Wednesday, 20 June 2012

[www.keralites.net] മേഷയുദ്ധം

 

പ്രത്യേകം തയ്യാറെടുപ്പിച്ച മുട്ടാടുകളെ കളത്തിലിറക്കി പരസ്പരം ഇടിപ്പിക്കുന്ന ഒരു വിനോദപ്രകടനം. മത്സരാടിസ്ഥാനത്തിലും ഇതു സംഘടിപ്പിക്കാറുണ്ട്. വളരെ വാശിയും വീറും ഉളവാക്കുന്ന ഈ പ്രകടനത്തിനു മേഷയുദ്ധം എന്നും പേരുണ്ട്. കേരളത്തിലെ ചില പ്രദേശങ്ങളിലും തമിഴ്നാട്ടിലുമാണ് ഇതു മുഖ്യമായി നടത്താറുള്ളത്. വിനോദാര്‍ഥം ഉത്തരേന്ത്യയിലെ ചില ജനസമൂഹങ്ങള്‍ക്കിടയിലും മേഷയുദ്ധം നടത്താറുണ്ട്. ഇതിനോടു സമാനമായ മറ്റൊരു മത്സരമാണ് കോഴിപ്പോര്. ഇവ രണ്ടും ചില ആഫ്രിക്കന്‍ ജനവര്‍ഗങ്ങള്‍ക്കിടയിലും നടപ്പുണ്ട്. എങ്കിലും മുഖ്യമായും ഇത് ആദിദ്രാവിഡസംസ്കാരത്തിന്റെ സംഭാവനയായിട്ടാണ് കരുതപ്പെട്ടുവരുന്നത്.
നല്ല ആരോഗ്യമുള്ള ശരീരവും സുശക്തമായ കൊമ്പുകളുമുള്ള മുട്ടാടുകളെയാണ് ഈ മത്സരത്തിനുവേണ്ടി പരിശീലിപ്പിക്കുന്നത്. പരസ്പരം പാഞ്ഞുവന്ന് നെറ്റികള്‍ കൂട്ടി ഇടിച്ചും കൊമ്പുകള്‍ പരസ്പരം ഇടഞ്ഞും അക്രമാസക്തിയോടെ നടത്തുന്ന ഈ മത്സരത്തിന് അവശ്യം വേണ്ട അടവുകളും ഒഴിവുകളും ഇതിനുവേണ്ടി തയ്യാറെടുപ്പിക്കുന്ന മുട്ടാടുകളെ മുന്‍കൂട്ടിത്തന്നെ പരിശീലിപ്പിച്ചിരിക്കും.
വിളവെടുപ്പ്, ക്ഷേത്രോത്സവങ്ങള്‍ തുടങ്ങിയവയോടനുബന്ധിച്ച് കരക്കാരുടെ നേതൃത്വത്തിലാണ് സാധാരണ ഈ മത്സരം സംഘടിപ്പിക്കുക. കരക്കാര്‍ രണ്ടുചേരികളായി തിരിഞ്ഞ് ഓരോ ചേരിക്കാരും മുന്‍കൂട്ടി തയ്യാറെടുപ്പിച്ചിട്ടുള്ള അവരുടെ മുട്ടാടിനെ കളത്തിലിറക്കും. മത്സരം നിരീക്ഷിച്ച് നിയന്ത്രിക്കാനും വിജയം നിശ്ചയിക്കാനും ഒരു മധ്യസ്ഥനെ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കും. നിര്‍ദിഷ്ടസ്ഥലത്തും സമയത്തും ഈ മധ്യസ്ഥന്റെ നിയന്ത്രണത്തിന് വിധേയമായിട്ടാണ് മത്സരം നടത്തുക. മത്സരത്തില്‍ പങ്കെടുക്കുന്ന ചേരിക്കാര്‍ കളത്തിനു പുറത്ത് രണ്ടുഭാഗത്തായി നിലകൊള്ളും. മധ്യസ്ഥന്‍ നിര്‍ദേശിക്കുന്ന സമയത്ത് ഇരുചേരിക്കാരും ആടുകളെ ചൊടിപ്പിച്ച് കളത്തിലേക്കോടിക്കും. അവ പാഞ്ഞുവന്ന് നെറ്റികള്‍ കൂട്ടിയിടിക്കുകയും കൊമ്പുകള്‍ കൊരുത്ത് പരസ്പരം തള്ളിമാറ്റുവാനും കുത്തിവീഴ്ത്തുവാനും ശ്രമിക്കുകയും ചെയ്യും. ഇതിനിടയില്‍ പരസ്പരം ചവിട്ടുകയും കുത്തിമറിയുകയും ഒഴിഞ്ഞുമാറുകയും എല്ലാം ചെയ്തുകൊണ്ടിരിക്കും. ഈ അവസരത്തില്‍ ഓരോ ചേരിക്കാര്‍ അവരവരുടെ ആടുകള്‍ക്ക് ഉശിരുകയറ്റാനുള്ള ശബ്ദപ്രകടനങ്ങള്‍ നടത്തുന്നുണ്ടായിരിക്കും. ചേരിയില്‍​പ്പെട്ടവരും പെടാത്തവരുമായ കാണികള്‍ ജയിക്കാന്‍ ഇടയുള്ള ആടിനെപ്പറ്റി വാശിയേറിയ തര്‍ക്കങ്ങളും പന്തയം വയ്പുകളും നടത്താറുണ്ട്. ഏതെങ്കിലും ഒരു ചേരിക്കാരുടെ ആട് ഇടിയേറ്റ് നിലംപതിക്കുകയോ ഇടിനിറുത്തി കളത്തില്‍നിന്ന് പിന്‍മാറുകയോ ചെയ്യുന്നതുവരെ ഈ വാശിയേറിയ മത്സരം നീണ്ടുനില്ക്കും. ചിലപ്പോള്‍ രണ്ടാടുകളും പരിക്ഷീണരാവുകയും സ്വയം മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തുവെന്ന് വരാം. മറ്റു ചില സന്ദര്‍ഭങ്ങളില്‍ നിര്‍ദിഷ്ടസമയം കഴിഞ്ഞാലും പരിക്ഷീണരാകാതെ ആടുകള്‍ മത്സരം തുടര്‍ന്നുകൊണ്ടിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ രണ്ടാടുകളും സമജോഡിയാണെന്ന് മധ്യസ്ഥന്‍ പ്രഖ്യാപിക്കും. മധ്യസ്ഥന്റെ വിധിപ്രഖ്യാപനത്തോടെ ഇത്തരം മത്സരങ്ങള്‍ അവസാനിക്കുകയാണ് പതിവ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment