Monday, 10 December 2012

[www.keralites.net] പുളിയില ചമ്മന്തി

 

പുളിയില ചമ്മന്തി

ഞങ്ങള്‍ ഇരിങ്ങാലക്കുടക്കാരുടെ ഒരു ഇഷ്ട വിഭവം.വേറേ ഏതെങ്കിലും നാട്ടില്‍ ഈ ചമ്മന്തി പ്രചാരത്തില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല.എന്തു തന്നെ ആയാലും ട്രെയിനില്‍ ഒക്കെ ദീര്‍ഘ ദൂര യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഇത് ഉണ്ടാക്കാറുണ്ട്..നാരങ്ങാച്ചോറും ഈ ചമ്മന്തിയും യാത്രക്കിടയില്‍ കഴിക്കാനായി കരുതും.
തപ്പുമ്പോള്‍ കയ്യില്‍ തടയേണ്ട സാധനങ്ങള്‍
വാളന്‍ പുളിയുടെ തളിരില – ആവശ്യത്തിന് ( പുളിമരത്തില്‍ എത്രത്തോളം ഉണ്ടോ അത്രത്തോളം എടുക്കാം)
കാന്താരി മുളക് – മനോധര്‍മ്മം പോലെ എടുക്കാം
ഉപ്പ് – പാകത്തിന്
ഉണ്ടാക്കുന്ന വിധം
വാളന്‍ പുളിയുടെ നല്ല തളിരില പറിക്കുക.നാരു കളഞ്ഞു വൃത്തിയാക്കിയ പുളിയില കാന്താരി മുളകും ഉപ്പും ചേര്‍ത്ത് അമ്മിക്കല്ലില്‍ വച്ച് നന്നായി അരയ്ക്കുക.മിക്സിയിലും അരക്കാം .പക്ഷേ ചമ്മന്തി എന്ന പേരിനു പകരം കുമ്മന്തി എന്നു പേരിട്ട് വിളമ്പുന്നതായിരിക്കും ഉത്തമം എന്നെന്റെ അച്ഛന്‍ പറയും.അമ്മിക്കല്ലില്‍ അരച്ചാല്‍ അതിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണു എന്നാണ് എന്റെ അഭിപ്രായം
അരച്ച കൂട്ട് നല്ല വാഴയിലയില്‍ പരത്തുക.അല്പം വെളിച്ചെണ്ണ ആവശ്യമെങ്കില്‍ ചേര്‍ക്കാം.ഓണത്തിനു നമ്മള്‍ പൂവട ഉണ്ടാക്കില്ലേ.അതു പോലെ അട പരത്തുന്നതു പോലെ പരത്തിയ ശേഷം ഇല മടക്കി വറകലത്തില്‍ വെച്ചു ചെറുതീയില്‍ ചുട്ടെടുക്കാം.വറകലം എന്നത് ഈ നാട്ടില്‍ ഞങ്ങള്‍ പറയുന്ന പേരാണു.പുട്ടിനൊക്കെ പൊടി വറുത്തെടുക്കുന്നത് ഈ വറകലത്തില്‍ ഇട്ടാണ്.അട പോലെ ആക്കിയ ചമ്മന്തി ഒരു ഇല കൂടി ചേര്‍ത്തു പൊതിയാം.ഈ മുകളിലെ ഇല കരിയുന്നതാണു പാകം.അട തിരിച്ചും മറിച്ചും ചുട്ടെടുക്കുക.
ഈ ചമ്മന്തിയുടെ സ്വാദ് ഇതു കഴിച്ചവര്‍ ആരും തന്നെ മറക്കില്ല..ഇവിടെ മഴക്കാലത്ത് ഊത്ത പിടിക്കുന്ന സമയത്ത് നല്ല പരല്‍ മീന്‍ കിട്ടും.ഈ പരല്‍ മീന്‍ ഇട്ട് ഈ ചമ്മന്തി ഉണ്ടാക്കിയാല്‍ ബഹു വിശേഷം ! പരല്‍ ഇല്ലെങ്കില്‍ നാട്ടില്‍ കിട്ടുന്ന കൊഴുവ മീനും ഉപയോഗിക്കാം.ഇല അരച്ചതില്‍ മീന്‍ കൂട്ടി ഇളക്കി ചുട്ടെടുക്കാം.എന്റെ നിര്‍ഭാഗ്യം .ഇന്നു ഇതു വഴി മീന്‍ വന്നില്ല.
നന്നായി ഉണങ്ങിയാല്‍ ഒരാഴ്ച്ച വരെ ഈ ചമ്മന്തി കേടാകാതിരിക്കും.ഒന്നു പരീക്ഷിക്കുന്നോ ???

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment