Sunday, 17 February 2013

[www.keralites.net] സെല്ലുലോയ്‌ഡ് റിവ്യൂ

 

സെല്ലുലോയ്‌ഡ് റിവ്യൂ

ചേലാങ്ങാട്‌ ഗോപാലകൃഷ്‌ണന്‍ എന്ന ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു മുറുക്കാന്‍ കടയുടെ മുന്നിലായി സോഡ വാങ്ങിക്കുടിക്കുന്നു. കാക്കിയെന്ന്‌ തെറ്റിദ്ധാരണ തോന്നാവുന്ന മഞ്ഞനിറത്തിലുള്ള കുപ്പായവും മുണ്ടും ധരിച്ച, ശരീര ചലനങ്ങള്‍കൊണ്ട്‌ വൃദ്ധനെന്ന്‌ തോന്നിപ്പിക്കുന്ന ഒരാള്‍ നടന്ന്‌ സൈക്കിള്‍ റിക്ഷയിലേയ്‌ക്ക് കയറുന്നു. സാവധാനം മുന്നോട്ട്‌നീങ്ങുന്ന സൈക്കിള്‍ റിക്ഷയുടെ ദൃശ്യത്തില്‍ ഗോപാലകൃഷ്‌ണനോടായി മുറുക്കാന്‍ കടക്കാരന്റെ ശബ്‌ദം അതേതോ ഒരു നാടാരാ.. സിനിമയൊക്കെ പിടിച്ചിട്ടുണ്ട്‌. ദാനിയേലെന്നോ മറ്റോ ആണ്‌ പേര്‌.

റിക്ഷ വലിയൊരു പേരാല്‍ മരത്തിന്റെ മറവിലേയ്‌ക്കാണ്ടുപോവുമ്പോള്‍ സ്‌ക്രീനിനു വലത്തായി തെളിയുന്നു . ഇടവേള. വലിയൊരു കൈയ്യടിനല്‍കി പ്രേക്ഷകരില്‍ ചിലര്‍ പുറത്തേയ്‌ക്ക് നടന്നു!

സെല്ലുലോയ്‌ഡ് . മനോഹരമായൊരു സിനിമയാണ്‌ തങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന്‌ ഇടവേളയാവുമ്പോഴേ പ്രേക്ഷകരെ അത്‌ ഓര്‍മ്മിപ്പിക്കുന്നു. ആനന്ദിപ്പിക്കുന്നു. ചില സിനിമകള്‍ അങ്ങനെയാണ്‌. തീയ്യേറ്ററിലെ ഇരുളിടത്തില്‍ ചുറ്റുവട്ടത്തിരിയ്‌ക്കുന്നവരുടെ സാന്നിദ്ധ്യങ്ങളെ ഓര്‍മ്മിപ്പിക്കാതെ നമ്മെത്തന്നെ വിസ്‌മരിപ്പിച്ചുകൊണ്ട്‌ സിനിമ അതിന്റെ ആത്മാവിലേയ്‌ക്ക് ഓരോ പ്രേക്ഷകനെയും കൂട്ടിക്കൊണ്ട്‌ പോവും. പലപ്പോഴും ജീവിതം പറയുന്ന സിനിമകളാണ്‌ അത്തരം മായികമായൊരു അനുഭവതലം നമുക്ക്‌ സമ്മാനിക്കുക. സെല്ലുലോയ്‌ഡില്‍ കുറെയേറെ ജീവിതങ്ങളുണ്ട്‌. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേല്‍ എന്ന മഹാരഥന്റെ ജീവിതം. വിഗതകുമാരന്‍ എന്ന സിനിമയിലൂടെ ഡാനിയേല്‍ അവതരിപ്പിച്ച നായികയും സ്വന്തം വേഷം വെള്ളിത്തിരയിലൊന്ന്‌ ദര്‍ശിക്കാനാവാതെ ഇരുളിലേയ്‌ക്ക് ഓടിയൊളിച്ചൊടുങ്ങിയ റോസമ്മ എന്ന പുലയപ്പെണ്‍കൊടിയുടെയും ജീവിതം, ഡാനിയേലിന്റെ ഭാര്യ ജാനെറ്റ്‌ എന്ന വീട്ടമ്മയുടെ ജീവിതം, വിസ്‌മൃതിയിലാണ്ട്‌ പോവുമായിരുന്ന ഡാനിയേലിനെ ചരിത്രത്തിലേയ്‌ക്ക് ഒരിടമൊരുക്കാന്‍ പരിശ്രമിച്ച ചേലങ്ങാട്‌ ഗോപാലകൃഷ്‌ണന്‍ എന്ന വ്യക്‌തിയുടെ ജീവിതം.. അങ്ങനെ എത്രയെത്ര ജീവിതങ്ങളാണ്‌ സെല്ലുലോയ്‌ഡ് നമുക്കായി കാട്ടിത്തരുന്നത്‌.

സെല്ലുലോയ്‌ഡ് എന്ന സിനിമ ജെ.സി. ദാനിയേല്‍ എന്ന വ്യക്‌തിയുടെ ജീവിതം അല്ലെങ്കില്‍ തന്റെ സ്വപ്‌നമായ വിഗതകുമാരന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം അനുഭവിച്ച യാതനകള്‍ എന്നിവയുടെ ഒരുവിവരണമായി ചുരുങ്ങുകയല്ല മറിച്ച്‌ നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന ഇപ്പോഴും ഒളിഞ്ഞും പതുങ്ങിയും നിലനിന്നുവരുന്ന ജാതിവ്യവസ്‌ഥയും വര്‍ണ്ണവെറിയും കലാരൂപത്തെയും കലാപ്രവര്‍ത്തകരെയും സമൂഹത്തെയാകെയും ബാധിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലിലൂടെ വളരുകയാണ്‌ ചെയ്യുന്നത്‌. അവിടെയാണ്‌ കമല്‍ എന്ന രചയിതാവും സംവിധായകനും വിജയിച്ചത്‌. ജാതി,മതബോധവും സവര്‍ണ്ണനെന്ന ഹുങ്കും മനസ്സിന്റെ അടിത്തട്ടില്‍ ഇപ്പോഴും അറിയാതെയെങ്കിലും സൂക്ഷിക്കുന്ന ഹതഭാഗ്യര്‍ക്ക്‌ സെല്ലുലോയ്‌ഡ് കാഴ്‌ചയ്‌ക്കിടെ അല്‌പമൊക്കെയൊരു നീറ്റല്‍ സമ്മാനിക്കാനുമിടയാക്കിയേക്കാം.

പൃഥിരാജ്‌ തന്റെ വേഷം മനോഹരമാക്കി. പതിവിനുവിപരീതമായി സെല്ലുലോയ്‌ഡ്ല്‍ തെളിഞ്ഞ ആ നടനെ ആരും കൂവിയെതിരേറ്റില്ല. അയാളോടുള്ള തൊട്ടുകൂടായ്‌മയും ഈ ചിത്രത്തിലൂടെ കമല്‍ മാറ്റിയിരിക്കുന്നു. മംമ്‌ത മോഹന്‍ദാസും തന്റെ വേഷം ഉഷാറാക്കി. റോസമ്മയായി വന്ന ചാന്ദ്‌നിയെയാണ്‌ എടുത്തും ആദ്യവും പറയേണ്ടിയിരുന്നത്‌. ഇടവേള വരെ സിനിമയെ ഇത്ര ആസ്വാദ്യകരമായി അനുഭവിപ്പിച്ചതില്‍ ചാന്ദ്‌നി യെന്ന റോസമ്മയ്‌ക്കുള്ള പങ്ക്‌ ചെറുതല്ല. കണ്ടിരുന്നുപോവും ആ നടി ക്യാമറയ്‌ക്ക് മുന്നില്‍ കൈയ്യടക്കത്തോടെ കാഴ്‌ചവയ്‌ക്കുന്ന പെരുമാറ്റം!

ചെറിയ ചിരികളും വലിയ രസങ്ങളും സമ്മാനിച്ച്‌ സെല്ലുലോയ്‌ഡിലൂടെ മലയാള സിനിമയുടെ പിതാവ്‌ പഴയതും പുതിയതുമായ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ സധൈര്യം ജീവിതം പങ്കിടുന്നു. ജെ.സി. പരാജയപ്പെട്ടുപോയ ഒരു സിനിമാക്കാരനല്ല. സെല്ലുലോയ്‌ഡ് പരാജയപ്പെട്ടു പോവേണ്ട ഒരു സിനിമയുമല്ല. പ്രോത്സാഹനവും പ്രിയവും നല്‍കി സെല്ലുലോയ്‌ഡിനൊപ്പം തങ്ങളുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ ശ്രീ തീയ്യേറ്ററിലെ ഏറെയും ചെറുപ്പക്കാരായ പ്രേക്ഷകര്‍ പറയാതെ പറഞ്ഞു. തീയ്യേറ്ററില്‍ നിരവധി തവണമുഴങ്ങിയ കൈയ്യടി ഈ സിനിമയുടെ ആരോഗ്യത്തിന്റെയും ദീര്‍ഘായുസ്സിന്റെയും സൂചനയായി പറയാതെ വയ്യ!

പഴയകാലങ്ങളെ കാണിയ്‌ക്കുമ്പോള്‍ 'സെപിയ ടോണ്‍' ഉപയോഗിക്കണമെന്ന്‌ ഓര്‍ക്കാന്‍ 'മറന്നു'പോയ കമല്‍ എന്ന സംവിധായകനെ അഭിനന്ദിക്കണം. പടം പകര്‍ത്തിയ വേണു ക്യാമറ എന്ന ഒരു വസ്‌തുവിനെക്കുറിച്ച്‌ ഒരുവേള പോലും പ്രേക്ഷകരെ ഓര്‍മ്മിപ്പിച്ചുമില്ല. അതാണല്ലോ സിനിമാട്ടോഗ്രഫിയുടെ വിജയവും ധര്‍മ്മവും. എം. ജയചന്ദ്രന്‍ സംഗീത സംവിധാനവും റഫീക്ക്‌ അഹമ്മദും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കാനുള്ള ധൈര്യം പല പ്രമുഖനിര്‍മ്മാതാക്കളും കാണിച്ചിരുന്നില്ലെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. അതുകൊണ്ട്‌ കമലും ഉബൈദും ചേര്‍ന്ന്‌ നിര്‍മ്മാണം നിര്‍വ്വഹിച്ചു. നല്ലത്‌. കീശ കാലിയാവില്ല ഇരുവരുടേയും.

വിനു എബ്രാഹമിന്റെ നഷ്‌ടനായിക എന്ന കൃതിയാണ്‌ ഈ സിനിമയുടെ പ്രചോദനം. ഒരേഒരു സങ്കടം മാത്രമാണ്‌ ഈ സിനിമ എനിയ്‌ക്ക് സമ്മാനിച്ചത്‌. ഇടവേളയ്‌ക്ക് ശേഷം ചിത്രം തീര്‍ക്കാന്‍ കമല്‍ കാണിച്ച തിടുക്കം. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാത്ത വേഗത്തിലാണ്‌ സെല്ലുലോയ്‌ഡ് ഓടിക്കൊണ്ടിരുന്നത്‌. അല്‌പശ്രദ്ധകൂടി കമല്‍ പുലര്‍ത്തിയിരുന്നെങ്കില്‍ മലയാളത്തില്‍ ഏറ്റവും മികച്ച ക്ലാസ്സിക്‌ സിനിമകളിലൊന്നായി സെല്ലുലോയ്‌ഡ് മാറുമായിരുന്നു. ആത്മാര്‍ത്ഥമായി പറയട്ടെ, മികച്ച സിനിമകളില്‍ ഒന്നുതന്നെയാണ്‌ സെല്ലുലോയ്‌ഡ്. ഒരു ക്ലാസ്സ്‌ പടം. ദാനിയേലിന്റെ മരണം കമല്‍ അവതരിപ്പിച്ച രീതി പ്രത്യേകം ഓര്‍ക്കുന്നു. ശ്രദ്ധിക്കാതെ പോവില്ല ആരും തന്നെ!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment