Tuesday, 3 July 2012

[www.keralites.net] മഴയറിഞ്ഞ് മന്ത്രിയും എം.എല്‍.എമാരും..

 


പാലക്കാട്: മൊബൈലിന്റെ ശല്യമില്ല; അകമ്പടിക്കാരുടെയും നിവേദനങ്ങളുടെയും ബഹളമില്ല. മഴകണ്ടും അനുഭവിച്ചും നന്നായൊന്നുറങ്ങിയും കുറേ സമയം. ടൂറിസംമന്ത്രി എ.പി.അനില്‍കുമാര്‍, എം.എല്‍.എമാരായ ടി.എന്‍.പ്രതാപന്‍, വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍ എന്നിവരാണ് ശിരുവാണിയിലെ മഴയില്‍ മനവും ശരീരവും കുളിര്‍ന്ന് ഒരുനാള്‍ ചെലവിട്ടത്. അനൗദ്യോഗികമായിരുന്നു യാത്ര. അതുകൊണ്ടുതന്നെ കൂടുതലാരെയും അറിയിച്ചുമില്ല.

ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് മന്ത്രി അനില്‍കുമാര്‍ ശിരുവാണി പട്ടിയാര്‍ ബംഗ്ലാവിലെത്തിയത്. അപ്പോഴേക്കും എം.എല്‍.എ. സംഘം സ്ഥലത്തെത്തിയിരുന്നു. രാവിലെ തിരക്കും ബഹളവുമൊന്നുമില്ലാതെ ഏറെ വൈകിയാണ് ഉണര്‍ന്നെഴുന്നേറ്റത്. പട്ടിയാര്‍ ബംഗ്ലാവിന്റെ പൂമുഖത്തുനിന്നുതന്നെ കുറേനേരം മഴ കണ്ടു. ഐസുപോലെ തണുത്തവെള്ളത്തില്‍ ഒന്ന് കുളി കഴിഞ്ഞപ്പോഴേക്കും ശരിക്കും ഫ്രഷ്.

രാവിലെ തന്നെ കാട്ടിലെ മഴ തൊട്ടറിയാനായിരുന്നു പരിപാടി. ഒമ്പതരയോടെ സംഘം റെഡിയാവുമ്പോഴേക്കും പതിവ് വേഷങ്ങളാകെ മാറി. മന്ത്രിയും ടി.എന്‍. പ്രതാപനും ബര്‍മുഡയും ടീഷര്‍ട്ടും. അത് കണ്ടപ്പോള്‍ ബര്‍മുഡയെടുക്കാന്‍ തോന്നിയില്ലല്ലോ എന്ന ഖേദം ബല്‍റാമിനും ഷാഫിക്കും. അതിനിടെ, ഷാഫി ഒരു ഓവര്‍കോട്ട് സംഘടിപ്പിച്ചു. ഓവര്‍കോട്ടിനായി എം.എല്‍.എമാര്‍ മൂവരും ചെറിയതോതില്‍ പിടിവലിയായി. മധ്യസ്ഥനായി മന്ത്രി ഇടപെട്ടു. എന്നാല്‍പ്പിന്നെ കോട്ട് മന്ത്രിക്കിരിക്കട്ടെയെന്നായി എം.എല്‍.എ സംഘം.

അതിനിടെ, മലയിറങ്ങി മഴ വന്നു. പട്ടിയാര്‍ ബംഗ്ലാവിന് മുന്നിലെ മലനിരയില്‍ കോട നിറഞ്ഞു. മലമുകളില്‍ മുത്തികുളത്തില്‍ നിന്ന് താഴോട്ടൊഴുകിയ പാലരുവികള്‍ കാണാതായി.

അതിനിടെ, റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ജീപ്പുമായി ഷാഫിപറമ്പില്‍ എം.എല്‍.എ സാരഥിയായെത്തി. ചെറു ചര്‍ച്ചകള്‍ക്കിടെ അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയകുസൃതികളും കടന്നുവന്നു. ഡാമിന്റെ സംരക്ഷണഭിത്തിയില്‍ കയറിനിന്ന എം.എല്‍.എമാരെ മന്ത്രി വിലക്കി. വേണ്ട, ഭൂരിപക്ഷം ഓര്‍മയുണ്ടല്ലോ... തിരികെ വാ... പരസ്​പരം കൊണ്ടും കൊടുത്തും യാത്ര താഴെ ശിരുവാണി ഡാമിലെത്തി. അപ്പോഴക്കും വനം സി.സി.എഫും ഡി.എഫ്.ഒയുമടങ്ങുന്ന ഉദ്യോഗസ്ഥസംഘവും സ്ഥലത്തെത്തി.

വനത്തിനകത്തെ സൗകര്യങ്ങളെക്കുറിച്ചും ശിരുവാണിയിലെ ഇക്കോ ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ചും ഒരന്വേഷണം. അപ്പോഴേക്കും മൂന്നുവശത്തുനിന്നും ആര്‍ത്തലച്ച് മഴ വന്നു. ഇതോടെ സംഘം വണ്ടിക്കകത്തേക്ക് വലിഞ്ഞു.

പിന്നെ, യാത്ര ഒമ്പതുകിലോമീറ്റര്‍ അകലെ കേരള അതിര്‍ത്തിയായ കേരളമേട്ടിലേക്ക്. ഇവിടെ വിസ്തൃതമായ പുല്‍മേട്. പുല്‍മേട്ടിലേക്ക് കയറാനുള്ളവഴി മഴപെയ്ത് വഴുക്കുന്നു. കല്‍പ്പടികള്‍ പണിതാല്‍ മുകളില്‍ എളുപ്പം കയറാനാവും. വനംമന്ത്രിയുമായി ഞാന്‍ ഇക്കാര്യം സംസാരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. അതിനിടെ സംസാരംമുറിച്ച് മഴപെയ്തുകയറിവന്നു. കാട്ടിന് നടുവില്‍ മഴയുടെ കലപില. കൂട്ടിന് വീശിയടിച്ച് കാറ്റും. കാറ്റില്‍ കോടനീങ്ങി. മഴ വീണ്ടും ദൂരേക്ക് ഓടിപ്പോയി. ഇവിടെ കുറച്ചുദൂരം കാട്ടുവഴിയിലൂടെ നടത്തം. അപ്പോഴേക്കും സംഘാംഗങ്ങള്‍ക്ക് ശരിക്കും വിശന്നുതുടങ്ങിയിരുന്നു. തിരികെ പട്ടിയാര്‍ ബംഗ്ലാവിലെത്തുമ്പോള്‍ പ്രകൃതി ചിരിച്ചുനിന്നു. മിനുട്ടുകള്‍ക്കകം ഭാവം മാറി. മഴ താഴെഡാമിന്റെ ഭാഗത്തുനിന്ന് മേലേക്ക് കയറിവന്നു. ചാറിവീണ തുള്ളികളിലേക്ക് മന്ത്രിയും എം.എല്‍.എമാരുമിറങ്ങി. 
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment