വി.എസ്. എല്ലാം തുറന്നുപറയുന്നു. 'മാതൃഭൂമി ന്യൂസ്' ന്യൂസ് ഹെഡ് ഉണ്ണി ബാലകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍. ഇതിന്റെ പ്രസക്തഭാഗങ്ങള്‍
''അവര്‍ക്കെന്നെ വിശ്വാസമില്ലെങ്കില്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കട്ടെ അല്ലെങ്കില്‍ പിന്നെ വിജയനെ എന്താ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാതിരുന്നത്....''
''ആസ് എ ഹോള്‍, ലാവ്‌ലിന്‍ കേസില്‍ അയാള്‍ എട്ടാം നമ്പര്‍ പ്രതിയാണ്''
? താങ്കളുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എസ്. രാജേന്ദ്രന്‍. അദ്ദേഹം പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്, മുഖ്യമന്ത്രിയായിരുന്ന കാലത്ത് താങ്കള്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരായി നീക്കം നടത്തിയെന്നാണ്. എന്താണ് ഇതിന്റെ നിജസ്ഥിതി, വി.എസ്.
*ഒന്നാമത് അയാളൊരു കംപ്ലയിന്റ് തന്നതല്ല. അയാള്, ഞാന്‍ വല്യ സമ്പ്യാദ്യമൊക്കെ ഉണ്ടാക്കി, മറ്റതാ മറിച്ചേതാ എന്നൊക്കെ സ്റ്റേറ്റ് കമ്മിറ്റിയില്‍ ഒരു വലിയ പ്രസംഗം നടത്തി. അപ്പോള്‍ ഞാനാണ് ആവശ്യപ്പെട്ടത്, അതിനെപ്പറ്റി അന്വേഷിക്കണമെന്ന്. ഗവണ്മെന്റിന്റെ പകുതിയോളം വരുന്ന അവസരത്തില്‍ ഇയാളുടെ കൊള്ളരുതായ്മ കൊണ്ട് ഞാന്‍ പാര്‍ട്ടി സെക്രട്ടറിയോട് ആവശ്യപ്പെട്ടു, ഇയാളെ മാറ്റണമെന്ന്. പാര്‍ട്ടി സെക്രട്ടറി അയച്ചുതന്നതാണ്, ഇയാളെ പ്രൈവറ്റ് സെക്രട്ടറിയായിട്ട്. ഞാന്‍ പറഞ്ഞു, ഇയാളെ പറ്റില്ല. എന്റെ മന്ത്രിസഭ ഓഫീസിനെ സംബന്ധിച്ച് ചീത്തപ്പേരുണ്ടാക്കുകയും ഞാന്‍ ചെയ്യേണ്ട കാര്യങ്ങളെ, ചെയ്യാവുന്ന കാര്യങ്ങളെ എന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നതിന് പകരം, വാതില്‍ക്കല്‍ വരുമ്പോള്‍ തന്നെ, അകത്തുകയറ്റാതെ തന്നെ ആളുകളെ പറഞ്ഞുവിടുന്ന സമ്പ്രദായമാണെന്നും എനിക്ക് ഒരുപാട് റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് അയാളെ വെച്ചുകൊണ്ടിരിക്കാന്‍ പറ്റില്ല. അതുപോലെ എന്നെ ഹാന്‍ഡില്‍ ചെയ്യുന്നതിലും സ്വാര്‍ഥതാത്പര്യത്തിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് മനസ്സിലായി. അതെല്ലാംകൂടി കാണിച്ച് ഞാന്‍ പാര്‍ട്ടി സെക്രട്ടറി വിജയനെ വിവരം അറിയിക്കുകയും അങ്ങനെ വിജയന്റെ സമ്മതത്തോടുകൂടി ഞാന്‍ അയാളെ പുറത്താക്കുകയുമാണ് ചെയ്തത്.
? രാജേന്ദ്രനെ അങ്ങനെ നിയമിക്കുന്നതിന്റെ പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യം പിണറായി വിജയന് ഉണ്ടായിരുന്നോ.
* ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. അത് നല്ല ഉദ്ദേശ്യത്തോടുകൂടിത്തന്നെ അയച്ചു. അയച്ചതിന് ശേഷം ഇവന്റെ കൊള്ളുകില്ലായ്മ ഞാന്‍ അയാളെ ബോധ്യപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ അയാള്‍ക്കത് ബോധ്യമായി. അവനെ പിന്‍വലിച്ചു. ഞാന്‍ ഉണ്ടായിരുന്ന കാലത്ത് ഓഫീസിലെ ട്രഷറിയുടെയും ഭരണത്തിന്റെയും സൂക്ഷിപ്പുകാരനായി വെച്ചിരുന്നയാളെ പിന്നീട് വിജയന്‍തന്നെ മാറ്റി. അവന്റെ കൊള്ളുകില്ലായ്മ കൊണ്ട് അവിടന്നും മാറ്റി. ഞാന്‍ മാറ്റിയത് മാത്രമല്ല, പാര്‍ട്ടി സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍കൂടിയായിരുന്ന അയാള്, പണത്തിന്റെ വരവുചെലവുകള്‍ സൂക്ഷിക്കുന്ന ഒരുത്തനായിരുന്ന ആളെത്തന്നെ അക്കാര്യത്തിലുള്ള സംശയം മൂലം മാറ്റി. ഞാന്‍ എന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതുപോലെതന്നെ വിജയനും മാറ്റി. അതുമാത്രമല്ല, ആക്ഷേപം അനാവശ്യമായി ഉന്നയിച്ചു. അപ്പോള്‍ ഞാന്‍ വിജയനുകൊടുത്തു, ഒരു കത്ത്. ഇന്നപോലെ, ഞാന്‍ മാറ്റിയതിനെത്തുടര്‍ന്നാണല്ലോ അയാള്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. അതിന് മുന്‍പ്, പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അവസരത്തില്‍ സാമ്പത്തികമായോ മറ്റ് നിലയിലോ എന്നെപ്പറ്റി ആക്ഷേപങ്ങള്‍ അയാള്‍ ഉന്നയിച്ചിട്ടില്ലല്ലോ? എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് ഉന്നയിക്കേണ്ടേ? എന്തുകൊണ്ടാണ് ഉന്നയിക്കാതിരുന്നത്? അതുകൊണ്ട് ഇത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ ഒരു കത്തുകൊടുത്തു. ഞാന്‍ കൊടുത്ത കത്തിലാണ്, അന്വേഷിക്കുന്നതിന് വേണ്ടീട്ട് ലോക്‌സഭാ മെമ്പറായ കരുണാകരനെ ചുമതലപ്പെടുത്തുന്നത്. കരുണാകരന്‍ ഇവനോട് ചില കാര്യങ്ങളൊക്കെ ചോദിച്ച്, ഇവന്‍ പറഞ്ഞ അനാവശ്യങ്ങളൊക്കെ എഴുതിവെച്ചിട്ട് അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നുപറഞ്ഞ് കൊടുത്തിരിക്കുകയാണ്. അന്വേഷണം ആവശ്യപ്പെട്ട ആളോട് ഒരുവാക്കുപോലും ചോദിക്കുകയോ അത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തില്ല. കരുണാകരന്റെ പേരാണ് പ്രൊപ്പോസ് ചെയ്തത്. ആരും എതിര്‍ത്തില്ല. കരുണാകരന്‍ അന്വേഷണം തുടങ്ങി അഞ്ചെട്ടുമാസങ്ങള്‍ക്കുശേഷം ഇവന്‍ പറഞ്ഞ അനാവശ്യമായ കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ട്, അതില്‍ വിജയനെ പ്രീണിപ്പിക്കുന്നതിനുവേണ്ടിയുള്ള ചില കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത് നിങ്ങള്‍ വായിച്ചല്ലോ? ലാവലിന്‍ കേസ് ബാലിയെക്കൊണ്ട് എടുപ്പിക്കുന്നതിനുവേണ്ടീട്ട്, ഞാന്‍ ബാലിയുമായിട്ട് മീറ്റ് ചെയ്തു, അതുപോലെതന്നെ മറ്റ് ചീഫ്ജസ്റ്റിസുമായിട്ടെല്ലാം മീറ്റ് ചെയ്തു, കേന്ദ്രമന്ത്രി ശിവരാജ് പാട്ടീലിനെ കണ്ടു, ഇതെല്ലാം ഈ കേസ് ശക്തിപ്പെടുത്തുന്നതിനുവേണ്ടീട്ട് കണ്ടതാണ്. താന്‍ അതിന്റെ ദൃക്‌സാക്ഷിയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അവരിത് കൊടുത്തിരിക്കുന്നത്. വാസ്തവത്തില്‍ ക്രൈം നന്ദകുമാറിന്റെ മാസികയുടെ ഓഫീസില്‍ ആക്രമണം നടത്തുകയും പ്രസ്സ് തല്ലിപ്പൊളിക്കുകയും അയാളെ ആക്രമിക്കുകയും ഒക്കെ ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ നേതൃത്വവുമായിട്ട് അയാള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. അപ്പോള്‍ ഈ കേസ് വന്നുകഴിഞ്ഞപ്പോള്‍-ഈ കേസ് എന്നുപറയുന്നത് കേരളത്തിലെ മൂന്ന് പദ്ധതികളെ ആസ്പദമാക്കിയിട്ട് നടന്ന അന്വേഷണത്തെത്തുടര്‍ന്ന് സി. ആന്‍ഡ് എ.ജി.യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 375 കോടി രൂപയുടെ നഷ്ടം സ്റ്റേറ്റിന് ഉണ്ടായി എന്ന് പറഞ്ഞുകൊണ്ടുള്ള സി ആന്‍ഡ് എ.ജി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് സി.ബി.ഐ.യെക്കൊണ്ടുവേണം അന്വേഷിപ്പിക്കാന്‍ എന്ന് പറഞ്ഞുകൊണ്ട് ക്രൈം നന്ദകുമാര്‍ ചീഫ് ജസ്റ്റിസ് ബാലിയെ സമീപിച്ചിരുന്നു. അങ്ങനെ ഗവണ്മെന്റ് അതിനെ എതിര്‍ത്തു. ഇവര്‍ അനുകൂലിച്ചു. അങ്ങനെയൊക്കെ സംഭവങ്ങള്‍ വന്നെങ്കിലും അവസാനം ബാലി അത് സി.ബി.ഐ.യ്ക്ക് വിടുകയാണ് ചെയ്തത്. ഇപ്പോള്‍ സി.ബി.ഐ. അതില്‍ കേസെടുത്തിട്ട്, എട്ടാംപ്രതിയോ മറ്റോ ആണ് വിജയന്‍. അങ്ങനെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ അതില്‍ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇത് കെട്ടിച്ചമച്ച കേസാണെന്ന് ഞാന്‍ കരുതുന്നില്ലെന്ന്. അത് ഞങ്ങള്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തതാണ് ആ അവസരത്തില്‍. സി. ആന്‍ഡ് എ.ജി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസാണിത്. സ്വാഭാവികമായും സി.ബി.ഐ. അന്വേഷിച്ച്, സത്യം പുറത്തുവരുന്നതിന് സഹായകമായ നിലപാടാണ് നമ്മള്‍ സ്വീകരിക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, അത് കെട്ടിച്ചമച്ച കേസാണെന്ന നിലപാടാണ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ സ്വീകരിച്ചത്. അങ്ങനെ ഇരിക്കുകയാണ്. അതിപ്പോള്‍ അങ്ങനെയാണോ എന്നറിയാന്‍ സി.ബി.ഐ.യുടെ കേസിലെ വിധിയും മറ്റുമൊക്കെ പരിശോധിച്ചിട്ടേ പറയാന്‍ കഴിയൂ.
? ഈ കേസില്‍ പിണറായി വിജയന്‍ അഴിമതി കാണിച്ചിട്ടുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ
* അല്ല. അങ്ങനെ വ്യക്തിപരമായിട്ടുള്ളതല്ലല്ലോ പ്രശ്‌നം. ഇതേക്കുറിച്ച് ബാലാനന്ദന്‍ കമ്മിറ്റിയുടെ ഒരു റിപ്പോര്‍ട്ടുണ്ട്. ഇതിനകത്ത് തെറ്റായിട്ടുള്ള സമീപനം എടുത്തിട്ടുണ്ട്, പുറം രാജ്യങ്ങളുമായി ബന്ധപ്പെടുന്ന അവസരത്തില്‍ വിദേശ ഭരണാധികാരികള്‍ക്കോ ഉടമകള്‍ക്കോ മുന്‍കൈ നല്‍കത്തക്ക യാതൊരു സമീപനവും പാടില്ല എന്നുള്ളത് ലംഘിച്ചുകൊണ്ടാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നും അതുകൊണ്ട് കരാര്‍ വസ്തുതാപരമായ, ശരിയായ നിലയിലുള്ള കരാര്‍ അല്ല എന്നും ബാലാനന്ദന്‍ കമ്മിറ്റി പ്രകാശ് കാരാട്ടിനെ അറിയിച്ചിട്ടുണ്ട്. എന്നോട് ചര്‍ച്ച ചെയ്ത അവസരത്തിലും ഇത് ശരിയായ നിലയിലല്ല പോകുന്നത് എന്ന് ഞാനും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതെല്ലാം സി.ബി.ഐ.യുടെ അന്വേഷണത്തിനുശേഷം എടുക്കുന്ന നിലപാടിനെ ആസ്പദമാക്കിയിട്ടാണ് ഇരിക്കുന്നത്. ഏതായാലും സി. ആന്‍ഡ് എ.ജി. ഇതിനകത്ത് സ്റ്റേറ്റ് ഗവണ്മെന്റിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.
? ഈ സി.ബി.ഐ.യുടെ അന്വേഷണത്തില്‍ അവര് പറയുന്നത്, വ്യക്തിപരമായി പിണറായി വിജയന്‍ അഴിമതി നടത്തിയിട്ടില്ലെന്നാണ്
* അത് ഒരു സാക്ഷിപറഞ്ഞ വസ്തുതയെപ്പറ്റിയാണ്.
? അതല്ലാത്ത വിധത്തിലോ
* അല്ലെങ്കില്‍ പിന്നെ വിജയനെ എന്താ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാതിരുന്നത്? അപ്പോള്‍ കേസ് ശരിക്കും വിചാരണ ചെയ്യുന്നതിനുവേണ്ടീട്ടാണ് സി.ബി.ഐ. ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു കേസില്‍ മറ്റ് കുഴപ്പമൊന്നും കാണിച്ചിട്ടില്ല എന്നുകരുതി, ആസ് എ ഹോള്‍ കേസില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. അതിലൊരാള്‍ ഉന്നയിച്ച ആക്ഷേപം, ഞാന്‍ പൈസ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞത് അന്വേഷിച്ചിട്ട്, ഇല്ല അതിന് തെളിവില്ല എന്ന് പറഞ്ഞു തള്ളിയെന്നേ ഉള്ളൂ. ആസ് എ ഹോള്‍, ലാവലിന്‍ കേസില്‍ അയാള്‍ എട്ടാം നമ്പര്‍ പ്രതിയാണ്.
? ഏതായാലും ഇപ്പോഴീ ആരോപണം ഉണ്ടാകാനുള്ള സാഹചര്യം ജസ്റ്റിസ് ബാലി ഈ കേസ് സി.ബി.ഐ. ക്ക് വിടുന്നു. അതേ ജസ്റ്റിസിനെ സുപ്രീംകോടതിയില്‍ ന്യായാധിപനാക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് താങ്കള്‍ രാഷ്ട്രപതിക്ക് കത്തയച്ചു
* ഇല്ലില്ല. അതൊക്കെ കള്ളക്കഥകളാണ്. അങ്ങനെ യാതൊരു കത്തും ഞാന്‍ അയച്ചിട്ടില്ല.
? രാഷ്ട്രപതിക്ക് താങ്കള്‍ കത്തയച്ചിട്ടില്ല? ബാലിയെ സപ്പോര്‍ട്ട് ചെയ്തിട്ടില്ല
*ഇല്ലില്ലില്ല. അതൊക്കെ വസ്തുതാവിരുദ്ധമായ കള്ളക്കഥകളാണ്. അതെല്ലാം തന്നെ ഈ രാജേന്ദ്രന്‍ പിണറായി വിജയന്‍ എന്നുപറയുന്ന സംസ്ഥാന സെക്രട്ടറിയെ പ്രീണിപ്പിക്കാന്‍ വേണ്ടീട്ട് എഴുതിയിട്ടുള്ള കള്ളക്കഥകളാണ്.
? ജസ്റ്റിസ് ബാലിയെ താങ്കള്‍ കാണുന്നു, എച്ച്.എല്‍. ദത്തുവിനെ കാണുന്നു, അതുപോലെതന്നെ ചലമേശ്വറിനെ കാണുന്നു. ഇത്തരം ജസ്റ്റിസുമാരുമായി താങ്കള്‍ക്കുള്ള ബന്ധമെന്താണ്
* അവരെല്ലാംതന്നെ ചീഫ് മിനിസ്റ്റര്‍മാരായിട്ടിരിക്കുന്ന, ഞാനല്ല ഉമ്മന്‍ചാണ്ടിയോ എ.കെ. ആന്റണിയോ ആരാണോ ചീഫ് മിനിസ്റ്ററായിട്ട് വരുന്നത് അവരെ ഓരോ കാലത്തും ചീഫ് ജസ്റ്റിസുമാരായി നിയമിക്കപ്പെടുന്ന ആളുകള്‍ വന്ന് കാണുകയും കുശലം ചോദിക്കുകയും പിരിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു കാഴ്ചകണ്ടിട്ടുള്ളതല്ലാതെ, മറ്റൊരു തരത്തിലും കണ്ടിട്ടില്ല.
? ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇപ്പോള്‍ റൗഫിന്റെ ഒരു വെളിപ്പെടുത്തല്‍ വന്നിട്ടുണ്ടല്ലോ, ജഡ്ജിമാരെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അക്കാര്യത്തിലൊക്കെ വി.എസ്സിന് അനുകൂലമായ ബെഞ്ചാണ് അവിടെയുള്ളത് എന്നും മറ്റുമുള്ള പ്രസ്താവനകളും നടത്തിയിട്ടുണ്ട്. റൗഫുമായി വി.എസ്സിന്...
* റൗഫിന്റെ നിലപാട്... ഈ കുഞ്ഞാലിക്കുട്ടി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നം, ഇയാള് തന്ന കാശുമുഴുവന്‍കൊണ്ട് പെണ്‍കുട്ടികള്‍ക്ക് കൊടുത്തു, വീട് വച്ചുകൊടുത്തു ഇതൊക്കെ ചെയ്‌തെങ്കിലും. ഇയാള്‍ രണ്ട് പെണ്‍കുട്ടികളെ മയക്കുമരുന്നുകൊടുത്തിട്ട്, ഇയാളുടെ കൂട്ടിക്കൊടുപ്പുകാരി ഐസ്‌ക്രീം പാര്‍ലര്‍ നടത്തിക്കൊണ്ടിരുന്ന ഒരു സ്ത്രീയുണ്ട് കോഴിക്കോട്ട്. അവള് കോളേജ് കുട്ടികളായ ഈ രണ്ട് പെണ്‍കുട്ടികളെ വശീകരിച്ച് അവരെ ഇയാള്‍ക്ക് ലൈംഗിക ആവശ്യത്തിനുവേണ്ടിഉപയോഗിക്കാനായിട്ട് ഏര്‍പ്പാട് ചെയ്തുകൊടുത്തു. ഇവര് അവിടെ വന്നപ്പോള്‍ ചായയും കാപ്പിയുമൊക്കെ മയക്കുമരുന്നിട്ടുകൊടുത്തതുകൊണ്ട് അവര്‍ മയങ്ങിപ്പോയി. ആ വിവരം കുഞ്ഞാലിക്കുട്ടിയെ അറിയിച്ചിട്ട് പീഡിപ്പിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. കുറേക്കഴിഞ്ഞപ്പോഴാണ്, അവര്‍ക്ക് മനസ്സിലായത്, അപമാനിക്കപ്പെട്ടുവെന്ന്. അവര് വീട്ടിലേക്ക് പോകുന്നവഴിതന്നെ ട്രെയിനിന്റെ മുന്നില്‍ചാടി മരിച്ചു. അതറിയാവുന്ന രണ്ടാളുകളെയും ഇയാള്‍ കൊലപ്പെടുത്തി. ഇങ്ങനെ, വളരെ സംശയാസ്പദമായിട്ടുള്ള നിലയില്‍ ഇയാളുടെ ലൈംഗിക ഇടപെടലിനെ സംബന്ധിച്ച്, പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ മറച്ചുവെക്കുന്നത് ശരിയല്ല എന്നതുകൊണ്ട് റൗഫ് വീണ്ടുവിചാരത്തോടുകൂടി ഈ കാര്യങ്ങളെല്ലാം പുറത്തുപറയുകയാണ് ചെയ്തത്. അങ്ങനെ പുറത്തുവന്നുകഴിഞ്ഞപ്പോള്‍ അത് സംബന്ധിച്ച് അന്വേഷിക്കാന്‍ വേണ്ടീട്ട് ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസിനെ ചുമതലപ്പെടുത്തി. പോലീസിന്റെ ഒരു റിപ്പോര്‍ട്ടുണ്ട്. അവസാനം ഇവരുടെ സര്‍ക്കാര്‍ വന്നപ്പോള്‍ ആദ്യത്തെ അന്വേഷണത്തിന്റെ തികവോ ഒന്നുമില്ലാത്ത തരത്തിലായി ആ റിപ്പോര്‍ട്ട്. എങ്കിലും അതില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ആദ്യത്തെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ട് എന്ന് മനസ്സിലായി. അതിന്റെ റിപ്പോര്‍ട്ട് എനിക്ക് കിട്ടണമെന്ന് പറഞ്ഞ് ഞാന്‍ കോടതിവഴി ആവശ്യപ്പെട്ടു. ഇപ്പോള്‍ ഒരുമാസമായി, ഉത്തരവായിട്ടും തരുന്നില്ല. ആ റിപ്പോര്‍ട്ടില്‍ പോലീസ് അന്വേഷിച്ചതും അല്ലാത്തതുമായ ഒട്ടേറെ വസ്തുതകള്‍ അതില്‍ അടങ്ങിയിട്ടുണ്ട് എന്ന് ഇവര്‍ ഭയപ്പെടുന്നില്ലെങ്കില്‍ ഇതിനെ എതിര്‍ക്കുന്നതെന്തിനാണ്? കുഞ്ഞാലിക്കുട്ടിക്ക് ഇക്കാര്യത്തിലുള്ള ദൗര്‍ബല്യം വളരെ കുപ്രസിദ്ധമാണ്. അയാള്‍ ഇടപെടുന്ന എല്ലാ സ്ഥലങ്ങളിലും അത് മുഴച്ചുനില്‍ക്കുകയാണ്. അതില്‍ നിന്നെല്ലാം അയാളെ എങ്ങനെയെങ്കിലും രക്ഷിക്കാന്‍ ഡയറക്ടായിട്ടോ ഇന്‍ഡയറക്ടായിട്ടോ ശ്രമിക്കുന്നവരുണ്ട് കേരളത്തില്‍. *
ഞാന്‍ സത്യത്തിന്റെ കൂടെയേ നില്‍ക്കുകയുള്ളൂ
? താങ്കള്‍ക്ക് ഒരു പബ്ലിക് ഇമേജുണ്ട്. ഒരു പ്രതിച്ഛായയുണ്ട്. താങ്കളെ പുറത്താക്കാന്‍ തടസ്സമായി നില്‍ക്കുന്നത് യഥാര്‍ഥത്തില്‍ താങ്കള്‍ക്ക് ഒരു ജനകീയ പിന്തുണയുള്ളതുകൊണ്ടാണ്
* അതെന്താ. വേറെ ആരുടെയെങ്കിലും സഹായത്തിന്റെ ഫലമായി കിട്ടിയതാണോ ആ പിന്തുണ? ഞാന്‍ ഇപ്പോള്‍ മൂന്നാം തവണയും പ്രതിപക്ഷനേതാവ്. ഒരു തവണ മുഖ്യമന്ത്രിയായി. സി.പി.ഐ. പിരിയുന്നതിന് മുന്‍പ് ഒന്നായിരുന്ന പാര്‍ട്ടിയില്‍ പത്ത് ഇരുപത്തിനാലു കൊല്ലം ഞാന്‍ വര്‍ക്ക് ചെയ്തു. അതിനു ശേഷമാണ് ആ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ഡാങ്കെ, ഇന്ത്യ-ചൈന സംഘര്‍ഷം വന്ന അവസരത്തില്‍ എ.ഐ.സി.സി. പാസാക്കിയ അതേ പ്രമേയത്തിന്റെ തന്നെ ഒരു കോപ്പി എടുത്തുകൊണ്ടുവന്ന് സി.പി.ഐ. നാഷണല്‍ കൗണ്‍സിലും അങ്ങനെ ഒരു പ്രമേയം പാസാക്കണം, യുദ്ധത്തില്‍ ശത്രുസൈന്യത്തെ അടിച്ചുനിരത്തിയിട്ട് മുന്‍പോട്ടു പോകണം എന്നു പറഞ്ഞു കൊണ്ടുള്ള പ്രമേയം കൊണ്ടുവന്നു. ഇ.എം.എസ്., ജ്യോതിബസു അങ്ങനെയുള്ള നാഷണല്‍ കൗണ്‍സിലിലെ മുപ്പതില്‍പ്പരം ആളുകള്‍ ചേര്‍ന്നൊരു പ്രമേയം അവതരിപ്പിച്ചു. യുദ്ധമല്ല, രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിപ്രശ്‌നത്തെ സംബന്ധിച്ചുള്ള തര്‍ക്കത്തിന് സമാധാനപരമായ, ഒരു മേശയ്ക്കു ചുറ്റുമിരുന്നുള്ള കൂടിയാലോചന വഴി പരിഹാരം കാണുകയാണ് വേണ്ടത് എന്ന്. യുദ്ധം സര്‍വനാശത്തിലെത്തും.
ഞങ്ങള്‍ അവതരിപ്പിച്ച പ്രമേയം എസ്.എ. ഡാങ്കെ റിജക്ട് ചെയ്തു. എന്നിട്ട് കേന്ദ്രഗവണ്‍മെന്റിന് വിവരം കൊടുത്തു, ഇവര്‍ ചൈനീസ് അനുകൂലികളാണ് എന്ന് പറഞ്ഞ്. ഞങ്ങള്‍ എയറോഡ്രോമിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോകുമ്പോഴേക്ക്, വീടുകളിലേക്കും നാടുകളിലേക്കും ഞങ്ങള്‍ കമ്മിറ്റി പിരിഞ്ഞ് പോകുമ്പോഴേക്ക് ഞങ്ങളെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്, ചൈനീസ് ചാരന്മാരാണെന്ന് പറഞ്ഞുകൊണ്ട്. ഒരുകൊല്ലം ഞങ്ങളെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ജയിലില്‍ കഴിഞ്ഞവരാണ്. അതിനുശേഷം തിരിച്ചുവന്ന് ഡാങ്കെയോട് ചോദിച്ചു, നാഷണല്‍ കൗണ്‍സില്‍ വിളിച്ചപ്പോള്‍ പങ്കെടുത്തിട്ട് ചോദിച്ചു, ഞങ്ങള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരില്‍ ഞങ്ങളെ നിങ്ങള്‍ ഗവണ്‍മെന്റിന് ഒറ്റുകൊടുത്ത ആളുകളല്ലേ? ഒരു ചെയര്‍മാനായ നിങ്ങളെ വിശ്വസിച്ചുകൊണ്ട് എങ്ങനെയിരിക്കും എന്ന് ചോദിച്ചിട്ട് ഞങ്ങള്‍ ഇറങ്ങിപ്പോയി. അങ്ങനെയാണ് സി.പി.ഐ. (എം) രൂപീകരിച്ചത്. രൂപീകരിച്ചതിനു ശേഷം അതിലെ സെന്റര്‍ കമ്മിറ്റിയില്‍ ഞാനും കൂടി മെമ്പര്‍ ആയിരുന്നു. ഈ ലാവലിന്റെ പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞപ്പോള്‍, പൊളിറ്റ് ബ്യൂറോ എടുത്തിരിക്കുന്ന പൊതുതീരുമാനത്തിന് അനുകൂലമല്ല വി.എസ്സിന്റെ നിലപാട് എന്നതുകൊണ്ട് പൊളിറ്റ് ബ്യൂറോയില്‍ തുടരാന്‍ ഒക്കില്ല എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, അത് അംഗീകരിച്ചിരിക്കുന്നു. ഞാന്‍ സത്യത്തിന്റെ കൂടെയേ നില്‍ക്കുകയുള്ളൂ.
ഏതെങ്കിലും കേസ് ഇല്ലാതാക്കാന്‍ വേണ്ടിയിട്ട് ഉണ്ടാക്കിയ കേസാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ഞാന്‍ അന്നുമുതല്‍ സെന്‍ട്രല്‍ കമ്മിറ്റി മെമ്പറായി ഇപ്പോഴും തുടരുകയാണ്. സത്യത്തിനുവേണ്ടി നില്‍ക്കുന്നു എന്നുള്ള ഒരു അഭിപ്രായം എന്റെ പാര്‍ട്ടിയിലും പറഞ്ഞതുകൊണ്ടാണ് 24 കൊല്ലമായിട്ട്- ഇ.എം.എസ്. ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍, സുര്‍ജിത് ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍, അതിനുശേഷം പ്രകാശ് കാരാട്ട് ജനറല്‍സെക്രട്ടറിയായിരുന്നപ്പോള്‍ എല്ലാം തന്നെ- പൊളിറ്റ് ബ്യൂറോ മെമ്പറായിരുന്ന എനിക്ക്, കാപട്യം നിറഞ്ഞ കേസെന്ന് സി. ആന്‍ഡ് എ.ജി. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു കേസില്‍, ലാവലിന്‍ കേസില്‍ അതാണ് ശരിയെന്ന് എനിക്ക് തോന്നി. എന്റെ സഹപ്രവര്‍ത്തകനായിരുന്ന ബാലാനന്ദനും അതാണ്, ആ പദ്ധതിയെപ്പറ്റിയെല്ലാം വിശദമായി സ്റ്റഡി നടത്തിയശേഷം പറഞ്ഞത്. ഈ പദ്ധതി തെറ്റായ നടപടിയാണ്, അത് തുടരാന്‍ പാടില്ല എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഞാന്‍ ആ കേസ് പഠിച്ചതിനു ശേഷം, സത്യസന്ധമായിട്ടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്.
പാര്‍ട്ടി നടപടി എന്നെ ലക്ഷ്യംവെച്ച്
? താങ്കളുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം സംസ്ഥാനസമിതിയില്‍ ഉണ്ടായല്ലോ? വാര്‍ത്തകള്‍ ചോര്‍ത്തിയെന്നാണ് പറയുന്നത്. അവര്‍ അംഗങ്ങളായ ഘടകങ്ങളിലെ വാര്‍ത്തകളല്ല ചോര്‍ത്തപ്പെട്ടിരിക്കുന്നത്.
*അതേ
? സ്വാഭാവികമായും അത്തരമൊരു അന്വേഷണം വരുമ്പോള്‍ വി.എസ്., അത് താങ്കളെത്തന്നെയല്ലേ ലക്ഷ്യം വെക്കുന്നത്
* അതേ... എന്നെത്തന്നെയാണ് ലക്ഷ്യം വെക്കുന്നത് എന്നുള്ളത് എന്റെ ഘടകമായ സെന്റര്‍ കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഞാന്‍ ആക്ഷേപം കൊടുത്തിരിക്കുകയാണ്. അവര്‍ നിരപരാധികളാണ്. അവര്‍ ഇത് ചെയ്തിട്ടില്ല. പത്തും ഇരുപത്തിയഞ്ചും മുപ്പതും കൊല്ലം ദേശാഭിമാനി വീക്ക്‌ലിയുടെ ചീഫ് എഡിറ്റര്‍മാരും മറ്റുമൊക്കെയായിട്ട് സേവനമനുഷ്ഠിച്ചിട്ടുള്ളയാളുകളെ സംബന്ധിച്ച്, അധ്യാപകരംഗത്ത് പ്രശസ്തമായ സേവനം നടത്തിയിട്ടുള്ള ആളുകളെ സംബന്ധിച്ച്- അവരെപ്പറ്റിയൊക്കെയുള്ള ആക്ഷേപമാണിത്. അവരൊന്നും ചെയ്തവരല്ല. മുമ്പും അവരുടെ പ്രീസിഡന്റ് നോക്കിയാലും അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നവരല്ല അവര്‍. അത് തെറ്റാണത്.
? ചുരുക്കത്തില്‍ താങ്കളെത്തന്നെയാണ് അത് ലക്ഷ്യം വെക്കുന്നത്
*അതേ... എന്നെ ലക്ഷ്യം വെച്ചുകൊണ്ട് എന്റെ സെക്രട്ടറിമാരായി വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന പ്രസ്സ് സെക്രട്ടറി, പേഴ്‌സണല്‍ സ്റ്റാഫ്, മറ്റ് സെക്രട്ടറിമാര്‍- ഇവരെയെല്ലാം തന്നെ എന്നില്‍ നിന്ന് അടത്തിമാറ്റിയിട്ട് ചില ആശ്രിതന്‍മാരായിട്ടുള്ള ആളുകളെ, ഈ രാജേന്ദ്രനെ നിശ്ചയിച്ചതു പോലെത്തന്നെ എന്റെ സെക്രട്ടറിമാരായി കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണത്. അതിനെ ഞാന്‍ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്.
? താങ്കളില്‍ വിശ്വാസമില്ലേ അപ്പോള്‍ പാര്‍ട്ടിക്ക്? പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കുന്ന പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് താങ്കളില്‍ വിശ്വാസമില്ലേ?
* അതെന്താണെന്ന് അവരാണ് പറയേണ്ടത്. എന്റടുത്ത് എടുത്തുകൊണ്ടിരിക്കുന്ന കാര്യത്തെ സംബന്ധിച്ചാണ് ഞാനിപ്പോള്‍ പറഞ്ഞത്. അവര്‍ക്കെന്നെ വിശ്വാസമില്ലെങ്കില്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കട്ടെ.
? താങ്കള്‍ പറഞ്ഞു, 89 വയസ്സായെന്ന്. പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളില്ലെങ്കില്‍ അടുത്ത തവണ മുഖ്യമന്ത്രിയായി വി.എസ്സിനെ പ്രതീക്ഷിക്കാമോ
* ഇല്ല, പാടില്ല. അത് ഞാന്‍ പറയും. ആരോഗ്യത്തിന്റെ സ്ഥിതി അനുസരിച്ച് മത്സരിക്കാന്‍ തോന്നുന്നില്ല എന്ന് പറയും.
? അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, വി.എസ്.
* ഇല്ല. അങ്ങനെയാണ് ഞാന്‍ ഇപ്പോള്‍ എന്റെ ആരോഗ്യത്തിന്റെ പ്രശ്‌നം വെച്ച് കണക്കുകൂട്ടിയിരിക്കുന്നത്. അന്നത്തെ സ്ഥിതി കുറേക്കൂടി ആരോഗ്യവാനാണെങ്കില്‍, മത്സരിക്കാവുന്ന സ്ഥിതിയാണെങ്കില്‍ മത്സരിക്കാമെന്ന് പറയും.
Mathrubhumi
No comments:
Post a Comment