| | പെണ്‍കുട്ടി സ്‌ത്രീയാവുന്നതിന്റെ ആദ്യപടിയാണ് ആര്‍ത്തവം. ആര്‍ത്തവകാല അസ്വസ്‌ഥതകള്‍ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്നത്.. ആര്‍ത്തവം പെണ്‍ജീവിതത്തിന്റെ ഭാഗമാണ്. ഒരു പെണ്‍കുട്ടിയെ അമ്മയാകാന്‍ പ്രകൃതി ഒരുക്കുന്നതിന്റെ അടയാളമാണ് ആര്‍ത്തവം. പെണ്‍കുട്ടി സ്‌ത്രീയാവുന്നതിന്റെ ആദ്യ പടികൂടിയാണ്. ആര്‍ത്തവത്തെ തുടര്‍ന്ന് ശാരീരിക വളര്‍ച്ചകള്‍ കാണപ്പെടുന്നു. തൂക്കവും വണ്ണവും വര്‍ധിക്കുന്നു. സ്‌തനങ്ങള്‍ വളര്‍ന്ന് ദൃഢമാകും . തുടങ്ങിയ പല മാറ്റങ്ങളും പ്രകടമാകുന്നു. ഒപ്പം ആര്‍ത്തവ പ്രശ്‌നങ്ങളും. ബാഹ്യാര്‍ത്തവം സാധാരണ ഗതിയില്‍ 12 വയസിനു ശേഷം ആരംഭിക്കുന്നതാണ് ബാഹ്യാര്‍ത്തവം. കാലാവസ്‌ഥ, ശാരീരപ്രകൃതി, ഭക്ഷണശൈലി, പാരമ്പര്യം എന്നിവയുടെ വ്യത്യാസമനുസരിച്ച് ഇതിനു മാറ്റം സംഭവിക്കാം. ചൂടുകൂടുതലുള്ള സ്‌ഥലത്ത് താമസിക്കുന്നവര്‍ക്ക് ആര്‍ത്തവം നേരത്തെ വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഗര്‍ഭാശയം ബീജകോശങ്ങള്‍ എന്നിവയുടെ തകരാറുകള്‍ ബാഹ്യാര്‍ത്തവത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കും. 28 ദിവസത്തിലൊരിക്കലാണ് സാധാരണയായി ബാഹ്യാര്‍ത്തവം സംഭവിക്കുന്നത്. എന്നാല്‍ ആദ്യ കാലങ്ങളിലെ ആര്‍ത്തവ ക്രമക്കേടുകള്‍ സാധാരണമാണ്. കുട്ടിയുടെ മാനസികാവസ്‌ഥയും കാലാവസ്‌ഥാമാറ്റവുമാണ് ഇതിനു പിന്നില്‍. ആര്‍ത്തവം ക്രമംതെറ്റി വരുന്നതില്‍ ഭയപ്പെടേണ്ടതില്ല. ക്രമേണ അവ ക്രമമായിക്കൊള്ളും. ആര്‍ത്തവത്തെക്കുറിച്ചുള്ള പേടി കുട്ടികള്‍ക്ക് ഉണ്ടാകാതിരിക്കണമെങ്കില്‍ അമ്മമാര്‍ ശ്രദ്ധിക്കണം. പ്രായപൂര്‍ത്തിയായി വരുന്ന പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം എന്താണെന്നും ആ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും വളരെ കൃത്യമായും വ്യക്‌തമായും പറഞ്ഞു കൊടുക്കണം. അമ്മയില്ലാതെ വളരുന്ന കുട്ടികള്‍ക്ക് ഈ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ അധ്യാപകരും ബന്ധത്തില്‍പ്പെട്ട സ്‌ത്രീകളും മുന്‍കൈയെടുക്കേണ്ടതാണ്. ആര്‍ത്തവത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ രക്‌തം ധാരാളമായി പോയെന്നുവരാം. സാധാരണ രക്‌തവും ശ്ലേഷ്‌മവും കലര്‍ന്ന ആര്‍ത്തവരക്‌തത്തിന് പ്രത്യേക ഗന്ധമുണ്ട്. ഈ ഗന്ധത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ ഗര്‍ഭാശയ തകരാറുകളെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ പുറത്തുപോകുന്ന രക്‌തത്തിന്റെ അളവ് കൂടുന്നതും തീരെ കുറയുന്നതും ശക്‌തമായ വേദന, ഛര്‍ദി തുടങ്ങിയവ രോഗാവസ്‌ഥകളാണ്. ചിലരില്‍ രണ്ട് ആര്‍ത്തവ ചക്രങ്ങള്‍ക്കിടയില്‍ രക്‌തസ്രാവം ഉണ്ടാകാറുണ്ട്. ഇതിന് വിദഗ്‌ധ പരിശോധനകള്‍ ആവശ്യമാണ്. ആന്തരാര്‍ത്തവം അണ്ഡകോശങ്ങളില്‍ നിന്നും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ അണ്ഡം അണ്ഡാശയ സ്‌ഫോടനത്തിലൂടെ ഉദരഗുഹയിലേക്ക് സ്രവിക്കുന്നതിനെ ആന്തരാര്‍ത്തവം എന്നു പറയുന്നു. പ്രായപൂര്‍ത്തിയായ യുവതികളില്‍ ആര്‍ത്തവസംബന്ധമായ പല പ്രശ്‌നങ്ങളും കാണപ്പെടുന്നു. ഗര്‍ഭാശയത്തിന്റെ സ്‌ഥാനഭ്രംശം, മലബന്ധം, യോനീനാളം, ഗര്‍ഭാശയം എന്നിവിടങ്ങളിലെ നീര്‍ക്കെട്ട്, അമിതമായ ഗര്‍ഭാശയ സങ്കോചം, ഭയം, ഗര്‍ഭാശയ വളര്‍ച്ചകള്‍, ഗര്‍ഭാശയ വൈകല്യങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങളുണ്ട് ഇതിന്. ഹോര്‍മോണുകളുടെ കുറവ്, ജന്മനാലുള്ള ഗര്‍ഭാശയവളര്‍ച്ചക്കുറവ് എന്നിവയും കാരണമാവാം. ആര്‍ത്തവത്തോടനുബന്ധിച്ച് ചിലര്‍ക്ക് തലചുറ്റല്‍, ഓക്കാനം, ശരീരം വിയര്‍ക്കുക, വയറുസ്‌തംഭനം എന്നിവയും കടുത്ത തലവേദനയും ആര്‍ത്തവ വേദനയ്‌ക്കൊപ്പം ഉണ്ടാവുന്നു. ആര്‍ത്തവം പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ചില പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവുമായ അസ്വസ്‌ഥതകള്‍ ഉണ്ടാവുന്നു. ഇതിന് ആര്‍ത്തവപൂര്‍വ അസ്വസ്‌ഥതകള്‍ എന്നു പറയുന്നു. ചിലര്‍ ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. മാനസിക പിരിമുറുക്കവും ഈ സമയത്ത് ചിലരില്‍ കണ്ടുവരുന്നു. മറ്റുള്ളവരുടെ സ്‌നേഹത്തോടെയുള്ള സമീപനം ഇത്തരം ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നു. ഇവയ്‌ക്ക് സപ്‌തസാരം കഷായം, ഹിംഗുവചാദി ചൂര്‍ണം, സുകുമാരഘൃതം രജഭസ്‌മം, അശോകാരിഷ്‌ടം തുടങ്ങിയ മരുന്നുകള്‍ വിദഗ്‌ധോപദേശപ്രകാരം ഉപയോഗപ്പെടുത്താവുന്നതാണ്. അമിത രക്‌തസ്രാവം ആര്‍ത്തവകാലത്ത് അമിതമായ അളവിലുള്ള രക്‌തസ്രാവം ചില കുട്ടികളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. ഇതുമൂലം കുട്ടികള്‍ വളരെ പെട്ടന്ന് ക്ഷീണിതരാകുന്നു. ഗര്‍ഭാശയത്തിലെ രക്‌തവാഹികളുടെ വൈകല്യം, ഗര്‍ഭാശയഭിത്തിയുടെ ദൗര്‍ബല്യത്താല്‍ ഗര്‍ഭാശയാന്തര്‍ഭാഗം വികസിക്കുക, ഗര്‍ഭാശയനാളി വീക്കം തുടങ്ങിയ പല കാരണങ്ങളുണ്ട്. എരിവ്, പുളി തുടങ്ങിയവയുടെ അമിത ഉപേയാഗം, രക്‌തം കട്ടപിടിക്കാനായി കഴിക്കുന്ന ചില മരുന്നുകള്‍, രക്‌തക്കുറവ്, ആര്‍ത്തവകാലത്തെ അമിതമായ ശാരീരികാധ്വാനം, ഭയം, വിദ്വേഷം എന്നിവയും മറ്റു ചില കാരണങ്ങളാണ്. ശതവര്യാദികഷായം, അശോകാരിഷ്‌ടം, പുഷ്യാനുഗചൂര്‍ണം, ധാത്ര്യാദിഘൃതം, അശോകഘൃതം, വൃഷഘൃതം, രജതഭസ്‌തം, തക്രധാര, സ്‌തന്യധാര, ക്ഷീരധാര എന്നിവ നല്ല ഫലം നല്‍കും. അനാര്‍ത്തവം പെണ്‍കുഞ്ഞ് ജനിച്ച് 18 വയസിനുള്ളില്‍ ആര്‍ത്തവം ഉണ്ടായില്ലെങ്കില്‍ ഇതിനെ അനാര്‍ത്തവം എന്നു പറയുന്നു. ജന്മനാതന്നെയുള്ള വൈകല്യങ്ങളാണ് ഇതിന് പ്രധാന കാരണം. ശരീരത്തിലെ ഹോര്‍മോണുകളുടെ അഭാവം കൊണ്ടോ അല്ലാതെയോ കൗമാരത്തില്‍ ലൈംഗികവളര്‍ച്ച ഇല്ലാതാവുകയും ഇതിന്റെ ഫലമായി ഗര്‍ഭാശയം പൂര്‍ണ വളര്‍ച്ചയെത്താതാവുകയും ചെയ്യുന്നു. അതിനാല്‍ ആര്‍ത്തവാരംഭം നീണ്ടുപോവുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം. ചെറു തേക്കിന്‍വേര്, മുതിര, വെള്ളങ്കി, പ്ലാശിന്‍തൊലി, ചെറു പുന്നയില, കടുക്, ഇവയ്‌ക്കു തുല്യം കാരെള്ള് ഇവ ചേര്‍ത്തുണ്ടാക്കുന്ന കഷായത്തില്‍ മുരിക്കിന്‍തൊലി ചുട്ട ഭസ്‌മം ചേര്‍ത്തു കഴിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. |
No comments:
Post a Comment