പത്തനംതിട്ട: ശബരിമലയിലെ ലേലവും കരാറുമൊക്കെ നിയന്ത്രിക്കുന്നത് വന്‍ തോക്കുകള്‍. തീര്‍ഥാടനം ഇവര്‍ക്ക് കോടികള്‍ മറിക്കാനുള്ള അവസരം. ദേവസ്വം ബോര്‍ഡാകട്ടെ നിസ്സഹായമായി ഇത് നോക്കിനില്‍ക്കുന്നു. ലേലംപിടിച്ച ശേഷമുള്ള മറിച്ചുവില്പന കാലങ്ങളായി നടക്കുന്നു. പ്രബലരായ അഞ്ചാറ് ഗ്രൂപ്പുകളാണ് സ്ഥിരമായി ലേലം പിടിക്കുന്നത്. പത്തുപേരോളമുള്ളതാണ് ഒരു ഗ്രൂപ്പ്. കോടികള്‍ വീതമിട്ട് ലേലം പിടിക്കാന്‍ കഴിവുള്ളവരാണിവര്‍.
ഓരോ ഇനത്തിലും പരമാവധി താഴ്ത്തി ലേലം പിടിക്കും. പുതിയ ഒരാളെ ലേലത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. ദേവസ്വം ബോര്‍ഡ് നടത്തുന്ന ലേലം രണ്ടും മൂന്നും വട്ടം മാറ്റിവയ്ക്കാറുണ്ട്. ബോര്‍ഡ് നിശ്ചയിച്ച തുകയ്ക്ക് ആരും ലേലത്തില്‍ പങ്കെടുക്കാന്‍ തയ്യാറാവില്ല. അതിനാല്‍ തുക താഴ്ത്തി നിശ്ചയിക്കും. അപ്പോഴും പങ്കെടുക്കില്ല. വീണ്ടും തുക താഴ്ത്താതെ ബോര്‍ഡിന് നിവൃത്തിയില്ലെന്നു വരും. തീര്‍ഥാടനത്തിന് ആവശ്യമായ കാര്യങ്ങള്‍ പെട്ടെന്നുതന്നെ ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ ബോര്‍ഡ് ഇതിന് നിര്‍ബന്ധിതമാവുകയാണെന്ന് ചില ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. ഇങ്ങനെയാണ് ലേലം നീണ്ടുപോകുന്നത്. ഒടുവില്‍ മത്സരസ്വഭാവമില്ലാതെ ലേലം നടക്കും.
പരമാവധി താഴ്ത്തിയാണ് ലേലം പിടിക്കുക. എന്നിട്ട് ആവശ്യക്കാര്‍ക്ക് മറിച്ചുവില്ക്കും. പലപ്പോഴും ലേലത്തില്‍ പിടിച്ചതിന്റെ ഇരട്ടി തുകയ്ക്കാണ് മറിച്ചുവില്പന. ഒരു തീര്‍ഥാടനകാലം കൊണ്ട് എത്ര പണം വേണമെങ്കിലും ഉണ്ടാക്കാമെന്ന ധൈര്യത്തില്‍, ചോദിക്കുന്ന തുക കൊടുത്ത് ആവശ്യക്കാര്‍ വാങ്ങും. ആദ്യലേലത്തില്‍ മത്സരമില്ലെങ്കിലും മറിച്ചുവില്പനയില്‍ അതല്ല സ്ഥിതി. കൂടുതല്‍ കാശ് മുടക്കുന്നവര്‍ക്ക് വില്പനാവകാശം കിട്ടും. ഇങ്ങനെ മുടക്കുന്ന പണം ഈടാക്കുന്നത് തീര്‍ഥാടകരെ പിഴിഞ്ഞുകൊണ്ടാണ്.
അരവണയും മറ്റും കൊണ്ടുപോകാന്‍ ഭക്തര്‍ വാങ്ങുന്ന തുണിസഞ്ചി വില്‍ക്കുന്നതിനുള്ള അവകാശം 35 ലക്ഷം രൂപയ്ക്കാണ് ഇക്കുറി ലേലത്തില്‍ പിടിച്ചത്. അത് മറിച്ചുവാങ്ങിയ ആള്‍ തയ്യാറാക്കിക്കൊണ്ടുവന്ന സഞ്ചി ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്ന അളവിലായിരുന്നില്ല. ഇത് പ്രശ്‌നമായതിനെത്തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുകയാണ്.
mathrubhumi
No comments:
Post a Comment