പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരേ നടപടി എടുപ്പിക്കാമെന്ന പ്രതീക്ഷയില്‍ കേന്ദ്രകമ്മറ്റിയില്‍ പങ്കെടുക്കാന്‍ പോയ ഔദ്യോഗിക പക്ഷം നിരാശരായി മടങ്ങി. വി.എസ്. അച്യുതാനന്ദനെതിരെ അച്ചടക്കനടപടിയുടെ ആവശ്യമില്ലെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. വേണമെങ്കില്‍ വിഷയം സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാം. പ്രതിഷേധം രേഖപ്പെടുത്താമെന്നുള്ളതില്‍ കവിഞ്ഞ് ആ ചര്‍ച്ചയ്ക്ക് യാതൊരു പ്രയോജനവുമില്ല താനും. വി.എസിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട ഔദ്യോഗിക പക്ഷത്തിന് ഇരുട്ടടി എന്നപോലെ, ഇടുക്കി ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ എം.എം. മണിക്കെതിരെ കൂടുതല്‍ നടപടിയെടുക്കണമെന്ന് കേന്ദ്രകമ്മിറ്റിയില്‍ അഭിപ്രായം ഉയരുകയും ചെയ്തു. മണി ഇപ്പോള്‍ അംഗമായ സംസ്ഥാന കമ്മറ്റിയില്‍ നിന്നും പുറത്താവാനുള്ള സാധ്യതയും ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
സി.പി.എമ്മിലെ ബംഗാള്‍ ലോബി പൂര്‍ണ്ണമായും പിണറായി പക്ഷത്തെ തഴയുന്നത് വി.എസിന് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട്ട് എത്തിയ ബംഗാള്‍ സഖാക്കള്‍ പാര്‍ട്ടി കേരളത്തില്‍ പണക്കൊഴുപ്പിന്റെ പേരില്‍ പ്രദര്‍ശിപ്പിക്കുന്ന ആഡംബരങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അതിനു ശേഷം പിണറായി പക്ഷത്തിന് വിരുദ്ധമായ നിലപാടുകളാണ് ബംഗാളില്‍ നിന്നുള്ള കേന്ദ്ര നേതൃത്വത്തിലെ സഖാക്കളുടേത്. അതിന്റെ തുടര്‍ച്ചയാണ് വി.എസിന് അനുകൂലമായ നിലപാട് ഈ കേന്ദ്രകമ്മറ്റിയും രൂപപ്പെടുന്നതിന് സഹായകരമായത്. കൊലപാതക രാഷ്ട്രീയത്തെ ഒരുതരത്തിലും അനുകൂലിക്കുന്നില്ല എന്നു വ്യക്തമാക്കിയ കേന്ദ്രനേതൃത്വം, പിണറായി പക്ഷത്തിന്റെ എല്ലാ വാദങ്ങള്‍ക്കും നേരേ കണ്ണടച്ചു. കടുത്ത അസംതൃപ്തിയോടെയാണ് പിണറായി പക്ഷത്തിന്റെ മടക്കം.
കേരളത്തിലെ സമകാലീന രാഷ്ട്രീയസംഭവങ്ങളായിരുന്നു കേന്ദ്രക്കമ്മിറ്റിയില്‍ ഞായറാഴ്ചയും ചര്‍ച്ച ചെയ്തത്. ഇരുപത് മിനിറ്റോളം സംസാരിച്ച വി.എസ്. അച്യുതാനന്ദന്‍ കേരളത്തില്‍ പാര്‍ട്ടി പ്രതിസന്ധിയിലാണെന്നും ഇതില്‍നിന്ന് കരകയറ്റാന്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു. എസ്.എന്‍.സി ലാവലിന്‍ കേസില്‍ പിണറായിയെ രക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിച്ചതാണ്, പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് വി.എസ് പറഞ്ഞു. സെക്രട്ടറിയുടെ നയവ്യതിയാനം മറച്ചുപിടിക്കാനായി ആവര്‍ത്തിക്കുന്ന തെറ്റുകള്‍ പാര്‍ട്ടിയ്ക്ക് തളര്‍ച്ചയുണ്ടാക്കിയെന്നും വി.എസ് ആരോപിച്ചു. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയവരെ സന്തോഷത്തോടെ യാത്രയാക്കുമ്പോള്‍ പ്രത്യയശാസ്ത്രം മുറുകെ പിടിച്ച് പാര്‍ട്ടിക്കുള്ളില്‍ കാര്യങ്ങള്‍ ഉന്നയിക്കുന്നവരെ പുറത്താക്കുന്നു, ഭീഷണിപ്പെടുത്തുന്നു, കൊല്ലുന്നു എന്ന ശൈലിയാണ് കേരളത്തില്‍ നടപ്പിലാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സെക്രട്ടറിയാണ് പാര്‍ട്ടിയെന്ന ശൈലി കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് പറഞ്ഞ വി.എസ് അഴിമതിക്കേസുകളിലും ക്രിമിനല്‍ കേസുകളിലും ശിക്ഷ വിധിക്കേണ്ടത് പാര്‍ട്ടിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രത്യയശാസ്ത്രത്തില്‍ വീഴ്‌ച്ച വന്നാല്‍ അച്ചടക്കം വെറുതെയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളില്‍ അഴിമതി വിഷയത്തില്‍ പാര്‍ട്ടി നിലപാട് എടുത്തുവെന്നും, പക്ഷേ പി.ബിയില്‍ അഴിമതി ആരോപണ വിധേയരായവരെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞ് വി.എസ് ബംഗാള്‍ സഖാക്കളുടെ പിന്തുണയും ഉറപ്പാക്കി. പാര്‍ട്ടി ഒരിക്കല്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ച ലാവലിന്‍ പ്രശ്‌നം കേന്ദ്രകമ്മിറ്റിയില്‍ വീണ്ടും ഉന്നയിക്കുന്നതോടെ സി.പി.എമ്മിലെ പ്രത്യയശാസ്ത്ര വ്യതിയാനം എന്ന വാദം ശക്തമാക്കിയിരിക്കുകയാണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് ചിലര്‍ എടുത്ത നടപടികള്‍ പാര്‍ട്ടിയെ നശിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നും പാര്‍ട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് താന്‍ നടത്തിയതെന്നും വി.എസ് വ്യക്തമാക്കി.
പി.ബി. അംഗമായതിനാല്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തന്റെ വാദങ്ങള്‍ നേരത്തേ പി.ബി.യില്‍ അവതരിപ്പിച്ചിരുന്നു. കേന്ദ്രക്കമ്മിറ്റിയില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ അവസരമുണ്ടായില്ല. വി.എസിനെതിരേ നടപടിയില്ലെങ്കിലും അദ്ദേഹം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് അയച്ച കത്തില്‍ സംസ്ഥാന നേതൃത്വത്തെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്രക്കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാന്‍ പി.ബി അനുവദിച്ചില്ല. സംസ്ഥാനത്തു തന്നെ ഇവ ചര്‍ച്ചചെയ്താല്‍ മതിയെന്ന നിലപാട് സംസ്ഥാന നേതൃത്വത്തിന് ഗുണകരമായി. കേന്ദ്രകമ്മറ്റി ഇതു ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ബംഗാള്‍ ലോബിയുടെ സഹായത്തോടെ വി.എസ് പിടിമുറുക്കിയേനെ.
കേന്ദ്രക്കമ്മിറ്റി അംഗമായ വി.എസ്സിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയില്ലെന്നതാണ് പിണറായി പക്ഷത്തെ വലയ്ക്കുന്നത്. ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരന്‍ പുതിയപാര്‍ട്ടി രൂപവത്കരിച്ചതിനെ 1964-ലെ പാര്‍ട്ടിപിളര്‍പ്പിനോട് ഉപമിച്ചത്, ചന്ദ്രശേഖരന്‍വധക്കേസില്‍ പാര്‍ട്ടിനേതാക്കള്‍ പിടിയിലായപ്പോള്‍ അവരെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി ശ്രമിച്ചതിനെ എതിര്‍ത്തത്, നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ദിവസം ടി.പി.യുടെ വീട് സന്ദര്‍ശിച്ചത് തുടങ്ങി വി.എസ്. ചെയ്ത കാര്യങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തെ വീഴ്‌ത്താനാണ് പിണറായി പക്ഷം തയ്യാറെടുത്തിരുന്നത്. എന്നാല്‍ ബംഗാള്‍ സഖാക്കളുടെ പിന്തുണ കണ്ട കേന്ദ്രനേതൃത്വം വി.എസിനെതിരേ കണ്ണടച്ചു. പ്രകാശ് കാരാട്ട് വി.എസുമായി നടത്തിയ നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് പറഞ്ഞുവെന്നാണ് ഔദ്യോഗിക പക്ഷം അവകാശപ്പെടുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിച്ച് എം.എം. മണി ചെയ്ത പ്രസംഗം പാര്‍ട്ടിയുടെ നയമല്ല എന്ന് കേന്ദ്രക്കമ്മിറ്റി വ്യക്തമാക്കിയതും ഔദ്യോഗിക പക്ഷത്തിന് ആഘാതമായി. മണി പറഞ്ഞത് തെറ്റാണെന്ന് കേന്ദ്ര നേതൃത്വം അഭിപ്രായപ്പെട്ടിട്ടും മണിയെ പിന്തുണയ്ക്കുന്ന തരത്തില്‍ പുറത്ത് വന്ന ജില്ലാ കമ്മറ്റിയുടെ പ്രമേയത്തിനെതിരേ കേന്ദ്രനേതൃത്വം പ്രതികരിച്ചില്ല. മണിക്കെതിരെ കൂടുതല്‍ കഠിനമായ നടപടി വേണമെന്ന അഭിപ്രായവും പിണറായി പക്ഷത്തിന്റെ ആത്മവീര്യം തകര്‍ക്കുന്നതാണ്. ചുരുക്കത്തില്‍ വി.എസിനെതിരേ നടപടിയെടുക്കാന്‍ തയ്യാറാവുമെന്ന് കരുതപ്പെട്ടിരുന്ന കേന്ദ്രകമ്മറ്റി യോഗം അദ്ദേഹത്തിന്റെ പൊതുസമ്മതിയെ ശരിവയ്ക്കുന്ന നിലപാട് സ്വീകരിക്കുകയായിരുന്നു
No comments:
Post a Comment