മരണം വന്നു മടങ്ങി, തുമ്പിക്കൈ അകലത്തില്
റീഷ്മ ദാമോദര്‍
പാഞ്ഞടുത്ത കാട്ടുകൊമ്പന്റെ മുന്നില്‍ നിന്ന് ആയുസ്സിന്റെ ബലം കൊണ്ടു മാത്രം രക്ഷപ്പെട്ട കഥ...
മുത്തങ്ങ കുമിഴി കോളനിയിലെ വലിയ വീട്ടില്‍ വിനില്‍ കുമാറിന്റെ ഭാര്യ ബീന ഇന്നും ആ നടുക്കുന്ന ഓര്‍മകളിലാണ്.
''കൊടുംതണുപ്പില്‍ നിന്നും ഗ്രാമം ഉണര്‍ന്നുവരുന്നതേയുള്ളൂ. എട്ടുമണി കഴിഞ്ഞെങ്കിലും പകല്‍വെളിച്ചം അപ്പോഴും കാട്ടിനുള്ളിലേക്ക് കടക്കാതെ മടിച്ചു നില്‍ക്കുന്നു. അങ്കണവാടി ടീച്ചര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബത്തേരിയിലേക്ക് പുറപ്പെടുകയായിരുന്നു ഞാന്‍. വീട്ടില്‍നിന്നും കാട്ടിലെ ചെമ്മണ്‍പാതയിലൂടെ രണ്ടര കിലോമീറ്റര്‍ നടന്നാല്‍ മുത്തങ്ങയിലെത്താം. പോകുന്ന വഴിയില്‍ മോനെ നഴ്‌സറിയിലാക്കുകയും ചെയ്യാം. അങ്ങനെ മോനെയും ഒക്കെത്തെടുത്താണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. സ്‌കൂളിലേക്ക് പോകാന്‍ ഇറങ്ങിയ അയല്‍പക്കത്തെ, ഒന്‍പതാം ക്ലാസുകാരി അമൃതയേയും ഒപ്പം കൂട്ടി.
വേഗം എത്താനുള്ള ധൃതിയില്‍ മുത്തങ്ങയിലേക്കുള്ള കുറുക്കുവഴിയാണ് തിരഞ്ഞെടുത്തത്. പൂത്തുനില്‍ക്കുന്ന മുളങ്കാടുകള്‍ അതിരുകള്‍ തീര്‍ത്ത വഴിയാണത്. ഞങ്ങള്‍ ഓരോ കഥയും പറഞ്ഞ് നടക്കുകയായിരുന്നു. പെട്ടെന്നാണ് മുളങ്കാടുകള്‍ക്കിടയില്‍നിന്നൊരു വലിയ നിഴല്‍ ഞങ്ങളുടെ ദേഹത്ത് വന്നു വീണത്. നിമിഷങ്ങള്‍ക്കുള്ളില്‍ ആ നിഴലിന് ജീവന്‍വെച്ചു. ഒരു ഒറ്റയാന്‍. ശ്ശോ... ഞങ്ങള്‍ക്കെന്തെങ്കിലും ചിന്തിക്കാന്‍പോലുമുള്ള സമയമില്ല.
എന്തോ ഒരു പ്രത്യേക ശബ്ദവും ഉണ്ടാക്കിക്കൊണ്ട് അത് ഞങ്ങളുടെ നേരെ ഓടിവന്നു. അമൃത എങ്ങിനെയൊക്കെയോ അടുത്തുള്ള ഇല്ലിയുടെ മറവിലേക്ക് ഓടിക്കയറി. മോന്‍ കൂടെയുള്ളതുകൊണ്ട് എനിക്കതിനായില്ല. അതോടെ ആനയുടെ ശ്രദ്ധ മുഴുവന്‍ ഞങ്ങളിലേക്കായി. മോനെയും ഒക്കത്ത് ചേര്‍ത്തുപിടിച്ച് ഓടാന്‍ ശ്രമിച്ചു. പക്ഷേ, ഓടാന്‍ കഴിയുന്നില്ല. കാലുകളില്‍ ആരോ ചങ്ങലയിട്ട് പൂട്ടിയതുപോലെ.
പിന്നെയും, തളര്‍ന്ന കാലുകളും വലിച്ച് ഞാനോടി. ഓടുന്നതിനിടയില്‍ ഇടയ്‌ക്കൊന്ന് തിരിഞ്ഞുനോക്കി. ആന പുറകെത്തന്നെയുണ്ട്. അപ്പോഴേക്കും ഞാനാകെ തളര്‍ന്നിരുന്നു. വൈകിയില്ല. ആനയുടെ തുമ്പിക്കൈ എന്നെ ചുറ്റിപ്പിണഞ്ഞു. പിന്നെ, തുമ്പിക്കൈ അയച്ച് ഒറ്റ അടിയായിരുന്നു. ദൂരേക്ക് തെറിച്ചുവീണു ഞങ്ങള്‍. കല്ലും മണ്ണും നിറഞ്ഞ ആ വഴിയില്‍ മോനെയും നെഞ്ചോട് ചേര്‍ത്ത് ഞാന്‍ കമിഴ്ന്നു കിടന്നു.
വീണ്ടും മസ്തകം കുലുക്കി വലിയ ചിന്നംവിളിയോടെ ആന ഞങ്ങള്‍ക്കരികിലേക്ക് പാഞ്ഞടുക്കുന്നത് വിറയലോടെ ഞാന്‍ കണ്ടു. എല്ലാം അവസാനിച്ചുവെന്ന് തോന്നി. 'എന്റെ കണ്‍മുമ്പില്‍വെച്ച് കുഞ്ഞിനൊന്നും സംഭവിക്കരുതേ', മനസ്സ് വിറച്ചു പ്രാര്‍ഥിച്ചു.
ആന ഞങ്ങള്‍ക്കരികിലെത്തിയതായി തോന്നി. ചൂടുള്ള നിശ്വാസങ്ങളോടെ അതിന്റെ തുമ്പിക്കൈ എന്റെ പുറത്തൊന്ന് അമര്‍ത്തി, പിന്നെ ഇടിച്ചു. വശത്തുകൂടെ കൊമ്പുകള്‍ ആഴ്ന്നിറങ്ങി. അതെന്റെ ശരീരത്തെ സ്പര്‍ശിച്ച് ഭൂമിയിലേക്കിറങ്ങുമ്പോള്‍ മരണത്തിന്റെ തണുപ്പുപോലെ...
ആനയുടെ ചവിട്ടേറ്റ് ഛിന്നഭിന്നമായി കിടക്കുന്ന രംഗം എന്റെ മനസ്സില്‍ മിന്നിമാഞ്ഞു. ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം. കുറെ നേരം ആ കിടപ്പ് കിടന്നു, നിമിഷങ്ങളെണ്ണിക്കൊണ്ടുള്ള കിടപ്പ്. ഇടയ്‌ക്കെപ്പോഴോ ഒന്ന് തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടു, ആന പതുക്കെ കാലുയര്‍ത്തുന്നത്. ഞാന്‍ ഉറപ്പിച്ചു. 'ഈ കാട്ടില്‍ത്തന്നെ ഞങ്ങളുടെ അവസാനം.' പിന്നെ കാത്തിരിപ്പായി.
അല്‍പം ദൂരെയായി കമ്പുകള്‍ ഒടിയുന്നൊരു ശബ്ദം കേട്ടു. പതുക്കെ തല പൊക്കിയപ്പോള്‍ കണ്ടു, ദൂരെ നടന്നുമറയുന്ന ആ കാട്ടുകൊമ്പന്‍. ഞാന്‍ വീണ്ടും വീണ്ടും കണ്ണ് തിരുമ്മി നോക്കി. എന്നിട്ടും, വിശ്വസിക്കാനാവാതെ കുറച്ചുനേരംകൂടെ അവിടെത്തന്നെ കിടന്നു. പിന്നെ, പതിയെ എണീറ്റ് അമൃതയുടെ അടുത്തേക്ക് നടന്നു. അവളിതൊക്കെ കണ്ടു നില്‍ക്കുകയായിരുന്നല്ലോ. ആകെ പേടിച്ചുപോയിരുന്നു.
അപ്പോഴേക്കും മുത്തങ്ങ ടൗണില്‍നിന്ന് ആളുകള്‍ ഓടിവന്നു. ആനയുടെ ശബ്ദം കേട്ടായിരുന്നു അവര്‍ വന്നത്. ഓടിക്കൂടിയവര്‍ ഞങ്ങളെയെടുത്ത് ആസ്പത്രിയിലെത്തിച്ചു. ഒരുമാസത്തോളം ആസ്പത്രിയില്‍.
ഇപ്പോഴും കാട്ടിലൂടെ നടന്നുപോകുമ്പോള്‍ ഉള്ളിലൊരു വിറയലാണ്. മോന്‍ മലര്‍ന്നുകിടക്കുകയായിരുന്നില്ലേ? അവനിതൊക്കെ ശരിക്ക് കണ്ടിരുന്നു. അവന്‍ എല്ലാവരോടും പറഞ്ഞു, ''ഞങ്ങളെ കൃഷ്ണന്‍ വന്ന് രക്ഷിച്ചതാണെന്ന്.'' അവനിപ്പോള്‍ ഭയങ്കര പേടിയാണ്. കൂട്ടുകാരുടെയൊപ്പം സ്‌കൂളിലേക്ക് പോവുമ്പോള്‍ കുഴപ്പമില്ല. ഞങ്ങളുടെ കൂടെയാണെങ്കില്‍ വാശിപിടിച്ച് കരയാന്‍തുടങ്ങും. 'വണ്ടി വിളിക്ക്, വണ്ടിയില്‍ പോവാം' എന്നൊക്കെ പറഞ്ഞ്.
ഇതാദ്യമായിട്ടാണ്, ഈ പ്രദേശത്ത് ആന ആളുകളെ ഉപദ്രവിക്കുന്നത്. ഞങ്ങളെ തട്ടിയിട്ടില്ലേ? ഇടയ്‌ക്കൊക്കെ ചാരായം വാറ്റുന്ന സ്ഥലമാണത്. ആ മണം കൊണ്ടാണ് ഇപ്പോള്‍ ആനകള്‍ കൂടുതലായി വരുന്നത്. പിന്നെ വാഷ് കുടിക്കാന്‍ വേണ്ടിയും. ആ സംഭവത്തിന്റെ കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഒരു വാച്ചറെ ചവിട്ടിക്കൊന്നു.
മുന്‍പൊക്കെ കൃഷിയിടങ്ങളിലെ ഉപദ്രവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആന മാത്രമല്ല കാട്ടുപന്നി, മാന്‍ എല്ലാം വരാറുണ്ട്. പാടത്തിന്റെ തൊട്ടപ്പുറത്ത് പുഴയാണ്. ആ പുഴ കടന്നിട്ടാണ് മൃഗങ്ങള്‍ വരുന്നത്. എന്ത് കൃഷി ചെയ്താലും ഞങ്ങള്‍ക്കൊന്നും കിട്ടില്ല. കപ്പയും മറ്റും നട്ടാല്‍, ഒന്ന് മുള വരാന്‍ പോലുമുള്ള സാവകാശമുണ്ടാവില്ല. മാനും പന്നിയും കൂടെ അത് നശിപ്പിക്കും. രാത്രി ആള്‍ക്കാര്‍ കാവലിരുന്നും പടക്കംപൊട്ടിച്ചും അങ്ങനെ സദാസമയവും നോക്കി നോക്കിയിരിക്കണം.
ഇങ്ങനെയെന്തെല്ലാം പ്രശ്‌നങ്ങള്‍... പുറമെ നിന്ന് കാട് കാണാന്‍ വരുന്നവര്‍ക്ക് ഇതൊക്കെ കൗതുകമാണ്. പക്ഷേ, ഓരോ നിമിഷവും പേടിച്ചുകൊണ്ടാണ് ഞങ്ങള്‍ ജീവിതം തള്ളിനീക്കുന്നത്.''
No comments:
Post a Comment