സി.പി.ഐ.എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ട് ചോര്‍ന്നു. പാര്‍ട്ടിയുടെ കേരള ഘടകത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. ലൈംഗിക അതിക്രമമുള്‍പ്പെടെയുള്ള പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ സംരക്ഷിക്കാന്‍ സംസ്ഥാനനേതൃത്വം ശ്രമിച്ചന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. നേതാക്കന്മാരെ ആരെയും പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. കേരളത്തിലെ സംഘടനാ കാര്യങ്ങളെപ്പറ്റിയുള്ള ഭാഗത്ത് അതി രൂക്ഷമായ വിമര്‍ശനങ്ങളാണുള്ളത്.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ലൈംഗിക അരാജകത്വവും കൂടി വരുന്നു. സമൂഹത്തിന് മാതൃകയാവേണ്ട പാര്‍ട്ടി അംഗങ്ങളുടെ ഇത്തരം ചെയ്തികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പോലും നീക്കം ചെയ്യേണ്ട, അത്തരക്കാരെ സംരക്ഷിക്കാന്‍ ചില സ്ഥലങ്ങളില്‍ നേതൃത്വം ശ്രമിച്ചു. പാര്‍ട്ടിയെ ക്രൂരമായി മുറിവേല്‍പ്പിക്കുന്നവരാണ് ഇത്തരക്കാര്‍ - റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. അടുത്തകാലത്തായി പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ നേതൃത്വത്തിനെതിരേ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളെ ശരിവെക്കുന്ന സംഘടനാ റിപ്പോര്‍ട്ട് പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ചു.
പാര്‍ട്ടിയില്‍ വര്‍ധിച്ചുവരുന്ന ഏകാധിപത്യപ്രവണത സംഘടനാ കെട്ടുറപ്പിനെയും അണികള്‍ക്കിടയിലുള്ള വിശ്വാസ്യതയെയും സാരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുണ്ട്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കഴിയുന്നില്ല. അസഹിഷ്ണുതയോടെയുള്ള നേതാക്കളുടെ ഈ പെരുമാറ്റം മൂലം പാര്‍ട്ടി കമ്മിറ്റികളില്‍ അണികള്‍ക്ക് പാര്‍ട്ടി നേതാക്കളുടെ തെറ്റായ തീരുമാനങ്ങളെയും പ്രവൃത്തികളെയും വിമര്‍ശിക്കാനുള്ള ശേഷി ഇല്ലാതായി. വിമര്‍ശനം ഉള്‍ക്കൊള്ളാനും സ്വയം വിമര്‍ശനം നടത്താനുമുള്ള മാനസികാവസ്ഥ നേതാക്കള്‍ക്ക് ഇല്ലാതായത് പാര്‍ട്ടിയില്‍ പല തെറ്റായ കീഴ് വഴക്കങ്ങള്‍ക്കും ഇടയാക്കി.
വ്യക്തികളെ കേന്ദ്രീകരിച്ച് മാത്രമായി പ്രവര്‍ത്തനം ചുരുങ്ങുകയും ആ വ്യക്തിക്ക് പാര്‍ലമെന്ററി സ്ഥാനങ്ങള്‍ ലഭിച്ചാല്‍ പ്രവര്‍ത്തിക്കുകയും അല്ലെങ്കില്‍ നിഷ്‌ക്രിയരാവുകയും ചെയ്യുന്ന ദുഷ്പ്രവണത പാര്‍ട്ടിയില്‍ കാണുന്നു. ഇതോടൊപ്പം തന്നെ പാര്‍ലമെന്ററി സ്ഥാനം കിട്ടാത്ത നേതാക്കള്‍ രാജിവെക്കുകയും എതിര്‍പാളയങ്ങളില്‍ ചേക്കേറുന്ന പ്രവണതയും വര്‍ധിച്ചുവരുന്നുണ്ട്. ഈ പ്രവണത മേല്‍ക്കമ്മിറ്റികള്‍ മുതല്‍ കീഴ്ക്കമ്മിറ്റികള്‍ വരെ വ്യാപിച്ചിരിക്കുന്നുവെന്നും ഇത് ഗുരുതരമായ അച്ചടക്ക ലംഘനത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചിരിക്കയാണെുന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിയില്‍ സ്വജനപക്ഷപാതവും ലൈംഗിക അതിക്രമങ്ങളും അഴിമതിയും വര്‍ദ്ധിച്ച് വരികയാണ്. പാര്‍ട്ടി ഭാരവാഹികള്‍ വ്യവസായികളില്‍ നിന്നും മറ്റും കൈക്കൂലിയും കമ്മീഷനും വാങ്ങി പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇത് സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കും അധാര്‍മ്മിക പ്രവൃത്തികളിലേക്കും നയിക്കുകയാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിക്കുക, പാര്‍ട്ടി അച്ചടക്കം ലംഘിക്കുക, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, അഴിമതി നടത്തുക എന്നിവ വര്‍ധിച്ചുവരികയാണ്. അഴിമതിയിലൂടെ ചില നേതാക്കള്‍ക്ക് സമ്പത്ത് കുമിഞ്ഞുകൂടുന്ന അവസ്ഥയുണ്ടായി.
ലൈംകികാതിക്രമങ്ങള്‍ പാര്‍ട്ടിയില്‍ കൂടി വരികയാണ്. ഇത് പാര്‍ട്ടി നേതാക്കളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയെ ഇല്ലാതാക്കി. പാര്‍ട്ടിക്ക് പുതിയ കാലഘട്ടത്തില്‍ ജനകീയ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അത് പ്രക്ഷോഭമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും വലിയ തോതിലുള്ള വീഴ്ചകള്‍ സംഭവിച്ചു. പാര്‍ട്ടി സമരങ്ങള്‍ ചടങ്ങുകളും നേതാക്കന്മാര്‍ ഉദ്ഘാടകരുമായി മാറുന്ന ഒരു അവസ്ഥയാണ്. ചെറുതും വലുതുമായ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും അതതു പാര്‍ട്ടി കമ്മറ്റികള്‍ക്ക് വീഴ്ച പറ്റുന്നു. പണ്ടത്തെ പോലെ ജനകീയ സമരങ്ങളില്‍ ജനകീയ പങ്കാളിത്തം ഉണ്ടാകുന്നില്ല. അതനുസരിച്ച് സമരങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റുന്നു. പ്രാദേശിക സമരങ്ങള്‍ ഏറ്റെടുക്കുവാനും അത് നയിക്കാനും പാര്‍ട്ടിക്ക് ഇന്ന് കഴിയുന്നില്ല. ജനങ്ങള്‍ ഏത് രീതിയിലാണ് ചിന്തിക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും മനസ്സിലാക്കാന്‍ കഴിയാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. ഇതുവഴി പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുകയാണ്.
ഗുരുതരമായ പല സംഭവങ്ങളിലും സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചില്ല. കേന്ദ്രകമ്മിറ്റിക്ക് നേരിട്ട് നടപടി എടുക്കേണ്ടി വന്നു. ആരോപണ വിധേയനായ പാര്‍ട്ടി അംഗം ചെയ്ത ദുഷ്‌ചെയ്തികള്‍ ഒരോന്നായി ചൂണ്ടിക്കാണിച്ചാണ് കേന്ദ്രകമ്മിറ്റി നടപടി സ്വീകരിച്ചതെന്നും സംഘടനാ റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനക്കമ്മിറ്റിയുടെ വീഴ്ചയായാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് വിശദീകരണമെന്നോണം പ്രധാന സംഭവങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ഒരു പാര്‍ട്ടി അംഗം മുതലാളിമാരില്‍ നിന്ന് പണം വാങ്ങി മറ്റൊരു പാര്‍ട്ടിയിലെ മന്ത്രിക്ക് നല്‍കി, ഒന്നിലേറെ ലൈംഗിക അതിക്രമ പരാതികള്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്നു എന്നിവയൊക്കെയാണ് വിവരിക്കുന്നത്. എന്നാല്‍, ഇവിടെ ഒരുസ്ഥലത്തും ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല.
അച്ചടക്കലംഘനത്തിന്റെ പട്ടികയായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ മുതലാളിയില്‍ നിന്ന് പണം വാങ്ങി മറ്റൊരു പാര്‍ട്ടിയിലെ മന്ത്രിക്ക് നല്‍കിയ കാര്യം ഇതുവരെ പുറത്തുവരാത്ത വസ്തുതയാണ്. അതും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്നിടത്താണ് ഈ പരാമര്‍ശമെന്നതും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിവിടുന്ന സമീപനം ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് തുല്യമായ വ്യതിയാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഗ്ഗബഹുജന സംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. വര്‍ഗ്ഗ-ബഹുജന സംഘടനകള്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും പാര്‍ട്ടിയുമായി ഇവരുടെ ബന്ധം ആരോഗ്യകരമായ രീതിയിലല്ലെന്നും പാര്‍ട്ടി ഉദ്ദേശിക്കുന്ന രീതിയില്‍ ഇവരുടെ പ്രവര്‍ത്തനം ഉയരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടി പ്രവര്‍ത്തനം വെറും മെംബര്‍ഷിപ്പില്‍ ഒതുങ്ങുന്നതിലുപരി പാര്‍ട്ടി കേഡറാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ ബ്രാഞ്ചും മേല്‍ക്കമ്മിറ്റികളും ശ്രദ്ധ ചെലുത്തണം. ഇപ്പോള്‍ അത്തരത്തില്‍ കേഡറുകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പാര്‍ട്ടിക്ക് കഴയുന്നില്ല. ബംഗാളിലെയും കേരളത്തിലെയും തിരഞ്ഞെടുപ്പ് തോല്‍വിയും വിശദമായി പരാമര്‍ശിക്കുന്നുണ്ട്. 1977 മുതല്‍ തുടര്‍ച്ചയായി ബംഗാളില്‍ അധികാരത്തില്‍ നിലനിന്ന പാര്‍ട്ടിക്ക് പഞ്ചായത്ത് തലത്തിലുള്ള വികസനം സാധ്യമാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനാത്മകമായ വിലയിരുത്തല്‍. എന്നാല്‍, കേരളത്തില്‍ വിജയത്തിനടുത്തെത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞത് നേട്ടമായി റിപ്പോര്‍ട്ട് പറയുന്നു.
ഇതിനിടെ സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സി.പി.എം. കേന്ദ്രനേതൃത്വത്തിന് കത്തു നല്‍കി. തനിക്കെതിരായ വിമര്‍ശനങ്ങള്‍ കുത്തിനിറച്ച് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വം ഇടപെട്ടു തിരുത്തിയിരുന്നു. തിരുവനന്തപുരത്ത് സമ്മേളനം നടക്കുന്നതിനിടെയായിരുന്നു കേന്ദ്ര ഇടപെടല്‍. എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ടു നടത്തിയ തിരുത്തലുകള്‍ എന്തൊക്കെയെന്ന് അറിയിക്കണമെന്നാണ് വി.എസ്. ആവശ്യപ്പെട്ടിരിക്കുന്നത്.
No comments:
Post a Comment