Wednesday, 21 November 2012

[www.keralites.net] വാക്കിലൊതുങ്ങാത്ത സ്‌നേഹം...സലിം കുമാര്‍

 

വാക്കിലൊതുങ്ങാത്ത സ്‌നേഹം...


Fun & Info @ Keralites.net

പ്രകൃതിസ്‌നേഹം വാചകങ്ങളില്‍ മാത്രം ഒതുക്കുന്ന കലാകാരന്മാരില്‍ സലിം കുമാറിന്റെ പേരുണ്ടാവില്ല. സ്വന്തം മക്കളെപ്പോലെ കൃഷിയെ സ്‌നേഹിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് സലിം കുമാര്‍. മണ്‍മറഞ്ഞു പോകുന്ന പൊക്കാളി നെല്‍വിത്തുകള്‍ക്ക് വേണ്ടി തയാറാക്കിയ ഡോക്യുമെന്ററിക്ക് വേണ്ട പരിഗണന ലഭിക്കാതെ വന്നപ്പോള്‍ ഒരു പിതാവിനെപ്പോലെ പ്രതികരിക്കാന്‍ സലിം കുമാറെന്ന വ്യക്തിക്കു കഴിഞ്ഞതും ആ സ്‌നേഹം കൊണ്ടാണ്.

''വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല''...

സലിം കുമാറെന്ന നടന്റെ ജീവിതവും ഈ പാട്ടു പോലെയാണ്. ആരും തിരിച്ചറിയാതെ പവിഴപ്പുറ്റില്‍ ഒളിച്ചു കിടന്ന മാണിക്യം. കഥയ്ക്കനുയോജ്യമായ രീതിയില്‍ ചലനങ്ങളെയും ഭാവങ്ങളെയും രൂപത്തെയും മാറ്റാന്‍ കഴിവുണ്ടെന്ന് തെളിയിച്ച നടന്‍. ഓരോ നിമിഷവും ആസ്വാദ്യകരമായി ജീവിച്ചു തീര്‍ക്കുന്ന സലിം കുമാറിപ്പോള്‍ പത്രവാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. തനിക്ക് ശരിയല്ലെന്നു തോന്നിയ കാര്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കാതെ തുറന്നടിച്ചതാണ് പത്രത്താളുകളില്‍ സലിം കുമാറിന്റെ പേരു നിറയാനുള്ള കാരണം. പുതിയ വിവാദവും അതിനെക്കുറിച്ചുള്ള തുറന്നു പറച്ചിലും അടങ്ങിയ സലീം കുമാറിന്റെ സംഭാഷണത്തിലേക്ക്...

ആദ്യത്തെ ഡോക്യുമെന്ററി വിവാദങ്ങളുടെ പട്ടികയിലേക്ക് എത്തിപ്പെട്ടപ്പോള്‍ ...?

വിവാദമാക്കാനായി പ്രത്യേകിച്ച് ഞാനൊന്നും പറഞ്ഞില്ല. എനിക്കു ശരിയല്ലെന്നു തോന്നിയ കാര്യങ്ങളെക്കുറിച്ചു പ്രതികരിച്ചു, അത്ര മാത്രം. നമ്മുടെ ജീവിതത്തെ ബാധിക്കുന്ന സംഭവം വരുമ്പോഴാണല്ലോ അതിനു പിന്നിലെന്താണെന്നന്വേഷിക്കുന്നത്. അങ്ങനെ അന്വേഷിച്ചപ്പോഴാണ് ഈ ഡോക്യുമെന്ററി ജൂറിയുടെ മുന്നില്‍ എത്തിയിട്ടു പോലുമില്ലെന്ന സത്യമറിയുന്നത്. അവാര്‍ഡ് കിട്ടുന്നതോ കിട്ടാതിരിക്കുന്നതോ അല്ലായിരുന്നു എന്റെ പ്രശ്‌നം. തൂക്കിക്കൊല്ലേണ്ട പ്രതിയാണെങ്കില്‍ പോലും ആ ആളിനെ കോടതിക്ക് മുന്നില്‍ ഹാജരാക്കേണ്ട ബാധ്യതയുണ്ടല്ലോ. സദ്ദാം ഹുസൈനെപോലും ഒരു കോടതിക്കു മുന്നില്‍ എത്തിച്ചിരുന്നു. അതുപോലെ തന്നെ എന്റെ ഡോക്യുമെന്ററിയും ജൂറിക്കു മുന്നില്‍ എത്തിയില്ല എന്നതു മാത്രമായിരുന്നു പ്രശ്‌നം. അതിനെപ്പറ്റി മാത്രമാണ് ഞാന്‍ സംസാരിച്ചത്. നശിച്ചു കൊണ്ടിരിക്കുന്ന പൊക്കാളി എന്ന നെല്‍വിത്തിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. അല്ലാതെ അവാര്‍ഡല്ല. എല്ലാക്കാര്യത്തിനും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു കുടുംബമുള്ളതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. കൃഷിപ്പണിയില്‍ ഏറെ സഹായിക്കുന്നത് ഭാര്യയും കുട്ടികളുമാണ്. വിവാദങ്ങളുടെ സമയത്തും അവരെനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.

കൃഷിയോട് താത്പര്യം തോന്നിയത് ?

കൃഷിയോട് താത്പര്യമുള്ള അന്തരീക്ഷത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അതുകൊണ്ട് ചെറുപ്പം മുതലേ കൃഷി ചെയ്യാനിഷ്ടമായിരുന്നു. അന്നു മുതലേ പ്രകൃതിയോട് ഇണങ്ങി ജീവിക്കാനായിരുന്നു താത്പര്യം. പത്തു പതിനാല് വര്‍ഷത്തിനു മുന്‍പ് എന്റെ നാട്ടില്‍ കൃഷി ചെയ്തിരുന്നത് കൊണ്ട് പൊക്കാളിയെപ്പറ്റി നന്നായിട്ടറിയാം. ഇപ്പോഴും ഈ കൃഷി അവിടെയുണ്ട്. ഒരു പ്രായമെത്തിയപ്പോള്‍ കൃഷിയോടൊപ്പം കോഴി വളര്‍ത്തലും, കാട വളര്‍ത്തലും മറ്റും ചെയ്തിരുന്നു. സിനിമയിലേക്കു തിരിഞ്ഞപ്പോള്‍ ഇതൊക്കെ മറ്റു പലരേയും ഏല്‍പ്പിക്കേണ്ടി വന്നു. പക്ഷേ അവര്‍ക്ക് ഉത്തരവാദിത്തം കാണില്ല. അതു കൊണ്ടാണ് വളര്‍ത്തുമൃഗങ്ങളെ വേണ്ട എന്നു വച്ചത്. തീറ്റ തന്നില്ലെന്ന് കോഴികള്‍ പരാതി പറയില്ലല്ലോ? കല്ലുവെട്ടുന്നതു പോലെയോ കൂലിപ്പണി പോലെയോ വരുമാനത്തിനു വേണ്ടി മാത്രം ചെയ്യേണ്ടതല്ല കൃഷി. സ്വന്തം മക്കളെ പോലെ ഒരു കരുതലും ശ്രദ്ധയും ഇതിനാവശ്യമാണ്. അതിനെ സ്‌നേഹിക്കുന്നവര്‍ക്കേ കൃഷി ചെയ്യാന്‍ കഴിയൂ. കൃഷിയെ ശ്രദ്ധിച്ച് കൂടെ തന്നെയുണ്ടാവണം. ഇപ്പോഴും ഞാന്‍ പൊക്കാളി കൃഷി ചെയ്യുന്നുണ്ട്.

കൃഷി ഉത്പന്നത്തെക്കുറിച്ച് ഡോക്യുമെന്ററി എടുക്കാനുള്ള കാരണം...?

കൃഷി ചെയ്യാന്‍ എനിക്കുള്ള താത്പര്യമാണ് ആദ്യത്തെ കാരണം. മറ്റൊന്ന് പൊക്കാളി എന്ന വിത്തിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഈ നെല്ലിന്റെ പ്രാധാന്യം ലോകത്തിനറിയില്ല. അമേരിക്കയും മറ്റ് വിദേശ രാജ്യങ്ങളും ഇത്തരം നെല്‍വിത്തുകളുടെ പേറ്റന്റ് കൊണ്ടു പോയ ശേഷം കരഞ്ഞിട്ടു കാര്യമില്ലല്ലോ.

പൊക്കാളി എന്ന നെല്‍വിത്തും നശിച്ചു കൊണ്ടിരിക്കുകയാണ്. പൂര്‍ണ്ണമായും നശിച്ചു പോകും മുന്‍പ് ആളുകള്‍ അതിനെക്കുറിച്ച് അറിയണം. ഇപ്പോള്‍ തന്നെ ഷവര്‍മ്മ കഴിച്ച് ഒരാള്‍ മരിച്ചപ്പോഴാണ് അതിനെപ്പറ്റിയുള്ള അന്വേഷണം തുടങ്ങിയത്. സിനിമയില്‍ എല്ലാം കഴിഞ്ഞു പൊലീസ് എത്തുന്നതുപോലെ, ബലിയാടായിക്കഴിഞ്ഞ ശേഷം അന്വേഷിക്കുക എന്നതാണ് നമ്മുടെ രീതി. എല്ലാത്തിനും ഒരു രക്തസാക്ഷി വേണം. അതിനു മുന്‍പുള്ള ബോധവത്കരണം പലരും മറക്കുന്നു. ഒരു ജീവന്‍ നഷ്ടപ്പെടുന്ന പോലെയല്ലെങ്കിലും കേരളത്തെ പോലെ പ്രകൃതിയുടെ വരദാനമുള്ള സ്ഥലങ്ങളില്‍ കൃഷി ഉത്പന്നങ്ങള്‍ക്കും അത്ര തന്നെ പ്രാധാന്യമുണ്ട്. ഭൂലോകത്തു നിന്നും തന്നെ പൊക്കാളി എന്ന നെല്‍വിത്ത്അപ്രത്യക്ഷമാകുന്നതിനു മുന്‍പ് എന്നെക്കൊണ്ടാവും വിധം ഇതിന്റെ പ്രാധാന്യം ലോകം അറിയണമെന്നു തോന്നി.

പൊക്കാളിക്കുള്ള പ്രത്യേകതകള്‍ ?

ഈ നെല്‍വിത്ത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കൃഷി ചെയ്തിരുന്നതാണ്. പ്രധാനമായും ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലായിരുന്നു കൃഷി. തീരദേശങ്ങളോട് ചേര്‍ന്നു, കറുത്ത ചെളി നിറഞ്ഞ പാടങ്ങളിലാണ് ഇത് സാധാരണ കൃഷി ചെയ്യുന്നത്. രാസവളമോ കീടനാശിനികളോ ആവശ്യമില്ലാതെ, പ്രകൃതിയില്‍ നിന്നും വലിച്ചെടുക്കുന്ന വളങ്ങളാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. ലവണാംശം കലര്‍ന്ന പ്രദേശത്താണ് ഇതിന്റെ കൃഷി നടത്തുന്നത്. കീടങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഈ നെല്‍വിത്തിനുണ്ട്. പാടം ശരിയാക്കുക , വിത്തിടുക, കൊയ്യുക എന്നിങ്ങനെ ചുരുക്കം ചില ജോലികളെ മനുഷ്യര്‍ക്ക് വരുന്നുള്ളു. ജൂണ്‍ ജൂലൈ മാസങ്ങളില്‍ പെയ്യുന്ന മഴ മണ്ണിന്റെ ലവണാംശം മുഴുവന്‍ കഴുകിക്കളയും. അതുകൊണ്ട് ഒറ്റത്തവണ മാത്രമാണ് കൃഷി ഇറക്കുക. വെള്ളത്തില്‍ ഉപ്പിന്റെ അംശം വന്നാല്‍പ്പിന്നെ അവിടെ കൃഷി നടക്കില്ല. ഇങ്ങനെ നെല്‍വിത്തിനെ സംരക്ഷിക്കുന്ന ചുമതല മുഴുവന്‍ പ്രകൃതിക്കാണ്.

ഇതിന്റെ ചോറിനു നല്ല സ്വാദാണ്. മാത്രമല്ല കോളറ എന്ന അസുഖം മാറാന്‍ വേണ്ടി പണ്ട് പൊക്കാളി അരിയുടെ കഞ്ഞിവെള്ളം കൊടുത്തിരുന്നു. അന്നൊക്കെ പൊക്കാളി വികസന സംഘം വഴി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പൊക്കാളി അരി എത്തിയിരുന്നു. പന്ത്രണ്ട് മാസവും കിട്ടുന്നതല്ലാത്തതു കൊണ്ട് ഇതിന്റെ ഔഷധഗുണം മനസ്സിലാക്കി അന്നുള്ളവര്‍ ഇതിനെ വികസിപ്പിച്ചിരുന്നു.

പൊക്കാളിയെ ഇന്നത്തെ സമൂഹം പ്രോത്സാഹിപ്പിക്കാത്തതിന്റെ കാരണം ?

മുപ്പത്തിരണ്ടായിരം ഹെക്ടറില്‍ രണ്ടായിരം ഹെക്ടര്‍ മാത്രമാണ് ഇപ്പോള്‍ കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്നത്. ബാക്കി ഭൂമി തരിശാണ്. കൃഷിക്ക് ആളിനെ കിട്ടാതെ വരുമ്പോള്‍ മലയാളികള്‍ക്ക് കൃഷിയോടുള്ള സമീപനം മാറുന്നു. മനുഷാധ്വാനം കൊണ്ട് മാത്രം സാധ്യമാകുന്ന ഒരു കൃഷി സംവിധാനമാണിത്. പാടം ഒരുക്കുന്നതു മുതല്‍ കൊയ്യുന്നതു വരെയുള്ള എല്ലാം മനുഷ്യര്‍ തന്നെ ചെയ്യണം. ഈ പാടങ്ങളില്‍ കൃത്രിമ ഉപകരണങ്ങളെ ആശ്രയിക്കാന്‍ കഴിയില്ല. ചെളി നിറഞ്ഞ പാടമായതു കൊണ്ട് ഉപകരണങ്ങള്‍ താഴ്ന്നു പോകാനുള്ള സാധ്യതയുണ്ട്. കുട്ടനാട്ടില്‍ കൊയ്ത്തു,മെതി യന്ത്രങ്ങളുണ്ട്. എന്നാല്‍ പൊക്കാളിയെക്കുറിച്ച് അവബോധമുള്ള ആളുകള്‍ വരാത്തതു കൊണ്ടാവാം ഈ നെല്‍വിത്തിനെ സഹായിക്കുന്ന യന്ത്രങ്ങള്‍ കണ്ടുപിടിച്ചിട്ടില്ല. അതുമാത്രമല്ല ആളുകള്‍ക്ക് വെയിലു കൊണ്ട് പണി ചെയ്യുന്നത് ഇഷ്ടമല്ല. പഴയ കാഴ്ചപ്പാട് മാറി ഐ.ടി., ടൂറിസം എന്നിവയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഫാം ടൂറിസത്തിനു വേണ്ടി കൃഷി ചെയ്യുന്നതിനോടാണ് പലര്‍ക്കും താത്പര്യം. ഇതുകൊണ്ടൊക്കെയാവാം ആളുകള്‍ പിന്‍വലിയുന്നത്.

ഈ പിന്‍വലിയല്‍ ഭാവിതലമുറയെ ഇരുട്ടിലാക്കില്ലേ ?

തീര്‍ച്ചയായും. കൃഷി ചെയ്യാനുള്ള സാഹചര്യം ഉണ്ടായിട്ടു പോലും ആളുകള്‍ അതിനു വേണ്ടി പരിശ്രമിക്കുന്നില്ല. കഴിക്കാനുള്ള നെല്ലിന്റെ 70% അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്നു. ഈ വിത്താകട്ടെ കീടനാശിനി അടിച്ചാണ് നമുക്കു മുന്നിലെത്തുന്നത്. ഇങ്ങനെയാണ് മലയാളികളുടെ കൃഷിയോടുള്ള സമീപനമെങ്കില്‍ കൈയ്യില്‍ കാശു വച്ചിട്ട് നാളെ പട്ടിണി കിടക്കേണ്ടി വരും. ആന്ധ്രാപ്രദേശോ തമിഴ്‌നാടോ നമുക്കു മുന്നില്‍ വാതിലടച്ചാല്‍ ഭക്ഷണത്തിനു വേണ്ടി അലയുക തന്നെ ചെയ്യും.

കേരളത്തിലെ ജനങ്ങളുടെ കൈയില്‍ പണമുണ്ട്. പക്ഷേ കൈയിലുള്ള കാശു വച്ച് അത് പുഴുങ്ങി തിന്നാന്‍ പറ്റില്ലല്ലോ. ഒരു അറ്റത്ത് കിടക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. കൈ നിറയെ കാശും വച്ച് ഒരു ദ്വീപില്‍ കിടക്കുന്ന അവസ്ഥ നാളെ ഉണ്ടാവും. ഇന്നത്തെ തലമുറ തന്നെ കൃഷിയെ വെറുത്തു കഴിഞ്ഞു. അപ്പോള്‍ വരും തലമുറയുടെ അവസ്ഥ ഇതിലും പരിതാപകരമാകില്ലേ? ഇപ്പോഴുള്ള കാഴ്ചപ്പാട് മാറിയില്ലെങ്കില്‍ കുറെ കാലം കഴിഞ്ഞ് നമ്മള്‍ അനുഭവിക്കേണ്ടി വരും.

കര്‍ഷക ആത്മഹത്യയും ഒരു കാരണമല്ലേ?

വേറെ വഴി കാണാതെ വരുമ്പോഴാണല്ലോ ആത്മഹത്യ എന്ന വഴി സ്വീകരിക്കുന്നത്. അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കര്‍ഷകരുടെ കാര്യവും കഷ്ടം തന്നെയാണ്. പാലക്കാട്, കോട്ടയം, ഇടുക്കി എന്നീ സ്ഥലങ്ങളില്‍ നമ്മള്‍ കൃഷി ചെയ്യുന്ന കാര്‍ഷികോത്പന്നങ്ങളാണ് തമിഴ്‌നാട് വാങ്ങി വന്‍വിലയ്ക്ക് നമുക്കു തന്നെ തിരിച്ചു വില്‍ക്കുന്നത്. രണ്ടു വര്‍ഷത്തേക്ക് തങ്ങള്‍ക്ക് മാത്രമേ തരാന്‍ പാടുള്ളു എന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ അവര്‍ കരാര്‍ വയ്ക്കുന്നു. ആ കാലത്ത് മറ്റാര്‍ക്കും വില്‍ക്കാന്‍ കഴിയില്ല. മാത്രവുമല്ല മാര്‍ക്കറ്റും കിട്ടില്ല. അവരത് വാങ്ങിയില്ലെങ്കില്‍ വേറെയാരും വാങ്ങാതെ ചീഞ്ഞു പോകുന്ന അവസ്ഥ വരുമ്പോള്‍ അവരു പറയുന്ന നിസ്സാര വിലയ്ക്ക് കൊടുക്കാന്‍ തയാറാകുന്നു.

അതിര്‍ത്തി കടത്തുന്ന കൃഷി ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം നികുതിയില്ല. തിരിച്ച് ഇവിടെയെത്തുമ്പോള്‍ ഇടനിലക്കാരനു വില കൂട്ടി വില്‍ക്കാം. അപ്പോള്‍ പിന്നെ കര്‍ഷകര്‍ക്ക് എന്തു ലാഭം കിട്ടാനാണ്. ഉപഭോക്താവിനും ഉത്പാദകനും ഇടയില്‍ ഇടനിലക്കാരനായി സര്‍ക്കാര്‍ നിന്നാല്‍ കര്‍ഷകര്‍ക്ക് നല്ല വില കിട്ടും. എന്നാല്‍ സര്‍ക്കാരിന്റെ കാര്യം രസമാണ്. ആശ്രിതരെ സഹായിക്കാന്‍ വേണ്ടി മാത്രം, കര്‍ഷകര്‍ ആത്മഹത്യ ചെയ്യാന്‍ കാത്തിരിക്കും.

ഗവണ്‍മെന്റിന്റെ ഇടപെടലുകള്‍ ...?

ലെഫ്റ്റ് റൈറ്റ് എന്ന രീതിയില്‍ പോകുന്ന സര്‍ക്കാരും ഒരു പരിധി വരെ ഇതിനു കാരണമാണ്. മാറി മാറി വരുന്ന മുന്നണിയും സര്‍ക്കാറും സബ്‌സിഡിയും ഗ്രാന്റും കൊടുക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. സബ്‌സിഡി വാങ്ങാന്‍ വേണ്ടി കൃഷി ചെയ്യുന്നവരാണ് അധികവും. പിന്നെ കുറെ നല്ല അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരുണ്ട്. അവര്‍ക്ക് പക്ഷേ പരിമിതികളുള്ളതിനാല്‍ അവര്‍ക്കും പലതും ചെയ്യാനാവില്ല. സബ്‌സിഡി വഴി സര്‍ക്കാറിന്റെ കാശു പോകുമെന്നല്ലാതെ ഉത്പാദനം കൂടുന്നില്ല. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള ചുറ്റുപാട് ഒരുക്കികൊടുക്കുകയാണെങ്കില്‍ അതാവും ഏറ്റവും നല്ലത്. ഇവിടെ നിന്നും കൊണ്ടുപോകുന്ന സാധനമാണ് വന്‍വിലയ്ക്ക് നമുക്ക് വില്‍ക്കുന്നത്. ഇടനിലക്കാരനായി നിന്നു കൊണ്ട് ഇഷ്ടമുള്ളവര്‍ക്ക് വില്‍ക്കാമെന്ന നിയമം കൊണ്ടു വരുകയാണെങ്കില്‍ എല്ലാം മാറും.

കൃഷിക്കാരനായ താരത്തിന്റെ വിശേഷങ്ങള്‍ ?


പ്രത്യേകിച്ച് ഒന്നുമില്ല. പൊക്കാളി എന്ന നെല്‍വിത്തിന്റെ ഡോക്യുമെന്ററി കണ്ടിട്ടുള്ളവരെങ്കിലും കൃത്രിമത്വം കുറവുള്ള ആ നെല്‍വിത്തിനെ പ്രോത്സാഹിപ്പിക്കണം. പിന്നെ സിനിമാവിശേഷങ്ങളില്‍ പുതിയത് നായകവേഷത്തിലുള്ള ഒരു സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നു എന്നതാണ്. മിക്കവാറും സെപ്തംബര്‍ അവസാനത്തോടെ സിനിമ തുടങ്ങിയേക്കും.

സലിം കുമാറിന്റെ വ്യത്യസ്തത നിറഞ്ഞ അഭിരുചികള്‍ക്കും അഭിനയവേഷങ്ങള്‍ക്കുമായി നമുക്കും കാത്തിരിക്കാം...

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment