നിങ്ങള്‍ക്ക് പണക്കാരനാകണോ..?
അഞ്ചു കോടി രൂപയിലധികമുള്ളവര്‍ ലോകത്തില്‍ ഒരു കോടിയിലധികമുണ്ടത്രേ! പണ്ടൊക്കെ വികസിതരാജ്യങ്ങളിലായിരുന്നു ധനവാന്മാര്‍ കൂടുതല്‍. ഇന്ന് ഭാരതത്തിലും ചൈനയിലും റഷ്യയിലുമൊക്കെ സമ്പന്നര്‍ വര്‍ധിച്ചുവരികയാണ്. 1000 കോടിയുടെ ആസ്തിയുള്ളവര്‍ ഭാരതത്തില്‍ മാത്രം നൂറിലധികമുണ്ട്. ഒരു ലക്ഷം കോടി ആസ്തിയുള്ളവരും ഇവിടെയുണ്ട്.ഇവര്‍ക്കെല്ലാംതന്നെ വ്യവസായബുദ്ധി (എശിമിരശമഹ ശിലേഹഹശഴലിരല) കൂടുതലായുണ്ട്. സ്‌കൂളിലൊക്കെവെച്ച് മാര്‍ക്ക് വാങ്ങുന്നതില്‍ മിടുക്കൊന്നുമില്ലായിരുന്നുതാനും. ഭൂരിഭാഗവും ആവറേജ് നിലവാരം നിലനിര്‍ത്തിയിരുന്നവരാണ്.ഏതു സംഗതിയില്‍ ചെന്നുപെട്ടാലും അതില്‍നിന്ന് ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. പണമുണ്ടാക്കാന്‍ കഴിവുള്ള ഏത് ബോറിങ് പരിപാടിക്കും ഇവര്‍ തയ്യാറാണുതാനും.
ധനം പാരമ്പര്യമായി കിട്ടിയവരെക്കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നത്. ധനവാന്മാരുടെ പിന്‍തലമുറക്കാര്‍ ധനം ധൂര്‍ത്തടിക്കുന്നതായിട്ടാണ് പൊതുവേ കാണുന്നത്. സൂപ്പര്‍ ധനികരുടെ മക്കള്‍ പില്ക്കാലത്ത് സൂപ്പര്‍ ധനികരുടെ പട്ടികയില്‍ ഇടംപിടിക്കാറില്ല. മുകേഷ് അംബാനിയും അനില്‍ അംബാനിയും അപവാദങ്ങളാണ്. 1940 കളിലെ ഏറ്റവും വലിയ ധനികനായിരുന്ന ആന്‍ഡ്രൂ കാര്‍ണിജിയുടെ മക്കളെക്കുറിച്ചൊന്നും കേട്ടിട്ടേയില്ല. ഫോര്‍ഡിന്റെയും റോക്‌ഫെല്ലറുടെയും വ്യവസായങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാരഥികള്‍ ലോകസമ്പന്നന്മാരുടെ ഗണത്തിലൊന്നുമില്ല. അറുപതുകളിലെ ഏറ്റവും ധനികനായിരുന്ന ഹോവാര്‍ഡ് ഹ്യൂഗസ്സിന്റെ അനന്തരവകാശികളെക്കുറിച്ചും വലിയ അറിവൊന്നുമില്ല.
ബ്രൂണെയിലെ സുല്‍ത്താന്‍ ദീര്‍ഘകാലം ലോക ഒന്നാംനമ്പര്‍ ധനികനായിരുന്നു. എലിസബത്ത് രാജ്ഞിയൊക്കെ തൊട്ടുപുറകിലും. അവരുടെ കുട്ടികളൊന്നും ആ നിലവാരത്തിലേക്കുയര്‍ന്നിട്ടില്ല. മാത്രമല്ല, രാജവംശജര്‍ ലോകധനികരുടെ ലിസ്റ്റില്‍നിന്നും പിന്തള്ളപ്പെട്ടു. ഇന്നുള്ളവര്‍ സ്വപരിശ്രമംകൊണ്ട് ഉയര്‍ന്നുവന്നവരാണ്.
അമേരിക്കയിലെ വാറന്‍ ബുഫെയും ഓറക്കിളിന്റെ ലാറി എല്ലിസണും മുകേഷ് അംബാനിയും ലക്ഷ്മി മിത്തലും മെക്‌സിക്കോയിലെ കാര്‍ലോസ് സ്ലിമ്മുമൊക്കെയാണ് ഇന്നത്തെ സൂപ്പര്‍ ധനികര്‍. ബില്‍ ഗേറ്റ്‌സ് തന്റെ സ്വത്തിന്റെ നല്ലൊരുഭാഗം പരോപകാരപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെച്ചതുകൊണ്ടാണ് ലിസ്റ്റില്‍ വരാത്തത്. ദീര്‍ഘകാലം അദ്ദേഹമായിരുന്നല്ലോ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍.
ഒരു ലക്ഷത്തി എഴുപത്തിയെണ്ണായിരം കോടിയോളം വരും വാറന്‍ ബുഫെയുടെ സ്വത്ത്. മുകേഷിന്റെത് ഇപ്പോള്‍ ഏകദേശം അത്രയൊക്കെ വരുമായിരിക്കും. 2008 ആദ്യം (ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍) മുകേഷിന്റെ സ്വത്ത് രണ്ടു ലക്ഷം കോടിയായിരുന്നു! ഇതില്‍ മുകേഷ് ഒഴിച്ച് മറ്റെല്ലാവരും സ്വപ്രയത്‌നത്തിലൂടെയാണ് ഉയര്‍ന്നുവന്നത്. ഒന്നുമില്ലായ്മയില്‍നിന്നായിരുന്നു ബില്‍ ഗേറ്റ്‌സിന്റെയും വാറന്‍ ബുഫെയുടെയുമൊക്കെ തുടക്കം. വെറും 500 രൂപകൊണ്ടാണ് ധീരുഭായി അംബാനി ബിസിനസ് ആരംഭിച്ചത്!
സമ്പത്തിന്റെ മടിത്തട്ടിലേക്കു പിറന്നുവീഴുന്നവര്‍ പണമുണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ ബിസിനസ് വിപുലീകരിക്കുന്നതില്‍ സാധാരണ ഉത്സുകരായി കാണുന്നില്ല.
ഭാരതത്തിലെ പല ധനികരും കുട്ടികളെ ബ്രിട്ടനില്‍ മില്‍ഫീല്‍ഡ് സ്‌കൂളിലും അമേരിക്കയിലെ പ്രസിദ്ധമായ കോളേജുകളിലും വിട്ട് പഠിപ്പിക്കുന്നു. ധനം ധൂര്‍ത്തടിക്കാന്‍ അവര്‍ക്ക് അവിടങ്ങളില്‍ ധാരാളം അവസരം കിട്ടുന്നുണ്ട്.
ബോംബെയിലെ ഒരു റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയുടെ മകന്‍ ഒരു വാച്ചു വാങ്ങാന്‍ ഫസ്റ്റ് ക്ലാസ് പ്ലെയിന്‍ ടിക്കറ്റെടുത്ത് വിദേശത്തു പോയി സാധനം വാങ്ങി ഫസ്റ്റ് ക്ലാസില്‍ ബോംബെയില്‍ തിരിച്ചെത്തിയ കഥ വായിച്ചതോര്‍ക്കുന്നു.
അവധിക്കാലം ചെലവിടാന്‍ കുട്ടികളെ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് അയയ്ക്കുന്ന ധനികര്‍ ധാരാളം. അവര്‍ ബങ്കീജംപിങ്ങിലും മറ്റു സാഹസികവിനോദങ്ങളിലും മുഴുകി പണം വാരിക്കോരി ചെലവാക്കുന്നു. ഭാരതത്തിലെ മറ്റു ധനികരുടെ മക്കള്‍ അവിടെ കൂട്ടിനുണ്ടാവുകയും ചെയ്യും. അല്ലെങ്കില്‍ തുര്‍ക്കിയുടെ തീരത്തുകൂടെ ഒരു ആഡംബര കപ്പല്‍യാത്രയ്ക്ക് അയയ്ക്കും. കുടുംബസമേതം ന്യൂസിലാന്‍ഡിലെ സമതലങ്ങളിലേക്ക് പോകുന്നുവരുമുണ്ട്. ദക്ഷിണ പസഫിക്കിലെ ബോറബോറയിലേക്ക് പോകുന്നവരുമുണ്ട്. മാന്‍ഹാട്ടനില്‍ അവധിക്കാല ഷോപ്പിങ്ങിനെത്തുന്നവരും ധാരാളം.
സൂപ്പര്‍ ധനികരുടെ സ്വഭാവവിശേഷതകള്‍
16-18 മണിക്കൂര്‍ ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗവും. എന്നാലും അവര്‍ കുടുംബവുമൊത്ത് ചെലവിടാന്‍ സമയം കണ്ടെത്തുന്നു. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും കൊച്ചു കാര്യങ്ങള്‍ക്കുപോലും അവര്‍ ശ്രദ്ധ കൊടുക്കുന്നു. തീരുമാനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിവുള്ളവരായും ഉത്തരവാദിത്വങ്ങള്‍ എടുക്കാന്‍ പ്രാപ്തിയുള്ളവരായും കുട്ടികള്‍ വളര്‍ന്നുവരാന്‍ അവര്‍ ആഗ്രഹിക്കുന്നു. കുട്ടികളുടെ ക്ലാസിലെ റാങ്കിനെക്കുറിച്ചൊന്നും അവര്‍ ആവലാതിപ്പെടാറില്ല. ജോലിയാണ് അവര്‍ക്ക് സര്‍വസ്വവും. ഒരേ ലക്ഷ്യമായിരിക്കും മനസ്സില്‍ എപ്പോഴും. തന്റെ വ്യവസായം എങ്ങനെ വികസിപ്പിക്കാം എന്നായിരിക്കും ഊണിലും ഉറക്കത്തിലും ചിന്ത. ലാഭം മുന്നില്‍ കണ്ടുകൊണ്ടായിരിക്കും എല്ലായ്‌പോഴും കരുക്കള്‍ നീക്കുന്നത്.
പല ധനികരും വലിയ പിശുക്കന്മാരാണ്. ചിലര്‍ പ്ലെയിനില്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യും. കാര്‍ സ്വന്തമായി ഓടിക്കും. (ജെ.ആര്‍.ഡിയെപ്പോലെയും രത്തന്‍ ടാറ്റയെപ്പോലെയും). പ്രശസ്തി ആഗ്രഹിക്കാത്തവരുണ്ട്. സമൂഹത്തില്‍നിന്ന് ഒളിച്ചോടുന്നവരുമുണ്ട് (ഹോവാര്‍ഡ് ഹ്യൂഗസിനെപ്പോലെ). ടാബ്ലോയിഡുകളില്‍ പ്രത്യക്ഷപ്പെടാനൊന്നും താത്പര്യമില്ലാത്തവര്‍. അനില്‍ അംബാനിക്ക് നേരെ വിപരീതസ്വഭാവമാണ്. പ്രശസ്തിയും പാര്‍ട്ടികളും ടാബ്ലോയിഡുകളും അദ്ദേഹം ഇഷ്ടപ്പെടുന്നു. റിച്ചാര്‍ഡ് ബ്രാന്‍ഡ്‌സനും വിജയ്മാല്യയും ഗ്ലാമറും പ്രശസ്തിയും ഇഷ്ടപ്പെടുന്നവരാണ്.
ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും വിലയേറിയ സമ്മാനങ്ങള്‍ കൊടുക്കാന്‍ ഇവര്‍ക്കു മടിയില്ല. ബിസിനസ്സില്‍ പിശുക്ക് കാണിക്കുമെങ്കിലും ഇതില്‍ ലിബറലായിരിക്കും. അനില്‍ അംബാനി ടീനാ മുനിമിന് ഒരു ആഡംബരക്കപ്പലാണ് പിറന്നാള്‍സമ്മാനമായി നല്കിയത്! മുകേഷ് ആകട്ടെ നൂറു കോടിയോളം വിലയുള്ള ഒരു ജംബോ ജറ്റും. മുകേഷ് തന്റെ മകന്റെ പിറന്നാള്‍ ദിവസം ഒരു കുട്ടിക്കൊമ്പനെയാണ് സമ്മാനിച്ചത്! ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തു കൊടുക്കാനും ഇവര്‍ക്കു മടിയില്ല.
ഇവരില്‍ പലരും കാണുമ്പോള്‍ ഒരടുത്ത അയല്‍ക്കാരനെപ്പോലെ തോന്നിപ്പിക്കും. ജാടകളില്ല. എളിമയും ലാളിത്യവും മുഖമുദ്രയാക്കിയിട്ടുള്ളവര്‍. കുടുംബവുമായി നല്ല സ്‌നേഹബന്ധം പുലര്‍ത്തുന്നവരാണ് ഭൂരിഭാഗവും. രാഷ്ട്രീയപ്രമുഖരുമായും ഇവര്‍ നല്ല സൗഹൃദം നിലനിര്‍ത്തും. അനിലിനെപ്പോലുള്ളവര്‍ക്ക് സിനിമാക്കാരുമായും നല്ല അടുപ്പമുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രീതിസമ്പാദിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ശ്രദ്ധാലുക്കളാണ് എല്ലാവരുംതന്നെ. ധീരുഭായ് അംബാനിക്ക് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ്രയുണ്ടായിരുന്നു.
വിനോദ് ഖോസ്ല എന്നൊരു ധനവാന്‍ വില കുറഞ്ഞ ബാള്‍പോയിന്റ് പേന ഉപയോഗിച്ച് ചെലവ് കുറയ്ക്കാന്‍ നോക്കിയത്രേ! !!ഇന്റര്‍നെറ്റില്‍ പോക്കര്‍ കളിച്ച് കാശുണ്ടാക്കുന്നവരുമുണ്ട് കൂട്ടത്തില്‍! സര്‍വകലാശാലാ അധ്യാപകരായ തോമസ് സ്റ്റാലിനും ഡാങ്കേയും ചേര്‍ന്ന് വന്‍ ധനാഢ്യരെക്കുറിച്ച് ഒരു സര്‍വേ നടത്തി. ഒരു ചോദ്യത്തിന് ഉത്തരം നല്കിയാല്‍ ഒരു ഡോളറായിരുന്നു പ്രതിഫലം. പ്രതിവര്‍ഷം അഞ്ചു കോടി രൂപയെങ്കിലും വരുമാനമുള്ള 5000 പേരെങ്കിലും അതില്‍ പങ്കെടുത്ത് ഓരോ ചോദ്യത്തിനും ഉത്തരം നല്കി. ഒരു ഡോളര്‍ വീതം കൈപ്പറ്റിയത്രേ! കോടികള്‍ ചെലവാക്കാന്‍ അവര്‍ക്കാര്‍ക്കും ഒരു മടിയുമില്ല. പക്ഷേ, ചെറിയ കാര്യങ്ങളില്‍ പിശുക്കും കാണിക്കും. പിശുക്ക് സമ്പാദിക്കാനൊന്നുമായിരിക്കില്ല, ഇതൊരു സ്വഭാവവിശേഷം മാത്രം.
കോടീശ്വരന്മാരെല്ലാംതന്നെ പരസഹായികളാണ്; ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ തത്പരരും. പലപ്പോഴും അവരുടെ സഹായങ്ങള്‍ ലോകം അറിയാറില്ല എന്നു മാത്രം. ബില്‍ഗേറ്റ്‌സിനെപ്പോലെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ഇതിനായി മാറ്റിവെക്കുന്നവരുമുണ്ട്. താന്‍ ചെയ്യുന്ന സഹായം ലോകം അറിയരുതെന്ന നിര്‍ബന്ധക്കാരുമുണ്ട് അവരുടെ ഇടയില്‍.
വലിയ ബിസിനസ്സുകാരാരുംതന്നെ അശ്ലീലവും ചൂതുകളിയുമായി ബന്ധമുള്ള വ്യാപാരങ്ങളിലൊന്നും ഇടപെടാറില്ല. സമൂഹത്തിന് സ്വീകാര്യമായ സംഗതികളിലേ അവര്‍ വ്യാപരിക്കൂ.
ലൈംഗികജീവിതം
ധനികരുടെ ലൈംഗികാസ്വാദനം സാധാരണക്കാരുടെതിനെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരത്തിലാണത്രേ! അവര്‍ക്ക് സമ്പത്തുണ്ട്; ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടേണ്ട.കടവും കടക്കാരുമില്ല. എന്തിനും ഏതിനും പരിചാരികയോ പരിചാരകനോ ഉണ്ടാവും. ഭാര്യയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകിട്ടുന്നു. ഇഷ്ടമുള്ള ഡ്രസ്സും ആഭരണങ്ങളും എപ്പോള്‍ വേണമെങ്കിലും വാങ്ങാം. ഭൂലോകത്തിലെ ഏത് പറുദീസായിലേക്കും വിനോദയാത്ര നടത്താം. ആഡംബരക്കപ്പലുകള്‍ സ്വന്തമാക്കാം. ഏതാഗ്രഹവും സാധിച്ചുകൊടുക്കുന്ന ഭര്‍ത്താക്കന്മാരെ സന്തോഷിപ്പിക്കാന്‍ ഭാര്യമാര്‍ ഉത്സുകരായിരിക്കുമല്ലോ.
5000 കോടിയെങ്കിലും ആസ്തിയുള്ള നൂറു പേരുടെ ഇടയില്‍ നടത്തിയ സര്‍വേഫലം നോക്കൂ:
ധനത്തെയാണ് ഉയര്‍ന്ന ലൈംഗികാസ്വാദനത്തിന്റെ കാരണമായി 63 ശതമാനം ആണുങ്ങളും 84 ശതമാനം സ്ത്രീകളും കാണുന്നത്. കൂടുതല്‍ ആവേശകരമായ ലൈംഗികജീവിതത്തിന് ധനം വഴിതെളിച്ചിട്ടുണ്ടത്രേ! 52 ശതമാനം പുരുഷന്മാരും 74 ശതമാനം സ്ത്രീകളും വിവാഹേതരബന്ധങ്ങള്‍ ഉള്ളവരാണുതാനും. ആര്‍ഭാടം നിറഞ്ഞ യാത്രകളും സുഖലോലഭോഗങ്ങള്‍ നിറഞ്ഞ വാരാന്ത്യങ്ങളും സെക്‌സ് കൂടുതല്‍ ആസ്വദിക്കാന്‍ പ്രേരണ നല്കുന്നു. ജീവിക്കാന്‍വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് ഇത് ഒരു ദിനചര്യമാത്രമായിരിക്കും.
പിരിമുറുക്കവും ആധിയും വേവലാതിയുമൊക്കെ ധനികര്‍ക്ക് താരതമ്യേന കുറവായിരിക്കും. ഇതും ലൈംഗികാസ്വാദനം വര്‍ധിപ്പിക്കുന്നു.
പണക്കാര്‍ക്ക് ആഡംബരക്കാറുകളോട് ഒരു ഭ്രമംതന്നെയുണ്ട്.
ഫെരാരി
മേബാച്ച്
സ്‌റ്റേറ്റ്‌ലിങ്കണ്‍
റോള്‍സ് റോയ്‌സ് ഫാന്റം
മസേരാറ്റിസ്
മക്‌ലാറന്‍
മോണ്‍ടെ വെര്‍ഡി
കോണ്ടിനെന്റല്‍ ജിടി
പോഷേ....
ബാന്റലീ മെഴ്‌സിഡസ് ബെന്‍സ്....
ഒന്നുരണ്ടു കോടിയില്‍ കൂടുതല്‍ വിലയുള്ളതാണ് ഈ കാറുകളില്‍ പലതും. മുകേഷ് അംബാനി മേബാച്ചാണ് ഉപയോഗിക്കുന്നത്. വില ആറു കോടി. ബാന്റലീ ബുള്ളറ്റ് പ്രൂഫിനും ഏകദേശം ഈ വിലയാകും. പലര്‍ക്കും മെഴ്‌സിഡസ് ബെന്‍സിനോട് താത്പര്യമുണ്ട്. റോള്‍സ് റോയ്‌സ് ഫാന്റം ഉണ്ടെങ്കിലും സ്വന്തം ആവശ്യത്തിന് മെഴ്‌സിഡസ് തിരഞ്ഞെടുക്കുന്നവര്‍ ധാരാളം. ഡയാന മരിച്ചദിവസം യാത്ര ചെയ്തിരുന്നത് അതിലാണല്ലോ. 180 കിലോമീറ്ററിലായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്! പരുക്കന്‍ റോഡുകളില്‍ ധനികര്‍ റേഞ്ച്‌റോവര്‍ ഉപയോഗിക്കുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്ക് റോള്‍സ്‌റോയ്‌സ് ഫാന്റവും. എങ്കിലും വീട്ടിലെ ആവശ്യങ്ങള്‍ക്ക് മെഴ്‌സിഡസ് ഉണ്ടാകും. ഭാര്യയ്ക്കും കുട്ടികള്‍ക്കും അത് മതിയല്ലോ.
ചലിക്കുന്ന കൊട്ടാരംപോലുള്ള കാറുകളുണ്ട്. ഉറങ്ങാനും മദ്യപിക്കാനും ദിനചര്യകള്‍ ചെയ്യുന്നതിനുമൊക്കെ സൗകര്യങ്ങളുള്ള 'ലിമോസീനുകള്‍' മിനി ബാറും ഫ്രിഡ്ജുമൊക്കെ, ഇതിലുണ്ടാകും.
ഇപ്പോള്‍ ആഡംബരക്കാറുകളെക്കാള്‍ കൊട്ടാരസദൃശ്യമായ ജെറ്റ് വിമാനങ്ങളിലും കപ്പലുകളിലുമാണ് ധനികരുടെ ശ്രദ്ധ. 250-300 കോടി വിലയുള്ള ജെറ്റ് വിമാനങ്ങള്‍ ഭാര്യയ്ക്ക് പിറന്നാള്‍സമ്മാനമായി നല്കുന്ന സൂപ്പര്‍ ധനികരുണ്ട്. അല്ലെങ്കില്‍ 200 കോടിയെങ്കിലും വിലയുള്ള ആഡംബര ക്കപ്പല്‍.
സ്വന്തമായി കുറച്ചു സ്ഥലവും വീടുമൊക്കെ നാം സ്വപ്‌നം കാണുമ്പോള്‍ സൂപ്പര്‍ ധനികര്‍ ഒരു ദ്വീപ് വിലയ്ക്ക് വാങ്ങുന്നു. അല്ലെങ്കില്‍ ഒരെണ്ണം നിര്‍മിച്ചെടുക്കുന്നു. ദുബായിലെ പല ഷേയ്ക്കുമാരും ഇതാണ് ചെയ്യുന്നത്. പിന്നീടവര്‍ കോടികള്‍ മുടക്കി അതു വികസിപ്പിച്ചെടുക്കുന്നു. അതില്‍ രമ്യഹര്‍മ്യങ്ങളും പാര്‍ക്കും നീന്തല്‍ക്കുളങ്ങളും ടെന്നീസ് കോര്‍ട്ടുമെല്ലാം നിര്‍മിക്കുന്നു. അവിടെ അവരുടേതായ ഒരു മിനിലോകം പടുത്തുയര്‍ത്തുന്നു.
ധീരുഭായ് അംബാനി 14 നിലയുള്ള ഒരു ടവര്‍ ബോംബെയുടെ ഹൃദയഭാഗത്ത് പണിത് അതിലാണ് താമസിച്ചിരുന്നത്. മകന്‍ മുകേഷ് 27 നിലകളുള്ള, 550 അടി ഉയരമുള്ള സൗധമാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. തിയേറ്ററും നീന്തല്‍ക്കുളങ്ങളും ഹെലിപ്പാഡുകളും വര്‍ക്ക്‌ഷോപ്പും ആശുപത്രിയും വിപുലമായ കാര്‍ പാര്‍ക്കിങ്ങുമെല്ലാമുള്ള ബോംബെയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം!
സൂപ്പര്‍ ധനികര്‍ സ്വന്തം പാര്‍പ്പിടസമുച്ചയങ്ങളില്‍വെച്ച് ഫാഷന്‍ ഷോയും സംഗീതക്കച്ചേരികളും കലാപ്രദര്‍ശനങ്ങളും നടത്തുന്നു. അവര്‍ക്കിഷ്ടമുള്ളവരെ അതിഥികളായി വിളിക്കുന്നു. അവരുമായി ഇഷ്ടമുള്ള വിഷയങ്ങളില്‍ ആശയവിനിമയം നടത്തുന്നു.
സൂപ്പര്‍ ധനികരുടെ ചര്‍ച്ചാവിഷയങ്ങള്‍
ധനമെങ്ങനെ അനന്തരാവകാശികള്‍ക്ക് വീതിച്ചു കൊടുക്കാം? ഈ വിഷയത്തില്‍ യുക്തമായ ഒരഭിപ്രായം ആര്‍ക്കു നല്കാനാകും? സ്വത്തെല്ലാം ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കാറുണ്ട്. ദാനം ചെയ്യുന്നതിലും കാര്യക്ഷമത വേണമെന്ന് ഇവര്‍ ശഠിക്കാറുണ്ട്. ബില്‍ ഗേറ്റ്‌സ് തന്റെ സ്വത്തിന്റെ നല്ലൊരു പങ്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അത് തികച്ചും അര്‍ഹര്‍ക്ക് ചെന്നത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തന്റെയും ഭാര്യയുടെയും പേരില്‍ ഒരു കോര്‍പ്പറേഷന്‍ ഉണ്ടാക്കി. കഴിവുള്ള പ്രൊഫഷണലുകളെ അതിന്റെ നടത്തിപ്പിനായി നിയോഗിച്ചു.
പുതിയ വ്യവസായസംരംഭങ്ങളെക്കുറിച്ചും ഭാവിയിലെ അവസരങ്ങളെക്കുറിച്ചും അവര്‍ സംസാരിക്കാറുണ്ട്. വ്യവസായം നേരിടുന്ന പൊതുപ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍, ഗവണ്‍മെന്റിന്റെ നയങ്ങള്‍ ഇവയെല്ലാം അവര്‍ വിശകലനം ചെയ്യും. സര്‍ക്കാര്‍നയങ്ങളെ അനുകൂലമാക്കിയെടുക്കാനുള്ള പോംവഴികള്‍ ആരായുകയും ചെയ്യും.
ലക്ഷ്വറി റേറ്റിങ്. com
ലോകത്തിലെ സമ്പന്നരെ തമ്മില്‍ പരിചയപ്പെടുത്തുന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റാണിത്. 12 ലക്ഷത്തോളം രൂപയാണ് അംഗത്വഫീസ്. 20 കോടിയോളം ആസ്തിയുണ്ടങ്കിലേ അംഗത്വത്തിന് അപേക്ഷിക്കാനാകൂ. ചാള്‍സ് രാജകുമാരന്റെ അനന്തരവനാണ് ഇതു നടത്തുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിന് ഓഫീസുണ്ട്. ഏറ്റവും വമ്പന്മാരുടെ പാര്‍ട്ടികള്‍, ക്ലബുകള്‍, കൂടിക്കാഴ്ചകള്‍ ഇവയെല്ലാം അംഗങ്ങളെ അറിയിക്കുന്നു. ഒത്തുകൂടലിന്റെ വിശദവിവരങ്ങളും ക്ലബിലെ അംഗങ്ങളുടെ അത്യാവശ്യ വിവരങ്ങളും പുതിയൊരംഗത്തിനു ലഭിക്കും.
സാധാരണക്കാരില്‍നിന്നകന്ന്...
ലോകസമ്പന്നര്‍ സാധാരണക്കാരുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. താന്‍ പോകുന്ന ഹോട്ടലില്‍ ഒരു സാധാരണ ടൂറിസ്റ്റ് കടന്നുവരുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല. ഒരു സാധാരണക്കാരനുമായി മേശ പങ്കിടാനും അവര്‍ക്ക് വൈമുഖ്യമാണ്. സമ്പന്നര്‍ എവിടെ ആയാലും അവരുടെ താവളങ്ങള്‍ തേടിപ്പോകും. ഏതൊരു വന്‍നഗരത്തിലും ധനികരുടെ കോളനികള്‍ ഉണ്ടാവും.
ബോംബെയിലെ ആള്‍ട്ട് മൗണ്ട് റോഡിലാണ് അംബാനികളും ടാറ്റയും മറ്റു പ്രമുഖരും താമസിക്കുന്നത്. മലബാര്‍ ഹില്ലും പാലിഹില്ലും സമ്പന്ന പ്രദേശങ്ങള്‍ തന്നെ. ജുഹുവിലാണ് ഹിന്ദി സിനിമാതാരങ്ങളില്‍ പ്രമുഖര്‍. അമിതാഭും ജയയും, അഭിഷേകും ഐശ്വര്യയുമെല്ലാം അവിടെയാണ്. ഗുഡ്‌നൈറ്റിന്റെ രാജാവ് മോഹനന് ഇവിടെ വലിയൊരു വീടുണ്ട്. ആര്‍ക്കും ഇവിടേക്ക് വരാമെന്നു മോഹിക്കേണ്ട. സെന്റിന് കോടികള്‍ വില നല്കണം.
ലണ്ടനിലെ ഹൈഡ്പാര്‍ക്കില്‍ 200 കോടിയിലധികം വിലയുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് പണിയുന്നത്. ഇവിടത്തെ താമസക്കാര്‍ ഹെലികോപ്ടറില്‍ വന്നിറങ്ങും, പോകും. അല്ലെങ്കില്‍ കറുത്ത ഗ്ലാസിട്ട ലിമോസീനുകളില്‍. മൂര്‍പാര്‍ക്കും ആഷ്ടണ്‍ റോഡും ധനികരുടെ വിഹാരകേന്ദ്രങ്ങള്‍ തന്നെ.
ധനമുണ്ടാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍
1966-ല്‍ ബ്രിട്ടീഷ് ക്യാപ്റ്റന്‍ ജോണ്‍ ടെറി വേള്‍ഡ് കപ്പ് ഉയര്‍ത്തിയെങ്കിലും അദ്ദേഹത്തിന് ആഴ്ചയില്‍ 100 പൗണ്ട് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇന്നത്തെ ക്യാപ്റ്റന് 13,000 പൗണ്ടാണ് ആഴ്ചയില്‍ കിട്ടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ മത്സരങ്ങള്‍ ലോകമെമ്പാടുമുള്ള 100 കോടി ജനങ്ങളാണ് ഇന്നു വീക്ഷിക്കുന്നത്. കളിയുടെ പ്രതിഫലം കുറവാണെങ്കിലും കളിക്കാര്‍ക്ക് സ്‌പോണ്‍സഷിപ്പില്‍നിന്നും കോടികള്‍ കിട്ടും. ഭാരത ക്രിക്കറ്റ് കളിക്കാരും ഈ രീതിയിലാണ് ധനമാര്‍ജിക്കുന്നത്. വന്നീസ മേ ആണ് ലോകത്തിലെ ഇന്നത്തെ ഏറ്റവും പ്രശസ്തനായ വയലിനിസ്റ്റ്. റേഡിയോ, ടിവി, ഇന്റര്‍നെറ്റ് എന്നിവയിലൂടെയെല്ലാം അദ്ദേഹം സമ്പാദിക്കുന്നു. ഒരു വര്‍ഷം ഒരു കോടി സിഡികളാണ് വിറ്റഴിക്കുന്നത്. ഈ രീതിയില്‍ ബില്യണയര്‍ ആകാന്‍ അധികം സമയം വേണ്ടല്ലോ.
50 വര്‍ഷം മുന്‍പുള്ള ഒരു വയലിനിസ്റ്റിന് എന്തു കിട്ടുമായിരുന്നു! ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ലോകത്തെ മൊത്തം ഒരൊറ്റക്കമ്പോളമാക്കിക്കഴിഞ്ഞു. ഹോളിവുഡ് സിനിമയ്ക്ക് ഇന്ന് ലോകം മൊത്തം കാണികളുണ്ട്. ഇന്ത്യന്‍ സിനിമയുടെപോലും സ്ഥിതി അതല്ലേ? വിറ്റുവരവ് പതിന്മടങ്ങാവുമ്പോള്‍ താരങ്ങളുടെ പ്രതിഫലവും ഉയരുന്നു. മഡോണയും മൈക്കല്‍ ജാക്‌സനും കോടികള്‍ നേടിയത് ഈ പ്രതിഭാസംകൊണ്ടാണ്.
ലോകവിപണിയിലെ കമ്പ്യൂട്ടറിന്റെ മാസ്മരികതയെ മുതലെടുത്താണല്ലോ ബില്‍ ഗേറ്റ്‌സും ലാറി എല്ലിസനും നാരായണമൂര്‍ത്തിയും അസിംപ്രേംജിയും കോടീശ്വരന്മാരായത്.
ധനാഢ്യരുടെ ചെലവ്
ഒരു സാധാരണ ചൈനീസ് കോടീശ്വരന്‍ മൂന്നരക്കോടി രൂപയാണ് പ്രതിവര്‍ഷം ചെലവിടുന്നത്. മാസം 29 ലക്ഷം രൂപ. ഈ ഗണത്തില്‍ ചൈനയില്‍ മാത്രം 50,000 പേരെങ്കിലുമുണ്ട്. ഷാന്‍ഹായിലെ നല്ലൊരു അപ്പാര്‍ട്ട്‌മെന്റില്‍ ഭാര്യയുമൊത്തു താമസിക്കുന്നു. ബെയ്ജിങ്ങില്‍ മറ്റൊരു ഫ്ലറ്റ് കാണും. മകന്‍ ബ്രിട്ടനില്‍ പഠിക്കുന്നു. സ്വന്തം സ്ഥലത്ത് കോടികള്‍ വിലമതിക്കുന്ന വില്ല വേറെയും. വ്യവസായി റോള്‍ റോയസ് ഫാന്റം ഉപയോഗിക്കുന്നു. ഭാര്യയ്ക്ക് മെഴ്‌സിഡസ് ബെന്‍സ്. ഗോള്‍ഫ് ക്ലബിലെ വാര്‍ഷിക ഫീസ് 25 ലക്ഷം. ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് മറ്റേതെങ്കിലും പ്രോവിന്‍സില്‍ ഗോള്‍ഫ് കളിക്കാന്‍ പോകുന്നു. വിലകൂടിയ വീഞ്ഞു കഴിക്കും. 15 ലക്ഷത്തിനാണ് ഒരു ക്രേറ്റ് വാങ്ങുന്നത്.
മുകേഷ് അംബാനിയെപ്പോലുള്ള സൂപ്പര്‍ ധനികരുടെ ചെലവ് വെച്ചു നോക്കുമ്പോള്‍ ഇത്തരം ചൈനീസ് വ്യവസായിയുടെ ചെലവ് കൂടുതലല്ല. സൂപ്പര്‍ ധനികര്‍ പ്രതിമാസം മൂന്നരക്കോടിയൊക്കെ ചെലവിടുന്നുണ്ടാകും. മുകേഷിന്റെ പ്രതിമാസ ചെലവ് നാം കണക്കുകൂട്ടിയതോര്‍ക്കുമല്ലോ.
ഭാരതത്തില്‍ ധനികരുടെ എണ്ണം വര്‍ധിക്കുന്നത് എണ്‍പതുകള്‍ക്കുശേഷമാണ്. നരസിംഹറാവു സ്വതന്ത്ര സമ്പദ്ഘടനയ്ക്ക് രൂപംകൊടുത്തശേഷം ആയിരക്കണക്കിന് മില്യണയേഴ്‌സും ഡസന്‍ കണക്കിന് ബില്യണയേഴ്‌സും ഉണ്ടായി. വസ്ത്രക്കയറ്റുമതിക്കാരും ആയുധ ഇടപാടുകാരും ആഭരണവ്യാപാരികളും വാഹനനിര്‍മാതാക്കളും ഐ.ടി. വ്യവസായികളും വന്‍ധനികരായി. ലോകകമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അതോടെ ധനികര്‍ കൂടി -എണ്ണത്തിലും ആസ്തിയിലും.
ഒരു ഡോര്‍ഹാന്‍ഡിലിനുവേണ്ടി ഒരു ബോംബെ വ്യവസായി തന്റെ ഇന്റീരിയര്‍ ഡിസൈനറെ ഇറ്റലിയിലേക്കയച്ചത് പത്രവാര്‍ത്തയായി. അഞ്ചു ലക്ഷം രൂപയ്ക്കാണത്രേ ഒന്നു വാങ്ങിയത്. മറ്റൊരു വ്യവസായി തന്റെ വീടിന്റെ സീലിങ് പെയിന്റ് ചെയ്യാന്‍ ഇറ്റലിയില്‍നിന്നാണ് ഒരു കലാകാരനെ കൊണ്ടുവന്നത്. അംബാനികള്‍ വീടിന്റെ ഗോവണി പ്ലാന്‍ ചെയ്തത് യൂറോപ്പിലെ ഏറ്റവും പ്രസിദ്ധനായ ഒരു എഞ്ചിനീയറെ വരുത്തിയാണ്. ഗുഡ്‌നൈറ്റ് മോഹന്റെ ജുഹുവീട്ടിലെ ഗ്ലാസ്ഫര്‍ണിച്ചറെല്ലാം ഇറ്റലിയില്‍നിന്ന് വരുത്തുകയായിരുന്നു.
പലപ്പോഴും ഏറ്റവും വിലപിടിപ്പുള്ളതേ സൂപ്പര്‍ ധനികര്‍ക്ക് വേണ്ടൂ. 800 രൂപയുടെ സോക്‌സും 5000 ത്തിന്റെ ജെട്ടിയും ഒരു ലക്ഷത്തിന്റെ ആര്‍മാനി ജാക്കറ്റും അതിനു ചേരുന്ന മോള്‍ട്ട് ബ്ലാക്ക് പേനയും ഗുച്ചി പെര്‍ഫ്യൂമും കാര്‍ട്ടിയര്‍ വാച്ചും ആണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. പുതിയ വാട്ടര്‍മാന്‍ പേന പോക്കറ്റില്‍ കുത്തുന്നവരുമുണ്ട്. ഏറ്റവും ആധുനികവും ഉന്നതവുമായ ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗവും. ധനം ഉണ്ടാക്കിയാല്‍ മാത്രം പോരല്ലോ അതനുഭവിക്കുകകൂടി വേണ്ട? അതിലൊന്നും സൂപ്പര്‍ ധനികര്‍ പിശുക്കാറില്ല.
(സമ്പന്നരുടെ രീതികളും സമൃദ്ധിയിലേക്കുള്ള വഴികളും എന്ന പുസ്തകത്തില്‍ നിന്ന്)
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment