നായകള്‍ക്ക് വെട്ടേറ്റ സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം
അരീക്കോട്: ഒരുപ്രദേശത്തെ വളര്‍ത്തുനായകള്‍ക്കും തെരുവുനായകള്‍ക്കും മുറിവേല്‍ക്കുന്നത് പോലീസിന്റെ പ്രത്യേകസംഘം അന്വേഷിക്കുന്നു.
കീഴുപറമ്പ്-ചെറുവാടി റോഡില്‍ കോഴിക്കോട് ജില്ലയോട് ചേര്‍ന്നുകിടക്കുന്ന പഴംപറമ്പ്, കാരാളിപ്പറമ്പ് ഭാഗങ്ങളിലാണ് സംഭവം. മൂര്‍ച്ചയുള്ള ആയുധങ്ങള്‍കൊണ്ട് വെട്ടേറ്റാണ് മുറിവുണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വളര്‍ത്തുനായകളില്‍ കാരാളിപ്പറമ്പിലെ കളരിക്കല്‍ മഹേന്ദ്രന്റെ നായക്കാണ് ആദ്യമായി മുറിവ് കണ്ടത്. മാസങ്ങള്‍ക്കുമുമ്പാണ് നായയുടെ കഴുത്തില്‍ മുറിവ് കണ്ടത്. തുടര്‍ന്ന് ചികിത്സിച്ച് ഭേദമാക്കിയെങ്കിലും രണ്ടാഴ്ചമുമ്പ് ഇതേ നായയുടെ തലയ്ക്ക് വീണ്ടും വെട്ടേറ്റു. തലയ്ക്ക് ആഴത്തിലേറ്റ മുറിവിന് ചികിത്സ ഫലിക്കാതെ നായ നരകിച്ചപ്പോള്‍ വീട്ടുകാര്‍ ഇതിനെ കൊന്ന് കുഴിച്ചിടുകയാണുണ്ടായത്.
ഒരാഴ്ചമുമ്പ് മഹേന്ദ്രന്റെ സഹോദരന്‍ ജയമോഹന്റെ നായയുടെ കഴുത്തിലും സമാനരീതിയില്‍ വെട്ടേറ്റു.
ഇവരുടെ അമ്മാവന്‍ പൂപറമ്പന്‍ അനീഷിന്റെ വളര്‍ത്തുനായയ്ക്കും ഒരാഴ്ചമുമ്പാണ് വെട്ടേറ്റത്. മുറിവ് വ്രണമായി ഈ നായയും ചാവുകയായിരുന്നു.
ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ ഈ ഭാഗത്ത് ധാരാളം തെരുവുനായകളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ അടുത്തകാലത്തായി ഇവയുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടത്രെ. ഉള്ളവയില്‍ പലതിന്റെയും കഴുത്തിലും തലയിലും മുറിവുകളാണെന്നും പറയുന്നു.
മലപ്പുറം ഡിവൈ.എസ്.പി എസ്. അഭിലാഷ്, മഞ്ചേരി സി.ഐയുടെ ചുമതലയുള്ള മലപ്പുറം സി.ഐ ടി.ബി. വിജയന്‍, അരീക്കോട് എസ്.ഐ ടി. മനോഹരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ചൊവ്വാഴ്ച വൈകുന്നേരം പ്രദേശത്തെത്തി വെട്ടേറ്റ നായകളുടെ ഉടമസ്ഥരുമായും നാട്ടുകാരുമായും സംസാരിച്ചു.
കുനിയില്‍ നടുപ്പാട്ടില്‍ അതീഖ്‌റഹ്മാന്‍ വധിക്കപ്പെടുകയും ഇതിന്റെ പ്രതികാരമെന്നോണം കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ ആസാദ് എന്നിവര്‍ വധിക്കപ്പെടുകയുംചെയ്ത സാഹചര്യത്തില്‍ കുനിയില്‍, കീഴുപറമ്പ് പ്രദേശം പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. ഇതിനിടയിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ഏതെങ്കിലും തീവ്രവാദഗ്രൂപ്പുകള്‍ അവസരം മുതലെടുക്കുകയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
നായകളുടെ കഴുത്തിലെ മുറിവ് വ്രണമായ സാഹചര്യത്തില്‍ അത് ആയുധംകൊണ്ടുണ്ടായതാണോ ആണെങ്കില്‍ ഏതുതരം ആയുധം എന്ന് പറയാന്‍ പോലീസിന് സാധിക്കുന്നില്ല. മുറിവേറ്റ നായയെ ബുധനാഴ്ച പോലീസ് സര്‍ജനെക്കൊണ്ട് പരിശോധിപ്പിക്കും.
No comments:
Post a Comment