സംസ്ഥാനത്തെ കര്‍ഷക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 14.32 ലക്ഷം പേരാണ് കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. കൃഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. എല്ലാത്തരം സബ്‌സിഡികളും പണമായി ഇവരുടെ ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ ലഭിക്കൂ.
കാര്‍ഷിക സബ്‌സിഡി അനര്‍ഹരിലെത്തുന്നത് തടഞ്ഞ് സബ്‌സിഡിച്ചെലവ് കുറയ്ക്കാനാണ് സര്‍ക്കാര്‍ കര്‍ഷക രജിസ്‌ട്രേഷന്‍ തുടങ്ങിയത്. നവംബര്‍ 16 ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. സംസ്ഥാനത്തൊട്ടാകെ 14,32,786 പേരാണ് രജിസ്റ്റര്‍ ചെയ്തത്. തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍-1,59,958 പേര്‍. കോഴിക്കോടാണ് രണ്ടാമത്- 1,54,413 പേര്‍. 1,25,952 പേര്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂര്‍ ജില്ല മൂന്നാമതാണ്. നെല്‍കൃഷി കൂടുതലുണ്ടെങ്കിലും പാലക്കാട് ജില്ല നാലാം സ്ഥാനത്താണ്. പത്തനംതിട്ടയും (62,604) കോട്ടയവുമാണ് (65,305) ഏറ്റവും പിന്നില്‍.
രജിസ്‌ട്രേഷന് പലവട്ടം സര്‍ക്കാര്‍ തീയതി നീട്ടിനല്‍കിയിരുന്നു. ഇനിയും അവസരം നല്‍കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞത്. എന്നാല്‍ പരാതികളുയര്‍ന്നാല്‍ ഇനിയും അവസരം നല്‍കേണ്ടിവരും. രജിസ്‌ട്രേഷന്‍ സ്ഥിരം സംവിധാനമാക്കിയില്ലെങ്കില്‍ കൃഷിഭൂമിക്ക് പുതുതായി അവകാശികളാവുന്നവരെ ഉള്‍പ്പെടുത്താനാവാതെ വരും.
രജിസ്‌ട്രേഷന്റെ ഭാഗമായി കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ട്, വായ്പാവിവരങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ശേഖരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ കൃഷിക്കാണോ വായ്പയെടുത്തത് എന്നു മനസ്സിലാക്കാനാണ് വായ്പാവിവരങ്ങള്‍ ശേഖരിച്ചത്. കര്‍ഷക ആത്മഹത്യാക്കേസുകളില്‍ ഇനി നഷ്ടപരിഹാരം തീരുമാനിക്കുന്നത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.
കര്‍ഷകര്‍ നല്‍കിയ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ച് പ്രത്യേക വിവര സഞ്ചയത്തിന് രൂപം നല്‍കും. ഇത് സംസ്ഥാനാടിസ്ഥാനത്തില്‍ കൃഷിഭവനുകളില്‍ ലഭ്യമാക്കുന്നതോടെ ആര്‍ക്കൊക്കെ സബ്‌സിഡി നല്‍കുന്നുവെന്ന ക്രോഡീകരിച്ച കണക്ക് കൃഷിവകുപ്പിന് ലഭിക്കും. ഇതുവരെ ഇത്രകോടി രൂപ സബ്‌സിഡിക്ക് നീക്കിവെയ്ക്കുന്നുവെന്നല്ലാതെ അത് ആര്‍ക്കൊക്കെ ലഭിച്ചുവെന്നതിന് കണക്കുണ്ടായിരുന്നില്ല. ഒരാള്‍ തന്നെ ഒന്നിലധികം കൃഷികള്‍ക്ക് ഒരേസമയം സബ്‌സിഡി കൈപ്പറ്റുന്നതും കൃഷിക്കാരുടെ പേരില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സബ്‌സിഡി എഴുതിയെടുക്കുന്നതും ഇതോടെ നിയന്ത്രിക്കാനാവുമെന്ന് കൃഷിവകുപ്പ് കരുതുന്നു.
അര്‍ഹരായ കര്‍ഷകര്‍ക്ക് മാസംതോറും 400 രൂപ ഇപ്പോള്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. ഇത് ഇപ്പോള്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുന്നത്. കൂട്ടുകൃഷി സംഘങ്ങള്‍ക്കുള്ള സബ്‌സിഡിയും ഇത്തരത്തില്‍ നല്‍കിത്തുടങ്ങി. ഇതിനുപുറമെ എല്ലാത്തരം സബ്‌സിഡികളും ഇനി അക്കൗണ്ടിലേക്ക് നല്‍കും. നടീല്‍വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പണവും അക്കൗണ്ടില്‍ നല്‍കും. എന്നാല്‍ ഉപകരണങ്ങള്‍ക്കുള്ള സബ്‌സിഡി അത് ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരിട്ട് നല്‍കും.
വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍
തിരുവനന്തപുരം -- 83,764
കൊല്ലം -- 1,06,765
പത്തനംതിട്ട --62,604
ആലപ്പുഴ --1,00,388
കോട്ടയം --65,305
ഇടുക്കി --86,086
എറണാകുളം -- 67,497
തൃശ്ശൂര്‍ -- 1,59,958
പാലക്കാട് --1,22,590
മലപ്പുറം --1,11,029
കോഴിക്കോട് --1,54,413
കണ്ണൂര്‍ --1,25,952
വയനാട് --1,05,010
കാസര്‍കോട് --81,425
No comments:
Post a Comment