Monday, 10 December 2012

[www.keralites.net] ഭിക്ഷക്കാരനായി ജീവിച്ചിട്ടുണ്ട് - ബാലചന്ദ്രന്‍ ചുള്ളിക്കാട്

 

ഭിക്ഷക്കാരനായി ജീവിച്ചിട്ടുണ്ട് - ബാലചന്ദ്രന്‍ ചുള്ളിക്കാട്

പല്ലിശ്ശേരി

Fun & Info @ Keralites.net

കവി, പത്രപ്രവര്‍ത്തകന്‍, ഗവണ്‍മെന്റ് ജീവനക്കാരന്‍, തിരക്കഥാകൃത്ത്, സിനിമ-സീരിയല്‍ നടന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ സജീവമായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഇപ്പോള്‍ മുഴുവന്‍ സമയവും അഭിനയത്തിനായി നീക്കിവച്ചിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ശക്തമായ കവിതകളും എഴുതുന്നു.

? ബാലു ആരായിരുന്നു.

ഠ ഞാന്‍ അങ്ങനെ നിര്‍വചിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഞാനാരാകണം എന്നതിനെക്കുറിച്ച് ഒരു സങ്കല്പവും ഒരുകാലത്തും എനിക്ക് ഉണ്ടായിരുന്നില്ല. യാതൊരു ആസൂത്രണവും ജീവിതത്തിനുണ്ടായിരുന്നില്ല. ഇപ്പോഴും അങ്ങനെതന്നെയാണ് തുടരുന്നത്. അപ്പപ്പോള്‍ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് പോകുന്നു എന്നല്ലാതെ, അങ്ങനെ ഞാന്‍ 'ഇന്ന' ആളായിരിക്കണം അല്ലെങ്കില്‍ അങ്ങനെ ഒരു സങ്കല്പം എനിക്കില്ല. എന്തുമാകാം. ഞാന്‍ പലതരത്തില്‍ ജീവിച്ചിട്ടുണ്ട്. ഭിക്ഷക്കാരനായി ജീവിച്ചിട്ടുണ്ട്. തമാശ പറയുകയല്ല, ശരിക്കും ഭിക്ഷാടനം ഉപജീവനമാര്‍ഗമാക്കി കുറേക്കാലം ജീവിച്ചു. പലതരം തൊഴിലുകള്‍ ചെയ്തു ജീവിച്ചിട്ടുണ്ട്; ഇഷ്ടികക്കളത്തിലെ തൊഴിലാളി, പാരലല്‍ കോളജിലെ അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, ഹോട്ടല്‍ ബോയ് തുടങ്ങി നിരവധി വേഷങ്ങള്‍ കെട്ടിയിട്ടുണ്ട്. എല്ലാം ജീവിക്കാന്‍ വേണ്ടിയായിരുന്നു. അതുപോലെ കവിത എഴുതിയിട്ടുണ്ട്, തിരക്കഥ എഴുതിയിട്ടുണ്ട്. അപ്പോള്‍ സ്വയം നിര്‍വചിക്കാന്‍ പറ്റുന്ന ഒരവസ്ഥ ഇല്ല. ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു. അത്രയേ എനിക്കതിനെക്കുറിച്ച് പറയാന്‍ പറ്റുള്ളൂ.

? ഇതൊക്കെ 'വെറും വേഷംകെട്ടല്‍' ആയിരുന്നോ.

ഠ അങ്ങനെ പറയാന്‍ പറ്റില്ല. വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മറ്റൊരു കാര്യം മാറ്റിവച്ചല്ല ഞാന്‍ ഓരോരോ വേഷങ്ങള്‍ അണിഞ്ഞത്. അപ്പോള്‍ അതേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.

? മറ്റുള്ളവരുടെ കവിതകള്‍ അതിമനോഹരമായി ചൊല്ലി മറ്റുള്ളവരെ ആസ്വദിപ്പിച്ച പ്രശസ്തനായ ചെറുപ്പക്കാരനായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്.

ഠ അതെ.

? മറ്റു കാര്യങ്ങളൊക്കെ അനുബന്ധമായി വന്നുപെട്ടതായിരിക്കാം.

ഠ അതെ. കവിതയുടെ കാര്യങ്ങള്‍ പറഞ്ഞാല്‍ എന്റെ 56 വയസിനിടയില്‍ 120-ല്‍പരം കവിതകള്‍ മാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ. എന്നാല്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞ യുവകവികള്‍ ആയിരത്തോളം കവിതകള്‍ എഴുതിയിട്ടുണ്ട്. എനിക്കതിനു കഴിഞ്ഞിട്ടില്ല. നിരന്തരം കവിതയെഴുതാന്‍ കഴിഞ്ഞിരുന്ന ആളല്ല ഞാന്‍. കുറച്ച് കവിതകള്‍ വായനക്കാര്‍ക്കും മറ്റും ഇഷ്ടപ്പെട്ടു. കവിതയുടെ പേരിലാണ് ഞാന്‍ അറിയപ്പെട്ടതെങ്കിലും അതിന്റെ പേരില്‍ സംഘടനകളില്‍നിന്നോ, അക്കാദമികളില്‍ നിന്നോ യാതൊരു തരത്തിലുമുള്ള ബഹുമതികളും ഞാന്‍ സ്വീകരിച്ചിട്ടില്ല. ഇനി സ്വീകരിക്കുകയുമില്ല.

? എന്താ കാരണം.

ഠ എനിക്കതൊന്നും വേണ്ടാന്ന് തോന്നി. അത്രേയുള്ളൂ. എന്റെ കവിത ആരെങ്കിലുമൊക്കെ വായിക്കണം, ഇഷ്ടപ്പെടണം അതില്‍ കവിഞ്ഞ് മറ്റ് താല്പര്യങ്ങള്‍ ഒന്നുമില്ല.

? അവാര്‍ഡുകള്‍ നല്‍കുന്നത് രചനയുടെ ഗുണനിലവാരം നോക്കിയല്ലെ? പിന്നെന്തുകൊണ്ട് വേണ്ടെന്നുവെച്ചു.

ഠ അവാര്‍ഡുകള്‍ വാങ്ങിയാല്‍ പിന്നീട് അനുബന്ധമായ ആഗ്രഹത്തിനും മാനസികപ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇടയാക്കും എന്ന് വിചാരിച്ചതുകൊണ്ടാണ് വേണ്ടെന്നുവച്ചത്. അവാര്‍ഡുകള്‍ ബാധ്യതയാണ്. അതുകൊണ്ട് എനിക്കത് ആവശ്യമില്ലെന്നു തോന്നി.

? പട്ടിണി കിടന്നിട്ടുണ്ടോ.

ഠ ഞാനോ- ധാരാളം. ഭക്ഷണമില്ലാത്ത അവസ്ഥ. വീട്ടിലുണ്ടായിരുന്നപ്പോള്‍ ഭക്ഷണം ഉണ്ടായിരുന്നു. വീട്ടില്‍നിന്നും പുറത്തുവന്നപ്പോള്‍ ഭക്ഷണം ബുദ്ധിമുട്ടായിരുന്നു. തൊഴിലില്ല, വീടില്ല, താമസിക്കാന്‍ ഒരിടമില്ല, സംരക്ഷിക്കാന്‍ ആരുമില്ല. ഈ അവസ്ഥയില്‍ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ തെരുവില്‍ ജീവിച്ചിട്ടുണ്ട്, കടത്തിണ്ണയില്‍ കിടന്ന് ജീവിച്ചിട്ടുണ്ട്.

? ഇതൊക്കെ സ്വന്തമായി വരുത്തിവച്ചതല്ലേ.

ഠ അതെ, സ്വന്തമായി വരുത്തിവച്ചതാണ്. വീട്ടുകാരുമായും നാട്ടുകാരുമായും വിദ്യാഭ്യാസപരമായും പൊരുത്തപ്പെടാന്‍ പറ്റാത്തതുകൊണ്ട് അതൊക്കെ വിട്ട് ഓടിപ്പോയതാണ്.

? ഐഡിയോളജിയായിരുന്നോ ഇതിന്റെ പിന്നില്‍.

ഠ ചുറ്റുപാടുകള്‍കൊണ്ട് പൊരുത്തപ്പെടാന്‍ പറ്റിയില്ല. അത് ഏതൊരു ജീവിയായാലും പൊരുത്തപ്പെടാന്‍ പറ്റാത്ത ചുറ്റുപാടിലാണെങ്കില്‍ അവിടംവിട്ട് പോകുമല്ലോ. രണ്ടു കാര്യങ്ങളാണ് വീട്ടില്‍നിന്നും പോകാന്‍ എന്നെ പ്രേരിപ്പിച്ചത്. അതില്‍ ഐഡിയോളജിയും ഒരു കാരണമായിട്ടുണ്ട്. തെരുവില്‍ ജീവിക്കുമ്പോഴും എനിക്ക് അതാണ് ഭേദം എന്നു തോന്നി.

? ആ തെരുവുകള്‍ എവിടെയായിരുന്നു.

ഠ കേരളത്തിലും കേരളത്തിനു വെളിയിലും ആയിരുന്നു തെരുവുകള്‍. എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ തെരുവുകളില്‍ കുറേക്കാലം ജീവിച്ചു.

? അന്നത്തെ സഹയാത്രികര്‍.

ഠ അന്ന് സഹയാത്രികര്‍ ഉണ്ടായിരുന്നില്ല. പിന്നെ എന്റെ കവിതകള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയവരാണ് പിന്നീടെനിക്ക് അഭയം തന്നത്. അവരില്‍ ചിലരാണ് ബാബു കുഴിമറ്റം, തൃശൂരിലെ വി.ജി. തമ്പി തുടങ്ങിയവര്‍. പിന്നെ ഹോസ്റ്റലുകള്‍, ചെറിയ ജോലികള്‍ ചെയ്യുന്നവര്‍ താമസിക്കുന്നിടം അവിടെയൊക്കെയായിരുന്നു എന്റെ വാസസ്ഥലം. അവരില്‍ പലരും ഉന്നത വിദ്യാഭ്യാസമുള്ളവരും തൊഴില്‍ രഹിതരുമായിരുന്നു. ജീവിക്കാന്‍ വേണ്ടി അവര്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്തു. അവര്‍ക്കിടയിലേക്കാണ് ഞാനും ചെന്നത്. ഇന്നത്തെ പി.എസ്.സി. ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ താമസിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുറി എനിക്ക് അഭയകേന്ദ്രമായിരുന്നു. അങ്ങനെ കവിതയെ ഇഷ്ടപ്പെട്ടിരുന്ന സുഹൃത്തുക്കളാണ് എനിക്ക് കിടക്കാന്‍ ഇടവും ഭക്ഷണവും വസ്ത്രവും തന്നത്.

? ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണോ മറ്റുള്ളവരുടെ കവിതകള്‍ ചൊല്ലി പ്രസിദ്ധനായത്.

ഠ അല്ല. അന്ന് കവിത പ്രസിദ്ധീകരിക്കാന്‍ നിവൃത്തിയില്ലായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പാണ് അന്ന് പ്രധാനമായും ഉണ്ടായിരുന്ന സാഹിത്യപ്രസിദ്ധീകരണം. അവര്‍ എന്നെപ്പോലുള്ളവരുടെ കവിതകളൊന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. 'മലയാളനാട്' വന്നപ്പോഴും ആദ്യകാലത്തൊന്നും എന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. 'കുങ്കുമ'ത്തില്‍ ഉറൂബ് വന്നപ്പോഴാണ് എന്റെ കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. അതിനു മുമ്പ് കവിത പ്രസിദ്ധീകരിക്കാത്തതുകൊണ്ട് അത് പ്രചരിപ്പിക്കാനുള്ള മാര്‍ഗമായിട്ടാണ് കവിത ചൊല്ലിയിരുന്നത്. അന്ന് കവിയരങ്ങുകള്‍ സജീവമായിരുന്നു. ഞാന്‍ കൂടുതല്‍ കവിതകള്‍ ചൊല്ലിയത് ലോഡ്ജുകളിലും സത്രങ്ങളിലുമായിരുന്നു. അവിടെ കവിതാസ്വാദന സംഘങ്ങള്‍ ഉണ്ടായി. അങ്ങനെയാണ് പ്രസാധകരുടെ അവഗണനയെ മറികടന്നത്. എന്റെ കവിതകള്‍ പ്രസിദ്ധീകരിച്ച് വരുംമുമ്പേതന്നെ, എന്റെ കവിതകള്‍ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്തവര്‍ എന്നെ കവിയെന്ന നിലയില്‍ അംഗീകരിച്ചിരുന്നു.

? നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് വന്നത്.

ഠ ദേശാഭിമാനിയില്‍ ഉണ്ടായിരുന്ന രവി കുറ്റിക്കാട് വഴിയാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിലുള്ളവരുമായി ഞാന്‍ പരിചയപ്പെടുന്നത്. പിന്നെ ഞാന്‍ പഠിച്ചത് മാല്യങ്കര കോളജിലാണ്. അവിടെ കൊടുങ്ങല്ലൂരില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ അന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രമായിരുന്നു. സച്ചിദാനന്ദന്‍, കെ. വേണു, മേഘനാഥന്‍, ടി.എന്‍. ജോയ്, ഇവരൊക്കെ കൊടുങ്ങല്ലൂരായിരുന്നു. കൊടുങ്ങല്ലൂരിലുള്ള വിദ്യാര്‍ത്ഥികളില്‍നിന്നാണ് ഇവരെക്കുറിച്ചും ഇവരുടെ ചിന്താഗതികളെക്കുറിച്ചുമൊക്കെ ഞാനറിയുന്നത്. കൊടുങ്ങല്ലൂരു ചെന്ന് ഞാന്‍ അഡ്വ. മേഘനാഥനെയും കെ. വേണുവിനെയും ടി.എന്‍. ജോയിയെയും പരിചയപ്പെട്ടു. പിന്നെ രവി കുറ്റിക്കാട് വഴി പരിചയപ്പെട്ട ടി.കെ. രാമചന്ദ്രന്‍. അദ്ദേഹം പിന്നീട് കോഴിക്കോട് യൂണിവേഴ്‌സിറ്റി കോളജിലെ പ്രൊഫസറായിരുന്നു. ടി.കെ. രാമചന്ദ്രന്‍ ഒരു വലിയ സ്വാധീന ശക്തിയായിരുന്നു. മാര്‍ക്‌സിസത്തില്‍ പണ്ഡിതനായിരുന്നു. സത്യം പറഞ്ഞാല്‍ രവി കുറ്റിക്കാടും സച്ചിദാനന്ദനും വഴിയാണ് ഞാന്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക രംഗത്ത് എത്തിപ്പെടുന്നത്. പിന്നീട് അവരുടെ സാംസ്‌കാരിക വേദി രൂപീകരിക്കപ്പെട്ടപ്പോള്‍ ഞാനവരുടെ സഹയാത്രികനായി മാറി. ആശയപ്രചരണമായിരുന്നു കവിതയിലൂടെയും നാടകത്തിലൂടെയും സാംസ്‌കാരിക വേദിയിലൂടെ ഉണ്ടായിരുന്നത്. എന്നാല്‍, അവരുടെ രാഷ്ട്രീയ സംഘടനയുമായി ബന്ധമുണ്ടായിരുന്നില്ല.

? നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നില്ല എന്ന് പറയുന്നുണ്ടെങ്കിലും സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നില്ലെ? അപ്പോള്‍ ശരിക്കും ആ പ്രസ്ഥാനത്തിന്റെ ഭാഗംതന്നെയായിരുന്നു.

ഠ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ രീതികളിലൊന്നിലും ഞാന്‍ പങ്കെടുത്തിട്ടില്ല. എനിക്കതില്‍ താല്പര്യവുമില്ലായിരുന്നു. അതേസമയം സാംസ്‌കാരിക സംഘടനയില്‍ രണ്ടു ജോലി ഞാന്‍ ചെയ്തു. സാംസ്‌കാരിക വേദി സംഘടിപ്പിച്ച കവിയരങ്ങളുകളില്‍ കവിത ചൊല്ലുക, ആശയപ്രചരണം നടത്തുക എന്നിവയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. പിന്നീട് പാര്‍ട്ടി പിരിച്ചുവിട്ടു.

? കുമ്പളം നക്‌സലൈറ്റ് കേസില്‍ ഉള്‍പ്പെട്ടിരുന്നില്ലെ.

ഠ കുമ്പളം നക്‌സലൈറ്റ് കേസിനോടനുബന്ധിച്ചാണ് ഞങ്ങളുടെ നാട്ടില്‍ വ്യാപകമായി നക്‌സലൈറ്റ് വേട്ട നടന്നത്. അന്ന് കൊടുങ്ങല്ലൂര്‍, പറവൂര്‍, ആലുവ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഭീകരാവസ്ഥയായിരുന്നു. കുമ്പളം നക്‌സലൈറ്റ് കേസില്‍ പങ്കെടുത്ത അതുമായി ബന്ധപ്പെട്ട ആളുകളുടെ സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് നാട്ടിലോ, വീട്ടിലോ ഒന്നും നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത്. അല്ലാതെ ആക്്ഷനില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല.

? പോലീസ് മര്‍ദ്ദനം.

ഠ ചോദ്യം ചെയ്യാന്‍ സ്‌റ്റേഷനില്‍ കൊണ്ടുപോയി. മര്‍ദ്ദനമേറ്റിട്ടില്ല.

? ബാലുവിനെ നക്‌സലൈറ്റ് ആക്കിയതാണോ ആയതാണോ.

ഠ നക്‌സലൈറ്റ് എന്നുപറഞ്ഞ് സി.പി.ഐ. (എം.എല്‍.)ന്റെ അംഗമെന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. സ്വയംപ്രഖ്യാപിത നക്‌സലൈറ്റുകള്‍ ധാരാളമുണ്ടായിരുന്നു. ഞാന്‍ വെറുമൊരു അനുഭാവി മാത്രമായിരുന്നു. തീര്‍ച്ചയായും അനുഭാവമുണ്ടായിരുന്നു.

? എന്താണതിനു കാരണം.

ഠ കൗമാരകാലത്ത് ഇന്ത്യയിലെ ഏറ്റവും ദരിദ്രരായവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യന്‍ ജനാധിപത്യം പരാജയപ്പെട്ടു എന്ന ബോധം ഒരുവിധം ചെറുപ്പക്കാരില്‍ സാര്‍വത്രികമായിരുന്നു. അതില്‍ ഒരുവിഭാഗം തീവ്രവാദികളോട് അനുഭാവമുള്ളവരായിരുന്നു. ചെറിയൊരു വിഭാഗം മാത്രം. അതിന്നും അങ്ങനെയുണ്ട്. കാരണം പാര്‍ലമെന്ററി ജനാധിപത്യത്തില്‍കൂടി ഇന്ത്യയിലെ പാവപ്പെട്ട ദരിദ്രരായ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ജനാധിപത്യ സംവിധാനമെന്നു പറയുന്നത് കൂടുതല്‍ കൂടുതല്‍ കോര്‍പ്പറേറ്റുകളുമായി ബന്ധപ്പെട്ട്, ജനാധിപത്യ വ്യവസ്ഥയുടെ വര്‍ഗ്ഗസ്വഭാവം കൂടുതല്‍ വ്യക്തമായ കാലമാണ്. കാരണം, ഇന്ത്യന്‍ ഭരണകൂടം സമ്പന്നര്‍ക്കു വേണ്ടി മാത്രം നിലകൊള്ളുന്ന ഒന്നായി മാറിക്കഴിഞ്ഞു. പക്ഷേ, ഭരണകൂടം സമ്പന്നരുടേതാണ്, മൂലധന ഉടമകളുടേതാണ്, എന്ന ഒരു ധാരണ ഈ ജനാധിപത്യ വ്യവസ്ഥകൊണ്ട് ഇന്ത്യയിലെ ദരിദ്രരായ മനുഷ്യരെ വിമോചിപ്പിക്കാന്‍ സാധിക്കില്ല എന്ന കാഴ്ചപ്പാടുള്ള ചെറിയ വിഭാഗം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ആ വിഭാഗമാണ് നക്‌സലൈറ്റ് അനുഭാവികളായിരുന്നത്. പാര്‍ട്ടിപ്രവര്‍ത്തകരായത്.

? എന്നിട്ടും നിങ്ങള്‍ പരാജയപ്പെട്ടു.

ഠ ഞങ്ങള്‍ എന്നുപറഞ്ഞ് താങ്കള്‍ക്കും മാറിനില്‍ക്കാന്‍ കഴിയില്ല. കാരണം, താങ്കള്‍ സമ്പന്നനല്ലെന്നും അതുകൊണ്ട് ഭരണകൂടം താങ്കളോടൊപ്പം ഉണ്ടാകില്ലെന്നും ഞാന്‍ മനസിലാക്കുന്നു. നക്‌സലൈറ്റുകള്‍ പരാജയപ്പെട്ടത് മൂലധനത്തിന്റെയും ഭരണകൂടത്തിന്റെയും കായികശക്തികൊണ്ട് മാത്രമാണ്. മറ്റൊരു കാരണം, ജനങ്ങളെ അവരുടെ മാര്‍ഗ്ഗം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല, അതുകൊണ്ട് ജനങ്ങളുടെ പിന്തുണ കിട്ടിയില്ല.
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment