| | ന്യൂഡല്‍ഹി: രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ വിദേശയാത്രകള്‍ക്കായി ഇതുവരെ ചെലവഴിച്ചത് 205 കോടി രൂപ. കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍മാത്രം ശേഷിക്കുന്ന രാഷ്‌ട്രപതി നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങള്‍ 12 തവണയായി സന്ദര്‍ശിച്ചു. രാഷ്‌ട്രപതി പദം ഒഴിയുംമുമ്പു ദക്ഷിണാഫ്രിക്കയിലേക്കുകൂടി പോകാനുള്ള ഒരുക്കത്തിലാണ് അവര്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകളിലാണ് ഇക്കാര്യം വ്യക്‌തമായത്. വിദേശയാത്രാച്ചെലവിന്റെ കാര്യത്തില്‍ മുന്‍ഗാമികളെയെല്ലാം പ്രതിഭാ പാട്ടീല്‍ കടത്തിവെട്ടിയതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. കുടുംബാംഗങ്ങള്‍ക്കും വന്‍ ഉദ്യോഗസ്‌ഥവൃന്ദത്തിനുമൊപ്പമായിരുന്നു പലപ്പോഴും വിദേശപര്യടനം. ബോയിംഗ് 747-400 വിമാനമാണ് മിക്കപ്പോഴും യാത്രയ്‌ക്ക് ഉപയോഗിച്ചത്. എന്നാല്‍ ഭൂട്ടാനിലേക്കു ചെറിയൊരു ജെറ്റ് വിമാനത്തിലായിരുന്നു രാഷ്‌ട്രപതിയുടെയും പരിവാരങ്ങളുടെയും യാത്ര. രാഷ്‌ട്രപതിയുടെ യാത്രകള്‍ക്കായി വിമാനക്കൂലി ഇനത്തില്‍ എയര്‍ ഇന്ത്യക്ക് ചെലവായത് 169 കോടി രൂപവരും. ഇതില്‍ 153 കോടി പ്രതിരോധ വകുപ്പ് നല്‍കിക്കഴിഞ്ഞു. 16 കോടി രൂപ നല്‍കാനുണ്ടെന്നും രേഖകള്‍ വ്യക്‌തമാക്കി. വിദേശയാത്രാ വേളയിലെ താമസം, ദിനബത്ത, പ്രാദേശിക യാത്രകള്‍ തുടങ്ങിയവയ്‌ക്കു വിദേശകാര്യ മന്ത്രാലയം ചെലവഴിച്ചത് 36 കോടി രൂപയാണ്. പ്രതിഭാ പാട്ടീലിന്റെ വിദേശയാത്രകള്‍ക്കായുള്ള ചെലവ് റെക്കോഡ് ആണെന്നും കണക്കുകള്‍ വ്യക്‌തമാക്കുന്നു. രാഷ്‌ട്രപതിയുടെ വിദേശയാത്രാച്ചെലവുകള്‍ വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ടു വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷകളോടു പ്രതികരിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ പൊതുവെ വിമുഖതകാട്ടിയിരുന്നു. യാത്രക്കൂലി ഇനത്തില്‍ എയര്‍ ഇന്ത്യക്കു പണം നല്‍കുന്ന പ്രതിരോധ മന്ത്രാലയമാകട്ടെ വിവരങ്ങളൊന്നും നല്‍കിയതുമില്ല. |
No comments:
Post a Comment