഈര്‍ക്കില്‍ത്തുമ്പ് ചതച്ച് പരുവപ്പെടുത്തിയ ബ്രഷും മഞ്ഞള്‍ അരച്ചുണ്ടാക്കിയ ചായവും സോപ്പ് ലായനിയും. പിന്നെ, മഞ്ഞളില്‍ സോപ്പ് ലായനി തൊട്ടാല്‍ പുതിയൊരു നിറമുണ്ടാവുമെന്ന ശാസ്ത്രകൗതുകവും. പ്രാചീന ചിത്രകലാ സങ്കേതങ്ങളിലേക്ക് ആധുനികകാലത്തെ ഒരു പെണ്‍കുട്ടി തിരിഞ്ഞുനടക്കുകയാണ്. വെളുത്ത കാന്‍വാസില്‍ അവളാദ്യം മഞ്ഞളരച്ച കുഴമ്പ് തേച്ചുപിടിപ്പിച്ചു. ഉണക്കിയെടുത്ത ആ പശ്ചാത്തലത്തില്‍ ഈര്‍ക്കിലി ബ്രഷുകൊണ്ട് സോപ്പുലായനിയില്‍ മുക്കി ഇഷ്ടമുള്ളൊരു രൂപം വരഞ്ഞു. മഞ്ഞയുടെ സമൃദ്ധിയില്‍ ചെന്താമരയോ ചെമ്മരുതോ എന്തായാലും മനോഹരമായ ചിത്രമൊന്ന് റെഡി! വീട്ടുമുറ്റത്തിനപ്പുറം ബാപ്പ നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ അക്രിലിക് പെയിന്‍റുകളുണ്ട്, ഉയര്‍ന്നതരം ബ്രഷുകളുണ്ട്. പക്ഷേ, ശബ്നയുടെ 'ചിത്രയാത്ര'കള്‍ക്ക് ആധുനിക സങ്കേതങ്ങളുടെ ചുറ്റുവട്ടത്തു കിടന്നുള്ള കറക്കത്തിലല്ല, പൊയ്പ്പോയ കാലത്തേക്കുള്ള തിരിഞ്ഞോട്ടത്തിലാണ് കൂടുതല്‍ താല്‍പര്യം.
പ്രകൃതിയില്‍ നിന്നുതന്നെ നിറങ്ങള്‍ വേര്‍തിരിച്ചെടുത്ത് മനുഷ്യചരിത്രത്തിന്മേല്‍ വിസ്മയചിത്രങ്ങള്‍ വരഞ്ഞിട്ട പഴയ ചിത്രകാരന്മാരുടെ സങ്കേതങ്ങളെ മനസ്സിലാക്കാനും പ്രയോഗിക്കാനുമുള്ള ശബ്ന ഇബ്രാഹീമിന്‍െറ ശ്രമങ്ങള്‍ക്ക് കൗമാരത്തിന്‍െറ പ്രായമേയുള്ളൂവെങ്കിലും ആ ചിത്രവേലകള്‍ക്ക് പാകതയുടെ കൈയൊതുക്കം. റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ 12ാം ക്ളാസ് വിദ്യാര്‍ഥിനിയാണ് മുസഹ്മിയയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശി ഇബ്രാഹീം തോണിക്കരയുടെ മകള്‍ ശബ്ന. ജനിച്ചയുടനെ പ്രവാസജീവിതത്തിലെത്തിയ അവള്‍ മൂന്നാം വയസ്സില്‍ ചിത്രങ്ങള്‍ വരച്ചുതുടങ്ങി. പെന്‍സില്‍ ഡ്രോയിങ്ങും വാട്ടര്‍ കളറിങ്ങുമൊക്കെയായി സാധാരണ സങ്കേതങ്ങളില്‍ ചിത്രരചന തുടര്‍ന്ന ശബ്നയെ റിയാദിലെ എരിത്രിയന്‍ സ്കൂള്‍ ചിത്രകലാധ്യാപിക സുജ ടീച്ചറുടെ ശിക്ഷണമാണ് പ്രാചീനസങ്കേതങ്ങളുടെ പുതിയ കാലത്തെ പരീക്ഷണങ്ങളിലേക്ക് നയിച്ചത്. പ്രകൃതിയില്‍ ലയിച്ചുകിടക്കുന്ന വര്‍ണങ്ങളെ ഇല, കായ്ഫലാദികളുടെ സത്തയില്‍ നിന്നൂറ്റി വേര്‍തിരിച്ചെടുത്ത് ഉപയോഗിച്ച മുന്‍കടന്നുപോയവരുടെ രീതികളോട് പ്രിയം കടുത്തപ്പോള്‍ സ്വന്തം വീട്ടിലെ അടുക്കളയില്‍നിന്ന് തന്നെ അവള്‍ തനിക്ക് വേണ്ട ചായങ്ങള്‍ കണ്ടെത്തി. ബീറ്റ്റൂട്ട് മിക്സിയില്‍ അരച്ചപ്പോള്‍ ഹൃദ്യമായ രക്തവര്‍ണം കിട്ടി. കാപ്പിപ്പൊടി നനച്ചെടുത്ത് ആ കുഴമ്പുകൊണ്ട് വരച്ചപ്പോള്‍ കാന്‍വാസില്‍ എഴുന്നുനില്‍ക്കുന്ന ചിത്രങ്ങളുടെ മിഴിവായി. റിയലിസ്റ്റിക്കായ രചനാരീതിയോട് ഏറെ ഇഷ്ടമുള്ള ശബ്നക്ക് പ്രണയം രവിവര്‍മ ചിത്രങ്ങളോടാണ്. പ്രകൃതിയില്‍ നിന്നുള്ള ചായങ്ങള്‍ക്കൊപ്പം അക്രിലിക്കിലും അവള്‍ രചന നിര്‍വഹിക്കുന്നുണ്ട്. പിസ്തയുടെ തോടും വെള്ളാരങ്കല്ലും വളപ്പൊട്ടും മറ്റും ഒട്ടിച്ചുവെച്ച് ചിത്രങ്ങളെ കൂടുതല്‍ മിഴിവുറ്റതാക്കുന്ന കരവിരുത് വേറെയും. ഗ്ളാസ് പെയിന്‍റിങ്ങിലും പ്രാവീണ്യം നേടിക്കഴിഞ്ഞു. വരച്ചുകൂട്ടിയ ചിത്രങ്ങള്‍ക്ക് കണക്കില്ല, മത്സരിച്ച് നേടിയ സമ്മാനങ്ങള്‍ക്കും. റിഫ, ന്യൂ ഏജ്, എം.ഇ.എസ്, കെ.എം.സി.സി, കേളി, പി.ആര്‍.സി, ടെക്സ, മലര്‍വാടി തുടങ്ങി സൗദിയിലെ വിവിധ പ്രവാസിസംഘടനകള്‍ നടത്തിയ പെയിന്‍റിങ്ങ് മത്സരങ്ങളില്‍ മിക്കവയിലും ഒന്നാം സ്ഥാനമാണ് കിട്ടിയിട്ടുള്ളത്. ലോകത്തെ മുന്‍നിര അക്രിലിക് പെയിന്‍റ് നിര്‍മാതാക്കളായ ഫെവിക്രില്‍ കേരളത്തില്‍ നടത്തിയ 'ഫെവിക്രില്‍ ഹോബി ഐഡിയാസ്' ശില്‍പശാലയില്‍ പങ്കെടുത്തിട്ടുണ്ട്. പ്ളസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഈ മിടുക്കിക്ക് ഏറെ ആഗ്രഹിക്കുന്ന വൈദ്യപഠനത്തോടൊപ്പം ചിത്രകലാ പഠനം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. റിയാദ് ഇന്ത്യന്‍ സ്കൂളിലെ റുബാന ടീച്ചറും കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള അമ്മാവന്‍ അജ്മല്‍ ബാബുവുമാണ് ശബ്നയുടെ മറ്റ് ഗുരുനാഥന്മാര്‍. ഉമ്മ ഫാത്വിമ സുഹ്റയും സഹോദരങ്ങളായ മുഹമ്മദ് ഫഹീം, സജ്ല, ഷഹന, ഷഫ്ല എന്നിവരും പൂര്‍ണ പിന്തുണ നല്‍കുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment