Wednesday 12 December 2012

[www.keralites.net] സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു

 

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു


സാന്‍ ഡിയാഗോ (യു.എസ്): സിത്താര്‍ തന്ത്രികളില്‍ സംഗീതവിസ്മയം വിരിയിച്ച മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ (92) അന്തരിച്ചു. ഇന്ത്യന്‍ സംഗീതത്തിന്റെ യശസ്സ് ഏഴു കടലും കടത്തി ലോകത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ഇതിഹാസമായിരുന്നു രവിശങ്കര്‍. പ്രായാധിക്യം കാരണം ഏറെനാളായി മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. 

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ലാ ജൊല്ലയിലെ സ്‌ക്രിപ്‌സ് മെമ്മോറിയല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഭാര്യ സുകന്യയ്‌ക്കൊപ്പം കാലിഫോര്‍ണിയയിലെ എന്‍സിനിറ്റാസിലായിരുന്നു അവസാനകാലത്ത് അദ്ദേഹത്തിന്റെ താമസം. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവിശങ്കറിനെ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്.

1920 ഏപ്രില്‍ ഏഴിന് വാരണാസിയിലായിരുന്നു രവീന്ദ്ര ശങ്കര്‍ ചൗധരിയെ രവിശങ്കറിന്റെ ജനനം. ജാല്‍വാറില്‍ ദിവാനായിരുന്ന ബാരിസ്റ്റര്‍ ശ്യാം ശങ്കറിന്റെ ഏഴു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു. സഹോദരന്‍ ഉദയ്ശങ്കറിന്റെ നൃത്തസംഘത്തോടൊപ്പം ചേര്‍ന്നാണ് കലായാത്ര തുടങ്ങിയത്. ക്രമേണ നൃത്തത്തോടുള്ള അഭിനിവേശം സിത്താറിനോടുള്ള പ്രണയത്തിന് വഴിമാറി. 

1938 ലാണ് സിത്താര്‍ പഠനം ആരംഭിച്ചത്. അല്ലാവുദ്ദീന്‍ ഖാനായിരുന്നു ആദ്യഗുരു. 1944 ഓടെ സിത്താര്‍ പഠനം പൂര്‍ത്തിയാക്കിയ രവിശങ്കര്‍, സംഗീതസംവിധന രംഗത്തേയ്ക്ക് തിരിഞ്ഞു. 1949 മുതല്‍ 1956 വരെ ആകാശവാണിയില്‍ സംഗീത സംവിധായകനായിരുന്നു. ഇതിനിടയില്‍ തന്നെ രവിശങ്കറിന്റെ ദൈവസ്പര്‍ശമുള്ള സംഗീതം ചലച്ചിത്രലോകത്തിന്റെ സിരകളിലേയ്ക്ക് പടര്‍ന്നു. സത്യജിത് റായിയുടെ അപുത്രയത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത് രവിശങ്കറായിരുന്നു.

1956 ലാണ് രവിശങ്കര്‍ തന്റെ പ്രസിദ്ധമായ യൂറോപ്പ്യന്‍, അമേരിക്കന്‍ യാത്ര ആരംഭിച്ചത്. യഥാര്‍ഥത്തില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ മഹാജാലകം തുറന്നിട്ടത് ആ യാത്രയിലാണ്. കച്ചേരികള്‍ അവതരിപ്പിച്ചും സിത്താര്‍ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയും ആ നാളുകളില്‍ അദ്ദേഹം നടത്തിയ പര്യടനം, ഇന്ത്യന്‍ സംഗീതത്തിന്റെ മാന്ത്രിക ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. 


ഇതിനിടെ വയലിന്‍ ഇതിഹാസം യെഹൂദി മെനുവിനും, ബീറ്റില്‍സിന്റെ ജീവനാഡി ജോര്‍ജ് ഹാരിസണുമായി കൈകോര്‍ക്കാനുള്ള സൗഭാഗ്യവും രവിശങ്കറെ തേടിയെത്തി. ലോകസംഗീതത്തിന്റെ തന്നെ അസുലഭമുഹൂര്‍ത്തങ്ങളായാണ് അ കൂട്ടിച്ചേരലുകള്‍ വിലയിരുത്തപ്പെടുന്നത്. മൂന്നു മഹാസാഗരങ്ങളുടെ സംഗമം പുതിയൊരു അനുഭവമാണ് ലോകസംഗീതത്തിന് പകര്‍ന്നുനല്‍കിയത്. 

എഴുപതുകളിലും എണ്‍പതുകളിലുമായി ലോകമെങ്ങും അങ്ങനെ ഒഴുകിപരക്കുകയായിരുന്നു രവിശങ്കറിന്റെ സിത്താര്‍ തന്ത്രികള്‍ ഉണര്‍ത്തിവിട്ട മാന്ത്രികധ്വനി. ലോകത്തിന് മുന്‍പില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാവുകയായിരുന്നു എല്ലാ അര്‍ഥത്തിലും അദ്ദേഹം. 

കാലത്തിന് തളര്‍ത്താനാവാത്ത വിരലുകള്‍കൊണ്ട് തന്നോടൊട്ടിക്കിടന്ന സിത്താറുമായി അവസാനകാലത്തും വേദികളില്‍ സജീവമായിരുന്നു രവിശങ്കര്‍. മകള്‍ അനൗഷ്‌കയ്‌ക്കൊപ്പമാണ് അദ്ദേഹം അവസാന കാലത്ത് വേദിയിലെത്തിയത്.

1986 മുതല്‍ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം നല്‍കിയാണ് രാജ്യം ഈ അതുല്ല്യപ്രതിഭയെ ആദ്യമായി ആദരിച്ചത്. 1999 ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി.

നര്‍ത്തകിയായ കമലശാസ്ത്രിയുമായി പ്രണയത്തിലായ രവിശങ്കര്‍, ഷുബേന്ദ്രയുടെ അന്നപൂര്‍ണദേവിയുമായി വേര്‍പിരിഞ്ഞു. പിന്നീട് കമലശാസ്ത്രിയുമായി പിരിഞ്ഞ രവിശങ്കര്‍, വിദേശയാത്രയ്ക്കിടെ കണ്‍സേട്ട് പ്രൊഡ്യൂസര്‍ സ്യു ജോണ്‍സുമായി അടുപ്പത്തിലായി. ആ ബന്ധത്തിലുള്ള മകളാണ് അമേരിക്കന്‍ സംഗീതജ്ഞ നോറ ജോണ്‍സ്. സ്യു ജോണ്‍സില്‍ നിന്നകന്ന പണ്ഡിറ്റ് 1989 ലാണ് സുകന്യ രാജനെ വിവാഹം കഴിച്ചത്. അതില്‍ പിറന്ന മകളാണ് സിത്താര്‍വാദക അൗഷ്‌ക ശങ്കര്‍.

Mathrubhum

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment