സംശയമെന്ന വില്ലന്‍ പിടിപെട്ടാല്‍
ഭാര്യയെയോ ഭര്‍ത്താവിനെയോകുറിച്ച് സുന്ദരമായ സങ്കല്‌പങ്ങള്‍ താലോലിക്കുന്നവരാണ് നമ്മുടെ യുവതീയുവാക്കള്‍. വിവാഹത്തിന് ശേഷവും യഥാര്‍ത്ഥത്തില്‍ ലഭിച്ച ഇണയെ അംഗീകരിക്കാതെ സങ്കല്‌പത്തിലെ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ 'ഗുണങ്ങള്‍' കാണാന്‍ ശ്രമിക്കുന്ന ഭാര്യയും ഭര്‍ത്താവുമാണ് പ്രശ്‌നങ്ങളില്‍ ചെന്നു ചാടുന്നത്.
ഭാര്യയോട് സ്‌നേഹം പ്രകടിപ്പിക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുമ്പോള്‍ ആ സ്‌നേഹം ഉള്‍ക്കൊള്ളാന്‍ ഭാര്യയ്‌ക്കു കഴിയണം. എങ്കിലേ ദാമ്പത്യം സ്വര്‍ഗതുല്യമാവൂ. അങ്ങനെയുള്ള മനസിലാക്കലുകളാണ് കുടുംബജീവിതത്തിന്റെ ആണിക്കല്ല്.
നല്ല ബന്ധങ്ങളുണ്ടാക്കാന്‍ തേച്ചുമിനുക്കിയ വാക്കുകള്‍ മാത്രം പോരാ. പെരുമാറ്റത്തിലൂടെയും തേനൂറുന്ന വാക്കുകളിലൂടെയും അത് അനുഭവപ്പെടണം. പഞ്ചസാരയ്‌ക്ക് നല്ല മധുരമാണ്. അത് പാലില്‍ ചേര്‍ത്താലോ? എത്ര സ്വാദിഷ്‌ഠം! നമ്മുടെ വാക്കുകള്‍ പാലില്‍ ചേര്‍ത്ത പഞ്ചസാരപോലെയാവണം.
ആശയവിനിമയം കുടുംബബന്ധത്തിന്റെ നിലനില്‌പിന് വളരെ അത്യാവശ്യമാണ്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.
തുറന്ന മനസ്
വീട്ടിലുള്ളവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുക. അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുക. ഇടയ്‌ക്ക് സാന്ത്വനം നല്‌കാവുന്നിടത്ത് അതിനും തയാറാവുക. ഭാര്യാഭര്‍ത്താക്കന്മാരായാലും സഹോദരങ്ങളായാലും പരസ്‌പരം വിഷമങ്ങള്‍ തുറന്നുപറയുമ്പോള്‍ ഭാരം ഇറക്കിവച്ചപോലെ ആശ്വാസം തോന്നും. വിവാഹത്തിനു മുമ്പു വരെ മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന യുവതിയെയോ അല്ലെങ്കില്‍ യുവാവിനെയോ പൂര്‍ണമായി അവരില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കരുത്.
'കല്യാണം കഴിഞ്ഞിട്ടും ഇപ്പോഴും എന്തു പറഞ്ഞാലും അമ്മയും പെങ്ങന്മാരും എന്നൊരു വിചാരമേയുള്ളൂ.' എന്ന് ഭര്‍ത്താവിനെ കുറ്റപ്പെടുത്തരുത്. നേരെ മറിച്ചും അങ്ങനെയാവരുത്.
"നിന്നെ ഇങ്ങോട്ടു കെട്ടിച്ചു കൊണ്ടു വന്നതാ. എപ്പോഴും വീട്ടില്‍ പോകണമെന്നു പറഞ്ഞാല്‍ നടക്കില്ല.'' ഇങ്ങനെ പറയുന്ന ഭര്‍ത്താക്കന്മാരും ഉണ്ട്.അതു പാടില്ല. ഭര്‍ത്താവിന്റെ വീട്ടുകാരെ സ്വന്തം വീട്ടുകാരായി കാണാന്‍ ഭാര്യയ്‌ക്കു കഴിയണം. അതുപോലെ ഭാര്യവീട്ടുകാരെ കാണാന്‍ ഭര്‍ത്താവിനും കഴിയണം. അപ്പോള്‍ കുടുംബത്തില്‍ സന്തോഷവും സമാധാനവും കളിയാടും.
അംഗീകരിക്കുക
കോംപ്ലിമെന്റിനേക്കാള്‍ അക്‌നോളജ്‌മെന്റാണ് എല്ലാവരും ഇഷ്‌ടപ്പെടുന്നത്. ആത്മാര്‍ത്ഥമായി പരസ്‌പരം അംഗീകരിക്കുക. ഭാര്യ നല്ലൊരു കാര്യം ചെയ്‌താല്‍ ഹൃദയത്തില്‍തട്ടി അഭിനന്ദിക്കുക. അത് ആത്മാര്‍ത്ഥമെങ്കില്‍ അവളുടെ കഴിവുകള്‍ക്ക് താഴെയുള്ള നമ്മുടെ കൈെയാപ്പാണ്.
'നിങ്ങള്‍ക്ക് റോസാപ്പൂ നീട്ടുന്ന കൈയില്‍, അല്‌പം സുഗന്ധം ബാക്കിയുണ്ടാകും' എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. നന്മ ചെയ്യുന്നവരില്‍ എന്നും നന്മ ബാക്കിയുണ്ടാകുമെന്നര്‍ത്ഥം.
വിശ്വസ്‌തരായിരിക്കുക
വിശ്വസ്‌തത ആദ്യം കാണിക്കേണ്ടത് ജീവിതപങ്കാളിയോടാണ്. മക്കളോടും മാതാപിതാക്കളോടും സഹോദരങ്ങളോടും സത്യസന്ധത പുലര്‍ത്തണം. ചെയ്‌തതോര്‍ത്ത് പിന്നീട് ലജ്‌ജിക്കാനായി ഒന്നും ചെയ്യാതിരിക്കുക.
ആരോഗ്യകരമായ അന്തരീക്ഷം
ഒരു കുട്ടിയുടെ വ്യക്‌തിത്വം വികസിക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനും ആരോഗ്യകരമായ കുടുംബാന്തരീക്ഷം അത്യന്താപേക്ഷിതമാണ്. അതില്‍ ഏറ്റവും പ്രധാനമാണ് പങ്കാളികളുടെ പരസ്‌പരധാരണയും സൗഹൃദവും. മാതാപിതാക്കള്‍ പരസ്‌പരം മല്ലടിച്ച് രോഗഗ്രസ്‌തമാക്കിയ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളില്‍ ആകുലത നിറഞ്ഞിരിക്കും. അവര്‍ ലക്ഷ്യബോധമില്ലാത്തവരാകാനും അവരില്‍ അരക്ഷിതബോധം വളരാനും അത് ഇടയാക്കും.
കുട്ടികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. മാതാപിതാക്കളുടെ വഴക്ക് എന്നും നിലനില്‌ക്കുന്നതായി കരുതാതിരിക്കുക. അത് എപ്പോള്‍ വേണമെങ്കിലും അവസാനിക്കാം. സ്വന്തമായി ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ മുടക്കാതിരിക്കുക. അപ്പോള്‍ നിങ്ങളിലൂടെ മാതാപിതാക്കളുടെ പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരമുണ്ടായെന്നു വരും.
ഭാര്യയെ കൂട്ടാത്ത ഭര്‍ത്താവ്
ചില ഭര്‍ത്താക്കന്മാര്‍ ഭാര്യയുടെ സൗന്ദര്യത്തില്‍ വളരെയേറെ ശ്രദ്ധാലുക്കളായിരിക്കും. ഭര്‍ത്താവിനൊപ്പം സഞ്ചരിക്കാന്‍ ഭാര്യയ്‌ക്ക് താല്‌പര്യമാണെങ്കിലും ഭര്‍ത്താവ് അവളെ ഒപ്പം കൊണ്ടുപോവില്ല. കാരണം മറ്റു പുരുഷന്മാര്‍ തന്റെ ഭാര്യയെ കണ്ട് ആസ്വദിക്കുന്നത് സഹിക്കാത്തവരാണ് ഇക്കൂട്ടര്‍. സങ്കല്‌പത്തിലെ വ്യക്‌തിയെ കിട്ടാത്തതുകൊണ്ട് വിവാഹം കഴിച്ചയാളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് പറയുന്നത് അപകര്‍ഷതാബോധത്തിന്റെ ലക്ഷണമാണ്.
എന്തെങ്കിലും കുറവുള്ള ഭാര്യയുമായി നട്ടെല്ല്‌് നിവര്‍ത്തി നടക്കുന്ന പുരുഷനോട് മറ്റുള്ളവര്‍ക്ക് ആദരവാണ് തോന്നുക.
അനാരോഗ്യപ്രവണതകള്‍
ലഹരി ഉപയോഗിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ കടുത്ത മാനസികവ്യഥ അനുഭവിക്കുന്നവരായിരിക്കും. കുട്ടികളാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരും മുതിര്‍ന്നവരാണെങ്കില്‍ ഭാര്യ, കുട്ടികള്‍ തുടങ്ങിയവരും അരക്ഷിതബോധത്താല്‍ നിരാശരായിരിക്കും.
മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കാതിരിക്കുകയാണ് സന്തോഷകരമായ കുടുംബജീവിതത്തിന് അത്യുത്തമം.ആരെങ്കിലും ഒരാളെ മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചാല്‍ അത് അയാളുടെ സ്‌നേഹമോ ആത്മാര്‍ത്ഥതയോകൊണ്ടല്ലെന്ന് തിരിച്ചറിയുക.
പങ്കാളിയോട് അസൂയ
ദമ്പതികളില്‍ ഭര്‍ത്താക്കന്മാരിലാണ് അനാരോഗ്യകരമായ ഈ പ്രവണത കണ്ടുവരുന്നത്. ഭാര്യയ്‌ക്ക് നല്ലൊരു ജോലി കിട്ടിയാല്‍ എന്തെങ്കിലും കാരണം പറഞ്ഞ് അതില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുകയോ ഉള്ള ഉദ്യോഗം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യും. ഭര്‍ത്താവ് ജോലി കഴിഞ്ഞ് വരുമ്പോള്‍ 'ചൂടുകാപ്പി' യുമായി പൂമുഖവാതില്‌ക്കല്‍ ഭാര്യ കാത്തുനില്‌ക്കണമെന്നാണ് ഇത്തരം ഭര്‍ത്താക്കന്മാരുടെ വിശദീകരണം.
ആത്മീയത
കുടുംബാംഗങ്ങളില്‍ ശരിയായ ആത്മീയബോധം ഉണ്ടാക്കേണ്ടത് മുതിര്‍ന്നവരാണ്. പങ്കാളിയില്‍ നിന്നുണ്ടാവുന്ന വീഴ്‌ചകള്‍ വിട്ടുവീഴ്‌ചാമനോഭാവത്തോടെ കൈകാര്യം ചെയ്യാന്‍ ആത്മീയത സഹായിക്കും. രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍പോലും ദൈവം 'ലൈവ്' ആയി കാണുന്നുണ്ടെന്നുള്ള വിചാരം അവര്‍ക്കുണ്ടാവും.
വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ താമസിപ്പിക്കുന്നവരുണ്ടല്ലോ. എന്നാല്‍ ദൈവഭയമുള്ളവര്‍ അങ്ങനെ ചെയ്യാറില്ല. മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെയും അവരുടെ ആശ്രിതരുടെയും കടമയാണ്.
മുതിര്‍ന്നവരോട്
"ഇനി ഈ വയസാംകാലത്ത് എന്തു ചെയ്യാനാ എന്റെ കാലം കഴിഞ്ഞു" എന്നു ചിന്തിക്കുന്നതു ശരിയല്ല. റോബര്‍ട്ട് ബ്രൗണിംഗ് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. എന്റെ ജീവിതംകൊണ്ട് എനിക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ സംഭാവന ഇനിയും ചെയ്യാന്‍ പോവുന്നതേയുള്ളൂവെന്ന് ചിന്തിക്കുക.
''എന്റെ മക്കളാണെന്റെ സര്‍വസ്വവും; അവര്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്.'' ഒറ്റനോട്ടത്തില്‍ ഉദാത്തമായ ചിന്ത. പക്ഷേ മക്കളെ അങ്ങനെ സര്‍വസ്വമാക്കുന്നത് അവര്‍ക്കും നല്ലതല്ല, മാതാപിതാക്കള്‍ക്കും നല്ലതല്ല.നമ്മുടെ വ്യക്‌തിത്വം നാം നിലനിര്‍ത്തുകയും മക്കളുടെ വ്യക്‌തിത്വം നിലനിര്‍ത്താന്‍ അവരെ പ്രാപ്‌തരാക്കുകയുമാണ് വേണ്ടത്. ഖലീല്‍ജിബ്രാന്റെ പ്രസിദ്ധമായ വരികള്‍ ശ്രദ്ധിക്കുക.
''നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ല. അവര്‍ പ്രകൃതിയുടെ ജീവചൈതന്യത്തിന്റെ കുഞ്ഞുങ്ങളാണ്. അവര്‍ നിങ്ങളിലൂടെ വന്നു, എന്നാല്‍ അവര്‍ നിങ്ങളില്‍ നിന്നല്ല വന്നത്. നിങ്ങള്‍ അവര്‍ക്ക് സ്‌നേഹം കൊടുത്തുകൊള്ളുക എന്നാല്‍ നിങ്ങളുടെ ചിന്തകള്‍ അവരുടെമേല്‍ അടിച്ചേല്‌പിക്കരുത്. അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.''
തൃശൂര്‍ സെന്റ് മേരീസ് കോളജ് മുന്‍ പ്രിന്‍സിപ്പലും ആ മേന്‍ എന്ന ആത്മകഥയുടെ രചയിതാവുമായ ഡോ. സിസ് റ്റര്‍ ജെസ്‌മി കുടുംബബന്ധങ്ങ ളെക്കുറിച്ച് പറഞ്ഞതിങ്ങനെ:
''കുടുംബം, വിവാഹം, സ്‌ത്രീ പുരുഷലിംഗഭേദം എന്നിങ്ങനെയുള്ള സംവിധാനങ്ങളെല്ലാം പ്രകൃതിദത്തം അഥവാ ദൈവസൃഷ്‌ടി എന്നതിലുപരി മനുഷ്യനിര്‍മിതമായ വ്യവസ്‌ഥകളാണെന്നും അതിനാല്‍ തന്നെ അവയെല്ലാം പരിവര്‍ത്തന വിധേയമാണെന്നും സമര്‍ത്ഥിക്കുന്ന ഒരു കാലഘട്ടമാണിത്. മാതാപിതാക്കളുടെ കടമകളില്‍ പ്രധാനമായി കണക്കാക്കപ്പെടുന്നതാണ് മക്കളെ വിവാഹിതരാക്കുകയെന്നത്. എന്നാല്‍ ഈ അത്യാധുനികകാലത്ത് തങ്ങള്‍ നിര്‍ബന്ധിതരായി എത്തിച്ചേരുന്ന വിവാഹബന്ധങ്ങളില്‍ ഭൂരിഭാഗം മക്കളും ഉറച്ചു നില്‌ക്കാറില്ല. കടമ നിറവേറ്റാന്‍ തത്രപ്പെടുന്ന മാതാപിതാക്കള്‍-ചിലപ്പോള്‍ ഒരു കുഞ്ഞിക്കാലു കാണാനുള്ള മോഹം മൂലം-കര്‍ശനമായ തീരുമാനങ്ങളെടുത്ത് മക്കളെ വിവാഹത്തിന് വിധേയരാക്കുന്നത് പലപ്പോഴും വിഡ്‌ഢിത്തമായി മാറുന്നതു കാണാം. ആദ്യ ബന്ധത്തില്‍ നിന്ന് വിമുക്‌തരായ മക്കളെ രണ്ടാമതും മൂന്നാമതും വിവാഹിതരാക്കേണ്ട കടമയും അച്‌ഛനമ്മമാര്‍ നിറവേറ്റണ്ടതുണ്ടോ?
പ്രായോഗിക തലത്തില്‍ ചിന്തിക്കുമ്പോള്‍ മാതാപിതാക്കളുടെ കടമയെന്ന വൃത്തത്തിന്റെ വ്യാസം മക്കള്‍ക്ക് മൂല്യാധിഷ്‌ഠിതമായ നല്ല വിദ്യാഭ്യാസവും വരുമാനമാര്‍ഗവും നല്‌കുക എന്നതു മാത്രമാക്കി ചുരുക്കാവുന്നതാണ്. അവരവരുടെ പങ്കാളിയെ തെരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വവും സ്വാതന്ത്ര്യവും മക്കള്‍ക്കു നല്‌കുക. അതിന്റെ പ്രായപരിധിയോ വിശദാംശങ്ങളോ നിശ്‌ചയിക്കാനുള്ള അവകാശവും അവര്‍ക്കു ലഭിക്കട്ടെ. ഇത്തരം സ്‌ഥിതിവിശേഷം മാതാപിതാക്കള്‍ക്ക് സമാശ്വാസവും മക്കള്‍ക്ക് സ്വാതന്ത്ര്യത്തോടെയുള്ള കര്‍ത്തവ്യബോധവും നല്‌കുമെന്ന കാര്യത്തില്‍ ആശങ്കയ്‌ക്ക് ഇടയില്ല.
ഏകസ്‌ഥജീവിതം, കോഹാബിറ്റേഷന്‍ എന്നിത്യാദി വ്യത്യസ്‌ത ജീവിതശൈലികളും എന്നിവരുടെ ലൈംഗികജീവിതരീതിയും ഈ യുഗത്തില്‍ അസ്വാഭാവികമായി ഗണിക്കാത്തതിനാല്‍ അച്‌ഛനമ്മമാര്‍ മക്കളുടെ വിവാഹക്കാര്യമോര്‍ത്ത് അധികം ആകുലചിത്തരാകാതിരിക്കുന്നതാണ് അഭിലഷണീയം.''
ജീവിതത്തെ ഒരു കപ്പലിനോട് ഉപമിക്കാം. നിങ്ങളാണതിന്റെ കപ്പിത്താന്‍. മനസിലെ ചിന്തകളും ചിത്രങ്ങളുമാണ് വിളക്കുമരം. മനോഹര തീരങ്ങള്‍ ലക്ഷ്യമിട്ടാല്‍ കപ്പല്‍ അവിടെ എത്തും. കുടുംബമാകുന്ന കപ്പല്‍ സുന്ദരമായ തീരത്തെത്തിക്കാന്‍ നല്ലൊരു കപ്പിത്താനാകാന്‍ നമുക്ക് ശ്രമിക്കാം.
No comments:
Post a Comment