Saturday, 2 June 2012

[www.keralites.net] ജീവിതത്തോട് അരികുചേര്‍ന്ന് അരികെ

 

ജീവിതത്തോട് അരികുചേര്‍ന്ന് അരികെ

Fun & Info @ Keralites.net

വിഷ്ണു പ്രസാദ്‌

അരികെ ഒരു ചെറിയ യാത്രയാണ്. അതില്‍ പ്രണയം ഉണ്ട്, ഏകാന്തതയും ഒറ്റപ്പെടലും ഉണ്ട്, വിരഹം ഉണ്ട്, ആസക്തികള്‍ ഉണ്ട്. മനുഷ്യമനസിന്റെ നിഗൂഡതകളില്‍ കൂടിയുള്ള ഒരു മനോഹരസഞ്ചാരമാണ് ശ്യാമപ്രസാദിന്റെ അരികെ.

അങ്ങേയറ്റം പ്രതിഭാധനനായ ഒരു ഫിലിം മേക്കറാണ് ശ്യാമപ്രസാദ്. ഏതെങ്കിലും ഒരു തലമുറയെ മാത്രമായി അഭിസംബോധന ചെയ്യുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രസക്തി (ഋതു ഒരു അപവാദമാണ്). അരികെയും ഇതില്‍ നിന്ന് വിഭിന്നമല്ല. സുനില്‍ ഗംഗോപാധ്യയുടെ ചെറുകഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് തന്നെയാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അരികെയില്‍ മുഖ്യ കഥാപാത്രങ്ങളാകുന്നത്‌ മമ്ത മോഹന്‍ദാസ് (അനുരാധ), ദിലീപ്(ശന്തനു), സംവൃത(കല്പ്പകന) എന്നിവരാണ്. അനുരാധയുടെയും കല്പ്പനയുടെയും ശന്തനുവിന്റെയും ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടം ആണ് അരികെ പ്രേക്ഷകന് മുന്‍പില്‍ എത്തിക്കുന്നത്. പരസ്പരം പ്രണയിക്കുന്ന ശന്തനുവും കല്പ്പനയും അവര്‍ക്കിടയില്‍ ഒരു മധ്യവര്‍ത്തിതയായി പ്രവര്‍ത്തിക്കുന്ന അനുരാധയുടെയും ജീവിതമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

വളരെ മനോഹരമാണ് ഈ സിനിമയുടെ കഥാപാത്രനിര്‍മിതി. അതി സൂക്ഷ്മവും സങ്കീര്‍ണ്ണവും ആണ് മൂന്ന് കഥാപാത്രങ്ങളും, പ്രത്യേകിച്ചും അനുരാധ. ശന്തനു ഒരു അബ്രാഹ്മണന്‍ അയ ഇടത്തരം സാമ്പത്തികനിലയില്‍ ജീവിക്കുന്ന ഒരു കോളേജ് അധ്യാപകന്‍ ആണ്. കല്പ്പ്‌ന ആകട്ടെ ഒരു സമ്പന്നബ്രാഹ്മണ കുടുംബത്തിലെ ഏക മകളും. സ്വാഭാവികമായും ഇവര്‍ തമ്മില്‍ ഉള്ള പ്രണയത്തിനു കല്പ്പനയുടെ വീട്ടുകാര്‍ എതിരുമാണ്. ശന്തനുവിന്റെ അതെ കോളേജിലെ ഒരു താല്ക്കാലിക അധ്യാപിക ആണ് അനുരാധ, ഒപ്പം കല്പ്പനയുടെ ഏറ്റവും അടുത്ത സുഹൃത്തും. അത് കൊണ്ട് തന്നെ ഇവര്‍ക്കിടയില്‍ ഒരു പ്രണയത്തിന്റെ ഊര്‍ജവും സഹായിയും ആണ് അനുരാധ.

Fun & Info @ Keralites.net

ഈ മൂന്നു കഥാപാത്രങ്ങളും മൂന്നു തലത്തിലാണ് നില്ക്കുന്നത്. ശന്തനു ഒട്ടും ഊര്‍ജസ്വലന്‍ അല്ലാത്ത, തന്റെ പ്രണയത്തിലും പ്രണയിനിയിലും ഒരിക്കലും നൂറു ശതമാനം ആത്മവിശ്വാസം നേടാന്‍ കഴിയാത്ത ഒരു ചെറുപ്പക്കാരനാണ്. എങ്കിലും അയാള്‍ വല്ലാത്ത ആത്മാര്‍ഥത തന്റെ ബന്ധങ്ങളില്‍ പുലര്‍ത്തുന്നവനും ആണ്. പക്ഷെ എന്തൊക്കെയോ ചില സംശയങ്ങള്‍ അയാളെ അലട്ടുന്നുണ്ട്. ഒരു തരം ആത്മവിശ്വാസമില്ലായ്മ. എങ്കിലും അയാള്‍ തന്റെ പ്രണയത്തിലും പ്രണയിനിയിലും സന്തുഷ്ടന്‍ ആണ്. എന്നാല്‍ കല്പ്പന ആകട്ടെ ഊര്‍ജിസ്വലതയുടെ പര്യായം ആണ്. അവള്‍ക്ക് തന്റെ പ്രണയത്തില്‍ സംശയം തീരെ ഇല്ല. അതിന്റെ സാക്ഷത്ക്കാരത്തെ പറ്റിയും അവള്‍ക്ക് നൂറു ശതമാനം ഉറപ്പാണ്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അനുരാധ. വല്ലാത്ത ഒരു ഒറ്റപ്പെടലിന്റെ വിമ്മിഷ്ടം ആ കഥാപാത്രം ഉടനീളം പേറുന്നുണ്ട്. അതിസുന്ദരി ആയിരുന്നിട്ടും തന്നെ ആരും പ്രണയിച്ചിട്ടില്ല എന്നവള്‍ ഞെട്ടലോടെയും നിരാശയോടെയുമാണ്‌ തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ഈ ഭൂമിയില്‍ സ്‌നേഹം എന്നൊന്ന് ഇല്ല എന്നവള്‍ പറയുന്നു. തന്നെ ആരെങ്കിലും സ്‌നേഹിക്കുന്ന നിമിഷം അത് മാറ്റിപ്പറയാന്‍ തയ്യാറാണ് താന്‍ എന്ന് അനുരാധ നമ്മോട് പറയാതെ പറയുന്നുമുണ്ട്. ഇതുകൊണ്ടൊക്കെ ആയിരിക്കാം അനുരാധ ശന്തനുവിന്റെയും കല്പ്പനയുടെയും പ്രണയത്തില്‍ ആനന്ദം കണ്ടെത്തുന്നത്.

സ്‌നേഹത്തിനായി അനുരാധ വല്ലാതെ ദാഹിക്കുന്നുണ്ട്. എന്നാല്‍ അവളെ നോക്കുന്ന കണ്ണുകളില്‍ കാമം മാത്രമാണുള്ളതെന്ന് അസ്വസ്ഥതയോടെ അവള്‍ തിരിച്ചറിയുന്നുണ്ട്. അയല്‍പക്കത്തെ പയ്യനില്‍, വഴിയരികില്‍ നില്‍ക്കുന്നവരില്‍, സുഹൃത്തിന്റെ ഭര്‍ത്താവില്‍, അങ്ങിനെ നീളുന്നു ആ പട്ടിക. കൗമാരത്തിലെ ഒരു തിക്തമായ അനുഭവം അവളെ ജീവിതത്തില്‍ ഉടനീളം വേട്ടയാടുന്നു. അനുരാധ എന്ന കഥാപാത്രത്തിന്റെ സകല സ്വത്വങ്ങളും പ്രകടമാക്കുന്ന ഒരു രംഗം ഉണ്ട്. തങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ അനുരാധയെ ശന്തനു ക്ഷണിക്കുന്നു. അത് നിഷേധിച്ചു അനുരാധ നടന്നു നീങ്ങുകയും എന്തോ ഒരു പുനര്‍ചിന്തനത്തില്‍ അവള്‍ തിരിഞ്ഞു നോക്കുന്നുമുണ്ട്. അവള്‍ അവിടെ തന്നെ നോക്കി നില്‍ക്കുന്ന ശന്തനുവിനെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ നിരാശയോടെ തന്നെ ആരും കാത്തിരിപ്പില്ല എന്നവള്‍ തിരിച്ചറിയുന്നു. അവളുടെ മുഖത്ത് അപ്പോള്‍ വിരിയുന്ന സ്മിതം ആണ് അനുരാധയുടെ അസ്തിത്വം.

Fun & Info @ Keralites.net

കല്പ്പനയും പ്രേക്ഷകനില്‍ ചോദ്യം ഉണര്‍ത്തുന്ന ഒരു കഥാപാത്രമാണ്. പ്രത്യേകിച്ചും കഥയുടെ അവസാനം. അവളുടെ പ്രവര്‍ത്തിക്കുള്ള സാധൂകരണം കണ്ടെത്തുക എന്നത് പ്രേക്ഷകന്റെ യുക്തിക്ക് വിട്ടു കൊടുത്തിരിക്കുകയാണ് സംവിധായകന്‍.

ഒരുപക്ഷെ പ്രണയത്തെ, സ്‌നേഹബന്ധങ്ങളെ ഒക്കെ ലാഘവത്തോടെ എടുക്കുന്നത് കല്പ്പനയുടെ ജന്മസഹജമായ സ്വഭാവം ആയിരിക്കാം. അതിനുള്ള സാധ്യതകള്‍ കല്പ്പനയുടെ തന്നെ ഏറ്റുപറച്ചിലിലൂടെ നമുക്ക് മുന്‍പില്‍ വരുന്നുണ്ട്. ജീവിതം ഒരുപക്ഷെ അവള്‍ക്കു ഒരു ആഘോഷം ആയിരിക്കാം. പക്ഷെ നിഗൂഡമായ ഒരു സാധ്യതയും അവള്‍ ബാക്കി വെക്കുന്നുണ്ട്. സൗന്ദര്യം, പ്രണയം, വൈരൂപ്യം ഇവ മൂന്നും മനുഷ്യ മനസിന്റെ സങ്കീര്‍ണ്ണതകളില്‍ എങ്ങിനെ വ്യാപരിക്കുന്നു എന്നത് ഈ സിനിമ മുന്‍പോട്ടു വെയ്ക്കുന്ന ഏറ്റവും മനോഹരമായ ഒരു സാധ്യത ആണ്. കേവലയുക്തിക്ക് അപ്പുറം മറ്റെന്തൊക്കെയോ ഈ കഥാപാത്രങ്ങള്‍ പ്രേക്ഷനോട് ആവശ്യപ്പെടുന്നുണ്ട്.

മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം കൂടി ഉണ്ട് ഈ സിനിമയില്‍. മാടമ്പ് കുഞ്ഞുകുട്ടന്‍ അവതരിപ്പിച്ച ഗുരുജി ആണത്. തന്റെ ജാമാതാവ് അബ്രാഹ്മണന്‍ ആകുന്നതിലുള്ള ആകുലത കല്പ്പനയുടെ അച്ഛന്‍ പങ്കുവയ്ക്കുമ്പോള്‍, തന്നെ ഗുരു ആയിട്ട് അംഗീകരിക്കുമ്പോള്‍ താന്‍ ബ്രാഹ്മണന്‍ ആണോ എന്ന് ഇതുവരെ അന്വേഷിച്ചിട്ടുണ്ടോ എന്ന് ഗുരുജി തിരിച്ചു ചോദിക്കുന്നു. അതോടൊപ്പം തന്നെ മനുഷ്യന്റെ വിശ്വാസങ്ങള്‍ പലപ്പോഴും അന്ധമാണ് എന്നും ഗുരുജി കൂട്ടിച്ചേര്‍ക്കുന്നു. ഗുരുജിയെ മാടമ്പ് അവിസ്മരണീയമാക്കി. ഇന്നസെന്റ്, ചിത്ര ഐയ്യര്‍, ഊര്‍മ്മിള ഉണ്ണി എന്നിവരും തങ്ങളുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്.

അരികെയുടെ ഏറ്റവും വലിയ പോരായ്മ ദിലീപ് എന്ന നടന്‍ ആണ്. ശന്തനുവിന്റെ ആത്മസംഘര്‍ഷങ്ങള്‍ പലപ്പോഴും പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ ദിലീപിന് കഴിഞ്ഞിട്ടില്ല. ശബ്ദക്രമീകരണത്തിലും മറ്റും അദ്ദേഹം മുന്‍പ് പലപ്പോഴും എന്നപോലെ, ഈ സിനിമയിലും പരാജയപ്പെട്ടിട്ടുണ്ട്. ആഴമുള്ള കഥാപാത്രങ്ങള്‍ ദിലീപിന് പലപ്പോഴും വെല്ലുവിളിയാകുന്നതു നാം കണ്ടിട്ടുണ്ട്. തന്റെ ശരീരം അത്ഭുതാവഹമായ രീതിയില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി രൂപപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുമ്പോള്‍ തന്നെ ഭാവാഭിനയത്തിലെ പരിമിതി ദിലീപിന്റെ ഒരു പോരായ്മയാണ്. പ്രത്യേകിച്ചും ഗൗരവതരമായതും വൈകാരികവുമായ രംഗങ്ങള്‍ അഭിനയിക്കേണ്ടിവരുമ്പോള്‍. ഈ സിനിമയില്‍ സംഭവിച്ചതും മറ്റൊന്നല്ല. സിനിമയുടെ അവസാന പതിനഞ്ചു മിനുട്ട് ഉണ്ടാക്കുന്ന അസ്വാഭാവികയുടെ എല്ലാ ഉത്തരവാദിത്വവും ദിലീപിന് ആണ്. കൂടുതല്‍ മെച്ചപ്പെട്ട ഒരു പ്രകടനം ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നെങ്കില്‍ ഈ സിനിമയുടെ തലം തന്നെ മറ്റൊന്നായേനെ.

Fun & Info @ Keralites.net

അരികെയുടെ ആത്മാവ് അനുരാധയാണ്. അനുരാധ മമത മോഹന്‍ദാസ് എന്ന നടിയുടെ കൈകളില്‍ സുരക്ഷിതമാണ്. ഒരുപക്ഷെ മമതയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് അനുരാധ എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. പലപ്പോഴും അനുരാധയുടെ വൈകാരികതകളും അസ്വസ്ഥതകളും ഒക്കെ നമ്മുടെതു കൂടിയാക്കി മാറ്റാന്‍ മമതക്ക് കഴിയുന്നുണ്ട്. അത് ഒരു നടിയുടെ വിജയം തന്നെയാണ്. ഒരു ബംഗാളി കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ഈ സിനിമ എന്നത്‌ പലപ്പോഴും നമുക്ക് അനുഭവപ്പെടും. ചില രംഗങ്ങള്‍, അതിന്റെ ചുറ്റുപാടുകള്‍, കഥാപാത്രങ്ങളുടെ ചില സംഭാഷണശകലങ്ങള്‍ എന്നിവയിലൊക്കെ ഒരു ബംഗാളി അസ്തിത്വം നമുക്ക് അനുഭവപ്പെടുന്നുണ്ട്. പക്ഷെ അതൊരിക്കലും ഈ സിനിമയെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്ന് മാത്രമല്ല, ഒരു പ്രത്യേക മൂഡ് സിനിമക്ക് നല്‍കുന്നുമുണ്ട്. മമത തന്നെ പാടി അഭിനയിച്ച 'ഇരവില്‍ വിരിയും പൂ പോലെ' എന്ന ഗാനം ആര്‍ദ്രമായ ഒരു അനുഭൂതി ഈ സിനിമക്ക് പകര്‍ന്നു നല്‍കുന്നു. ഔസേപ്പച്ചന്റെ സംഗീതം ഈ സിനിമയുടെ മികച്ച ഘടകങ്ങളില്‍ ഒന്നാണ്. സിനിമ ആവശ്യപ്പെടുന്ന ദൃശ്യപരമായ ആഴത്തെ തന്റെ ഫ്രെയിമുകളിലൂടെ സംവിധായകന് നല്കാന്‍ അഴഗപ്പനും കഴിഞ്ഞിട്ടുണ്ട്.

അരികെ ജീവിതത്തോട് വളരെ അടുത്തു നില്‍ക്കുന്നു. ഇതില്‍ ഉപരിപ്ലവമായ ജീവിതകാഴ്ചകള്‍ വളരെ കുറവാണ്. ഈ സിനിമ പുറം മോടിയില്‍ അഭിരമിക്കുന്നില്ല. അതുകൊണ്ട് തന്നെ കേവലമായ വിനോദത്തിനു തീയേറ്ററില്‍ എത്തുന്ന പ്രേക്ഷകന് അരികെ ദഹിച്ചില്ല എന്നുവരാം. മറിച്ചു നിങ്ങള്‍ പച്ചയായ ജീവിതം കാണാന്‍, തൊട്ടറിയാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍ അരികെ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഹൃദ്യമായ ഒരു അനുഭൂതി തന്നെ ആയിരിക്കും, ഒരു നല്ല പുസ്തകം വായിക്കുന്ന പോലെ.

Fun & Info @ Keralites.net

 

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment