Saturday, 30 March 2013

[www.keralites.net] 'റീ എന്‍ട്രി' ആശ്വാസമായേക്കും

 

നയതന്ത്രം തുണയാവില്ല; 'റീ എന്‍ട്രി' ആശ്വാസമായേക്കും

 

മലപ്പുറം: സൗദിഅറേബ്യയില്‍ സ്വദേശിവത്‌കരണത്തിന്റെ ഭാഗമായി നിതാഖാത്‌ (തരംതിരിക്കല്‍) നിയമം കര്‍ശനമായി നടപ്പാക്കുമ്പോള്‍ പ്രവാസി ഇന്ത്യാക്കാരുടെ തൊഴില്‍ സംരക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെട്ടാലും പരിഹാരം അകലെ. സൗദിയിലുള്ള എല്ലാ വിദേശികള്‍ക്കെതിരേയും നിയമപ്രകാരം നടപടിയെടുക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കു മാത്രമായി ഇളവു നല്‍കാനാവില്ല എന്നതാണു പ്രധാന കാരണം.

അതേസമയം പാസ്‌പോര്‍ട്ടില്‍ റീ എന്‍ട്രി അടിച്ചു നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു സൗദിയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നപക്ഷം ആറുമാസത്തിനുള്ളില്‍ മടങ്ങാനായേക്കും എന്നതു നേരിയ ആശ്വാസം നല്‍കുന്നുണ്ട്‌. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ അടുത്തയാഴ്‌ച സൗദി സന്ദര്‍ശിക്കും. പരമാധികാര രാജ്യമായ സൗദി അറേബ്യയുടെ നിയമനിര്‍വഹണത്തില്‍ ഇടപെടുക ദുഷ്‌കരമാണെങ്കിലും പരിമിതിക്കുളളില്‍നിന്നു പ്രവാസികളുടെ ആശങ്കകള്‍ക്കു പരിഹാരം തേടിയാണു യാത്ര. പ്രായോഗിക പരിഹാരം ലക്ഷ്യമിട്ടാണു സൗദിയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന അഹമ്മദിനെ യാത്രക്കു തെരഞ്ഞെടുത്തിരിക്കുന്നത്‌. താജിക്കിസ്‌ഥാനിലെ ദുഷന്‍ബെയില്‍ ഏഷ്യന്‍ സഹകരണ ചര്‍ച്ച (എ.സി.ഡി)യില്‍ പങ്കെടുക്കുന്ന അഹമ്മദ്‌ ഇന്നു ഡല്‍ഹിയില്‍ തിരിച്ചെത്തും. നാളെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തശേഷമാകും അദ്ദേഹം സൗദി സന്ദര്‍ശിക്കുക. താജിക്കിസ്‌ഥാനിലുള്ള സൗദി വിദേശകാര്യസഹമന്ത്രി അബ്‌ദുല്‍ അസീസ്‌ ബിന്‍ അബ്‌ദുള്ള അല്‍ സൗദ്‌ രാജകുമാരനുമായി അദ്ദേഹം ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌തു. ഇന്ത്യയുമായുള്ള സൗഹൃദ്‌ബന്ധം വിലപ്പെട്ടതാണെന്നും സൗദിയില്‍ തിരിച്ചെത്തിയ ഉടന്‍ പ്രശ്‌നപരിഹാരത്തിനായി തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ചനടത്തുമെന്നും രാജകുമാരന്‍ ഉറപ്പുനല്‍കിയതായി മന്ത്രിയുടെ മലപ്പുറത്തെ ഓഫീസ്‌ അറിയിച്ചു

സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലി ചെയ്ുയന്നവരെ കണ്ടെത്തുകയാണു നിതാഖാത്തിലൂടെ സൗദി സര്‍ക്കാറിന്റെ പ്രാഥമിക ലക്ഷ്യം. മലയാളികളില്‍ ഏറിയ പങ്കും സ്‌പോണ്‍സര്‍മാര്‍ക്കു കീഴിലായതിനാല്‍ അവരെ നിയമം കാര്യമായി ബാധിക്കില്ല. സ്‌പോണ്‍സര്‍മാരുമായുള്ള പ്രശ്‌നങ്ങള്‍ കാരണവും മറ്റും മതിയായ രേഖകളില്ലാതെ ജോലിചെയ്യുന്നവര്‍ക്കാണു നിയമം തിരിച്ചടിയാവുക.

ഒമ്പതും അതില്‍ താഴെയും ആളുകളുള്ള വിദേശികളുടെ സ്‌ഥാപനങ്ങളില്‍ ഒരു സൗദി സ്വദേശിയെ നിയമിക്കണമെന്നതാണു നിതാഖാത്ത്‌ നിയമം നിഷ്‌കര്‍ഷിക്കുന്നത്‌. ഇതു പാലിക്കാത്തവര്‍ ചുവപ്പു പട്ടികയില്‍പ്പെടും. ഇതു സംബന്ധിച്ച്‌ ഓരോ സ്‌ഥാപനങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്നു സൗദി തൊഴില്‍മന്ത്രാലയം വ്യക്‌തമാക്കിയതോടെയാണു പരിശോധനയ്‌ക്കു മുമ്പു തന്നെ പാസ്‌പോര്‍ട്ടില്‍ റീ എന്‍ട്രി അടിച്ചു മലയാളികളിലൊരു വിഭാഗം നാട്ടിലെത്തുന്നത്‌. പിടിക്കപ്പെട്ടു നാട്ടിലേക്കു കയറ്റിയയയച്ചാല്‍ പെട്ടെന്നു സൗദിയിലേക്കു തിരിച്ചുപോകാനാകില്ല.

ഇന്ത്യയുമായുള്ള അടുത്ത ബന്ധം മാനിച്ചു നിതാഖാത്ത്‌ നിയമത്തിലുടെ ചുവപ്പു കാറ്റഗറിയില്‍ പെട്ടവര്‍ക്കു മറ്റു കാറ്റഗറിയിലേക്കു മാറാനുളള സമയം നല്‍കിയേക്കാം എന്നാണു മടങ്ങിയെത്തുന്നവര്‍ പറയുന്നത്‌. നിതാഖാത്ത്‌ കര്‍ശനമാക്കിയതോടെ മലയാളികള്‍ നാട്ടിലേക്കു മടങ്ങുന്നതു വര്‍ധിച്ചു. ഇന്നലെ രാവിലെ 10.30നുള്ള സൗദി എയര്‍െലെന്‍സില്‍ ഇരുപതോളം പേര്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങി.

ചായക്കട, പലചരക്കുകട, മറ്റു ചെറിയ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവരും നടത്തിപ്പുകാരുമാണിവര്‍. സ്വദേശികളെ സ്‌ഥാപനങ്ങളില്‍ നിയമിക്കേണ്ടിവന്നാല്‍ ഭൂരിഭാഗം സ്‌ഥാപനങ്ങളും അടച്ചിടേണ്ടിവരുമെന്നും മടക്കത്തെക്കുറിച്ച്‌ ആലോചിട്ടില്ലെന്നും മടങ്ങിയെത്തിയവര്‍ വ്യക്‌തമാക്കി. പ്രവാസികളുടെ മടങ്ങിവരവു വര്‍ധിച്ചെങ്കിലും അവരുടെ സഹായത്തിനായി ഹെല്‍പ്‌െലെന്‍ ആരംഭിക്കാന്‍ പോലും സംസ്‌ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. ഹെല്‍പ്‌െലെന്‍ തുടങ്ങുന്ന കാര്യം ആലോചനയിലുണ്ടെന്നാണു മുഖ്യമന്ത്രി ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞത്‌.

അനധികൃതരായവരെ കണ്ടെത്താന്‍ സൗദി അധികൃതര്‍ റെയ്‌ഡ്‌ കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയതോടെ പിടിക്കപ്പെടുമോ എന്ന ഭീതികാരണം മലയാളികള്‍ മിക്കവരും പുറത്തിറങ്ങുന്നില്ലെന്നു റിയാദ്‌ സെന്‍ട്രലിനടുത്ത ബത്‌ഹം എന്ന സ്‌ഥലത്തു ജോലിചെയ്യുന്ന പെരിന്തല്‍മണ്ണ തൂത സ്വദേശി അബ്‌ദുള്‍ നാസര്‍ പറഞ്ഞു. പരിശോധനയ്‌ക്കായി എമിഗ്രേഷനില്‍(ജാവാസാത്ത്‌) നിന്നുള്ളവര്‍ എത്തുന്നുണ്ടെന്നും സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലിയെടുക്കുന്നവര്‍ ഭയം മൂലം പുറത്തിറങ്ങിയില്ലെന്നും അബ്‌ദുല്‍ നാസര്‍ പറഞ്ഞു.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment