കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നു കുഞ്ഞനന്തനു പാര്‍ട്ടി വിധിച്ചത് 40 ദിവസത്തെ 'അജ്‌ഞാതവാസം'. മേയ് നാലിനു വള്ളിക്കാടു ചന്ദ്രശേഖരനെ കൊലചെയ്‌തു 13 ദിവസം കഴിഞ്ഞാണു കുഞ്ഞനന്തന്‍ ഒളിവില്‍ പോയത്. കൊലപാതകശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തിയതോടെ കുഞ്ഞനന്തന്‍ അപകടം മണത്തു. അന്നു തന്നെ ക്വട്ടേഷന്‍ സംഘത്തലവനായ കൊടി സുനിയുടെ പങ്കും അന്വേഷണ സംഘത്തിനു വ്യക്‌തമായിരുന്നു. തുടര്‍ന്നു വീട്ടില്‍ നിന്നുമാറി പാര്‍ട്ടി ഗ്രാമങ്ങളായ കരിവെള്ളൂര്‍, കയ്യൂര്‍, വെള്ളൂര്‍ ഭാഗങ്ങളിലെ പ്രാദേശിക നേതാക്കളുടേയും പാര്‍ട്ടി അനുഭാവികളുടേയും വീടുകളില്‍ താമസിച്ചു. അവിടെ നിന്നു കുഞ്ഞനന്തന്‍ മാധ്യമവാര്‍ത്തകളില്‍ ശ്രദ്ധാലുവായി. നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന പത്രവാര്‍ത്തകള്‍ കണ്ട് ആദ്യം പരിഭ്രമിച്ചെങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു ലഭിച്ച പിന്തുണ ധൈര്യമേകി. ചന്ദ്രശേഖരന്റെ കൊലപാതകം നടന്നു 12-ാം ദിവസം കുന്നൂമ്മക്കര ലോക്കല്‍കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരെ പിടികൂടിയതോടെ കുഞ്ഞനന്തന് പാര്‍ട്ടി അപായ സൂചന നല്‍കി. മേയ് 16 ന് ഇരുവരേയും അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തപ്പോള്‍ പാര്‍ട്ടി നേതൃത്വം കുഞ്ഞനന്തന് 'അജ്‌ഞാതവാസം' വിധിച്ചു. കുഞ്ഞനന്തനെ തേടി പ്രത്യേക അന്വേഷണസംഘം വീട്ടിലെത്തിയതറിഞ്ഞു സംസ്‌ഥാനം വിടാന്‍ തീരുമാനിക്കുകയായിരുന്നു. നേതൃത്വത്തിന്റെ അറിവോടെ കുഞ്ഞനന്തന്റെ സുഹൃത്തും കണ്ണൂരിലെ സി.പി.എമ്മിന്റെ ഉന്നതനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ബംഗളുരുവിലെ ബേക്കറി ഉടമയുമായ പാനൂര്‍ കണ്ണവെള്ളി പാത്തിയില്‍ കുമാരന്റെ അടുത്തേക്കു മാറി. വിദേശബന്ധമുള്ള കുഞ്ഞനന്തന്‍ വിദേശത്തേക്കു കടക്കുമെന്ന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തലുകളെ തുടര്‍ന്നു പ്രത്യേക അന്വേഷണ സംഘം മേയ് 21 ന് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ബംഗളുരുവിലേക്കു മറ്റു വാഹനങ്ങളില്‍ പോയാല്‍ പോലീസ് ശ്രദ്ധിക്കുമെന്നതിനാല്‍ യാത്ര ബസിലാക്കി. ബസ് മാര്‍ഗം ബംഗളുരുവിലെത്തി കുമാരനെ കണ്ടു. ബംഗളുരുവില്‍ തങ്ങുന്നതു സുരക്ഷിതമല്ലെന്നതിനാല്‍ ബസില്‍ ബല്‍ഗാമിലേക്കു പുറപ്പെട്ടു. അവിടെ കുമാരന്റെ പേരില്‍ ലോഡ്‌ജില്‍ മുറിയെടുത്തു തങ്ങി. അന്വേഷണ സംഘം കര്‍ണാടകയിലുണ്ടെന്ന വിവരത്തെ തുടര്‍ന്നു പൂനെയിലേക്കു കടന്നു. കുമാരന്റെ പേരില്‍ ഇവിടേയും മുറിയെടുത്തു രണ്ടു ദിവസം തങ്ങി. ശാരീരികാസ്വസ്‌ഥതകള്‍ അനുഭവിക്കേണ്ടി വന്നതിനാല്‍ യാത്ര വേണ്ടെന്നു തീരുമാനിച്ചു. ഒടുവില്‍ കോടതിയില്‍ കീഴടങ്ങാമെന്നുറപ്പിച്ചു പയ്യന്നൂരിലെത്തി. അവിടെ നിന്ന് ആദ്യം പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തി, രണ്ടു ദിവസം തങ്ങി. പിന്നീടു ചില പ്രാദേശിക നേതാക്കളുടെ സഹായത്തോടെ കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളിലാണു കുഞ്ഞനന്തന്‍ താമസിച്ചിരുന്നത്. |
No comments:
Post a Comment