കോഴിക്കോട്: ഗൂഢാലോചന സംബന്ധിച്ച് ഉന്നത നേതാക്കള്ക്കെതിരെ മൊഴികള് ലഭിച്ചിട്ടും ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ അന്വേഷണം സി.പി.എം ഏരിയാ കമ്മിറ്റിയില് ഒതുക്കേണ്ടിവരുമെന്ന ആശങ്കയില് പ്രത്യേക അന്വേഷണസംഘം. ബ്രാഞ്ച് കമ്മിറ്റിയില്നിന്നു തുടങ്ങി ലോക്കല്‍-ഏരിയ-ജില്ല കമ്മിറ്റികളും കടന്ന് അന്വേഷണം മുകളിലേക്ക് കടന്നെങ്കിലും ഉന്നതതലത്തിലെ ഗൂഢാലോചനക്കാരായ രണ്ടുപേരെ ചോദ്യംചെയ്യാന് കഴിയാത്തത് പൊലീസിനെ കുഴയ്ക്കുന്നു. കൃത്യവും ശക്തവുമായ തെളിവില്ലാതെ മുകളിലേക്ക് അന്വേഷണം കൊണ്ടുപോകാനാവില്ലെന്ന് അന്വേഷണ സംഘാംഗം പറയുന്നു.
അറസ്റ്റിലായവരില് ടി.കെ. രജീഷ്, സിജിത് എന്നീ ക്വട്ടേഷന് സംഘാംഗങ്ങള് ഏരിയാ കമ്മിറ്റി വരെയുള്ള പേരുകളേ പറഞ്ഞിട്ടുള്ളൂ. തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം പി.പി. രാമകൃഷ്ണന്‍, പാനൂര് ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന് എന്നിവരാണ് തങ്ങളുടെ അറിവില് മുഖ്യ ഗൂഢാലോചനക്കാരെന്നും ഇരുവരും ചില ഉന്നത നേതാക്കളോട് ഫോണില് സംസാരിച്ചത് കണ്ടിട്ടുണ്ടെന്നുമാണ് രജീഷിന്റെയും മറ്റും മൊഴി. കുഞ്ഞനന്തനെയും രാമകൃഷ്ണനെയും ചോദ്യംചെയ്താല് മുകളിലെ കണ്ണികളിലേക്ക് എത്താമെങ്കിലും ഇരുവരെയും ചോദ്യംചെയ്യാന് ഇപ്പോഴത്തെ അവസ്ഥയില് കഴിയില്ലെന്നതാണ് പൊലീസിനെ അലട്ടുന്ന ആശങ്ക.
മേയ് 25ന് അറസ്റ്റിലായ പി.പി. രാമകൃഷ്ണന് ഇ.സി.ജിയില്‍ നേരിയ വ്യതിയാനം കണ്ടതിനെ തുടര്ന്ന് രാത്രിതന്നെ കോഴിക്കോട് മെഡി. കോളജില് പ്രവേശിപ്പിച്ച് വിദഗ്ധ ഡോക്ടര്മാര് പരിശോധന നടത്തി ഹൃദയ ശസ്ത്രക്രിയക്ക് ശിപാര്‍ശ ചെയ്തു. വെള്ളിയാഴ്ച നിശ്ചയിച്ച ശസ്ത്രക്രിയ മാറ്റിവെച്ചിരിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞാലും രാമകൃഷ്ണനെ ഉടനെയൊന്നും പൊലീസിന് ചോദ്യംചെയ്യാനാവില്ല. ഹൃദ്രോഗിയെ ചോദ്യംചെയ്ത് റിസ്കിന് നില്ക്കേണ്ടെന്നാണ് സര്ക്കാറില്നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ച നിര്ദേശം. ഇനി അറസ്റ്റ് ചെയ്യാനുള്ള പി.കെ. കുഞ്ഞനന്തനും ഹൃദ്രോഗിയാണെന്ന് പൊലീസ് പറയുന്നു. ഒരു മാസം പലയിടങ്ങളിലായി ഓടിത്തളര്ന്ന ഇദ്ദേഹത്തെ അറസ്റ്റ് ചെയ്താലുടന് വൈദ്യ പരിശോധന നടത്തേണ്ടിവരും. ഇദ്ദേഹവും രാമകൃഷ്ണന്റെ വഴിയെ ചോദ്യംചെയ്യലില്നിന്ന് രക്ഷപ്പെടാനാണ് സാധ്യതയെന്ന് പൊലീസ് വിലയിരുത്തുന്നു.
90 ദിവസത്തിനകം കോടതിയില് കുറ്റപത്രം സമര്പ്പിക്കേണ്ടതിനാല് അതിനുള്ളില് കുഞ്ഞനന്തനേയും രാമകൃഷ്ണനേയും ചോദ്യംചെയ്യുക അസാധ്യമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതോടെയാണ്, അന്വേഷണം ഏരിയ കമ്മിറ്റിയില് ഒതുക്കേണ്ടിവരുമെന്ന് പൊലീസ് ആകുലപ്പെടുന്നത്. അന്വേഷണ സംഘത്തിനുമേല്‍ ഇതുവരെ നേരിട്ട് ഒരുവിധ രാഷ്ട്രീയ സമ്മര്ദവും ഉണ്ടായിട്ടില്ലെങ്കിലും, ചിലര്ക്കെതിരെയുള്ള അന്വേഷണം തടയാന് സര്‍ക്കാര്‍തലത്തില്‍ തന്നെ കരുനീക്കം നടക്കുന്നതായി പൊലീസ് സംശയിക്കുന്നു. ഈ അവസ്ഥയില് തുടരന്വേഷണം സി.ബി.ഐക്ക് കൈമാറാന് ഏറെ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം സൂചന നല്കി.
No comments:
Post a Comment