മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ വീട്ടുകാര്യം നാട്ടുകാര്യമായതും മന്ത്രിസ്ഥാനം പോയതുമൊക്കെ വലിയ വാര്‍ത്തകളായി വന്നതുകൊണ്ട് സൗദിയിലെ സ്വദേശിവത്ക്കരണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തുന്ന മലയാളികളുടെ കാര്യം പത്ര-ദൃശ്യമാധ്യമങ്ങള്‍ തല്‍ക്കാലം മറന്ന മട്ടാണ്. നിതാഖത്തില്‍ മാധ്യമങ്ങളേക്കാള്‍ പരിഭ്രാന്തി കാട്ടിയത് രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളുമാണ്. സൗദിയില്‍ നടപ്പിലാക്കിയ നിതാഖത്തിന് കാരണക്കാര്‍ കേന്ദ്രവും കേരളവും ഭരിക്കുന്ന സര്‍ക്കാരുകളാണെന്ന മട്ടിലാണ് ഇടതുപക്ഷപാര്‍ട്ടികളും നേതാക്കളും ബി ജെ പിക്കാരും പ്രസ്താവനയും പ്രസംഗവും നടത്തിയത്. സൗദിയില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കണമെന്നും സഹായം ലഭ്യമാക്കണമെന്നം തൊഴില്‍ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെയെല്ലാം പൊതുവായ അഭിപ്രായം. സത്യത്തില്‍ സൗദിയില്‍ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണത്തെ കേരളീയര്‍ ഭയക്കേണ്ടതുണ്ടോ എന്ന കാര്യം വിമര്‍ശകരും ഭയാശങ്കയുളളവരും മനസിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ എല്ലാക്കാര്യത്തിനും കിട്ടുന്നുണ്ട്. ഇവരില്‍ വലിയൊരുവിഭാഗം തൊഴിലാളികളും മലയാളികളുമാണ്. എന്നാല്‍ കേരളത്തിലെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. കേരളത്തില്‍ തൊഴില്‍ എന്നുപറഞ്ഞാല്‍ സര്‍ക്കാര്‍ ജോലി മാത്രമാണ്. സര്‍ക്കാര്‍ ജോലിയൊഴികെ മറ്റെല്ലാ തൊഴിലും എടുക്കാന്‍ മലയാളി ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും പോകുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. ഗള്‍പില്‍ ഈന്തപ്പനയില്‍ കയറാന്‍ വേണ്ടി രണ്ടുലക്ഷം ഏജന്റിന് കൊടുത്ത് വിമാനം കയറുന്ന മലയാളിക്ക് സ്വന്തം നാട്ടില്‍ തെങ്ങില്‍ കയറാന്‍ അഭിമാനം സമ്മതിക്കില്ല. ഇപ്പോള്‍ ഒരു തെങ്ങില്‍ കയറാന്‍ 20 മുതല്‍ 30 വരെ രൂപയാണ് കേരളത്തില്‍ ഈടാക്കുന്നത്. ഇനി കൃത്യമായി തേങ്ങയിടാന്‍ വേണ്ടി തെങ്ങൊന്നിന് അമ്പതുരൂപ വരെ കൊടുക്കാന്‍ കേരകര്‍ഷകന്‍ തയ്യാറാണെങ്കിലും തെങ്ങില്‍ കയറാന്‍ ഒറ്റയൊരുത്തന്‍ പോലും തയ്യാറല്ല. പറമ്പ് കിളയ്ക്കുന്നതിന് 400 മുതല്‍ 550 വരെയാണ് കേരളമൊട്ടാകെ കൂലി. അറുനൂറ് കൊടുക്കാമെന്ന് വച്ചാലും ആളെകിട്ടില്ല. അതേസമയം മരുഭൂമിയില്‍ ആടിനെ തീറ്റാനും ഒട്ടകത്തെ മേയ്ക്കാനും ഈ മലയാളിക്ക് യാതൊരു മടിയുമില്ല. ഗള്‍ഫില്‍ മലയാളി വെയില് കൊള്ളും അറബിയുടെ പച്ചത്തെറിയും ചവിട്ടും തുപ്പും അന്തസോടെ ഏറ്റുവാങ്ങും. എന്നാലും നാട്ടില്‍ നാല് കാശുകിട്ടുന്ന ഒരു പണിയും അഭിമാനിയായ മലയാളി ചെയ്യില്ല. കേരളത്തില്‍ ആശാരിയെ കണികാണാന്‍ കിട്ടില്ല. കൊട്ടുവടിയും ഉളിയും പിടിക്കാന്‍ അറിയുന്നവന്‍ പിറ്റേന്ന് ഗള്‍ഫിന് കടക്കും. ഡ്രൈവര്‍, പ്ലബര്‍, ഇലക്ട്രീഷ്യന്‍, മേസ്തിരി, ഹോട്ടല്‍ പണി, മെയ്ക്കാട്(മേസ്തിരിയുടെ സഹായി), തയ്യല്‍, വീട്ടുജോലിക്കാര്‍, ഹോംനഴ്‌സ്, സെയില്‍സ് മാന്‍, സെയില്‍സ് ഗേള്‍, റബ്ബര്‍ ടാപ്പിംഗ്, ടാറിംഗ്, ചെങ്കല്‍-കരിങ്കല്‍ ക്വാറി തുടങ്ങി ദിവസം അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ കൂലി കിട്ടുന്ന ഇടപാടുകളൊന്നും മലയാളി നാട്ടില്‍ ചെയ്യില്ല. സുന്ദരമായി മാസം പതിനയ്യായിരം രൂപ എല്ലാ ചെലവും കഴിഞ്ഞ് നാട്ടില്‍ സമ്പാദിക്കാന്‍ കഴിയുമെങ്കിലും ഗള്‍ഫില്‍ നിന്ന് കിട്ടുന്ന പതിനായിരം രൂപ മാസശമ്പളമാണ് ഇപ്പോഴും മലയാളിയുടെ ഹരം. ഇത് കടുത്ത രോഗം തന്നെയാണ്. ഇതിനുള്ള ചികിത്സ സൗദി ചെയറിയതോതില്‍ തുടങ്ങിവെച്ചെന്ന് മാത്രം. സത്യത്തില്‍ സ്വന്തം നാട്ടില്‍ മേലനങ്ങിപ്പണിയെടുക്കാന്‍ മടിയുള്ള മലയാളിക്ക് നിതാഖത്ത് പോലുള്ള പണി കിട്ടിയാല്‍ മാത്രമേ പഠിക്കൂ. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും കാറും കക്കൂസും കഴുകുന്ന മലയാളി സ്വന്തം നാട്ടില്‍ മേലനങ്ങി ഒരില പോലും എടുക്കില്ല. കേരളത്തില്‍ 30 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കേരളത്തില്‍ പണിയെടുക്കാന്‍ വരുന്ന ബംഗാളിയും ബീഹാറിയും ഒറീസക്കാരനും രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പണിത് ദിവസം അഞ്ഞൂറും അറുനൂറും വാങ്ങിപ്പോവുകയാണ്. ഈ തൊഴില്‍ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുമ്പോള്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്ക് വേണ്ടി അലമുറയിടുകയും പ്രകടനം നടത്തുകയുമാണോ രാഷ്ട്രീയക്കാരേ വേണ്ടത്, അതോ നാട്ടില്‍ മേലനങ്ങി പണിയെടുക്കാന്‍ നന്നായൊന്ന് ഉപദേശിക്കുകയാണോ വേണ്ടത്. കേരളത്തില്‍ ഇപ്പോള്‍ ആവശ്യത്തിലധികം ആളുള്ള പണികള്‍ രാഷ്ട്രീയം, റിയല്‍ എസ്റ്റേറ്റ്, മണല്‍-ക്വാറി മാഫിയ തുടങ്ങി ഒരുതരത്തിലും മേലങ്ങാനിടയില്ലാത്ത, കാശുവാരുന്ന മേഖലകളാണ്. തടയനങ്ങുന്ന, വിയര്‍ക്കുന്ന, കയ്യില്‍ ചെളി പറ്റുന്ന പണികളെടുക്കാന്‍ ഉത്തരേന്ത്യക്കാര്‍ വരണമെന്ന് വാശിപിടിക്കുന്നവര്‍ക്ക് നിതാഖത്ത് ഒരു മുന്നറിയിപ്പ് മാത്രമാണ്.
No comments:
Post a Comment