| | കൊച്ചി: വിവാദങ്ങളും പ്രതീക്ഷകളും നിറഞ്ഞ എമെര്‍ജിംഗ് കേരളയ്‌ക്ക് നാളെ തിരിതെളിയും. കൊച്ചി ലേ-മെറിഡിയന്‍ ഹോട്ടലിലാണ് ഇതുമായി ബന്ധപ്പെട്ട സെമിനാറുകളും ബിസിനസ് മീറ്റുകളും നടത്തുക. നാളെ ഉച്ചക്ക് 12.22ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് എമെര്‍ജിംഗ് കേരളയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിന്റെ അധ്യക്ഷതയില്‍ 11.45ന് ആരംഭിക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. 52 രാജ്യങ്ങളില്‍നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം പ്രതിനിധികളാണ് എമെര്‍ജിംഗ് കേരളയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തുക. കാനഡിയില്‍നിന്നാണ് കൂടുതല്‍പേരെത്തുന്നത്-52 പേര്‍. ചൈന- 23, യു.എസ്.എ-15, ജപ്പാന്‍-12, ജര്‍മനി-5 എന്നിങ്ങനെ പോകുന്നു പ്രധാന രാജ്യങ്ങളുടെ പ്രതിനിധിസംഘത്തിന്റെ അംഗസംഖ്യ. യൂറോപ്പ്, യു.കെ, നെതര്‍ലന്റ്, പെറു തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഔപചാരിക ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. വിദ്യാഭ്യാസം, ടെക്‌സ്റ്റൈല്‍സ്, നിര്‍മാണമേഖല തുടങ്ങിയ സെക്ഷനുകളിലാണ് കാനഡിയില്‍നിന്നുള്ള പ്രതിനിധിസംഘം ചര്‍ച്ച നടത്തുക. ബയോ ടെക്‌നേളജി, കൃഷി അധിഷ്‌ഠിത വ്യവസായം, ബയോ ടെക്‌നോളജി, ടൂറിസം തുടങ്ങിയ മേഖലകളില്‍ ചൈനയും ഐ.ടി, എന്‍ജിനീയറിംഗ്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകളില്‍ യു.കെയും ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലി കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ യു.എസ്.എയും നോളജ്‌ഡ്, ഐ.ടി, ടൂറിസം, വാട്ടര്‍ ആന്‍ഡ് വേസ്‌റ്റ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, പുനരാവിഷ്‌കൃത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഓസ്‌ട്രേലിയയും ഹൈസ്‌പീഡ് ട്രെയിന്‍ കോറിഡോര്‍ പ്രൊജക്‌ട്, ഊര്‍ജം-ഗ്യാസ് ഉല്‍പ്പാദനമേഖല തുടങ്ങിയവയില്‍ ജപ്പാനും നിക്ഷേപം ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായികള്‍ മാത്രമല്ല, നയതന്ത്രജ്‌ഞരും ഉദ്യോഗസ്‌ഥരും തുടങ്ങി വിവിധ തലങ്ങളിലുള്ളവരും ചര്‍ച്ചയില്‍ പങ്കെടുക്കും. |
No comments:
Post a Comment