അതിവേഗം ആനന്ദ്; അഞ്ചാം ലോകകിരീടം
മോസ്‌ക്കൊ: റഷ്യന്‍ കലയുടെ ആസ്ഥാനമായ ട്രിറ്റിയാക്കോവ് ആര്‍ട്ട് ഗാലറിയില്‍ ഇന്ത്യന്‍ ചെസ് ഒരിക്കല്‍ക്കുടി ആനന്ദക്കണ്ണീരണിഞ്ഞു. തുടരെ നാലാം തവണയും ലോക ചെസ് കിരീടം വിശ്വനാഥന്‍ ആനന്ദ് നിലനിര്‍ത്തുന്ന കാഴ്ചക്ക് ആര്‍ട്ട്ഗ്യാലറി സാക്ഷ്യം വഹിച്ചു. എതിരാളി ഇസ്രായേലിന്റെ ബോറിസ് ഗെല്‍ഫെന്‍ഡിനെ ടൈബ്രേക്കറിലെ രണ്ടാം ഗെയിമില്‍ കീഴടക്കിയാണ് ആനന്ദ് കിരീടം വീണ്ടും ഇന്ത്യയിലെത്തിച്ചത്. ഇരുവരും 12 ഗെയിമുകളുള്ള ഫൈനലില്‍ ആറ് പോയന്റ് വീതം നേടി സമനില പാലിച്ചതിനെത്തുടര്‍ന്നാണ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. നാല് അതിവേഗ ഗെയിമുകളുള്ള ടൈബ്രേക്കറില്‍ മറ്റ് മൂന്ന് ഗെയിമുകളും സമനിലയില്‍ അവസാനിച്ചതോടെ ഒന്നര പോയന്റിനെതിരെ രണ്ടര പോയന്റുമായി ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ വിജയിയായി. സമ്മാനത്തുകയായി ആനന്ദിന് ഏകദേശം 8.6 കോടി രൂപയും ഗെല്‍ഫെന്‍ഡിന് 6.4 കോടി രൂപയും ലഭിക്കും.
അഞ്ചാം തവണയാണ് 42-കാരനായ ആനന്ദ് ലോകകിരീടം സ്വന്തമാക്കുന്നത്. ടെഹറാനില്‍ റഷ്യയുടെ അലക്‌സി ഷിറോവിനെ ഫൈനലില്‍ കീഴടക്കി 2000-ല്‍ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ആനന്ദ്. പിന്നീട് ഏഴ് വര്‍ഷത്തിന് ശേഷം 2007-ല്‍ മെക്‌സിക്കൊ സിറ്റിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ചെന്നൈ സ്വദേശി കിരീടം വീണ്ടെടുത്തു. ഡബിള്‍ റൗണ്ട് ലീഗ് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ റഷ്യയുടെ വ്‌ളാദ്മിര്‍ ക്രാംനിക്കിനേയും ഗെല്‍ഫെന്‍ഡിനേയും പിന്നാലാക്കിയായിരുന്നു വിമര്‍ശകരുടെ വായടച്ച് ആനന്ദ് തര്‍ക്കരഹിത ലോക ചാമ്പ്യനായത്.തൊട്ടടുത്ത വര്‍ഷം ജര്‍മനിയിലെ ബേണില്‍ ചാലഞ്ചറായ ക്രാംനിക്കിനേയും 2010-ല്‍ സോഫിയയില്‍ ബള്‍ഗേറിയയുടെ വെസലിന്‍ ടോപ്പലോവിനേയും ആധികാരികമായി കീഴടക്കി കിരീടം നിലനിര്‍ത്താന്‍ ഇന്ത്യുടെ ആദ്യ ഗ്രാന്‍ഡ് മാസ്റ്ററായ ആനന്ദിന് കഴിഞ്ഞിരുന്നു.
കാന്‍ഡിഡേറ്റ് മത്സരങ്ങളില്‍ വിജയിയായി ആനന്ദിനെ ഫൈനലില്‍ നേരിടാന്‍ അര്‍ഹത നേടിയ ഗെല്‍ഫെന്‍ഡ് മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ചവെച്ചത്. ലോക റാങ്കിങ്ങില്‍ 20-ാം സ്ഥാനത്തുള്ള ഇസ്രായേലി താരത്തിനെതിരെ നാലാം റാങ്കുകാരനായ ആനന്ദ് അനായാസ വിജയം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ തൂടരെ ആറ് ഗെയ്മുകളിലെ സമനിലക്ക് ശേഷം ഏഴാം ഗെയിം ജയിച്ച് ഗെല്‍ഫെന്‍ഡ് മുന്നിലെത്തിയതോടെ ആനന്ദിന്റെ സാധ്യതകള്‍ ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത ഗെയ്മില്‍ ഉജ്വല ജയം കുറിച്ച് ഇന്ത്യന്‍ താരം തിരിച്ചുവരവ് നടത്തി. ടൈബ്രേക്കറിലും അതിവേഗ ചെസിലെ രാജാവായി അറിയപ്പെടുന്ന ആനന്ദിന് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. മൂന്നാം ഗെയ്മില്‍ പരാജയത്തിന്റെ വക്കത്തുനിന്നാണ് ആനന്ദ് സമനില പിടിച്ചുപറ്റിയത്.
എതിരാളിയെ സമയ സമ്മര്‍ദ്ദത്തില്‍ കുടുക്കാനായതാണ് ടൈബ്രേക്കറില്‍ ആനന്ദിന് തുണയായത്.
വിജയത്തിന്റേയും ആഹ്ലാദത്തിന്റെയും ദൃശ്യങ്ങള്‍ . എ.പി.ഫോട്ടോഗ്രാഫര്‍ മിഷ ജാപ്രഡൈ്‌സിന്റെ ക്യാമറക്കണ്ണിലൂടെ...
|
അതിവേഗ ചെസ്സിന്റെ തമ്പുരാനാണ് വിശ്വനാഥന്‍ ആനന്ദ്. ആ നിലയ്ക്ക് ലോകത്തെ ഏറ്റവും വേഗമേറിയ തലച്ചോറിനുടമ. റാപ്പിഡ് ചെസ്സിലൂടെ ഇസ്രായേലി എതിരാളി ബോറിസ് ഗെല്‍ഫെന്‍ഡിനെ തോല്‌പിച്ച് അഞ്ചാം ലോകകിരീടം സ്വന്തമാക്കുമ്പോള്‍, ചതുരംഗത്തിലെ ജെന്റില്‍മാന്‍ താന്‍ തന്നെയാണ് 'വിശ്വ'ത്തിന്റെ നാഥനെന്ന് അടിവരയിടുകയാണ്. നാഗപട്ടണം ജില്ലയിലെ മയിലാടുതുറയില്‍ 1969 ഡിസംബര്‍ 11-നാണ് ആനന്ദ് ജനിച്ചത്. വളര്‍ന്നത് ചെന്നൈയില്‍. ആറാം വയസ്സില്‍ അമ്മ സുശീല പറഞ്ഞുകൊടുത്ത പാഠങ്ങളില്‍നിന്ന് ആദ്യ കരു നീക്കി. സുശീല-വിശ്വനാഥന്‍ ദമ്പതിമാര്‍ക്ക് മൂന്നു മക്കള്‍. മൂത്തയാള്‍ ശിവകുമാര്‍ ക്രോംപ്ടണ്‍ ഗ്രീവ്‌സില്‍ ചീഫ് ഡിസൈന്‍ എന്‍ജിനീയര്‍. മകള്‍ അനുരാധ കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍നിന്നും എം.ബി.എ. നേടിയശേഷം അമേരിക്കയില്‍നിന്ന് കോര്‍പ്പറേറ്റ് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് നേടി ഇപ്പോള്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ അധ്യാപിക. ഇളയമകന്‍ ആനന്ദ്. 1996 ജൂലായില്‍ ആനന്ദ് വിവാഹിതനായി. ഭാര്യ അരുണ. ആനന്ദിന്റെ സന്തത സഹചാരിയും മാനേജരും കൂടിയാണ് അരുണ. 2011 ഏപ്രില്‍ ഒമ്പതിന് ഇവര്‍ക്ക് ഒരു മകന്‍ പിറന്നു. അഖില്‍ ആനന്ദ്. ചെന്നൈയിലാണ് ആനന്ദിന്റെ താമസം. |
|
ആഹ്ലാദദൃശ്യങ്ങള്‍ |
|
കളി കാണുന്നവര്‍ |
|
ചെന്നൈയില്‍ ബസന്ത്‌നഗറിലുള്ള വിശ്വനാഥന്‍ ആനന്ദിന്റെ വീട്ടില്‍ ടെലിഫോണിന് വിശ്രമമില്ല. ലാന്‍ഡ്‌ലൈനിലും മൊബൈലിലും ഒരുപോലെ വിളികള്‍ പ്രവഹിക്കുകയാണ്. അഞ്ചാംവട്ടവും ആനന്ദ് ലോക ചെസ്സിന്റെ നിറുകയിലെത്തിയതിലുള്ള സന്തോഷം ടെലിഫോണ്‍ ലൈനുകളിലൂടെ നിരന്തരം പ്രവഹിക്കുകയാണ്. ആനന്ദിന്റെ വിജയം മുന്‍കൂട്ടിയറിഞ്ഞെന്നവണ്ണം ചാനല്‍ ക്യാമറകള്‍ നേരത്തേതന്നെ വീടിനു വെളിയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലേക്ക് ആഹ്ലാദവും അഭിമാനവും നിറഞ്ഞ ചിരിയുമായാണ് ആനന്ദിന്റെ മാതാപിതാക്കളായ സുശീലയും വിശ്വനാഥനും എത്തിയത്. 'ഏറ്റവും അഭിമാനകരമായ നിമിഷമാണിത്' ആനന്ദിന്റെ പിതാവ് വിശ്വനാഥന്‍ പറഞ്ഞു. തുടര്‍ച്ചയായി ചെസ് കിരിടം ആനന്ദ് നിലനിര്‍ത്തുന്നതില്‍ അങ്ങേയറ്റം ആഹ്ലാദമുണ്ടെന്നും മുന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കൂടിയായ വിശ്വനാഥന്‍ പറഞ്ഞു. കാസ്‌പറോവിന്റെയും കാര്‍പോവിന്റെയും കാലത്തും ഇന്നിപ്പോള്‍ പുതിയ തലമുറയിലും ആനന്ദ് കിരീടം ചൂടുന്നുവെന്ന സവിശേഷത ചൂണ്ടിക്കാട്ടാനും വിശ്വനാഥന്‍ മറന്നില്ല. 'രണ്ട് തലമുറകള്‍ക്കിടയിലാണ് ആനന്ദ് ഇപ്പോള്‍.' ആനന്ദിന്റെ അമ്മ സുശീല അതിരറ്റ സന്തോഷത്തിലായിരുന്നു. 'എന്താണ് പറയേണ്ടതെന്നറിയില്ല. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.' നിറചിരിയോടെ സുശീല പറഞ്ഞു. ആനന്ദിന് വേണ്ടി ബുധനാഴ്ച രാവിലെയും പ്രത്യേകം പ്രാര്‍ഥിച്ചിരുന്നെന്ന് സുശീല പറഞ്ഞു. ആനന്ദിന്റെ മകന്‍ അഖിലിന് ഈ ഏപ്രിലില്‍ ഒരു വയസ്സു തികഞ്ഞു. അഖില്‍ അച്ഛന്റെ വഴിയേയാണോയെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അവന്‍ വളരട്ടേയെന്നായിരുന്നു വിശ്വനാഥന്റെ പുഞ്ചിരിയോടെയുള്ള മറുപടി. ആനന്ദിന്റെ ഭാര്യ അരുണയുടെ വേരുകള്‍ കേരളത്തിലാണ്. മോസ്‌കോയില്‍ നിന്ന് ആനന്ദ് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് തങ്ങളെന്നും വിശ്വനാഥനും സുശീലയും പറഞ്ഞു. |
|
എതിരാളി |
|
പന്ത്രണ്ടുവര്‍ഷം മുമ്പ് 2000-ല്‍ ഫിഡെ ലോകചെസ് ചാമ്പ്യന്‍ഷിപ്പിലൂടെ ആദ്യ ലോകകീരീടം. ടെഹ്‌റാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അലക്‌സി ഷിറോവിനെ തോല്‍പിച്ച് ആദ്യ ലോകകിരീടം. ഏഷ്യയുടെ ആദ്യ ലോകചാമ്പ്യനായും ആനന്ദ് മാറി. 2007-ല്‍ ചരിത്രത്തിലെ ആദ്യ അവിതര്‍ക്കിത ചാമ്പ്യനായി വീണ്ടും ലോകകിരീടം ചൂടി. മെക്‌സിക്കോയില്‍ നടന്ന ടൂര്‍ണമെന്റുകളില്‍ പരാജയമറിയാതെയാണ് ആനന്ദ് കിരീടത്തിലേക്ക് കുതിച്ചത്. 2008-ല്‍ വഌദിമിര്‍ ക്രാംനിക്കിനെ പരാജയപ്പെടുത്തി ആനന്ദ് കിരീടം നിലനിര്‍ത്തി. 2010-ല്‍ വെസലിന്‍ ടോപ്പലോവാണ് ആനന്ദിനുമുന്നില്‍ കീഴടങ്ങിയത്. 2012-ല്‍ ഗെല്‍ഫെന്‍ഡും. 2003-ല്‍ ഫിഡെ സംഘടിപ്പിച്ച ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലും ജേതാവ്. ടൂര്‍ണമെന്റ്, മാച്ച്, റാപ്പിഡ്, നോക്കൗട്ട് ചെസ്സില്‍ ലോകകിരീടം നേടിയിട്ടുള്ള ഒരേയൊരാളും ആനന്ദാണ്. |
|
ചിന്താവിഷ്ടന്‍ ബോറിസ് ഗെല്‍ഫെന്‍ഡ് |
|
ലോകചെസ്സില്‍ 2800 എന്ന മാന്ത്രിക ഇലോ റേറ്റിങ് നേടിയ ആറു താരങ്ങളിലൊരാള്‍. 2007 ഏപ്രിലിലാണ് ഈ നേട്ടം ആനന്ദിന് സ്വന്തമായത്. 2007 ഏപ്രിലിലെ ത്രൈമാസിക പട്ടികയില്‍ ലോകത്തെ ഒന്നാം നമ്പര്‍ താരമായി 1970-ല്‍ റാങ്കിങ് രീതി ആരംഭിച്ച ശേഷമുള്ള ആറാമത്തെ ഒന്നാം നമ്പര്‍ താരം. ബോബി ഫിഷര്‍, അനറ്റോലി കാര്‍പ്പോവ്, ഗാരി കാസ്‌പറോവ്, വഌദിമിര്‍ ക്രാംനിക്ക്, വെസലിന്‍ ടോപ്പലോവ് എന്നിവര്‍ക്കുശേഷമുള്ള ഒന്നാം നമ്പര്‍. പതിനഞ്ചാം വയസ്സില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍. പതിനാറാം വയസ്സില്‍ ദേശീയ ചാമ്പ്യന്‍ (1985). പതിനേഴാം വയസ്സില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍. പതിനെട്ടാം വയസ്സില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍. ആനന്ദിന്റെ വിസ്മയലോകം ഇങ്ങനെ തുടങ്ങുന്നു. 1988-ല്‍ വൈക് ആന്‍ സീയില്‍ ചാമ്പ്യന്‍. 1992-ല്‍ റെഗ്ഗിയോ എമിലിയ ചെസ് ടൂര്‍ണമെന്റില്‍ അനറ്റോലി കാര്‍പ്പോവിനെയും ഗാരി കാസ്‌പറോവിനെയും തോല്‍പിച്ച് ആനന്ദ് ചാമ്പ്യനായി. 1995-ല്‍ ലോകത്തെ രണ്ടാം നമ്പര്‍ താരമായി പ്രശസ്തമായ ലിയോണ്‍ മജിസ്ട്രാല്‍ ചെസ് കിരീടം ഒമ്പതുതവണയാണ് ആനന്ദ് സ്വന്തമാക്കിയത്. കോര്‍സീക ചെസ്സില്‍ തുടരെ ആറുതവണയും (1999-2005) ലോകത്തെ ഏറ്റവും കടുപ്പമേറിയ റാപ്പിഡ് ചെസ് ടൂര്‍ണമെന്റായ മെയ്ന്‍സ് ക്ലാസിക് 11 തവണയും സ്വന്തമാക്കി. മെയ്ന്‍സില്‍ തുടരെ ഒമ്പതുതവണയും (2000-2008) ജേതാവായി. കോറസ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചുതവണയും (1989, 1998, 2003, 2004, 2006) ലിനാറസിലും (1998, 2007, 2008) ഡോര്‍ട്ട്മുണ്ടിലും (1996, 2000, 2004) മൂന്നുതവണ വീതവും കിരീടം. മൊണാക്കോയിലെ ആംബര്‍ ചെസ്സില്‍ 1994, 1997, 2003, 2005, 2006 വര്‍ഷങ്ങളില്‍ ജേതാവ്. ആംബര്‍ ചെസ്സില്‍ ബ്ലൈന്‍ഡിലും റാപ്പിഡിലും ഒരേവര്‍ഷം കിരീടം നേടിയ മറ്റാരുമില്ല. ആനന്ദ് രണ്ടുതവണ (1997, 2005) നേട്ടം കൈവരിച്ചു. ഗ്രെന്‍കെലെന്‍സിങ് റാപ്പിഡ് ചെസ്സില്‍ കിരീടം പത്തുതവണ. ഗാരി കാസ്‌പറോവ് ആവിഷ്‌കരിച്ച അഡ്വാന്‍സ്ഡ് ചെസ്സില്‍ മൂന്നുതവണ കിരീടം നേടിയ ഏകതാരവും ആനന്ദ് തന്നെ. ക്ലാസ്സിക്കിലും റാപ്പിഡിലും ബ്ലൈന്‍ഡിലും അഡ്വാന്‍സ്ഡിലും ലോകത്തെ ഏറ്റവും മികച്ച താരമെന്ന് വിലയിരുത്തപ്പെടുന്ന ആനന്ദ്, ചെസ് ഓസ്‌കര്‍ നേടിയത് ആറുതവണ. ഫുട്‌ബോളില്‍ ഫിഫയുടെ ലോകതാരത്തിന് സമാനമായ ഈ ബഹുമതി 1997, 1998, 2003, 2004, 2007, 2008 വര്‍ഷങ്ങളില്‍ ആനന്ദിനെ തേടിയെത്തി. 2012 മെയ് മാസത്തെ റേറ്റിങ് പ്രകാരം ലോകത്തെ നാലാം നമ്പര്‍ താരമാണ് ആനന്ദ്. മാഗ്‌നസ് കാള്‍സന്‍ (ഇലോ റേറ്റിങ് 2835), ലെവോണ്‍ അറോണിയാന്‍ (2825), വഌദിമിര്‍ ക്രാംനിക്ക് (2801) എന്നിവര്‍ മുന്നില്‍. |
|
1985-ല്‍ കായിക ബഹുമതിയായ അര്‍ജുന അവാര്‍ഡ്. 1987-ല്‍ പദ്മശ്രീ. 1991-ല്‍ പ്രഥമ രാജീവ് ഗാന്ധി ഖേല്‍ രത്‌ന. 2000-ല്‍ പദ്മഭൂഷണ്‍, 2007-ല്‍ രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷണ്‍. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരം സ്‌പെയിനിലെ ലാന്‍സറോറ്റെ സര്‍ക്കാരറിന്റെ പരമോന്നത ബഹുമതിയായ ജാമിയോ ഡി ഒറോ 2001-ല്‍ നേടി. |
|
..... |
|
അഞ്ചുവട്ടം ലോകചാമ്പ്യനായ ആനന്ദിന്റെ ഓര്‍മ ഫോട്ടോഗ്രാഫിക് ആണെന്നാണ് ചെസ് നിരൂപകര്‍ വിലയിരുത്തുന്നത്. എതിരാളിയുടെ എത്രയോ നീക്കങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്ന മനസ്സിനുടമയാണ് ആനന്ദ്. എന്നാല്‍, ആനന്ദ് വലിയൊരു മറവിക്കാരനാണെന്ന് ഭാര്യ അരുണ പറയുന്നു. വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ആനന്ദിനെ ഭാര്യ വിളിച്ചിരുന്നത് 'ലോഡ് ഓഫ് ദ റിങ്‌സ്' എന്നായിരുന്നു. കൂടെക്കൂടെ വിവാഹ മോതിരം കളയുന്നതിന്റെ പേരിലാണ് അരുണയുടെ ഈ കളിയാക്കല്‍. ഓരോ തവണയും ആനന്ദ് മോതിരം കളയുമ്പോള്‍, അരുണയുടെ മാതാപിതാക്കള്‍ പുതിയതൊന്ന് സമ്മാനിക്കും. ഒടുവില്‍, മൂന്നുതവണ ഇതാവര്‍ത്തിച്ചതോടെ, ആനന്ദ് ഭാര്യവീട്ടുകാരോട് പരിപാടി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 2010-ല്‍ അഗ്‌നിപര്‍വത ചാരം യൂറോപ്പിനെ വിഴുങ്ങിയപ്പോള്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് റോഡ് മാര്‍ഗം ആനന്ദിന് സഞ്ചരിക്കേണ്ടിവന്നു. രണ്ടുദിവസത്തോളം നീണ്ട ആ യാത്രയില്‍ ആനന്ദ് സമയം കളഞ്ഞത് ലോഡ് ഓഫ് ദ റിങ്‌സെന്ന ഹോളിവുഡ് ത്രില്ലറിന്റെ മൂന്ന് ഭാഗങ്ങളും ആസ്വദിച്ചുകൊണ്ടായിരുന്നു. മാഡ്രിഡില്‍നിന്ന് ബള്‍ഗേറിയയിലെ സോഫിയയിലേക്കുള്ള യാത്രയില്‍, അരുണ തന്റെ ലോഡ് ഓഫ് ദ റിങ്‌സിന് ഒപ്പമുണ്ടായിരുന്നു. |
|
അപാരമായ മനക്കരുത്തിന്റെയും ഇച്ഛാശക്തിയുടെയും വിജയമാണ് വിശ്വനാഥന്‍ ആനന്ദ് നേടിയത്. അതിസമ്മര്‍ദങ്ങളെ അവസാനനിമിഷങ്ങളില്‍ അതിജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ടൈബ്രേക്കറില്‍ എത്താതെതന്നെ ആനന്ദ് ചാമ്പ്യനാകുമെന്നാണ് തുടക്കത്തില്‍ കരുതിയത്. എന്നാല്‍, ബോറിസ് ഗെല്‍ഫെന്‍ഡ് തുടക്കം മുതല്‍ തന്നെ ആനന്ദിനെ സമര്‍ഥമായി നേരിട്ടു. കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിലെ അതേ ഫോം ഗെല്‍ഫെന്‍ഡ് ആവര്‍ത്തിക്കുകയായിരുന്നു. ഇത് ആനന്ദിനെ സംബന്ധിച്ച് അപ്രതീക്ഷിതമായി. ഒരു ഗെയിമില്‍ തോല്‍ക്കുകകൂടി ചെയ്തതോടെ ഇന്ത്യന്‍താരത്തെ സംബന്ധിച്ച് സംശയങ്ങളുയര്‍ന്നു. എന്നാല്‍ എല്ലാ സമ്മര്‍ദങ്ങളേയും അതിജീവിക്കുന്നതായിരുന്നു ആനന്ദിന്റെ പിന്നീടുള്ള നീക്കങ്ങള്‍. തൊട്ടടുത്ത ഗെയിമില്‍ വിജയവുമായി ആനന്ദ് തിരിച്ചടിച്ചു. ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഗെല്‍ഫെന്‍ഡ് വന്‍ തയ്യാറെടുപ്പിലായിരുന്നു. 2009-ലെ ലോകകപ്പ് അദ്ദേഹം ജയിച്ചിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിന്റെ എതിരാളിയെ കണ്ടെത്താന്‍ കഴിഞ്ഞവര്‍ഷം റഷ്യയിലെ കസാനില്‍ നടന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ ഗെല്‍ഫെന്‍ഡ് വിജയിയാകുമെന്ന് ആരും കരുതിയതല്ല. വ് ളാദിമിര്‍ ക്രാംനിക്കും അറോണിയനുമായിരുന്നു ഫേവറിറ്റുകള്‍. എന്നാല്‍, അവരെയെല്ലാം മറികടന്ന അതേ ആത്മവീര്യം ആനന്ദിനെതിരെയും ഗെല്‍ഫെന്‍ഡ് പുറത്തെടുത്തു. നമുക്ക് ചിന്തിക്കാനാവുന്നതിനപ്പുറം കഠിനമായിരുന്നു ടൈബ്രേക്കര്‍ പോരാട്ടം. ഇതില്‍ അവസാന രണ്ട് ഗെയിമുകളില്‍ ഗെല്‍ഫെന്‍ഡിന് മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍, ലോകചാമ്പ്യന്‍ഷിപ്പിലെ ദീര്‍ഘമായ പരിചയസമ്പത്തും മനക്കരുത്തും ആനന്ദിന് അന്തിമവിജയം നേടിക്കൊടുത്തു. ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചൈനയിലെ സാവോസിയാങ്ങിലായിരുന്നു ഞാന്‍. ആനന്ദ്-ഗെല്‍ഫെന്‍ഡ് പോരാട്ടത്തിലെ ആദ്യഗെയിമുകളെല്ലാം ആകാംക്ഷയോടെ കണ്ടിരുന്നു. ഞങ്ങളുടെ മത്സരം കഴിഞ്ഞാല്‍ ഈ മത്സരം കാണാന്‍ സമയം കണ്ടെത്തിയിരുന്നു. എന്തായാലും തീവ്രമായ ഒരു പോരാട്ടത്തിനാണ് ചെസ്‌ലോകം സാക്ഷിയായത്. (ജി.എന്‍. ഗോപാല്‍ ) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment