Sunday, 17 June 2012

[www.keralites.net] സി.പി.എം. വിമതര്‍ സംസ്ഥാനതലത്തില്‍ സംഘടിക്കുന്നു

 

രാധാകൃഷ്ണന്‍ പട്ടാന്നൂര്‍

കണ്ണൂര്‍: സര്‍ഗാത്മകവും മാനവികമുഖമുള്ളതുമായ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം. വിമതര്‍ സംസ്ഥാനതലത്തില്‍ സംഘടിക്കുന്നു. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങളില്‍ വി.എസ്സിനോടൊപ്പം നില്‍ക്കുന്നവരെ ഒരേ കൊടിക്കു കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ശനിയാഴ്ച ഒഞ്ചിയത്ത് നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ച പ്രാഥമികതീരുമാനങ്ങള്‍ കൈക്കൊണ്ടു. ഇടതുപക്ഷ ഏകോപനസമിതി നേതാവ് പി.കുമാരന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ സ്വകാര്യമായിച്ചേര്‍ന്ന യോഗത്തില്‍ സി.പി.എം. നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പങ്കെടുത്തു.

വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ഗ്രൂപ്പുകളെയും സമാനചിന്താഗതിക്കാരെയും ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്താന്‍ ഒരു കോര്‍ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. കെ.എസ്.ഹരിഹരനാണ് കണ്‍വീനര്‍. വി.എസ്., സി.പി.എം. വിട്ടുവന്നാലും ഇല്ലെങ്കിലും പുതിയ പാര്‍ട്ടി എന്ന ആശയവുമായി മുന്നോട്ടു പോകണമെന്ന് യോഗത്തില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.

ടി.പി.ചന്ദ്രശേഖരന്‍വധത്തില്‍ ഉന്നതനേതാക്കളുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സി.പി.എമ്മിന്റെ അടിത്തറയും ജനവിശ്വാസവും തകര്‍ന്നുവെന്നും ഒരു പുതിയ മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയം അനിവാര്യമായിരിക്കുകയാണെന്നും യോഗം വിലയിരുത്തി. സ്ഥാപിതതാത്പര്യക്കാര്‍ക്കും പാര്‍ട്ടിയെ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ക്കും മാത്രമേ സി.പി.എമ്മില്‍ നിലനില്ക്കാന്‍ താത്പര്യമുള്ളൂ. രാഷ്ട്രീയമായും ധാര്‍മികമായും അധഃപതിച്ച സി.പി.എം. അതിന്റെ ഏറ്റവും ബീഭത്സമായ ഫാസിസ്റ്റ്മുഖം പുറത്തുകാട്ടിയതാണ് ചന്ദ്രശേഖരന്റെ കൊലപാതകമെന്നും യോഗം ചൂണ്ടിക്കാട്ടി. 

കേരളത്തില്‍ ഇരു മുന്നണിക്കും ബദലായ ഒരു പുരോഗമന രാഷ്ട്രീയശക്തിയായി മാറുക എന്നാണ് പുതിയ പാര്‍ട്ടിയുടെ രൂപവത്കരണംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് യോഗത്തിന് ആതിഥ്യം നല്‍കിയ റവലൂഷണറി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി വക്താവ് അറിയിച്ചു.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, എന്‍.വേണു, കെ.എസ്.ഹരിഹരന്‍, ഡോ. ആസാദ്, പ്രൊഫ. എന്‍.സുഗതന്‍, ജി.ശക്തിധരന്‍, ടി.എല്‍.സന്തോഷ്, കെ.ആര്‍.ഉണ്ണിത്താന്‍, പി.ജെ.മോന്‍സി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ടി.പി.ചന്ദ്രശേഖരന്‍വധത്തെക്കുറിച്ച് ഇതുവരെ നടന്ന അന്വേഷണം തൃപ്തികരവും കുറ്റമറ്റതുമാണെന്ന് യോഗം വിലയിരുത്തി. പാര്‍ട്ടിവിമതര്‍ക്കെതിരെ സി.പി.എം. നടത്തുന്ന കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Mathrubhumi Web-edition Dt.18.06.2012

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment