ചിലരെ സംബന്ധിച്ചിടത്തോളം മദ്യം ഒരു മാന്ത്രികശക്തി തന്നെയാണ്. പണം കൊണ്ട് നേടാന്‍ കഴിയാത്തത് ചിലപ്പോള്‍ ഒരു കുപ്പി മദ്യം കൊണ്ട് സാധിക്കും. ഈയിടെ തിരുവനന്തപുരത്തു ബിവറേജസില്‍ കള്ളന്‍ കയറി. മേശയിലുണ്ടായിരുന്ന അഞ്ചു ലക്ഷത്തില്‍പരം രൂപ അവര്‍ ശ്രദ്ധിച്ചതേയില്ല. ഒമ്പത് കുപ്പി മദ്യവുമായി കടന്നുകളഞ്ഞു.
സര്‍ക്കാരിനു ഏറ്റവും കൂടുതല്‍ നികുതി ലഭിക്കുന്നത് മദ്യവില്പനയില്‍ നിന്നാണത്രേ. അതുകൊണ്ടാവാം സര്‍ക്കാര്‍ വാറ്റു നടപ്പാക്കുന്നു എന്നു കേട്ടപ്പോള്‍ ഞാന്‍ കരുതിയത് പണ്ടെങ്ങോ നിന്നു പോയ ചാരായംവാറ്റു സര്‍ക്കാര്‍ അനുമതിയോടെ വീണ്ടും തുടങ്ങുമെന്നാണ്. പക്ഷെ അതു പുതിയൊരു നികുതി സമ്പ്രദായമാണെന്ന് പിന്നീടാണ് മനസ്സിലായത്.
എന്റെ കുട്ടിക്കാലത്ത് കുടിയേറ്റ മേഖലയായ ഞങ്ങളുടെ നാട്ടില്‍ രണ്ടുതരം വാറ്റുകള്‍ നിലനിന്നിരുന്നു. ഒന്ന് ചാരായം വാറ്റ്. രണ്ടാമത്തേത് തെരുവ വാറ്റ്. തെരുവപ്പുല്ല് വളര്‍ത്തി വാറ്റി പുല്‍തൈലം ഉണ്ടാക്കുന്നതാണ് തെരുവവാറ്റ്. കാപ്പിയും കപ്പയും മാത്രമായിരുന്നു നാട്ടിലെ പ്രധാന കൃഷികള്‍. ഇവ രണ്ടും വര്‍ഷത്തില്‍ ഒരു തവണ മാത്രം വിളവെടുക്കുന്ന കൃഷികളായതിനാല്‍ എല്ലാ സീസണിലും വരുമാനം നല്‍കുന്ന രണ്ടു വാറ്റുകളും ഒരു സൈഡുബിസിനസ് പോലെ നാട്ടിലാകെ പ്രചാരത്തില്‍ ഉണ്ടായിരുന്നു. വിറകിനു ക്ഷാമം നേരിട്ടതും മറ്റു കൃഷികളുടെ വരവോടെ പുല്ലു വളര്‍ത്താന്‍ സ്ഥലമില്ലാതായതും തെരുവവാറ്റു എന്ന വ്യവസായം ക്രമേണ ശോഷിച്ചു നാട്ടില്‍ നിന്നും അപ്രത്യക്ഷമാകാന്‍ കാരണമായി. ചാരായം വാറ്റു വീണ്ടും കുറേക്കാലംകൂടി പിടിച്ചു നിന്നു. ഉള്നാടുകളിലേക്ക് റോഡുകള്‍ വളര്‍ന്നതും എക്സൈസ് വകുപ്പ് കാര്യക്ഷമമായതും ചാരായം വാറ്റിനും തിരിച്ചടിയായി. കൂടാതെ സര്‍ക്കാര്‍ അവിടവിടെ ചാരായഷാപ്പുകള്‍ തുടങ്ങിയതും കള്ളവാറ്റു നിര്‍ത്തുന്നതിനു പലര്‍ക്കും പ്രേരണയായി.
ചാരായം വാറ്റ് ഒരു പ്രത്യേക കല തന്നെയായിരുന്നു. ചിലര്‍ പട്ടാപ്പകല്‍ പോലും വീടിനുള്ളില്‍ ചാരായം വാറ്റിയിരുന്നു. എന്നാല്‍ ഇതു മറ്റുള്ളവര്‍ അറിയാതെ അതീവ രഹസ്യമായാണ് ചെയ്യുന്നതെന്നാണ് അവരുടെ വിചാരം. വഴിപോക്കരായിരുന്നു ഇവരുടെ പ്രധാന ശല്യം. അക്കാലത്തു റോഡുകള്‍ ഇല്ലാതിരുന്നതിനാല്‍ ധാരാളം കുറുക്കുവഴികള്‍ ഉണ്ടായിരുന്നു. ഈ കുറുക്കുവഴികള്‍ ആരുടെയെങ്കിലും പറമ്പില്‍കൂടിയോ മുറ്റത്തുകൂടിയോ ഒക്കെ ആകാം. വെയിലത്ത് നടന്നു ക്ഷീണിച്ചവര്‍ ഇടയ്ക്കു കാണുന്ന വീടുകളില്‍ കയറി കുറച്ചു വെള്ളം വാങ്ങി കുടിച്ചു അല്‍പനേരം വിശ്രമിച്ചിട്ട് യാത്ര തുടരും. അങ്ങനെ ഏതെങ്കിലും വീട്ടിലേക്കു ചെല്ലുമ്പോള്‍ അവിടെ തകൃതിയായി വാറ്റ് നടക്കുന്നുണ്ടാകാം. ഈ ശല്യങ്ങളെ ദൂരെ കാണുമ്പോഴേ വീട്ടിലെ സ്ത്രീകള്‍ നേരത്തെ കരുതി വച്ചിരുന്ന ചാണകമെടുത്തു വീടിന്റെ തിണ്ണ മെഴുകാന്‍ തുടങ്ങും.(ഓടു മേഞ്ഞ വീടും സിമന്റ് തിണ്ണയുമൊക്കെ അക്കാലത്ത് വിരളമായിരുന്നു.)വെള്ളം കുടിക്കാന്‍ കയറുന്ന വഴിപോക്കര്‍ തിണ്ണയിലേക്ക് കയറിയിരുന്നു വിശേഷം പറഞ്ഞിരിക്കുന്നത് തടയാനാണിത്. പകല്‍ ഇതാണ് രീതിയെങ്കില്‍ രാത്രി മറ്റൊരടവാണ് പ്രയോഗിക്കുക. ചൂട്ടുമായി ആരെങ്കിലും പടികയറി വരുന്നത് കാണുമ്പോഴേ വീട്ടുകാര്‍ എല്ലാവരുംകൂടി ഉച്ചത്തില്‍ പ്രാര്‍ത്ഥന ചൊല്ലല്‍/നാമം ജപിക്കല്‍ തുടങ്ങും. സന്ധ്യാപ്രാര്‍ത്ഥന നടക്കുന്ന വീട്ടില്‍ ആരും ശല്യത്തിന് ചെല്ലില്ലല്ലോ.
കുട്ടിക്കാലത്ത് എക്സൈസ് റയിഡ് ഒരു സ്ഥിരം കാഴ്ചയായിരുന്നു. എക്സൈസുകാര്‍ അറിയപ്പെട്ടിരുന്നത് സ്കോടുകാര്‍ എന്നായിരുന്നു. പാവാടപോലുള്ള കാക്കി നിക്കറും കാക്കി ഷര്‍ട്ടും ആണ് വേഷവിധാനം. സ്കൂള്‍ വിട്ടു വരുമ്പോള്‍, വീതിയുള്ള വഴി അവസാനിക്കുന്നിടത്ത് ഒരു ജീപ്പ് നില്‍ക്കുന്നത് കണ്ടാല്‍ ഒരു കാര്യം തീര്ച്ചയാക്കാം. സ്കോടുകാര്‍ ഇറങ്ങിയിട്ടുണ്ട്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ വരവ്. ജീപ്പിന്റെ ശബ്ദം കേള്‍ക്കുമ്പോഴേ കള്ളവാറ്റുള്ള വീടുകളിലെ ആണുങ്ങള്‍ മുങ്ങും. സ്ത്രീകള്‍ തുണി അലക്കാനായി അടുത്തുള്ള പുഴയിലേക്ക് നീങ്ങും. വീടുകളില്‍ചെറിയ കുട്ടികള്‍ ആരെങ്കിലും ഉണ്ടെങ്കിലായി ഇല്ലെങ്കിലായി. എന്നാലും ഒരാളെയെങ്കിലും ഈ സ്കോടുകാര്‍ പൊക്കും. ആ ഹതഭാഗ്യനെ തൊണ്ടി സാധനങ്ങള്‍ സഹിതം അറസ്റ്റു ചെയ്തു കൊണ്ടുപോകും. കോട കലക്കിയിടുന്ന വലിയ മണ്‍കലം, വറ്റാനുപയോഗിക്കുന്ന വലിയ കലം, ഓവുകലം, വാറ്റിയെടുത്ത ചാരായം എന്നിവയായിരിക്കും തൊണ്ടിമുതല്‍. ഈ തൊണ്ടിയെല്ലാം കോടതിയില്‍ ഹജരക്കുമത്രേ. പലപ്പോഴും ബസ്സില്‍ ടൌണിലേക്ക് പോകുമ്പോള്‍ റോഡ് സൈഡിലുള്ള കോടതിയുടെ വരാന്തയില്‍ വലിയ മണ്‍കലങ്ങള്‍ അടുക്കിവച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
നാട്ടിലെ പുരുഷന്മാര്‍ ഒട്ടുമുക്കാലുംമദ്യപാനികള്‍ ആയിരുന്നു. അപൂര്‍വ്വം ചില സ്ത്രീകളും. വീട്ടില്‍ വാറ്റാത്തവര്‍ ചാരായക്കടയിലോ വാറ്റുള്ള വീടുകളിലോ പോയി കുടിക്കും. ചില മാന്യന്മാര്‍ സാധനം വീട്ടിലേക്കു വരുത്തിച്ചു കഴിക്കും. പുറത്തു പോയി മദ്യപിച്ചിരുന്ന ചില കഥാപാത്രങ്ങളെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഇവരെല്ലാം തന്നെ നാട്ടിലെകൃഷിക്കാരായ സാധാരണക്കാരായിരുന്നു. നാലുമണിവരെ പറമ്പിലോ പാടത്തോ പണിയെടുത്തു പുഴയില്‍ പോയി കുളിച്ചു വീട്ടില്‍ വന്നു ഒരു കാപ്പിയും കുടിച്ചിട്ട് പതുക്കെ ഇറങ്ങും. സന്ധ്യ മയങ്ങുന്നതോടെ ചാരായഷാപ്പിലെത്തും. ചിലര്‍ നൂറോ ഇരുന്നൂറോ മില്ലി അടിച്ചിട്ട്, വീട്ടില്‍ വച്ചു കഴിക്കാന്‍ ഒന്നോ രണ്ടോ കുപ്പിയും വാങ്ങി നേരെ വീട്ടിലേക്കു തിരിച്ചു പോകും. ഇവരെക്കൊണ്ട് പൊതുജനങ്ങള്‍ക്ക് യാതൊരു ശല്യവും ഇല്ല. സ്വന്തം വീട്ടില്‍ എത്തിയതിനു ശേഷമാണ് ഇക്കൂട്ടര്‍ തങ്ങളുടെ വിശ്വരൂപം പുറത്തെടുക്കുന്നത്. പിന്നെ വഴക്കായി, ബഹളമായി, ഭാര്യയെയും മക്കളെയും തല്ലുക, ചട്ടിയും കലവും പൊട്ടിക്കുക തുടങ്ങിയ ഇന്‍ഡോര്‍ കലാപരിപാടികള്‍ ഉറങ്ങുന്നതുവരെ നീളും. പിറ്റേന്ന് പുലര്‍ന്നാല്‍ ആളൊരു പുതിയ മനുഷ്യനായി. ശുദ്ധം പാവം...
മറ്റൊരു കഥാപാത്രം. ആള്‍ ശുദ്ധന്‍, ബലഹീനന്‍. നല്ലൊരു കാറ്റടിച്ചാല്‍ താഴെ വീഴും. എന്നാലും നല്ല കപ്പാസിറ്റിയാണ്. ഇദ്ദേഹം എന്നും ഒരു ആറുമണിയോടെ ചാരായഷാപ്പിലെത്തും. നിര്‍ത്താതെ നാലോ അഞ്ചോ നൂറടിക്കും. പിന്നെ ഒരു സൈഡില്‍ മാറി ഇരിക്കും. ആ ഇരുന്ന ഇരുപ്പില്‍ ഉറങ്ങിപ്പോകും. ഒരു പത്തുപത്തരയാകുമ്പോള്‍ ഉണരും അപ്പോഴേക്കും ഷാപ്പ് അടച്ചിരിക്കും. പ്രദേശം വിജനം. മൂപ്പന്‍ നേരെ വീട്ടിലേക്കു നടക്കും. സ്വതവേ പേടിത്തൂറിയായ ഇയാള്‍ പല ശബ്ദങ്ങളില്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടാണ് നടക്കുക. മൂന്നുനാലുപേര്‍ സംസാരിച്ചുകൊണ്ട് പോകുന്നത് പോലെയേ ദൂരെനിന്നു കേള്‍ക്കുന്നവര്‍ക്ക് തോന്നുകയുള്ളൂ. വീട്ടിലെത്തിയാല്‍ ഇയാള്‍ ശാന്തനാണ്.
അടുത്തയാള്‍, സന്ധ്യയോടെ വീട്ടില്‍ നിന്നിറങ്ങുന്നു. വെള്ളമുണ്ട്, ഷര്‍ട്ട്, ഷര്‍ട്ടിനുമീതെ ഒരു സ്വെറ്റെര്‍, തലയില്‍ വെള്ള തോര്‍ത്തുകൊണ്ട് കെട്ട് ഇത്രയുമായിരിക്കും വസ്ത്രാലങ്കാരം കയ്യില്‍ ഒരു ടോര്‍ച് കരുതും. ഷാപ്പില്‍ ചെന്നു ആവശ്യത്തിലധികം കഴിക്കും. സഹകുടിയന്മാരുമായി എന്തെങ്കിലും കശപിശയോടെ അദ്ദേഹത്തിന്‍റെ കലാപരിപാടി ആരംഭിക്കുന്നു. ഷാപ്പില്‍നിന്ന് പിണങ്ങി വീട്ടിലേക്കു തിരിക്കുന്നു. യാത്രയിലുടനീളം ഷാപ്പുകാരനേയും മറ്റു കുടിയന്മാരെയും ഉച്ചത്തില്‍ തെറി വിളിച്ചുകൊണ്ടാണ് യാത്ര. ദേഷ്യത്തിന്റെ മൂര്ദ്ധന്യാവസ്ഥകളില്‍ സ്വന്തം വസ്ത്രങ്ങള്‍ ഓരോന്നായി പറിച്ചു ദൂരെ കളയുന്നു. വീട്ടിലെത്തുമ്പോഴേക്കും ആള്‍ പൂര്‍ണനഗ്നായിരിക്കും. വീടിന്റെ പടിക്കല്‍ എത്തുമ്പോഴേക്കും ഭാര്യ വേറെ മുണ്ടുടുപ്പിച്ചു വീട്ടിലേക്കു ആനയിച്ചു കൊണ്ടു പോകും. അതിരാവിലെ മക്കള്‍ വഴിയില്‍ നിന്നു തലേദിവസത്തെ തുണികളും ടോര്‍ച്ചും തപ്പിയെടുത്തു കൊണ്ടുവരും.
അടുത്ത കഥാപാത്രം, ഉച്ചക്ക് മുന്‍പേ ഷാപ്പിലെത്തും. കയ്യിലുള്ള കാശിനു ആദ്യം തന്നെ നൂറടിക്കും. പിന്നെ ഓരോ കുടിയന്മാര്‍ വരുന്നമുറക്ക് അവരുടെ കയ്യില്‍നിന്നു ഓസാന്‍ തുടങ്ങും. ഷാപ്പടയ്ക്കുമ്പോഴേക്കുംഫുള്‍ ഫോമിലാകും. പിന്നെ വീട്ടിലേക്കു നടക്കും. നല്ല ഉച്ചത്തില്‍ പാട്ട്, തെറിവിളി, കഥാപ്രസംഗം, കൈകൊട്ടിക്കളി, ഡാന്‍സ് എന്നിവ അവതരിപ്പിച്ചുകൊണ്ടാണ് യാത്ര. സ്വന്തമായി നിര്‍മ്മിച്ച ചില പാട്ടുകളും ഉണ്ടാവും. വിരോധമുള്ള ആളുകളുടെ വീടിനു മുമ്പിലെത്തുമ്പോള്‍ അവിടെ അര മണിക്കൂര്‍ നിന്നു തെറിവിളിക്കും. പിന്നെ കലാപരിപാടികളുമായി മുമ്പോട്ട് നീങ്ങും. പാതിരാ കഴിയുമ്പോഴേക്കും വീടെത്തും. ഒരിക്കല്‍ ആരോ ഇദ്ദേഹത്തെ ഇരുട്ടടി അടിച്ചു. അതിനു ശേഷം ആ സ്പോട്ടിനു അടുത്തെത്തുമ്പോള്‍ ശബ്ദം നിലക്കും. പിന്നെ അവിടെനിന്നും ഒരു ഫര്‍ലോങ്ങ് പിന്നിട്ട ശേഷമേ ടിയാന്റെ ശബ്ദം കേള്‍ക്കുകയുള്ളൂ.
അടുത്ത കഥാപാത്രം അല്പം വ്യത്യസ്തനാണ്. ആള്‍ സ്ഥലത്തെ പ്രധാന റൌഡികളില്‍ ഒരാള്‍. ഇയാള്‍ ഷാപ്പില്‍ പോയി കുടിക്കില്ല. കുറച്ചു ദൂരെയുള്ള ഒരു വാറ്റുകാരന്റെ വീട്ടില്‍ പോയേ കുടിക്കൂ. വൈകിട്ട് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തലയില്‍ ഒരു വട്ടക്കെട്ടും കയ്യില്‍ ഒരു വെട്ടുകത്തിയും കാണും. ഈ യാത്രയില്‍ വെട്ടുകത്തിക്ക് ഒറ്റ ഉപയോഗമേ ഉള്ളൂ. അതു പറയുന്നതിന് മുന്‍പ് മറ്റൊരാളെ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. കൊച്ചാപ്പി. ഇയാള്‍ ശുദ്ധരില്‍ ശുദ്ധനായ ഒരു പാവം. കുടിയില്ല, വലിയില്ല, നല്ല അധ്വാനി. അല്പം ധൈര്യക്കുറവുണ്ടെന്നതൊഴിച്ചാല്‍ ആള്‍ പരമയോഗ്യന്‍. നേരം വെളുക്കുന്നതേ പണിക്കിറങ്ങും. കള്ളന്മാരും കന്നുകാലികളും കയറാതെ തന്റെ പറമ്പിന്റെ നാലതിരും നല്ലതുപോലെ വേലികെട്ടി സൂക്ഷിക്കുന്ന ഉത്തമകൃഷിക്കാരന്‍. ഇയാളുടെ സ്ഥലത്തുകൂടിയാണ് നാട്ടുവഴി കടന്നുപോകുന്നത്. വഴിയിലൂടെ കന്നുകാലികള്‍ കടക്കാതിരിക്കാന്‍ രണ്ടതിരിലും ഓരോ കടമ്പ ഉണ്ടാക്കി വച്ചിട്ടുണ്ട് ഇദ്ദേഹം. ഈ കടമ്പ കടന്നാണ് നമ്മുടെ കുടിയന്‍ കഥാപാത്രം വാറ്റുകാരന്റെ വീട്ടിലേക്കു പോകുന്നത്. പോകുമ്പോള്‍ കൊച്ചാപ്പിയുമായി കുശലാന്വേഷണങ്ങള്‍ നടത്തിയാണ് പോവുക. രാത്രി വൈകി തിരിച്ചു പോകുമ്പോള്‍ നല്ല ഫിറ്റായിരിക്കും. ഒരു കുപ്പി കയ്യില്‍ കരുതിയിട്ടുണ്ടാകും. കൊച്ചാപ്പിയുടെ കടമ്പയുടെ അടുത്തെത്തുമ്പോള്‍ അയാളിലെ റൌഡി പുറത്തുചാടും. "ആരാടാ ഇവിടെ കടമ്പ കെട്ടിയത്...? ഫൂ.... അവന്റെ &%;#@*% ടെ ഒരു കടമ്പ....." പിന്നെ കയ്യില്‍ കരുതിയ വെട്ടുകത്തികൊണ്ട് രണ്ടു വശത്തെയും കടമ്പകള്‍ വെട്ടിമുറിച്ചു ദൂരെ എറിയും. എന്നിട്ട് വിശാലമായി നടന്നുപോകും. ഇതെല്ലാം കണ്ടുകൊണ്ടു ഒരാള്‍ നിശബ്ദനായി കയ്യാലയുടെ പുറകില്‍ ഇരിക്കുന്നുണ്ടാകും. പാവം കൊച്ചാപ്പി. മറ്റെന്തു ചെയ്യാന്‍? അതിരാവിലെ എണീറ്റു കടമ്പ പഴയത് പോലെ കെട്ടിവക്കും. രാത്രി വീണ്ടും കയ്യലാപ്പുറകില്‍ ഒളിച്ചിരുന്നു കടമ്പ വെട്ടിമുറിച്ചെറിയുന്നത് കാണും. ഒരിക്കല്‍ അബദ്ധവശാല്‍ കൊച്ചാപ്പി കുടിയനോട് കടമ്പ മുറിക്കാതിരുന്നുകൂടെ എന്നു ചോദിച്ചു. "ട്ടേ" എന്നൊരു ശബ്ദം കേട്ടതോര്‍മ്മയുണ്ട്. നേരം വെളുത്തു ബോധം വന്നപ്പോള്‍ മാത്രമാണ് ബോധം പോയ വിവരം കൊച്ചാപ്പി അറിഞ്ഞത്.
ഇനിയും അനവധി മദ്യ പുരാണങ്ങള്‍ പറയാനുണ്ട്. അതു ഇനിയൊരിക്കലാകാം
Mathew Philip
www.venniyodan.blogspot.com
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment