പൂരം കൂറിസ്-കുറി വിളിച്ചാലും ഇല്ലെങ്കിലും ചങ്ങനാശ്ശേരി ചന്തയില് വെളിച്ചെണ്ണക്കച്ചവടം നടത്തിയിരുന്ന വിന്സെന്റ് ചാലക്കുടി ചന്തയിലെ കുറിക്കമ്പനിയുടെ ഓഹരിയുടമ കൂടിയായിരുന്നു. ഇരിങ്ങാലക്കുടയിലെ ഒരു കോളജ് പ്രഫസര്, പ്ലസ്ടു അധ്യാപകന്, വക്കീല്, സഹകരണ ബാങ്ക് മാനേജര്, ബാങ്ക് ജീവനക്കാര് എന്നിവരടക്കം 30 ഉടമകളാണ് തുടക്കത്തില് ഉണ്ടായിരുന്നത്. പണിപോകുന്ന കേസായതിനാല് ബാങ്ക് ജീവനക്കാര് ഭാര്യമാരെയും അനുജന്മാരെയുമൊക്കെ ബിനാമിയാക്കിയാണ് സാമൂഹിക സേവനത്തിനിറങ്ങിയത്.
കേരള ചിട്ടി നിയമത്തില് വിശ്വാസമില്ലാത്തതിനാല് നേരെ ഫരീദാബാദില് പോയി രജിസ്ട്രേഷന് എടുത്തു. തിരിച്ചുവരും വഴി ബംഗളൂരുവില് ഒരു മുറിയെടുത്ത് ബോര്ഡും വെച്ചു. 1995ല് ആരംഭിച്ച കമ്പനിക്ക് ഓരോരുത്തരും 10,000 രൂപ വീതമാണ് മുടക്കിയത്. ഉടമകള് കഴിയുന്നത്ര ആളുകളെ ചിട്ടിയില് ചേര്ക്കണമെന്നായിരുന്നു നിര്ദേശം. വിന്സന്റും ഓടി നടന്ന് ആളെ ചേര്ത്തു. പക്ഷേ, നറുക്കിടുമ്പോഴൊന്നും വിന്സന്റ് ചേര്ത്തവര്ക്ക് കുറി വീഴുന്നില്ല. ദൈവത്തിന്റെ വികൃതിയോ സാത്താന്റെ കളിയോ... സംശയംതോന്നിയ വിന്സന്റ് അടുത്തതവണ നറുക്കെടുപ്പ് നടക്കുന്ന ബംഗളൂരുവിലേക്ക് വണ്ടികയറി. അവിടെ ചെന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. കുറി നറുക്കെടുപ്പിന് അധികംപേരൊന്നുമുണ്ടാവില്ല. കമ്പനി നടത്തിപ്പുകാര്തന്നെ പല വ്യാജ പേരുകളില് കുറിയടിച്ചതായി രേഖയുണ്ടാക്കും. ലേലമാണെങ്കില് മറ്റുള്ളവരുടെ ഓഫറുകള് പൊട്ടിച്ചുനോക്കി കുറഞ്ഞ തുകക്കുള്ള ഓഫര് എഴുതിവെക്കും. വരിക്കാരന് എത്ര ശ്രമിച്ചാലും ഒരു ലക്ഷത്തിന് 40,000 രൂപ മാത്രമേ കിട്ടൂ. കുറച്ച് ഡിവിഡന്റ് മറ്റ് വരിക്കാര്ക്ക് നല്കുമെന്നതിനാല് കുറി എത്രരൂപക്ക് ആര്ക്ക് കൊടുത്തു എന്നൊന്നും അന്വേഷിക്കുകയുമില്ല.
നാട്ടിലെത്തി കമ്പനി രേഖ പരിശോധിച്ച വിന്സെന്റ് വീണ്ടും ഞെട്ടി. 150 വരിക്കാരുണ്ടെന്ന് പറഞ്ഞ ഒരു കുറിയില് ആകെയുള്ളത് 33 പേര്. ബാക്കിയൊക്കെ വ്യാജം. അങ്ങനെ നിരവധി കുറികളും ഡിവിഷനുകളും. ഇവയിലെ യഥാര്ഥ വരിക്കാരാകട്ടെ കുറികിട്ടാതെ വര്ഷങ്ങളോളം പണമടച്ചുകൊണ്ടേയിരിക്കണം. അല്ലെങ്കില് വന് നഷ്ടത്തിന് ലേലം കൊള്ളണം. വരിക്കാരുടെ പണം ഇന്ദിരാവികാസ് പത്രപോലെ അഞ്ചുവര്ഷംകൊണ്ട് ഇരട്ടിക്കുന്ന പദ്ധതികളില് നിക്ഷേപിക്കുകയാണ് കമ്പനിയുടമകള് ചെയ്തിരുന്നത്. ചിട്ടി വട്ടമെത്താന് ഏതാനും മാസങ്ങള് മാത്രം ബാക്കി നില്ക്കുമ്പോഴായിരിക്കും ഈ വരിക്കാര്ക്ക് കുറി നല്കുക. അപ്പോഴേക്കും വന് തുക നടത്തിപ്പുകാരുടെ കീശയിലായിട്ടുണ്ടാവും. ഈ വിവരം പുറത്തായതോടെ പാര്ട്ട്ണര്മാര് ഓരോന്നായി ഒഴിവാകാന് തുടങ്ങി. സത്യസന്ധതകൊണ്ടല്ല മറ്റുള്ളവരുടെ മുന്നില് പിടിച്ചുനില്ക്കാനുള്ള കഴിവില്ലാത്തതുകൊണ്ടായിരുന്നു ഇത്. തട്ടിപ്പ് പുറത്തുവന്നതോടെ കമ്പനി പൂട്ടിയെന്ന് കരുതരുത്. അത് ഇപ്പോഴും പ്രവര്ത്തിക്കുന്നുണ്ട്. പക്ഷേ, വിന്സന്റിന്റെ ചീട്ട് അതോടെ കീറി. നേരത്തേ മറ്റ് പാര്ട്ട്ണര്മാരെ വിശ്വസിച്ച് 1.69 ഏക്കര് സ്ഥലത്തിന്റെ ആധാരം പണയംവെച്ച് മൂന്നുലക്ഷം രൂപ വിന്സന്റ് കമ്പനിയില് നിന്നെടുത്തിരുന്നു. ആ വസ്തു കമ്പനി സ്വന്തം പേരിലാക്കി. പലപ്പോഴായി നാല് പൂവല് കുറികളും 20 മാസക്കുറികളും ചേര്ത്തിരുന്നത് കുടിശ്ശികയായപ്പോള് അതിന്റെ പേരിലും കേസുകളായി. അതേസമയം, ഇതില് ചില കുറികളടിച്ചതും പാര്ട്ട്ണര്ഷിപ്പിന്റെ പേരില് കിട്ടാനുള്ളതും ചേര്ത്ത് തന്റെ വക 11 ലക്ഷം രൂപ കമ്പനിയില് ഇപ്പോഴുമുണ്ടെന്നാണ് വിന്സെന്റ് പറയുന്നത്. ഇതിന് പുറമെ 19 ലക്ഷം രൂപ കൂടി കൊടുക്കാമെന്ന് പറഞ്ഞിട്ടും സ്ഥലം തിരിച്ചുകൊടുക്കാന് കമ്പനി തയാറായില്ല. പക്ഷേ, ഒരു ഉപകാരം ചെയ്തു. വിന്സന്റിന്റെ സ്വന്തം വീട്ടില് താമസിക്കാന് ഒരു വാടക ശീട്ട് എഴുതിക്കൊടുത്തു.
കല്യാണം കഴിക്കാന് പോലുമാകാതെ വിന്സന്റും ചേട്ടനും വൃദ്ധയായ മാതാവും ഈ വീട്ടില് കഴിയുകയാണ്, ചിട്ടി തട്ടിപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി.
ചിട്ടിക്കമ്പനിയില്നിന്ന് തിരിമറി നടത്തുന്ന പണമുപയോഗിച്ച് വമ്പന് വീടുകള് പണിത് വില്ക്കുകയാണ് മിക്ക ഉടമകളും ചെയ്യുന്നതെന്നാണ് വിന്സന്റ് പറയുന്നത്. പല റിയല് എസ്റ്റേറ്റ് കമ്പനികളും പിടിച്ചുനില്ക്കുന്നതും ചിട്ടിക്കമ്പനികളുടെ തണലിലാണ്. ഇത് ശരിവെക്കുന്നതാണ് ചിട്ടിക്കമ്പനികള് ഈട് വാങ്ങുന്ന രീതി. എത്ര മൂല്യമുള്ളതായാലും ഫ്ളാറ്റുകള് ഈടായി സ്വീകരിക്കാന് ഇവര് തയാറല്ല. എന്നാല്, സ്ഥലമാണ് ഈടെങ്കില് എന്തു വിട്ടുവീഴ്ച ചെയ്യാനും ഈ കൂട്ടര് തയാറാവുകയും ചെയ്യും. പണം തിരിച്ചുകൊടുക്കാന് ചെല്ലുമ്പോള് സ്വഭാവം മാറുമെന്നുമാത്രം. പക്ഷേ, വിന്സന്റ് കണ്ടതൊന്നുമല്ല യഥാര്ഥ തട്ടിപ്പെന്നാണ് തൃശൂരിലെ ഒരു പഴയകാല ചിട്ടിയുടമ പറയുന്നത്. പ്രായമായതിനാലാവണം മുന്കാല ചെയ്തികളെക്കുറിച്ച് അല്പം കുറ്റബോധവും ഇദ്ദേഹത്തിനുണ്ട്.
ഫരീദാബാദിലെ ബ്രാഞ്ചിന്റെ പേരുവെച്ച് ഞെളിയുന്ന ചിട്ടിക്കമ്പനികള് നറുക്കെടുപ്പ് നടത്തുന്നത് മിക്കവാറും ഒരേ മുറിയില് വെച്ചാണ്. ഓരോദിവസവും ഓരോ കമ്പനികള് ഈ മുറി ഉപയോഗിക്കും. എത്ര തണുപ്പാണെങ്കിലും ഈ മുറികളില് ഫ്രിഡ്ജ് ഉണ്ടായിരിക്കും. നടുക്ക് തുളയിട്ട പിച്ചളത്തുണ്ടുകള് (ടോക്കണ്) നമ്പറിട്ട് സൂക്ഷിച്ചിട്ടുമുണ്ടാകും. നറുക്കെടുപ്പില് പങ്കെടുക്കാന് ആരെങ്കിലും അവിടെയെത്തിയെന്നിരിക്കട്ടെ. ഓഫറുകള് അടങ്ങിയ കവറുകള്ക്ക് തുല്യമായ എണ്ണം പിച്ചളത്തുണ്ടുകള് ഉപയോഗിച്ചാണ് നറുക്കെടുപ്പ് നടത്തുക. ഇവ ഒരു ടിന്നിലിട്ട് കുലുക്കും. എന്നിട്ട് കമ്പനി പ്രതിനിധി ഒരു പിച്ചളത്തുണ്ട് എടുക്കും. ഇതിലെ നമ്പര് രേഖപ്പെടുത്തിയ കവറിന്റെ ഉടമക്കാണ് ആ പ്രാവശ്യം ചിട്ടിയടിച്ചതായി കണക്കാക്കുക. അത് ഒരിക്കലും യഥാര്ഥ വരിക്കാരനായിരിക്കില്ല. അതിന്റെ ഗുട്ടന്സ് ഇങ്ങനെയാണ്. കമ്പനിക്ക് താല്പര്യമുള്ള കവറിലെ നമ്പറുള്ള പിച്ചളക്കഷണം നേരത്തേയെടുത്ത് ഫ്രിഡ്ജില് സൂക്ഷിക്കും. തണുത്ത പിച്ചളക്കഷണം സാധാരണ താപനില കൈവരിക്കാന് ഏറെ സമയമെടുക്കും. ഇതിനിടെ, നറുക്കെടുപ്പ് നടന്നിരിക്കും. മറ്റ് കഷണങ്ങള്ക്കൊപ്പമിട്ട് കുലുക്കിയാലും തണുത്ത പിച്ചള തിരിച്ചറിയാന് നറുക്കെടുക്കുന്നയാള്ക്ക് അധികം പ്രയാസപ്പെടേണ്ടിവരില്ലല്ലോ.
മകളുടെ കല്യാണം കണക്കുകൂട്ടി ചിട്ടിപിടിക്കാനെത്തുന്നവര്ക്ക് ലോണെടുക്കുക മാത്രമാണ് പിന്നെയുള്ള പോംവഴി. അടച്ചുതീര്ന്ന തവണകളുടെ നിശ്ചിത ശതമാനം വായ്പയായി നല്കാന് കുറിക്കമ്പനികള് സമ്മതിക്കാറുണ്ട്. ഇതിന് അവര് നിശ്ചയിക്കുന്ന പലിശ നല്കുകയും വേണം. അങ്ങേയറ്റം കുറ്റകരമായ കാര്യമാണിത്. ഇതറിയാതെയാണ് വരിക്കാര് ഈ സമ്മര്ദത്തിന് വഴങ്ങുന്നത്.
അടുത്തകാലത്ത് പരസ്യങ്ങളില് നിറഞ്ഞുനില്ക്കുന്ന 'പൂരം' കുറിക്കമ്പനി നിയമവിരുദ്ധ പ്രവര്ത്തനം നടത്തുന്നുവെന്നും വരിക്കാരുടെ പണം വഴിവിട്ട് ചെലവഴിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വരിക്കാരനും ഷെയര് ഹോള്ഡറും നല്കിയിരിക്കുന്ന ഹരജികള് കോടതികളുടെ പരിഗണനയിലാണ്. തൃശൂര് റൗണ്ടിലെ പത്തായപ്പുരയിലാണ് 'പൂര'ത്തിന്റെ കോര്പറേറ്റ് ഓഫിസ്. ഈ സ്ഥാപനം സ്വന്തമായി ആസ്ഥാനമോ മറ്റ് ആസ്തികളോ ഉണ്ടാക്കാന് ശ്രമിക്കാതെ ഡയറക്ടര്ബോര്ഡ് അംഗങ്ങള് സ്വന്തം ആവശ്യത്തിന് കമ്പനിയുടെ പണം ഉപയോഗിക്കുന്നത് തടയണമെന്നാണ് കഴിഞ്ഞ മാര്ച്ച് 31ന് തൃശൂര് മുന്സിഫ് കോടതിയില് നല്കിയ ഹരജിയില് ആമ്പല്ലൂര് സ്വദേശി രവീന്ദ്രന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തോടൊപ്പം ചിട്ടി നറുക്കെടുപ്പിന് ഫരീദാബാദില് പോകുന്നതിന് ചെലവായത്, വിവിധ വരിക്കാര്ക്കെതിരെ കേസ് നടത്തിപ്പിന് ചെലവായത് തുടങ്ങിയ ഇനങ്ങളില് ദശലക്ഷക്കണക്കിന് രൂപ എഴുതിയെടുക്കുന്നത് തടയണമെന്നുകൂടി ആവശ്യപ്പെട്ടാണ് ഓഹരി ഉടമ കൂടിയായ പാറളം വില്ലേജിലെ റീജന് പല്ലിശ്ശേരി 2011 ഒക്ടോബറില് തൃശൂര് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ കേസുകളിലെ വിധിയനുസരിച്ചായിരിക്കും ഇനി പത്തായപ്പുരയില് പൂരം നടക്കുക.
മുന്കാലങ്ങളില് വ്യാപക തട്ടിപ്പ് നടന്നിട്ടും ഇത്രമാത്രം ചിട്ടിക്കമ്പനികളില് പണമിടാന് ഈ നാട്ടില് ആളുകളുണ്ടോയെന്ന് അദ്ഭുതപ്പെട്ടുപോകും. ചിട്ടി കിട്ടുന്ന പണം ഇവര് എന്ത് ചെയ്യുകയായിരിക്കും എന്ന സംശയത്തിന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന് കൃത്യമായ ഉത്തരം തന്നു. ചിലര്ക്ക് കുട്ടികളെ സ്വാശ്രയ സ്ഥാപനങ്ങളില് ചേര്ക്കാനാവശ്യമായ പണം കണ്ടെത്തണമായിരുന്നു. ടൈക്കൂണും ടോട്ടല് ഫോര്യുവും പോലുള്ള സ്ഥാപനങ്ങളില് നിക്ഷേപിച്ച് പെട്ടെന്ന് പണക്കാരാകാനാണ് മറ്റുചിലര് ചിട്ടിചേര്ന്നത്. പക്ഷേ, ചിട്ടി നടത്തിപ്പുകാരുടെയും ലക്ഷ്യം ഇതൊക്കെയായിരുന്നുവെന്ന് അവര് അറിഞ്ഞില്ലെന്നു മാത്രം. വരിക്കാരുടെയും നടത്തിപ്പുകാരുടെയും മനസ്സ് ഒരേപോലെയായതിനാല് പണംപോയ പല കഥകളും പുറത്തറിയുന്നില്ലെന്നു മാത്രം
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment