| | സംവിധായകന്‍ വിനയന്‍ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച നായകനടനാണ് അനൂപ് മേനോന്‍. 'കാട്ടുചെമ്പകം' എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖത്തെ നായകനാക്കി അവതരിപ്പിക്കാന്‍ വിനയന്‍ വളരെയധികം ബുദ്ധിമുട്ടി. ആ ചിത്രത്തിനുശേഷം അനൂപ് മേനോനെ നായകനായി അഭിനയിക്കാന്‍ ആരും ക്ഷണിച്ചില്ലെങ്കിലും സൂപ്പര്‍ താരങ്ങളുടെകൂടെ അഭിനയിച്ച് അനൂപ് മേനോന്‍ ശ്രദ്ധേയനായി. മറ്റുള്ളവരുടെ സിനിമകളില്‍ അഭിനയിച്ച് സിനിമകള്‍ വിജയിച്ചപ്പോള്‍ അത് തന്റെ കഴിവുകൊണ്ടാണെന്നു കരുതി നായകനായി അഭിനയിക്കാന്‍ വീണ്ടും അനൂപിന് താല്‌പര്യം തോന്നി. എന്നാല്‍, വലിയ സംവിധായകരോ നിര്‍മാതാക്കളോ അനൂപിനെ നായകനാക്കാന്‍ ധൈര്യം കാണിച്ചില്ല. മോഹന്‍ലാലിന്റെ 'പ്രണയ'വും ജയസൂര്യയുടെ 'ബ്യൂട്ടിഫുള്‍' സിനിമയും അനൂപ് മേനോന് ഏറെ സഹായകരമായി. പിന്നീട് ആ സിനിമകള്‍ നായകസ്‌ഥാനത്തേക്കുള്ള ചവിട്ടുപടിയായിത്തീര്‍ന്നു. അപ്പോഴും ചെറുകിട നിര്‍മാതാക്കളും സംവിധായകരും മാത്രമാണ് അനൂപ് മേനോനെ നായകനാക്കാന്‍ ശ്രമിച്ചത്. ഇതിനിടയില്‍ പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ എം.ജി. ശ്രീകുമാറിനെ ഒതുക്കാനൊരു ശ്രമം അനൂപിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. 'മുല്ലശേരി മാധവന്‍' എന്ന സിനിമയിലാണ് ആ ശ്രമം നടന്നത്. അതിലെ നായകനായിരുന്നു അനൂപ്. സംഗീത സംവിധായകനായി തീരുമാനിച്ചിരുന്നത് എം.ജി. ശ്രീകുമാറിനെയാണ്. തന്നെ ക്ഷണിക്കാന്‍ ചെന്ന സംവിധായകനോടും നിര്‍മാതാവിനോടും അന്ന് എം.ജി. ശ്രീകുമാര്‍ പറഞ്ഞിരുന്നു- 'നിങ്ങള്‍ എന്നെ തീരുമാനിച്ചാലും അനൂപ് മേനോന്‍ എന്റെ പേര് വെട്ടിമാറ്റും.' 'അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് നിര്‍മാതാവ് പറഞ്ഞെങ്കിലും അനൂപ് മേനോന്‍ ഇടപെട്ട് എം.ജി. ശ്രീകുമാറിനെ മാറ്റുകയും പകരം മറ്റൊരു സംഗീത സംവിധായകനെ തീരുമാനിക്കുകയും ചെയ്‌തു. മാത്രമല്ല, അതേ ചിത്രത്തിലെ സംവിധായകനെ മാറ്റിനിര്‍ത്തി, സംവിധാനച്ചുമതലയും അനൂപ് മേനോനാണ് ഏറ്റെടുത്തത്. സംവിധായകന്റെ സ്‌ഥാനത്ത് അനൂപിന്റെ പേരുവെക്കാന്‍ പറഞ്ഞെങ്കിലും സിനിമ പരാജയപ്പെടുമെന്ന് അറിയാവുന്നതുകൊണ്ട് ചെയ്‌തില്ല. ഇതൊക്കെ ചെയ്‌തത് ഭാവിയില്‍ സംവിധാനം ചെയ്യാന്‍ പോകുന്നതിന്റെ റിഹേഴ്‌സല്‍ ആണെന്നായിരുന്നു മറുപടി. അതിലെ സംവിധായകന്‍ ഷൂട്ടിംഗ് കഴിയുന്നതുവരെ അപമാനിക്കപ്പെട്ട നിലയിലായിരുന്നു. ആ ചിത്രത്തില്‍ മറ്റൊരു വിഭാഗത്തില്‍കുടി അനൂപ് ഇടപെട്ടു. സിനിമയെക്കുറിച്ച് നല്ല കാഴ്‌ചപ്പാടുള്ള സ്വാതിഭാസ്‌കര്‍ ആയിരുന്നു തിരക്കഥ എഴുതിയിരുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളുമായിരുന്നു. സ്വാതിഭാസ്‌കര്‍ സംവിധാനം ചെയ്‌ത 'കറന്‍സി'യില്‍ അനൂപിനെ അഭിനയിപ്പിച്ചിരുന്നു. എഴുതാനറിയാവുന്ന സ്വാതിഭാസ്‌ക്കറിന്റെ തിരക്കഥയിലും അനൂപ് അനാവശ്യമായി കൈകടത്തി. സുഹൃദ്‌ബന്‌ധത്തിന്റെ പേരില്‍ സ്വാതിഭാസ്‌കര്‍ ഇക്കാര്യം പരസ്യമാക്കുകയോ അനൂപിനെക്കുറിച്ച് പരാതി പറയുകയോ ചെയ്‌തില്ല. ആ ചിത്രത്തിനുശേഷം താന്‍ തിരക്കിലാണെന്നു കാണിക്കാന്‍ കുറെ ചിത്രങ്ങള്‍ക്ക് അഡ്വാന്‍സ് വാങ്ങി. എല്ലാം ചെറിയ ബഡ്‌ജറ്റില്‍ സിനിമ എടുക്കാന്‍ വന്ന നിര്‍മാതാക്കളും സംവിധായകരുമായിരുന്നു. അവരില്‍നിന്നും അഡ്വാന്‍സ് വാങ്ങിയശേഷം ഡേറ്റ്‌കൊടുക്കാതെ തനിക്ക് തിരക്കാണെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു. 'ബോംബെ മാര്‍ച്ച് 12' സിനിമ നിര്‍മിച്ച നിര്‍മാതാവില്‍നിന്നും മൂന്ന് ലക്ഷം രൂപ അഡ്വാന്‍സ്‌വാങ്ങി സിനിമ ചെയ്യാതിരുന്നു. അങ്ങനെ പലരും അനൂപിന്റെ ദയാദാക്ഷിണ്യം കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് അനൂപ് നായകനായി അഭിനയിച്ച സിനിമകള്‍ എട്ടുനിലയില്‍ പൊട്ടിയത്. ഏറ്റവും ഒടുവില്‍ പരാജയപ്പെട്ട സിനിമ 'വീണ്ടും കണ്ണൂര്‍' ആണ്. തുടരെ തുടരെ പരാജയം വന്നപ്പോള്‍ അഡ്വാന്‍സ് തിരികെ വാങ്ങാനാണ് പല നിര്‍മാതാക്കളുടെയും ശ്രമം. താന്‍ നായകനായി അഭിനയിക്കുന്ന ചിത്രങ്ങളില്‍ താന്‍ പറയുന്ന നായികയെ അഭിനയിപ്പിക്കണമെന്ന നിര്‍ബന്‌ധമാണ് മറ്റൊന്ന്. ടി.വി. ചന്ദ്രന്റെ ചിത്രത്തില്‍ നായികയാക്കാന്‍ തീരുമാനിച്ച നായികയെ, അനൂപ് ടി.വി. ചന്ദ്രന്റെ ചിത്രത്തില്‍ ഇല്ലാത്തതിന്റെ പേരില്‍ മാറ്റുകയും താനഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിപ്പിക്കുകയും ചെയ്‌തു. സിനിമയില്‍ ഇനി നായകനായി തിളങ്ങാന്‍ കഴിയില്ലെന്നു മനസിലായപ്പോള്‍ തിരക്കഥയും സംവിധാനവുമായി സജീവമാകാനാണ് അനൂപിന്റെ ശ്രമം. കഴിവുമാത്രം ഉണ്ടായാല്‍ പോരാ, കൈയിലിരിപ്പും നന്നായിരിക്കണമെന്നാണ് സിനിമാരംഗത്തെ ചിലര്‍ പറഞ്ഞത്. |
No comments:
Post a Comment