| | തൊടുപുഴ: വിവാദ പ്രസംഗത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി പോലീസ് ആവശ്യപ്രകാരം ചോദ്യം ചെയ്യലിന് ഹാജരായി. തൊടുപുഴ ഡിവൈഎസ്‌പി ഓഫീസില്‍ രാവിലെ 10 മണിയോടെയാണ് മണി ഹാജരായത്. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ മൂന്നു മണിയോടെ മണിയെ പോലീസ് വിട്ടയച്ചു. എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാമെന്ന വ്യവസ്ഥയിലാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിനോട് മണി പൂര്‍ണ്ണമായും സഹകരിച്ചുവെന്നും ഐജി പത്മകുമാര്‍ അറിയിച്ചു. ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും മൊഴി പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും ഐ.ജി അറിയിച്ചു. വസ്തുതകളും മറ്റുള്ളവരുടെ മൊഴികളും പരിശോധിച്ച ശേഷം അധികം വൈകാതെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ മുന്‍ നിലപാടില്‍ ഉറച്ചുനിന്ന മണി കൊലപാതകങ്ങളിലോ ഗൂഡാലോചനകളിലോ പങ്കില്ലെന്ന് മൊഴി നല്‍കി. മുപ്പതു വര്‍ഷം മുന്‍പ് നടന്ന കൊലപാതകങ്ങളില്‍ പ്രതികളായത് സിപിഎം പ്രവര്‍ത്തകരായതിനാലാണ് 'ഞങ്ങള്‍ ചെയ്തു' എന്ന പ്രസംഗത്തില്‍ പറഞ്ഞത്. ചരിത്രപരമായ ചില കാര്യങ്ങള്‍ മാത്രമാണ് മണക്കാട് പ്രസംഗത്തില്‍ താന്‍ നടത്തിയതെന്നും മണി മറുപടി നല്‍കി. മണക്കാട് പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള മേഖലയാണ്. ഇവിടെയുള്ള പ്രവര്‍ത്തകരില്‍ പോരാട്ടവീര്യം നിലനിര്‍ത്താനാണ് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പ്രസ്താവന നടത്തിയതെന്നും മണി പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ 250 ഓളം ചോദ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയുമായാണ് അന്വേഷണ സംഘം മണിയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ചോദ്യം ചെയ്ത മദനന്‍, നേരത്തെ ചോദ്യം ചെയ്യലിന് വിധേയരായവര്‍ നല്‍കിയ മൊഴി കൂടി ചേര്‍ത്താണ് മണിയെ ചോദ്യം ചെയ്യുന്നത്. ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ എംഎല്‍എ, എസ്.രാജേന്ദ്രന്‍ എം.എല്‍എ എന്നിവര്‍ക്കൊപ്പമാണ് മണി എത്തിയത്. പത്തു മണിക്ക് മുന്‍പ് ഹാജരായില്ലെങ്കില്‍ അറസ്‌റ്റു നടപടിയുണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. മണി ഹാജരാകുമെന്ന പ്രതീക്ഷയില്‍ വന്‍ പോലീസ് സന്നാഹമാണ് തൊടുപുഴയില്‍ ഒരുക്കിയിരുന്നത്. സ്‌റ്റേഷന്‍ പരിസരത്തേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. പാര്‍ട്ടി പറഞ്ഞപോലെ പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്‌തതെന്ന് മണി സ്‌റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചേരി ബേബി വധക്കേസ്, മുള്ളഞ്ചിറ മത്തായി, മുട്ടുചിറ നാണപ്പന്‍, ബാലു വധക്കേസ് ഉള്‍പ്പെടെ വിവിധ കേസുകളിലാണ് മണിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്റെ പേരില്‍ രണ്ടു ദിവസമായി മണി ഒളിവിലായിരുന്നു. മൂന്നാറിലെ പാര്‍ട്ടി ഓഫീസിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലാണ് മണി രാത്രികാലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. മണിയുടെ പേരില്‍ പട്ടയമുള്ളതാണ് പാര്‍ട്ടി ഓഫീസ്. പോലീസ് എത്തിയാല്‍ റിസോര്‍ട്ടില്‍ നിന്ന് പാര്‍ട്ടി ഓഫീസിലേക്ക് മാറാന്‍ കഴിയുന്ന വിധത്തിലായിരുന്നു ഒളിച്ചുകഴിഞ്ഞിരുന്നത്. പകല്‍ വീടിരിക്കുന്ന കുഞ്ചിത്തണ്ണിയിലും മറ്റും സഞ്ചരിച്ചെങ്കിലും പോലീസിന്റെ കണ്ണില്‍പെടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഒളിവിലാണെന്ന പ്രചാരണം പൊളിക്കുന്നതിനു വേണ്ടിയായിരുന്നു ഈ നീക്കം. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തില്‍ നിയമപരിരക്ഷയ്‌ക്കു സാധ്യതയുണ്ടെന്ന സുപ്രീം കോടതി അഭിഭാഷകരുടെ ഉപദേശപ്രകാരമാണ് സാവകാശം തേടിയതെന്ന് കെ.കെ ജയചന്ദ്രന്‍ സ്‌റ്റേഷനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു വേണ്ടിയാണ് മാറിനിന്നത്. അല്ലാതെ നിയമത്തില്‍ നിന്ന് ഒളിച്ചുമാറിയിട്ടില്ല. രാഷ്‌ട്രീയമായി കേസിനെ നേരിടുന്നതിന്റെ ഭാഗമായാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ജയചന്ദ്രന്‍ അറിയിച്ചു. മണി ഒളിവില്‍ പോയെന്നും പോലീസ് പരിശോധന നടത്തിയെന്നുമുള്ള പ്രചാരണം മാധ്യമസൃഷ്‌ടിയാണെന്നും ജയചന്ദ്രന്‍ പറഞ്ഞു. മണി കഴിഞ്ഞ രണ്ടു ദിവസമായി അദേഹത്തിന്റെ കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ എപ്പോഴും വീട്ടില്‍തന്നെ കാണണമെന്നില്ല. പോലീസ് എത്തിയപ്പോള്‍ കാണാതിരുന്നത് അതിനാലാണ്. അറസ്‌റ്റുണ്ടായാല്‍ എന്തുചെയ്യാമെന്ന് അപ്പോള്‍ കാണാമെന്നും ജയചന്ദ്രന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകനെതിരായ നടപടിയില്‍ പൊതുജനവികാരം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ജയചന്ദ്രന്‍ മാധ്യമങ്ങളോട് അറിയിച്ചു. കീഴടങ്ങലല്ല, ഹാജരാകുകയാണ് ചെയ്‌തിരിക്കുന്നതെന്നും ജയചന്ദ്രന്‍ തിരുത്തിപ്പറഞ്ഞു. |
No comments:
Post a Comment