കൊല്‍ക്കത്ത: തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു വി.എസ്.
പേഴ്‌സണല്‍ സ്റ്റാഫിനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി കൈക്കൊണ്ട അച്ചടക്ക നടപടി യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാരാട്ടിനെ വി.എസ്. അറിയിച്ചു. പാര്‍ട്ടി നടപടി കൈക്കൊണ്ട മൂന്നുപേരും തെറ്റുകാരല്ലെന്ന തന്റെ മുന്‍നിലപാട് വി.എസ്. ആവര്‍ത്തിച്ചു.
തന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആംഗങ്ങള്‍ എന്തു തെറ്റാണ് ചെയ്തതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അനാവശ്യ തിടുക്കമാണ് പാര്‍ട്ടി കാണിച്ചത്.
വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് പി.എ.സുരേഷ്, പ്രസ്സ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍ എന്നിവര്‍ക്കെതിരെയാണ് സംസ്ഥാന കമ്മറ്റി അച്ചടക്ക നടപടിയെടുത്തത്.
ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെയാണ് പാര്‍ട്ടി തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ നടപടി കൈക്കൊണ്ടത്. ടി.പി.വധക്കേസില്‍ നടപടി സ്വീകരിക്കണമെന്ന് താന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞിരുന്നു. എന്നാല്‍, കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ ഒരു അന്വേഷണം നടത്തിയിട്ടില്ല. ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ല.
തെറ്റ് ചെയ്യാത്തവരെ ഒഴിവാക്കാനാവില്ല. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി അടിയന്തരമായി പിന്‍വലിക്കണം. ഇല്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷമാണ് ചെയ്യുക-കാരാട്ടിനെ വി.എസ് അറിയിച്ചു.
അതേസമയം, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കേണ്ടതാണെന്ന് പോളിറ്റ്ബ്യൂറോ അംഗം സീതാറാ യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം കേന്ദ്രകമ്മിറ്റി അംഗീകരിക്കണം. പാര്‍ട്ടി ഭരണഘടനയനുസരിച്ച് അതാണ് കീഴ്‌വഴക്കം-യെച്ചൂരി പറഞ്ഞു.
പേഴ്‌സണല്‍ അസിസ്റ്റന്റായ പി.എ. സുരേഷിന് കേന്ദ്രകമ്മിറ്റിയോഗത്തില്‍ തന്നെ അനുഗമിക്കുന്നതിന് വിലക്കില്ലെന്നും വി.എസ്. മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍ ചില തിരക്കുകളുള്ളതുകൊണ്ടാണ് സുരേഷ് കൊല്‍ക്കത്തയിലേയ്ക്ക് വരാതിരുന്നതെന്നും വി.എസ്. പറഞ്ഞു.
No comments:
Post a Comment