Wednesday, 30 January 2013

[www.keralites.net] വിശ്വരൂപം: ഒരു കമല്‍ പൊടിക്കൈ

 

നിര്‍മാണം മുതല്‍ വിതരണം വരെയുള്ള, സിനിമയിലെ പുത്തന്‍ നമ്പറുകള്‍ സാങ്കേതിക തികവോടെ പരീക്ഷിച്ച് റിലീസിന് മുമ്പേതന്നെ അത് വന്‍ വാര്‍ത്തയാക്കി വാണിജ്യവിജയം ഉറപ്പാക്കുന്ന കമല്‍ഹാസന്‍ തന്ത്രം ഏറ്റവും നന്നായി പരീക്ഷിക്കപ്പെട്ട സിനിമയാണ് 'വിശ്വരൂപം'. സിനിമയുടെ സ്വിച്ച്ഓണ്‍ കര്‍മത്തിനു മുമ്പേതന്നെ മുഖ്യധാരാ മാധ്യമങ്ങളില്‍ അതിനെക്കുറിച്ച് മുഴുനീള ഫീച്ചറുകള്‍ ചെയ്യിക്കുന്നതിനുള്ള പൊടിക്കൈ കമലിനോളം വശമുള്ളവര്‍ ലോകസിനിമയില്‍തന്നെ വിരളമാണ്. ബ്രിട്ടീഷ്-ആര്‍കോട്ട് സൈന്യത്തിലെ പോരാളി മുത്തുനായകം പിള്ള എന്ന മുഹമ്മദ് യൂസുഫ് ഖാന്‍െറ വീരചരിതം സിനിമയാക്കാന്‍ കോടികളുടെ പ്രോജക്ടുമായി കമല്‍ ഒരുങ്ങിയിറങ്ങിയതാണ്. യൂസുഫ്ഖാന്‍െറ അവസാനകാലത്തെ ബ്രിട്ടീഷ് വിരുദ്ധസമരം പ്രതിപാദിക്കുന്ന സിനിമയുടെ സ്വിച്ച്ഓണ്‍ കര്‍മം സാക്ഷാല്‍ എലിസബത്ത് രാജ്ഞിയെക്കൊണ്ട് കമല്‍ തമിഴ്നാട്ടില്‍ നിര്‍വഹിപ്പിച്ചത് 1997ലാണ്. സിനിമയുടെ ചിത്രീകരണം പാതിവഴിക്ക് ഉപേക്ഷിച്ചെങ്കിലും 'മരുതനായകന്' ലഭിച്ച മാധ്യമ പരിചരണം ഇന്ത്യന്‍ സിനിമയില്‍ ഇന്നേവരെ ഒരു സിനിമക്കും ലഭിച്ചിട്ടില്ല. പുറത്തുവരാത്ത സിനിമക്കുപോലും (അതിന്‍െറ കാരണങ്ങള്‍ ആവിഷ്കാരസ്വാതന്ത്ര്യവാദികള്‍ക്കറിയാത്തതല്ല) ദേശീയതലത്തില്‍തന്നെ വാര്‍ത്താപ്രാധാന്യം നേടിയെടുത്ത കമല്‍ ടെക്നിക് നന്നായി മനസ്സിലാക്കി വേണം 'വിശ്വരൂപ'ത്തെയും വിലയിരുത്താന്‍.
സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതോടൊപ്പം ഡയറക്ട് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റ് (ഡി.ടി.എച്ച്) വഴി തത്സമയം വീടുകളിലിരുന്ന് കാണാനുള്ള പുത്തന്‍പരീക്ഷണമാണ് 'വിശ്വരൂപ'ത്തെ ആദ്യം വാര്‍ത്തകളില്‍ കൊണ്ടുവന്നത്. അതോടൊപ്പം കമല്‍തന്നെ മുന്‍കൈയെടുത്ത് മുസ്ലിം പ്രതിനിധികള്‍ക്കായി പ്രത്യേകം സ്ക്രീനിങ്ങും നടത്തി. അങ്ങനെ പതിവുശൈലിയില്‍ പിറവിക്കു മുമ്പേതന്നെ 'വിശ്വരൂപം' ആഗോളവാര്‍ത്തയാക്കുന്നതില്‍ കമല്‍ വിജയിച്ചു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ഇംഗ്ളീഷ് സബ്ടൈറ്റിലോടെ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും വമ്പന്‍ വിതരണ കമ്പനികളുടെ സഹായത്താല്‍ കോടികള്‍ എറിഞ്ഞ് കോടികള്‍ വാരാനുള്ള മുഴുനീള ആക്ഷന്‍ ത്രില്ലറായ 'വിശ്വരൂപം' റിലീസ് ചെയ്തിരിക്കുകയാണ്. കമല്‍ തന്ത്രം വിജയിപ്പിക്കാന്‍ കേരളത്തിലടക്കം ഏറ്റവും അധികം പണിയെടുത്തത് മുസ്ലിം സംഘടനകള്‍ തന്നെയാണ്.
1976ല്‍ പുറത്തിറങ്ങിയ സിഡ്നി ലൂമെറ്റിന്‍െറ 'നെറ്റ്വര്‍ക്' എന്ന ഹോളിവുഡ് ചിത്രം മുതല്‍ 2005ലെ 'സ്ളീപ്പര്‍ സെല്‍' വരെയുള്ള അറബ്-മുസ്ലിം വിരുദ്ധമെന്ന് പറയാവുന്ന മുന്നൂറോളം ചിത്രങ്ങള്‍ 30 വര്‍ഷത്തിനുള്ളില്‍ ഇംഗ്ളീഷില്‍ മാത്രം പുറത്തുവന്നിട്ടുണ്ട്. ഇവയില്‍ പലതും വന്‍ ബോക്സോഫിസ് ഹിറ്റുകളായിരുന്നു. ഈ ചിത്രങ്ങളെല്ലാം പ്രകടമായിതന്നെ ഇസ്ലാം-മുസ്ലിം ജീവിതത്തെയും സംസ്കാരത്തെയും വിശ്വാസത്തെയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവയാണ്. അതുപോലെതന്നെ മലയാളത്തില്‍ പുറത്തുവന്ന മേജര്‍ രവി, ഷാജി കൈലാസ്, രഞ്ജിത്, ജോഷി, അമല്‍ നീരദ് ചിത്രങ്ങളില്‍ പലതിലും പ്രത്യക്ഷമായിത്തന്നെ ഇസ്ലാം-മുസ്ലിം പ്രതിനിധാനം ചെയ്യപ്പെട്ടത് ഭീകരതയുടെയും തീവ്രവാദത്തിന്‍െറയും പ്രതീകങ്ങളായിട്ടായിരുന്നു. ഇത്തരം ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 'വിശ്വരൂപം' സമുദായത്തെയോ മതത്തെയോ സാമാന്യവത്കരിച്ച് താറടിക്കുന്നില്ല. മറിച്ച് അല്‍ഖാഇദ, താലിബാന്‍ എന്നീ മിലീഷ്യകളിലേക്ക് പ്രതിപാദനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.
മുല്ല ഉമറിനോട് സാമ്യമുള്ള ഒറ്റക്കണ്ണനായ ഉമര്‍ എന്ന അഫ്ഗാന്‍-അല്‍ഖാഇദ 'ജിഹാദി' ന്യൂയോര്‍ക് നഗരത്തെ മുച്ചൂടും നശിപ്പിക്കാന്‍ ആസൂത്രണം ചെയ്ത ന്യൂക്ളിയര്‍ യുദ്ധതന്ത്രമായ സീസിയം ബോംബാക്രമണം തകര്‍ക്കാന്‍ കഥക് നൃത്താധ്യാപകന്‍െറ വേഷത്തില്‍ അമേരിക്കയിലെത്തിയ 'റോ' ഓഫിസറാണ് വിശ്വനാഥ്. തന്‍െറ ഭാര്യ ന്യൂക്ളിയര്‍ ഓന്‍ഗോളജിയില്‍ പിഎച്ച്.ഡി ചെയ്യുന്ന നിരുപമ, പലകാര്യങ്ങളിലും സംശയം തോന്നിയ ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഏര്‍പ്പാടാക്കിയ പ്രൈവറ്റ് ഡിറ്റക്ടിവിനെ ഉമറിന്‍െറ ഗാങ്ങില്‍പെട്ടവര്‍ വധിക്കുന്നതോടെയാണ് ചിത്രത്തില്‍ ഫ്ളാഷ്ബാക്കായി അഫ്ഗാന്‍ ഘട്ടം കടന്നുവരുന്നത്. അഫ്ഗാനിസ്താനില്‍ ഉമറിന്‍െറ അടുത്ത അനുയായിയായി വിശ്വനാഥ്, വസിം അഹ്മദ് കശ്മീരി എന്നപേരില്‍ പ്രവര്‍ത്തിച്ച ഭൂതകാലമാണ് പിന്നെ സിനിമയില്‍ തെളിയുന്നത്.
ഭീകരതക്കെതിരെയുള്ള യുദ്ധം എന്ന പേരില്‍ സെപ്റ്റംബര്‍ 11നു ശേഷം അമേരിക്ക അഫ്ഗാനില്‍ നടത്തിയ യുദ്ധത്തിന്‍െറ പശ്ചാത്തലത്തിലാണ് പിന്നെ സിനിമ പുരോഗമിക്കുന്നത്. അമേരിക്കയുടെ 'ഭീകരതക്കെതിരെയുള്ള യുദ്ധം' പ്രോജക്ടിനെ അടിമുടി ന്യായീകരിക്കുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍. അതിന് ഹോളിവുഡ് സ്ഥിരമായി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഒരുപക്ഷേ, കൂടുതല്‍ സാങ്കേതിക മികവോടെ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതിനപ്പുറം 'വിശ്വരൂപ'ത്തിനു മാത്രമായി പ്രത്യേകിച്ചൊരു ഇസ്ലാം വിരുദ്ധത ആരോപിക്കാനാവില്ല. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവങ്ങളില്‍ പ്രധാനപ്പെട്ട അറബ്-ഇസ്രായേല്‍ സംഘര്‍ഷം, ഇറാന്‍ വിപ്ളവം, ഗള്‍ഫ് യുദ്ധങ്ങള്‍, സെപ്റ്റംബര്‍ 11 എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പതിവുവില്ലന്മാരായി അറബ്-മുസ്ലിംകളെ ചിത്രീകരിക്കുന്ന ഹോളിവുഡ് സിനിമകള്‍ വാഷിങ്ടന്‍െറ സാമ്രാജ്യത്വ നയങ്ങള്‍ക്കുള്ള സാധൂകരണവും ന്യായീകരണവുമാണ് ലക്ഷ്യമിടുന്നത്. അമേരിക്കയിലെ പ്രമുഖ സിനിമാനിര്‍മാതാക്കളായ സയണിസ്റ്റ് പക്ഷക്കാരായ മെനച്ചം ഗൊലാനും ഗ്ളോബസും ചേര്‍ന്ന് രൂപംകൊടുത്ത കാനല്‍ പിക്ചേഴ്സ് കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇത്തരം 30ഓളം ചിത്രങ്ങള്‍ നിര്‍മിച്ചു. ഇതില്‍ പലതിലും അമേരിക്കന്‍ പ്രതിരോധ വകുപ്പിന് പങ്കാളിത്തവുമുണ്ടായിരുന്നു. സാമ്രാജ്യത്വ അജണ്ട നടപ്പാക്കാന്‍ സിനിമയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് ഹോളിവുഡ് തന്നെയാണ് എന്നതിന്‍െറ സ്ഥിരീകരണമാണ് അമേരിക്കന്‍ മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്‍െറ മുന്‍ പ്രസിഡന്‍റ് ജാക് വാന്‍റിന്‍െറ ഈ പ്രതികരണം: വാഷിങ്ടന്‍െറയും ഹോളിവുഡിന്‍െറയും ഉത്ഭവം ഒരേ ഡി.എന്‍.എയില്‍നിന്നാണ് (Washington and Hollywood spring from the same DNA).
ജയിംസ് കാമറൂണ്‍ അടക്കമുള്ള ഹോളിവുഡിലെ മുന്‍നിര സംവിധായകരുടെ ട്രൂലൈസ്, ഡെത്ത് ബിഫോര്‍ ഡിസ്ഓണര്‍, നേവി സീല്‍സ്, റൂള്‍സ് ഓഫ് എന്‍ഗേജ്മെന്‍റ് തുടങ്ങിയ ചിത്രങ്ങളിലെല്ലാംതന്നെ ഈ സമീപനം നേര്‍ക്കുനേരെ പ്രകടമാണ്. ഇത്തരം യാങ്കി ചിത്രങ്ങളുടെ രസതന്ത്രം തന്നെയാണ് 'വിശ്വരൂപ'ത്തിനുമുള്ളത്. വാഷിങ്ടണ്‍ നയങ്ങള്‍ക്ക് സാധൂകരണം നല്‍കുന്ന ചിത്രങ്ങള്‍ക്ക് പൊതുവെ എതിരുനില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെപ്പോലും 'വിശ്വരൂപ'ത്തിന്‍െറ സംരക്ഷകരാക്കാന്‍ മുസ്ലിം പ്രതിഷേധക്കാര്‍ക്ക് കഴിഞ്ഞു എന്നതും കമലിന്‍െറ തന്നെ വിജയമല്ലേ?
'വിശ്വരൂപം' ഒരു ഒറ്റപ്പെട്ട സിനിമയല്ല. ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ് എന്നിവിടങ്ങളില്‍നിന്ന് പുറത്തുവരുന്ന നൂറുകണക്കിന് സിനിമകളിലൊന്നുമാത്രം. ഇത്തരം ചിത്രങ്ങളെ നിരോധിക്കണമെന്ന മുറവിളികൊണ്ട് ചിത്രത്തിന്‍െറ നിര്‍മാതാക്കള്‍ക്ക് ചെലവില്ലാതെ ലഭിക്കുന്ന പ്രചാരണം മാത്രമാണ് ഫലം. ഇത്തരം സിനിമയെ സമീപിക്കേണ്ടത് തിയറ്ററുകള്‍ ഉപരോധിച്ചല്ല. ഇതിന്‍െറ പിന്നിലെ രാഷ്ട്രീയത്തെയും ഗൂഢലക്ഷ്യങ്ങളെയും തുറന്നുകാട്ടാനുള്ള ക്രിയാത്മക ചര്‍ച്ചകളും ബദല്‍ സമീപനങ്ങളുമാണ് വേണ്ടത്. കെ.പി. സേതുനാഥ്, ജി.പി. രാമചന്ദ്രന്‍, കെ.പി. ജയകുമാര്‍, ജനി റൊവേന തുടങ്ങി എം.ജി. രാധാകൃഷ്ണന്‍ വരെയുള്ള എഴുത്തുകാര്‍ ഇതുസംബന്ധമായ ചര്‍ച്ചകള്‍ മലയാളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പലപ്പോഴായി ശ്രമിച്ചിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളുടെയും വിമര്‍ശങ്ങളുടെയും ക്രിയാത്മക പ്രതിഫലനങ്ങള്‍ പുത്തന്‍ സിനിമകളില്‍ പ്രകടമാവുന്നുമുണ്ട്. സലിം അഹമ്മദിന്‍െറ ആദാമിന്‍െറ മകന്‍ അബു ഈ രംഗത്ത് കണ്ട ശക്തമായ ഒരു ബദല്‍ സമീപനമാണ്. ഹോളിവുഡിലും ത്രീ കിങ്സ്, കിങ്ഡം ഓഫ് ഹെവന്‍, പാരഡൈസ് നൗ, സിറിയാന തുടങ്ങിയ സിനിമകളും പുതിയ വ്യാകരണം ചമക്കുന്നതിനുള്ള സജീവശ്രമങ്ങള്‍ നടത്തുന്നു. ഇങ്ങനെയുള്ള ബൗദ്ധികമായ ഇടപെടലുകള്‍കൊണ്ടു മാത്രമേ സാംസ്കാരിക രംഗത്തെ ശുദ്ധീകരണ പ്രക്രിയ സാധ്യമാവൂ എന്ന തിരിച്ചറിവ് ഉണ്ടായെങ്കിലേ 'വിശ്വരൂപ'ത്തിന്‍െറ യഥാര്‍ഥ രൂപം ദര്‍ശിക്കാനാവൂ.
(കേരള യൂനിവേഴ്സിറ്റി ഇസ്ലാമിക ചരിത്രവിഭാഗം അസി. പ്രഫസറാണ് ലേഖകന്‍)

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment