ചുംബനത്തിന്റെ ആഗോളവല്‍ക്കരണം
മുരളി തുമ്മാരുകുടി
'ഞാനല്പം ടെന്‍ഷനിലാണ്..'
'എന്തു പറ്റി ചേട്ടാ..'
'എന്റെ സുഹൃത്ത് പ്രകാശ് ബാരെയുടെ 'ഇവന്‍ മേഘരൂപന്‍ ' റിലീസ് ചെയ്യുകയാണ്...'
'അതിന് ചേട്ടനെന്തിനാ ടെന്‍ഷന്‍, കാശു വല്ലതും മുടക്കിയിട്ടുണ്ടോ?'
'കഴിഞ്ഞ തവണത്തെ അവന്റെ സൂഫി പടത്തില്‍ അവന്‍ നായികയെ പൊക്കിയെടുക്കുന്ന ഒരു രംഗമുണ്ട്.'
'അതിന്..?'
'അതുകണ്ട എന്റെ ഭാര്യക്ക് ഒരാഗ്രഹം ഞാനും അവളെ ഒന്നു എടുത്തു പൊക്കണമെന്ന്.. ഈ സിനിമ ആളുകളെ വഴിതെറ്റിക്കും എന്നു പറയുന്നത് നേരാ...'
വയസ്സുകാലത്ത് പൊക്കാന്‍ നോക്കിയാലെന്റെ നടുവൊടിയും എന്നു പറഞ്ഞ് ഞാന്‍ ഒഴിയാന്‍ നോക്കി.
'എന്ത് വയസ്സ്, പ്രകാശ് നിങ്ങളുടെ ക്ലാസ്‌മേറ്റ് ആണെന്നല്ലേ പറഞ്ഞത്...?'
'അതിന് പ്രകാശ് പൊക്കിയെടുത്തത് ഭാര്യയെയല്ല, ശര്‍ബാനി മുഖര്‍ജിയെ ആണെന്ന്' മനസ്സില്‍ പറഞ്ഞു. പക്ഷെ സത്യം അപൂര്‍വവും ദുര്‍ലഭവും ആയതിനാല്‍ എപ്പോഴും എടുത്തുപയോഗിക്കരുതെന്നാണ് ഡിപ്പോമസിയിലെ ആദ്യ പാഠം. അതുകൊണ്ട് അതൊക്കെ ചുമ്മാ ക്യാമറാ ടെക്‌നിക് അല്ലേ എന്നു പറഞ്ഞ് ഞാന്‍ ഒരു തരത്തില്‍ നടു രക്ഷിച്ചു. ദാ ഇനിയിപ്പോ മേഘരൂപന്റെ വരവായി. അതാണെങ്കിലോ സൗന്ദര്യം തേടിയലഞ്ഞ കവിയുടെ ചരിത്രവും. ഇപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റായ ചിത്രത്തിലെ 'അനുരാഗിണി...' എന്ന പാട്ടില്‍ തന്നെ നാലു നായികമാരുണ്ട്, അതിലൊന്ന് ചൂടന്‍ പാവാട (ഹോട്ട് പാന്റിന്റെ മലയാളം) യിട്ട് ബാച്ചിലര്‍ പാര്‍ട്ടിയില്‍ ഐറ്റം നമ്പര്‍ കളിയുടെ പത്മപ്രിയയും.
'കാവ്യം സുഗേയം കഥ രാഘവീയം' പൂത്തപോലെ സൗന്ദര്യാരാധകനും കവിയും സൗന്ദര്യധാമവുമായ നായികയും ഒക്കെക്കൂടി എന്തൊക്കെയാണാവോ ഈശ്വരാ സ്‌ക്രീനില്‍ കാണിച്ചു വച്ചിരിക്കുന്നത്...!!
'ഓ.. അതൊന്നും അത്രപേടിക്കാനില്ല ചേട്ടാ, നമ്മുടെ സെന്‍സര്‍മാര്‍ അല്ലേ. ഒന്നു ചുണ്ടുകൂട്ടി മുട്ടിക്കാന്‍ പോലും സമ്മതിക്കില്ല.'
'അതുനേരാ, മലയാള സിനിമയില്‍ ഗോവിന്ദന്‍ കുട്ടി തൊട്ട് മിസ്റ്റര്‍ പെരേരക്ക് വരെ പാവം നടികളെ ബലാല്‍സംഗം വരെ എന്തുചെയ്യാം. പക്ഷേ പാവം നായകന് നായികയെ ഒന്നു ഉമ്മവെക്കാന്‍ ഇപ്പോഴും നമ്മുടെ സെന്‍സര്‍മാര്‍ സമ്മതം കൊടുത്തിട്ടില്ല.'
ഈ ചുംബനത്തോട് സെന്‍സര്‍മാര്‍ക്കുള്ള വിരോധം ഒരു മലയാളം സ്‌പെഷ്യല്‍ ഒന്നും അല്ല. കേട്ടോ. ഇപ്പോള്‍ ചുംബനം കൊണ്ടു പൊറുതി മുട്ടുന്ന ഹോളിവുഡ് പടങ്ങളില്‍ പോലും ഒരു കാലത്ത് ചുംബനങ്ങള്‍ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. എന്ന് നിങ്ങള്‍ വിശ്വസിക്കുമോ?
താഴെ പറയുന്നവയായിരുന്നു വ്യവസ്ഥകള്‍
1.ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ മാത്രമേ ചുംബിക്കാവൂ
2.കിടക്കുമ്പോഴോ മറ്റു പണികള്‍ക്കിടയിലോ ചുംബനം അരുത്
3.ചുംബിക്കുന്ന സമയത്ത് നായകന്റെയോ നായികയുടെയോ കാല് നിലത്ത് നിന്ന് പൊങ്ങുന്നതായി കാണിക്കരുത്.
ലോകത്ത് എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ടായിരുന്ന ഒരു വികാര പ്രകടനമല്ലത്രെ ചുംബനം. ഇതിനു പലകാരണങ്ങളും നരവംശശാസ്ത്രജ്ഞന്‍മാര്‍ പറയുന്നുണ്ട്. ഒന്നാമത് പ്രജനനത്തിന് ചുംബനത്തിന്റെ ആവശ്യമില്ല, രണ്ടാമത് ഇണയെ പിന്നില്‍ നിന്ന് സമീപിക്കുന്ന സ്വാഭാവികമായ ഇണചേരല്‍ രീതിയില്‍ ചുംബനത്തിന് അധികം സ്‌കോപ്പില്ല. മൂന്നാമത് മനുഷ്യന്റെ മറ്റുളള ഇറോട്ടിക് ഡോണുകളില്‍ ഉള്ളതുപോലെയുള്ള നെര്‍വ് എന്‍ഡിംഗ് ഒന്നും ചുണ്ടിലില്ല.
അതി പുരാതനമായ പല സംസ്‌കാരങ്ങളിലും ചുംബനം ഉണ്ടായിരുന്നില്ല. ഈജിപ്റ്റിലെ ഒരു ലിഖിതത്തിലും ചുംബനത്തിന്റെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍. അതീവസുന്ദരിയായിരുന്ന ക്ലിയോപാട്ര ജൂലിയസ് സീസറെ കാണുന്നതുവരെയെങ്കിലും ഈ പണിക്ക് പോയിട്ടില്ലെന്നുസാരം. എന്തിന് പതിനെട്ടാം നൂറ്റാണ്ടില്‍ ഒരു കൊളോണിയലിസ്റ്റിനെ കല്യാണം കഴിച്ച ആഫ്രിക്കന്‍ രാജകുമാരി കല്യാണരാത്രിയില്‍ അലറിവിളിച്ച് മണിയറയില്‍ നിന്നും പുറത്തേക്കോടിയത്രെ. കാരണം അവരെ ചുംബിക്കാനുള്ള നവവരന്റെ ശ്രമത്തെ ഭക്ഷിക്കാനുള്ള നീക്കമായിട്ടാണ് പാവം തെറ്റിദ്ധരിച്ചത്.
സഹസ്രാബ്ദങ്ങളായി പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചതിനാല്‍ ജപ്പാന്‍കാര്‍ക്ക് ചുംബനരഹസ്യം പകര്‍ന്നു കിട്ടിയില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് പുറത്തിറങ്ങിയ ഹോളിവുഡിലെ 'നിശ്ശബ്ദചിത്രങ്ങള്‍' ആണ് ചുംബനം ജപ്പാനില്‍ പ്രചരിപ്പിച്ചത്. എന്നിട്ടുപോലും ജപ്പാനില്‍ പരസ്യമായി ഭാര്യാഭര്‍ത്താക്കന്‍മാര്‍മാരും കാമുകികാമുകന്‍മാരും ചുംബിച്ചിരുന്നില്ല. നമ്മുടെ സിനിമപോലെ അവിടുത്തെ സിനിമകളിലും ഏറെനാള്‍ ചുംബനം നിരോധിച്ചിരിക്കുകയായിരുന്നു. അവിടെ സെന്‍സര്‍ക്ക് കാശുകൊടുത്ത് ഒരു ചുംബനരംഗം തിയേറ്ററില്‍ എത്തിച്ച മഹാനെ 1930-ല്‍ പോലീസ് പിടികൂടി പടം കണ്ടുകെട്ടുകയും ചെയ്തു.
ജപ്പാനിലെ സിനിമയില്‍ ചുംബനം പരസ്യമായതിന് രണ്ടാം ലോകമഹായുദ്ധവുമായി ഒരു ബന്ധമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് അതീവ രഹസ്യമായി ജപ്പാന്‍ നേവി അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ സൈനിക ആസ്ഥാനം ആക്രമിച്ച് വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തിയല്ലോ. പക്ഷെ യുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെടുകയും ജപ്പാന്റെ ഭരണത്തില്‍ അമേരിക്ക ഇടപെടുകയും ചെയ്തു. യുദ്ധാനന്തരം അമേരിക്ക ചെയ്ത പല കാര്യങ്ങളില്‍ ഒന്ന് ജപ്പാന്‍ സിനിമയില്‍ ചുംബനരംഗങ്ങള്‍ പരസ്യമായിക്കാണിക്കണം എന്നു നിര്‍ബന്ധിക്കുകയായിരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്ന ജപ്പാന്‍കാരുടെ സ്വഭാവം ഒന്ന് മാറ്റിയെടുക്കാനായിരുന്നുവത്രെ അത്. ഈശ്വരാ നമ്മുടെ വൈസ്രോയിക്ക് ആ ഐഡിയ കിട്ടാതിരുന്നത് എന്താണാവോ. ഉപ്പു സത്യാഗ്രഹം എല്ലാം പരസ്യമായി നടത്തിയതുകൊണ്ടാവാം.
ജപ്പാനെപ്പോലെ തന്നെ പുറം ലോകവുമായി ഒറ്റപ്പെട്ടു ജീവിച്ചുപോന്നവരായിരുന്നു ചൈനക്കാരും. എന്നാല്‍ അവിടെ കാലാകാലമായി ചുംബനം ഒക്കെ മുറക്കു നടക്കുന്നുണ്ടെന്ന് അവിടുത്തെ സാഹിത്യകൃതികളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ചൈന വിദേശികള്‍ക്ക് തുറന്നുകൊടുത്തതിനുശേഷം അവിടെ ആദ്യമായി സഞ്ചരിച്ച ഒരു സോഷ്യല്‍ ആന്ത്രപ്പോളജിസ്റ്റ് നാട്ടിലേക്ക് എഴുതിയറിയിച്ചത് 'ചൈനയില്‍ ചുംബനം ഇല്ല' എന്നാണ്. പതിവുപോലെ ആരും പൊതുവഴിയില്‍ നിന്ന് ചുംബിക്കാത്തതായിരുന്നു അതിനുകാരണം. ഈ ആന്ത്രപ്പോളജിസ്റ്റ് എങ്ങാനും ഇപ്പോള്‍ കേരളത്തില്‍ വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. ഭാര്യയും ഭര്‍ത്താവും പബ്ലിക്കായിട്ട് ചുംബിക്കുന്നതുപോകട്ടെ പറ്റുമെങ്കില്‍ മൂന്നുമീറ്റര്‍ ദൂരം വിട്ടല്ലേ കേരളത്തില്‍ നടക്കുകയുള്ളൂ. ഇങ്ങനെ ഭര്‍ത്താവും ഭാര്യയും പരസ്പരം ചുംബിക്കാതെ കെട്ടിപ്പിടിക്കാതെ കൈ കോര്‍ത്തു പോലും നടക്കാതെയുള്ള ഒരു രാജ്യത്തെ ജനസാന്ദ്രത കൂടുന്നിനെപ്പറ്റി അവരുടെ റിപ്പോര്‍ട്ട് എന്താകും?
പാശ്ചാത്യ രാജ്യങ്ങളില്‍ ചുംബനത്തിന്റെ ആയിരുകളിയാണ്. ഭര്‍ത്താവും ഭാര്യയും കാമുകിയും കാമുകനും എല്ലാം പൊതുവഴിയില്‍ ചുംബിച്ചുനില്‍ക്കുന്നത് ഞാന്‍ ദിവസം പലവട്ടം കാണാറുണ്ട്. പൊതുവഴിയില്‍ മാത്രമല്ല ബസ്സില്‍, ട്രെയിനില്‍, എസ്‌കലേറ്ററില്‍, വെള്ളത്തില്‍, വെള്ളച്ചാട്ടത്തില്‍ എന്തിന് എവിടെ സമയം കിട്ടിയാലും ഉമ്മ റെഡി.
യൂറോപ്പില്‍ പക്ഷെ ഭാര്യയും ഭര്‍ത്താവും മാത്രമല്ല ചുംബിക്കുന്നത്. സുഹൃത്തുക്കള്‍ (സ്ത്രീകളും പുരുഷന്‍മാരും) അന്യോന്യം വിഷ് ചെയ്യുന്നത് കവിളില്‍ ചുംബിച്ചാണ്. പരിചയമായി വരുന്നതുവരെ ഇതൊരല്പം പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പഴയ കളക്ടറെ ഏതോ ഒരു സായിപ്പ് സായിപ്പിന്റെ രീതിയില്‍ ഉമ്മവെക്കാന്‍ നോക്കുന്നതിന്റെ ഒരു കൂട്ടം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉണ്ട്. പശ്ചാത്യ സംസ്‌കാരത്തെപ്പറ്റി പരിചയമില്ലാത്ത പാവം കളക്ടര്‍ ആവട്ടെ പേടിച്ച് കുതറിമാറാന്‍ നോക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ ചുംബിക്കുന്നതിന് യൂറോപ്പില്‍ മൊത്തമുണ്ടെങ്കിലും അതിലുമുണ്ട് ചില പ്രാദേശിക വ്യത്യാസങ്ങള്‍. ബെല്‍ജിയത്തില്‍ ഒരു കവിളില്‍ മാത്രം ഉമ്മവെക്കുമ്പോള്‍ ചുംബനത്തിന്റെ ഗവേഷണശാലയായ ഫ്രാന്‍സില്‍ (ഫ്രഞ്ച് കിസ് എന്നു കേട്ടിട്ടില്ലേ) രണ്ടു കവിളുകളിലും ഉമ്മെവക്കുന്നു. എന്നാല്‍ പൊതുവെ പിശുക്കന്‍മാരായി അറിയപ്പെടുന്ന ഡച്ചുകാരാകട്ടെ ഇക്കാര്യത്തില്‍ ഫ്രഞ്ചുകാരെയും കടത്തിവെട്ടി മൂന്നു ചുംബനങ്ങള്‍ ആണ് നടക്കുന്നത്. ഓസിനുകിട്ടുന്നതല്ലേ, ഒന്നു കൂടി ആയിക്കോട്ടെ എന്നാകാം.
ചുംബനം സ്‌നേഹം കൊണ്ടു മാത്രമല്ല, ബഹുമാനം കൊണ്ടു കൂടിയാവാം. ക്രിസ്തീയ സഭകളില്‍ അച്ചനെ കൈയിലും ബിഷപ്പിന്റെ മുദ്രമോതിരത്തിലും മാര്‍പ്പാപ്പയുടെ കാല്‍പ്പാദങ്ങളിലും മുത്തിയിരുന്നത് ബഹുമാനസൂചകമായിട്ടാണല്ലോ. ഔദ്യോഗികരംഗത്ത് ഇങ്ങനെ കൃത്യമായ തരം തിരുവുകള്‍ ഇല്ല. എന്നാലും വന്‍കിട കോര്‍പ്പറേഷനുകളില്‍ ബോസിന്റെ ആസനത്തില്‍ മുത്തുന്നവരാണ് ഉയര്‍ന്നുപോകുന്നതെന്ന് മാനേജ്‌മെന്റ് സ്‌കൂളില്‍ പഠിപ്പിക്കാറില്ലെങ്കിലും പൊതുവെ എല്ലാവര്‍ക്കും അറിയാം.
ചുംബിക്കുന്നത് മനുഷ്യരെ മാത്രമല്ലല്ലോ. സ്‌നേഹം കൊണ്ടും ബഹുമാനം കൊണ്ടും നാം മറ്റ് മൃഗങ്ങളേയും ചിത്രത്തേയും പ്രതിമകളേയും ഒക്കെ ചുംബിക്കാറുണ്ട്. ഇതിന് മുന്‍പത്തെ മാര്‍പ്പാപ്പ ഏതു രാജ്യത്ത് ഇറങ്ങിയാലും ആ മണ്ണിനെ കുമ്പിട്ടു മുത്തം വക്കുമായിരുന്നു.
ഇന്ത്യയില്‍ കണ്ടുപിടിച്ച സാധനമാണെങ്കിലും ലോകം മുഴുവനും ഇപ്പോള്‍ ഉപയോഗിക്കുന്നതാണെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും പരസ്യചുംബനം നിയമവിരുദ്ധമാണ്. അതും ആയിരത്തി എണ്ണൂറ്റി അറുപതിലെയോ മറ്റൊ ഒരു നിയമം വച്ചിട്ട്. ഇന്ത്യയില്‍ പലതിന്റെ പേരിലും ജയില്‍ ഭരാവോ(ജയില്‍ നിറക്കുക) പ്രതിഷേധങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും പരസ്യചുംബനം നിയമ വിധേയമാക്കാന്‍ ഒരു ജയില്‍ ഭരാവോ നടത്താത്തതെന്താണെന്ന് ഞാന്‍ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. ഇനി അതിന് ആരെങ്കിലും മുന്‍കൈയെടുത്താല്‍ ഈ വയസ്സുകാലത്ത് ചുംബിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ ഞാന്‍ തയ്യാറുമാണ്. കാരണം മരിച്ച് മുകളില്‍ ചെന്ന് സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ എന്ന കാര്യം തീരുമാനിക്കാന്‍ കുറ്റവിചാരണ നടക്കുമ്പോള്‍ ദൈവത്തോട് ഞാന്‍ പറയും.
'സര്‍ , ഞാന്‍ കുറച്ചുനാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്..' (അല്ല ദൈവം മാഡമാണെങ്കില്‍ അങ്ങനെ)
'ആരവിടെ ഉള്ള സത്യം പറയൂ...'
'എന്ത്, എങ്ങനെ, എപ്പടി?'
'ഞാന്‍ ഇന്ത്യാമഹാരാജ്യത്ത് പട്ടാപ്പകല്‍ പൊതു നിരത്തില്‍ വെച്ച് എന്റെ ഭാര്യയെ ഒന്നു ഉമ്മ വെച്ചു.'
'അതിന് ഇവിടുത്തെ പല ദേവന്‍മാരും പകലും പബ്ലിക്കായിട്ടും ഭാര്യമാരുമായിട്ടും ഭാര്യമാരല്ലാത്തവരായിട്ടും അതിലുമപ്പുറം പലതും ചെയ്തിട്ടുണ്ടല്ലോ..'
'ഭഗവാനേ അതെല്ലാം 1860 ലെ നിയമത്തിനു മുന്‍പായിരുന്നു. ഇപ്പോള്‍ കാര്യം മാറി. സായിപ്പുമാര്‍ വന്ന് ഭാരതവര്‍ഷത്തിലെ തുറന്ന ശീലങ്ങള്‍ എല്ലാം കുളമാക്കി...'
'എന്നിട്ടാ സായിപ്പന്‍മാരെല്ലാം അവരുടെ നാട്ടിലും ഇവിടെയും ഒക്കെ ഉമ്മവച്ചാണല്ലോ ഇപ്പോള്‍ നടപ്പ്. നിങ്ങടെ നാട്ടിലെ നിയമമുണ്ടാക്കുന്നവര്‍ ഒന്നും ഇംഗ്ലീഷ് സിനിമയോ ടി.വി.യോ ഒക്കെ കാണാറില്ലേ?'
'സര്‍ എന്റെ ലേഖനത്തില്‍ രാഷ്ട്രീയം പറയാറില്ല. പക്ഷെ ഞാന്‍ നിക്കണോ പോണോ?'
ഒരു പൊട്ടിച്ചിരിയോടെ എന്നെ കെട്ടിപ്പിടിച്ച് നെറുകയില്‍ ചുംബിച്ച ദൈവം എന്നെ സ്വര്‍ഗത്തിലേക്ക് കടത്തിവിടുമെന്ന് എനിക്കുറപ്പാണ്.
അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ എന്തും ആവാമല്ലോ.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment