എങ്കെടാ ഉങ്ക മന്ത്രി എന്ന് എഴുതിക്കണ്ടാല്‍ പാവം മാക് അലി കരയും. ഒരുകാലത്ത് സിനിമ പിടിച്ചുനടന്നപ്പോള്‍ കുറെയാളെ വെറുപ്പിച്ചിട്ടുണ്ട്. അങ്ങനെയൊരാള്‍ തമിഴില്‍ പോയി പണി പറ്റിച്ചു- പെരിന്തല്‍മണ്ണയില്‍ പോസ്റ്റര്‍ വന്നു. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രകടനം നടത്താന്‍മാത്രമല്ല, പോസ്റ്റര്‍ കീറിക്കളയാനും ചെലവാണിപ്പോള്‍. ഒരുനാള്‍ മന്ത്രിയായിരുന്ന വീരന്റെ റെക്കോഡ് തകര്‍ക്കാന്‍ ഒരുനാളും കസേരയിലിരിക്കാത്ത അഞ്ചാംമന്ത്രി. എങ്കെടാ ഉങ്ക മന്ത്രി എന്ന് അലീക്കാന്റെ ആളുകള്‍ ഇനി പാണക്കാട്ട് ചെന്ന് ചോദിക്കുമോ എന്നാണ് സംശയം.
ലീഗായതുകൊണ്ട് വാക്കിന് വിലയും വേണ്ട; അഭിമാനത്തിന്റെ പ്രശ്നവുമില്ല. ആത്മീയാചാര്യനും സാമുദായികനേതാവും അഖിലേന്ത്യാ പ്രസിഡന്റിനേക്കാള്‍ വലിയ സംസ്ഥാന പ്രസിഡന്റുമായ ജനാബ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കിന് വലിയ വിലയാണ്. പഴയ ചാക്കിനേക്കാള്‍ വിലയുണ്ട്. വില ഏറിയാലും കുറഞ്ഞാലും തല്‍ക്കാലം ആര്‍ക്കും ചേതമില്ല. വാക്കല്ലേ, അതല്ലേ മാറ്റാന്‍ കഴിയൂ.
അഭിമാനത്തിന്റെ കാര്യം പറയുമ്പോഴാണ് നെയ്യാറ്റിന്‍കരയിലെ ആത്മഹത്യാശ്രമത്തെ ഓര്‍ക്കേണ്ടത്. വെള്ള കീറുന്നതിനുമുമ്പ് തലയില്‍ മുണ്ടിട്ട് ക്ലിഫ്ഹൗസില്‍ ചെന്ന് ചാക്കുംചുമന്ന് തിരിച്ചുവന്ന മഹാന്‍ എന്തിനാണ് ആത്മഹത്യക്ക് ശ്രമിക്കുന്നതെന്ന് പെട്ടെന്ന് പറയാന്‍ പറ്റില്ല. യുഡിഎഫില്‍ പോകുന്നതിനേക്കാള്‍ ആത്മഹത്യ നല്ലതെന്നാണ് പറഞ്ഞത്. ആത്മഹത്യയേക്കാള്‍ മോശമായ കാര്യമാണ് ഇപ്പോള്‍ ചെയ്തതെന്നര്‍ഥം. കണ്ണടച്ചുതന്നെ പാല്‍ കുടിക്കണം. എല്ലാം എല്ലാവരും അറിഞ്ഞു. ഇനിയിപ്പോള്‍ അമാന്തിച്ചുനിന്നാല്‍ കൈവിട്ടുപോകും. അണികള്‍ നിര്‍ബന്ധിക്കുന്നുണ്ട്. അണികള്‍ വലിയ സംഭവമാണ്. കണ്‍വന്‍ഷന്‍ നടത്തിയപ്പോള്‍ ഷൊര്‍ണൂര്‍ മുരളിയും തലസ്ഥാനത്തെ ദുശ്ശീലനും പിന്നെ ഭാര്യയും പിഎയും ഡ്രൈവറും പിന്നെ ഞാനും. അണികള്‍ നാനാഴി വേണ്ട. അണികളുടെ നിര്‍ബന്ധംകൊണ്ടും ആത്മഹത്യ ആവാം
****************************************************************************************
പാണക്കാട് തങ്ങള്‍ കൊടപ്പനയ്ക്കല്‍ തറവാട്ടിന്റെ ഉമ്മറത്തിരുന്നാണ് രാഷ്ട്രീയനിലപാടുകള്‍ അറിയിക്കുക. ഏറിയാല്‍ കോഴിക്കോട്ടെ ലീഗ് ഹൗസ്വരെ പോകും. പറഞ്ഞാല്‍ പറഞ്ഞതാണ്. നിര്‍ബന്ധിച്ചാലേ പുറത്തേക്കിറങ്ങൂ. അഞ്ചാം മന്ത്രിസ്ഥാനത്തിന് അനന്തപുരിയിലേക്ക് പോയത് അങ്ങനെയൊരു നിര്‍ബന്ധംകൊണ്ടാണ്. അവിടെച്ചെന്നപ്പോള്‍ കാണേണ്ടയാള്‍മാത്രം വന്നില്ല. തമ്പാനൂരില്‍നിന്ന് നേരെ പുതുപ്പള്ളിക്ക് കയറി. കോട്ടയത്ത് ആളെ കണ്ടുകിട്ടി. തങ്ങള്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞതും ആര്‍ക്കും മനസ്സിലായില്ല. എല്ലാം ഒരു ബബ്ബബ്ബ സ്റ്റൈല്‍. അഞ്ചാംമന്ത്രി ഉണ്ടെന്നും ഇല്ലെന്നും ഉണ്ടില്ലെന്നും വ്യാഖ്യാനിക്കാം.
ലീഗിന് പവറൊക്കെയുണ്ട്. അത് കുഞ്ഞീക്കായുടെ കുപ്പായക്കീശയിലാണെന്നുമാത്രം. പുള്ളി വിചാരിച്ചാല്‍ എന്തും നടക്കും. കോണ്‍ഗ്രസിനെയും ഭരണത്തെയും ആ പവറുകൊണ്ട് നയിക്കുന്നുണ്ടെങ്കിലും അഞ്ചാംമന്ത്രിക്കാര്യത്തില്‍ കുഞ്ഞീക്കായ്ക്ക് വലിയ താല്‍പ്പര്യമില്ല. പാണക്കാട് തങ്ങളുടെ വാക്കിന്റെ വില എത്രയുണ്ടെന്ന് നാലാള്‍ അറിഞ്ഞാലേ കുഞ്ഞീക്കയുടെ വില പെട്രോളിന്റെ വിലപോലെ കുതിച്ചുകയറൂ.
പിറവത്ത് അനൂപ് ജയിച്ചാലെങ്കിലും കൊടിവച്ച കാറില്‍ കയറാമെന്നു നിനച്ച മഞ്ഞളാംകുഴി വലിയ കുഴിയിലാണ്. ഇനിയിപ്പോള്‍ ആടിന്റെ മുന്നില്‍ പ്ലാവിലയെന്നപോലെ നെയ്യാറ്റിന്‍കരയിലെ ആത്മഹത്യക്കാരനും വച്ചുനീട്ടണം പ്ലാവില. എങ്കെടാ ഉങ്ക മന്ത്രി എന്ന ചോദ്യം പെരിന്തല്‍മണ്ണയില്‍നിന്ന് പിറവവും കടന്ന് പോവുകയാണ്.
സെല്‍വരാജിന് സങ്കടം വരേണ്ടതില്ല. സിപിഐ എം വിട്ട് സ്ഥാനമോഹങ്ങളുമായി കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ഡോ. കെ എസ് മനോജ് വിദേശത്തേക്ക് പോവുകയാണ്. സിന്ധുജോയിയുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. സെല്‍വരാജിനെ നെയ്യാറ്റിന്‍കരക്കാര്‍ ശരിയാക്കിയാലും വെയ്റ്റിങ്ലിസ്റ്റുകാരുടെ ഉറച്ച പദവി യുഡിഎഫിലുണ്ട്. കാത്തിരുന്നാല്‍ വല്ല ചാക്കുവികസന കോര്‍പറേഷന്റെയോ കുതിരപ്പട്ടാള ബോര്‍ഡിന്റെയോ ചെയര്‍മാനാകാം.
No comments:
Post a Comment