Wednesday, 4 July 2012

[www.keralites.net] കരിനാക്ക് ചോളീ കെ പീച്ചേ ക്യാഹെ?

 

ചോളീ കെ പീച്ചേ ക്യാഹെ?

 


കുമാരന്‍ മാഷുടെ കഥ സുഹൃത്താണ് പറഞ്ഞു തന്നത്. ഒരു സ്കൂള്‍ ദിനത്തില്‍ ബ്ലാക്ക്‌ ബോര്‍ഡില്‍ തൂക്കിയ വേള്‍ഡ്‌ മാപ്പ് ചൂണ്ടി കുമാരന്‍ മാഷ്‌ ഇങ്ങനെ പറഞ്ഞത്രേ, 'മക്കളേ നമ്മുടെ ഭൂമി ഉരുണ്ടിട്ടാണ്.' കുട്ടികള്‍ മുഖത്തോട് മുഖം നോക്കി. പിന്നെ അല്പം പരിഹാസത്തോടെ മാഷെ നോക്കി. എന്നിട്ട് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. കുമാരന്‍ മാഷ്‌ ആവര്‍ത്തിച്ചു, കുട്ടികള്‍ നിഷേധിച്ചു. മാഷ്‌ ഓടിപ്പോയി ഗ്ലോബ് കൊണ്ടുവന്നു. മേശമേല്‍ വെച്ചു വട്ടംകറക്കി. ആത്മവിശ്വാസം നിറഞ്ഞ വാക്കുകളില്‍ വീണ്ടും പറഞ്ഞു. 'ഇവിടെ നോക്ക് മക്കളേ, ഇതാണ് അച്ചുതണ്ട്.. അതിന്റെ മേലെ ഇങ്ങനെ ഉരുണ്ടിട്ടാണ് നമ്മുടെ ഭൂമി'. കുട്ടികള്‍ മാഷെ കടുപ്പിച്ച് നോക്കി. അവര്‍ തീര്‍ത്തു പറഞ്ഞു, 'അല്ല സാര്‍, മ്മളെ ഭൂമി പരന്നിട്ട് തന്നെയാ...' അവസാനം വിയര്‍ത്തു കുളിച്ച കുമാരന്‍ മാഷ്‌ ഗ്ലോബിനൊപ്പം മേശയിലിരുന്നു ദയനീയമായി പറഞ്ഞത്രേ: 'പൊന്നു മക്കളെ, അമ്മ്യാണെ സത്യം.. ഭൂമി ഉരുണ്ടിട്ടാണ്.' മാഷ്‌ 'അമ്മയാണെ സത്യം' പറയണമെങ്കില്‍ സംഗതി സത്യമാവണം. കുട്ടികള്‍ തലകുലുക്കി സമ്മതിച്ചു. 'അതേ സാര്‍, ഭൂമി ഉരുണ്ടിട്ടായിരിക്കും'!

കുമാരന്‍ മാഷെയും കുട്ടികളെയും പറ്റിയുള്ള കൂട്ടുകാരന്റെ നര്‍മാനുഭവം ഇന്നലെ ഏഷ്യാനെറ്റ്‌ വാര്‍ത്തയിലെ രണ്ടത്താണിയുടെ പ്രകടനം കണ്ടപ്പോഴാണ് വീണ്ടുമോര്‍ത്തത്. വര്‍ഗീയപച്ചയാണ് വിഷയം. പ്രതിരോധത്തിന്റെ സകല അടവുകളും പയറ്റി നോക്കിയ രണ്ടത്താണിയുടെ അവസാന നമ്പര്‍: 'വിനൂ, നിങ്ങള് നോക്ക്.. ഞമ്മളുടെ പത്രത്തിന്‍റെ പേര് പോലും 'ചന്ദ്രിക' എന്നല്ലേ... ശുദ്ധ മതേതരത്വം'. വിനു: 'അതിന് ചന്ദ്രികയും മുസ്‌ലിം ചിഹ്നവും തമ്മില്‍ ബന്ധമില്ലേ രണ്ടാത്താണീ..' മറുപടിയില്‍ രണ്ടത്താണി വക ബബബ.. നേരത്തെ കുമാരന്‍ മാഷ്‌ പറഞ്ഞ പോലെ 'ബദരീങ്ങളാണെ, മമ്പുറത്തെ തങ്ങളാണെ ഞമ്മളുടെ പാര്‍ട്ടിയില്‍ മുഴുവന്‍ ശുദ്ധ മതേതരത്വത്തിന്‍റെ ആളുകളാ വിന്വോ...'ന്ന് പറഞ്ഞ് രണ്ടത്താണി കരഞ്ഞു പോവുമെന്ന് തോന്നിയ സന്ദര്‍ഭം. സ്വന്തം ചാരിത്ര്യം പൊതു സമൂഹത്തിന്റെ മുന്നില്‍ തെളിയിക്കാന്‍ പാര്‍ട്ടീ പത്രത്തിന്‍റെ പേര് തെളിവായുദ്ധരിക്കേണ്ട ഗതികേടിലേക്ക് മുസ്‌ലിം ലീഗെന്ന പാര്‍ട്ടി എത്തിപ്പെട്ട വര്‍ത്തമാന കാലത്ത്‌ ലീഗ് ഒരു തിരിഞ്ഞു നോട്ടത്തിനും തെറ്റുതിരുത്തലിനും തയ്യാറാവുമോ എന്നതാണ് ഉന്നയിക്കപ്പെടെണ്ട ചോദ്യം.

തനിക്ക് വലത് ഭാഗത്ത്‌ രമേശും ഇടതു ഭാഗത്ത്‌ ഉമ്മന്‍ ചാണ്ടിയുമുള്ളപ്പോള്‍ പത്രക്കാര്‍ക്ക് മുമ്പില്‍ ഫോട്ടോക്ക് പോസ് ചെയ്യാന്‍ നല്ല സുഖം തോന്നിയിരുന്നു കുഞ്ഞാലിക്കുട്ടിക്ക്. ഹിന്ദു - മുസ്‌ലിം - കൃസ്ത്യന്‍ മതേതര സംഗമത്തിന് വേറെ എങ്ങു പോണം, ഇവിടെ യുഡിഎഫ് ഉള്ളപ്പോഴെന്ന് തുറന്നു പറഞ്ഞിട്ടുമുണ്ട് പലപ്പോഴും. പക്ഷേ, ആ ചിരിയും കളിയും മന്ത്രിസഭയുടെ മധുവിധു കാലം വരെ പോലും നിലനിന്നില്ല എന്നതാണ് ചരിത്രം. തൊട്ടതിനൊക്കെ കുറ്റമായിരുന്നു. നൂറുപവനും ഇന്നോവാ കാറും (മാഷാ അല്ലാഹ് പതിക്കാത്തത്) സ്ത്രീധനമായി കൊണ്ടുവന്നിട്ടും പുതുപ്പെണ്ണിന്‍റെ ചിരി പോരാ, പല്ല് പോരാ എന്ന് കുറ്റം പറയുന്ന നാത്തൂന്‍മാരെ പോലെ മുരളിയും ആര്യാടനും ലീഗിന്‍റെ മെക്കിട്ടു കയറി. ഇരുപതു സീറ്റെന്ന സ്ത്രീധനത്തുകയുടെ കാര്യം ഇടക്കിടക്ക്‌ സ്വകാര്യമായി പുതുപ്പള്ളി പുതുമാരന്റെ ചെവിയില്‍ മൊഴിയാന്‍ മലപ്പുറം മണവാട്ടി നിര്‍ബന്ധിതയായി. അപ്പോഴൊക്കെ മറ്റൊരു 'ബീടരായ' പാലക്കാരി അച്ചായത്തിയെ ചൂണ്ടിക്കാട്ടി കുഞ്ഞൂഞ്ഞ് ലീഗിന്റെ ശ്രദ്ധ മാറ്റി. ഇപ്പോഴേ അവളുടെ കയ്യിലാണ് അലമാരയുടെ താക്കോലെന്നും അധികം കളിച്ചാല്‍ ഉള്ള സ്വത്തു കൂടി അവള്‍ അടിച്ചോണ്ട് പോവുമെന്നും ഭീഷണിപ്പെടുത്തി.

അഞ്ചാം മന്ത്രിയിലാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്‌. ഉള്ള മാനം കൂടി കളഞ്ഞാല്‍ അണികള്‍ വഴിയില്‍ തടയുമെന്ന ഘട്ടം വരെ എത്തിയപ്പോള്‍ ലീഗിലെ കാരണവന്‍മാര്‍ ഉണര്‍ന്നെഴുന്നേറ്റു. ഒടുവില്‍ അഞ്ചാം മന്ത്രിയെ ലഭിച്ചെങ്കിലും കൂടെയുള്ളവരെല്ലാം ശത്രുക്കളായി. പെട്രോളിന് വില കൂടിയാലും കൃത്യസമയത്ത്‌ മണ്‍സൂണ്‍ വന്നില്ലെങ്കിലും കുറ്റം അഞ്ചാം മന്ത്രിക്കായി. അതുവരെ കേരളത്തില്‍ തെറ്റാതെ കിടന്ന സമുദായ സന്തുലനമെന്ന മോന്തായം മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ ലഭിച്ചതോടെ തകിടം മറിഞ്ഞെന്നു പെരുന്നയിലെ തമ്പ്രാക്കള്‍ പ്രസ്താവന ഇറക്കി. പാര്‍ട്ടി മുന്നണി ഭേദമന്യേ സകലമാന നായന്മാരും പ്രസ്താവനയില്‍ വിരലടയാളം പതിച്ചു. ചാനലുകള്‍ മഞ്ഞളാംകുഴിയെ നിര്‍ത്തിയും കിടത്തിയും പൊരിച്ചു. അതുവരെ മുസ്‌ലിം ലീഗിനുണ്ടായിരുന്ന എല്ലാ അത്താണികളും നാക്ക് അണ്ണാക്കിലേക്ക് താഴ്ത്തി വിനീത വിധേയരായി. മുസ്‌ലിം ലീഗിലെ മതേതരമാപിനി വില്‍പനക്കാരായ മുനീര്‍ - ഷാജിമാരെ മഷിയിട്ടു നോക്കിയിട്ടും കാണാതായി. ഒടുവില്‍ ചാനല്‍ ചര്‍ച്ചകളില്‍ മുസ്‌ലിം ലീഗിന് പ്രതിരോധമൊരുക്കാന്‍ ഓ അബ്ദുല്ലമാരും അബ്ദുറഹിമാന്‍മാരും വേണ്ടി വന്നു. ലീഗുകാര്‍ പോലും കൃത്യമായി വായിക്കാത്ത ചന്ദ്രികയിലെ ലേഖനങ്ങള്‍ കടലില്‍ കലക്കിയ കായത്തിന്റെ ഫലം പോലും ചെയ്യാതെ വന്നപ്പോള്‍ മാധ്യമം - തേജസാദി പത്രങ്ങള്‍ നേരിട്ട് കളത്തിലിറങ്ങി. ഇങ്ങനെ കുറഞ്ഞും ഏറിയും വിവാദങ്ങള്‍ ഉണ്ടായും ഉണ്ടാക്കിയും മുന്നോട്ടു പോകവേ, കുറെ നിക്ഷ്പക്ഷ ബുദ്ധിജീവികളും മുസ്‌ലിം സംഘടനകളും കൂടി തീര്‍ത്ത പ്രതിരോധ വലയത്തിന് നടുവില്‍, ഇനി ഞങ്ങളെ അടിക്കാന്‍ ആരുണ്ടെടായെന്ന കൊച്ചിന്‍ ഹനീഫ സ്റ്റൈല്‍ ചോദ്യവുമായി കുഞ്ഞാലിക്കുട്ടി നില്‍ക്കുമ്പോഴാണ് സ്കൂളുകളുടെ എയിഡഡ് പദവി വിവാദവും ഏറ്റവും പുതിയ പച്ച ബ്ലൗസ്‌ വിവാദവും ഉടലെടുക്കുന്നത്.

Fun & Info @ Keralites.net
ഒ. അബ്ദുല്ല
പച്ച ബ്ലൗസ്‌ വിവാദം ആരുണ്ടാക്കി എന്നതിലല്ല എന്റെ ചര്‍ച്ച. അങ്ങനെ ഒരു ഉത്തരവ് മന്ത്രി തന്നെ ഇറക്കിയോ എന്നതിലുമല്ല. ഇങ്ങനെയൊരു പച്ച സാരിയും ദാവണിയും ചുറ്റാന്‍ ഉത്തരവ്‌ ഇറങ്ങിയാല്‍ തന്നെ എന്താണ് പ്രശ്നമെന്നതാണ് ചോദ്യം. പച്ചയെന്താ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട നിറമാണോ? കേരളത്തെ സംബന്ധിച്ച് ഇത്രയും ചേര്‍ച്ചയുള്ള നിറം വേറെ ഏതുണ്ട്? ഇപ്പോഴും കേരളത്തിന്റെ ഔദ്യോഗിക പരസ്യങ്ങളിലും വെബ്സൈറ്റുകളിലും പച്ചയല്ലേ ഉപയോഗിക്കുന്നത്? ഒരു പാര്‍ട്ടിയുടെ പതാക പച്ചയായി എന്നതു കൊണ്ടോ, ഒരു സമുദായത്തിന്റെ ചിഹ്നങ്ങളുമായി ബന്ധപ്പെട്ടു പൊതുവേ ഉപയോഗിക്കപ്പെടുന്ന ഒരു നിറമായി എന്നതു കൊണ്ടോ പച്ചയെ വര്‍ഗീയ വല്‍ക്കരിക്കുന്ന നിലപാടുകളെ എങ്ങനെയാണ് കാണേണ്ടത്? എങ്ങനെയാണ് ഇങ്ങനെയൊരു ചിന്താഗതിയില്‍ സമൂഹം എത്തിപ്പെട്ടത്. കാവിവല്‍ക്കരണം എന്ന വാക്കിന്റെ ഉല്‍ഭവം പോലെ തന്നെയാണ് പച്ചയും മതവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. പച്ചയ്ക്ക് മതത്തില്‍ എന്തോ പ്രത്യേക പദവിയുണ്ടെന്നും ലീഗ് ഹൌസിനു മാത്രമല്ല പാവങ്ങള്‍ക്ക്‌ നിര്‍മിച്ചു കൊടുക്കുന്ന വീട്ടിനും ബസ്റ്റോപ്പുകള്‍ക്കും എന്തിന് അറുക്കാന്‍ കെട്ടിയ പോത്തിന് പോലും പച്ച പെയിന്റടിക്കല്‍ 'പുണ്യമാണെന്നും' കരുതി ലീഗുകാര്‍ മത്സരിച്ചിറങ്ങിയപ്പോള്‍ പച്ച മുസ്‌ലിം ലീഗിന്റെ മാത്രം വര്‍ണമായി മാറുകയായിരുന്നു. ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ വിതരണം ചെയ്യപ്പെടുന്ന ലഡുവും പായസവും വരെ പച്ചയായപ്പോള്‍ ലീഗുകാരെ പോലെ മറ്റുള്ളവരും ധരിച്ചു പോയി പച്ച ഒരു പാര്‍ട്ടിക്കളറാണെന്ന്! അങ്ങനെ കാവി ഹൈന്ദവരും ചുവപ്പ് കമ്മ്യൂണിസ്റ്റുകളും പച്ച മുസ്ലിംകളും പകുത്തെടുത്തു. കുഗ്രാമങ്ങളില്‍ പോലും പച്ചയും കാവിയും ചുവപ്പും ബസ്റ്റോപ്പുകള്‍ ഉയരുകയും തകര്‍ക്കപ്പെടുകയും കൂടി ചെയ്തപ്പോള്‍ 'ത്രിവര്‍ണ'യുദ്ധം പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ തിരുത്ത് ഉയര്‍ത്തേണ്ടത് നമ്മള്‍ പൊതുജനങ്ങളാണ്. പാര്‍ട്ടികളും മതങ്ങളും വര്‍ണങ്ങളെ പോലും വിഭജിച്ചെടുക്കുമ്പോള്‍ ഇല്ല, നിങ്ങള്‍ക്ക്‌ തമ്മില്‍ തല്ലാനും ചാവാനും ഒരു വര്‍ണവും ഞങ്ങള്‍ വിട്ടുതരില്ലെന്ന് വിളിച്ചു പറയാനുള്ള ആര്‍ജവമാണ് നമ്മള്‍ കാണിക്കേണ്ടത്. അല്ലാതെ, ഏതെങ്കിലുമൊരു ചാനല്‍ അനാവശ്യ വിവാദങ്ങള്‍ എടുത്തിടുമ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് തര്‍ക്കിക്കാനും അപഹസിക്കാനുമല്ല സാക്ഷര കേരളം മുന്നിട്ടിറങ്ങേണ്ടത്.

Fun & Info @ Keralites.net
സി. ദാവൂദ്‌
ഇങ്ങനെയൊക്കെ പറയാനും പ്രതിരോധിക്കാനും ലീഗിന് കഴിയുമെന്ന് ചിന്താശേഷിയുള്ള ആരും വിലയിരുത്തില്ല. മറ്റുള്ളവരുടെ മേല്‍ തീവ്രവാദ മുദ്ര പതിച്ചു മാത്രം ശീലമുള്ളവര്‍ക്ക് സ്വന്തത്തിന് നേരെ ഉയര്‍ന്നു വന്ന ഇത്തരം ആരോപണങ്ങളെ നിസ്സഹായതയോടെ കണ്ടുനില്‍ക്കാനല്ലാതെ കഴിയുകയില്ലെന്നുറപ്പ്. അവിടെ വീണ്ടും അബ്ദുല്ല വേണം, ദാവൂദ്‌ വേണം. ഇ-മെയില്‍ വിവാദങ്ങളില്‍ പോലും തങ്ങളെ ഒറ്റനിര്‍ത്തി ആക്രമിക്കാന്‍ ഇറങ്ങിയവര്‍ക്ക് നേരിട്ട പ്രതിസന്ധിയില്‍ അവരെ സഹായിക്കാനും ന്യായങ്ങള്‍ വിളിച്ചു പറയാനും ആര്‍ജവം കാണിക്കുന്ന എഴുത്തുകാരെ അഭിനന്ദിക്കുക തന്നെ വേണം. ചില തിരിച്ചറിവുകള്‍ ലീഗുകാര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഇവര്‍ക്കായിട്ടുണ്ട് എന്നതാണ് സത്യം. കഴിഞ്ഞ ദിവസം മാധ്യമം ദിനപത്രത്തിലൂടെ സി. ദാവൂദ്‌ എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ലീഗിന്റെ അഖിലേന്ത്യാ അമരക്കാരനെ മാസങ്ങള്‍ക്ക് മുമ്പ്‌ സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന ശുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെ വീട്ടിലെത്തിച്ചെങ്കില്‍ ആ ലേഖനത്തിലെ മറ്റു വസ്തുതകളോടും ക്രിയാത്മകമായി പ്രതികരിക്കാനും അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂടുതല്‍ ധീരതയും അവധാനതയും പ്രകടിപ്പിക്കാനും ലീഗ് നേതൃത്വത്തിന് കഴിയണം. അല്ലാതെ, ഈ വിവാദം പതിയെ കെട്ടടങ്ങുമ്പോള്‍ ഇപ്പോള്‍ മാളത്തിലൊളിച്ച ഷാജിമാരെ പുറത്തെടുത്ത്‌ ചാപ്പകുത്തല്‍ പരിപാടി തുടരാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ ഇതൊക്കെയും കണ്ടും കേട്ടും ഓഫീസുകള്‍ക്ക്‌ താഴിട്ടും നേതാക്കളുടെ കോലം കത്തിച്ചുമിരിക്കുന്ന ഒരു കൂട്ടം ചിന്തിക്കുന്ന അണികള്‍ മുസ്‌ലിം ലീഗിനകത്തും ഉയര്‍ന്നു വരുന്നുണ്ടെന്നേ ഓര്‍മിപ്പിക്കാനുള്ളു.

കരിനാക്ക്




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment