തിരുവനന്തപുരം: മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടിക്കൊപ്പം ഡല്‍ഹിക്കു പോകാതെ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല വിട്ടുനിന്നു. അഞ്ചാം മന്ത്രിയെന്ന ആവശ്യത്തിനെതിരേ കോണ്‍ഗ്രസില്‍ എതിര്‍പ്പു ശക്‌തമായി. കെ.പി.സി.സിയുടെ പിന്തുണയില്ലാതെ അഞ്ചാം മന്ത്രിയെന്ന ആവശ്യം നടപ്പാകില്ല. മുഖ്യമന്ത്രി സംസ്‌ഥാനത്തിന്റെ പദ്ധതികളെക്കുറിച്ചുള്ള തുടര്‍ചര്‍ച്ചകള്‍ക്കായാണു ഡല്‍ഹിക്കു പോയതെന്നാണ് ഔദ്യോഗികഭാഷ്യം. എന്നാല്‍, പ്രധാനദൗത്യം ലീഗിന്റെ അഞ്ചാം മന്ത്രിപ്രശ്‌നമാണ്. കെ.പി.സി.സി. നേതൃത്വം ഇക്കാര്യത്തില്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ ഹൈക്കമാന്‍ഡിന്റെ അനുമതി അനിവാര്യമായി. അതു നേടിയെടുക്കാനാണ് ഉമ്മന്‍ചാണ്ടി ഡല്‍ഹിക്കു പോകാന്‍ തീരുമാനിച്ചത്. ഒപ്പം രമേശ് ചെന്നിത്തലയെ ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ഒന്നിച്ചാണു ഡല്‍ഹിക്കു പോയിരുന്നത്. മുന്നണിയില്‍ അസ്വസ്‌ഥതയില്ലാതെ മുന്നോട്ടുപോകണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. എന്നാല്‍ മതേതരത്വത്തിനു പ്രാധാന്യം നല്‍കുന്നതിനാലും മുന്നണിയെ നയിക്കുന്ന കക്ഷി എന്ന നിലയിലും മറുപടി പറയേണ്ടിവരുക മുഖ്യമന്ത്രിയല്ല, കെ.പി.സി.സിയായിരിക്കുമെന്നാണു പാര്‍ട്ടിനേതൃത്വത്തിന്റെ നിലപാട്. സാമുദായിക സന്തുലിതാവസ്‌ഥയ്‌ക്കു കോട്ടം തട്ടുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് പാര്‍ട്ടി. അഞ്ചാം മന്ത്രിപ്രശ്‌നത്തില്‍ത്തട്ടി അനൂപ് ജേക്കബിന്റെ മന്ത്രിസഭാപ്രവേശവും അനിശ്‌ചിതത്വത്തിലായേക്കും. അനൂപിനൊപ്പം തങ്ങളുടെ അഞ്ചാം മന്ത്രിയും സത്യപ്രതിജ്‌ഞ ചെയ്യണമെന്നാണു ലീഗ് നിലപാട്. സര്‍ക്കാരിന്റെ സാമുദായിക സന്തുലിതാവസ്‌ഥയാണ് അഞ്ചാം മന്ത്രിയെന്ന ലീഗിന്റെ ആവശ്യത്തിനുനേരേ മുഖം തിരിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. ഇപ്പോള്‍തന്നെ മന്ത്രിസഭ ന്യൂനപക്ഷകേന്ദ്രീകൃതമെന്ന പരാതി വ്യാപകമാണ്. ചീഫ് വിപ് ഉള്‍പ്പെടെ 11 പേരാണ് ഇപ്പോള്‍ ന്യൂനപക്ഷ സമുദായംഗങ്ങള്‍. അനൂപ് ജേക്കബ്‌കൂടിയാകുമ്പോള്‍ എണ്ണം 12 ആകും. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ ഒന്ന് പി.ജെ. കുര്യന്റേതാണ്. ആ സീറ്റ് അദ്ദേഹത്തിനു വീണ്ടും നല്‍കേണ്ടിവരും. പിന്നീടുള്ള ഒരു രാജ്യസഭാ സീറ്റിനെക്കുറിച്ചും തര്‍ക്കം രൂക്ഷമാണ്. രണ്ടു സീറ്റ് ഒന്നിച്ചു യു.ഡി.എഫിനു കിട്ടുമ്പോള്‍ ഒന്ന് മാണി വിഭാഗത്തിനു നല്‍കാമെന്ന വാഗ്‌ദാനം നിലവിലുണ്ട്. അതുകൊണ്ട് അഞ്ചാം മന്ത്രിയെന്ന ലീഗിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണു പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. സ്വന്തം വകുപ്പുകള്‍ ലീഗ് സാമ്രാജ്യമാക്കി വച്ചിരിക്കുന്നതിലും ഐ ഗ്രൂപ്പിന് അമര്‍ഷമുണ്ട്. വിദ്യാഭ്യാസവകുപ്പ് ലീഗ് വര്‍ഗീയവത്‌കരിക്കുന്നുവെന്നാണു പരാതി. 'ന്യൂനപക്ഷഭൂരിപക്ഷ'മുള്ള സര്‍ക്കാരെന്ന ആരോപണം നിലനില്‍ക്കേയാണു ലീഗ് വിദ്യാഭ്യാസവകുപ്പിലെ ഉന്നതസ്‌ഥാനത്തെല്ലാം സ്വസമുദായത്തില്‍പ്പെട്ടവരെ നിയമിച്ചത്. വേണ്ടത്ര യോഗ്യതപോലുമില്ലാതെ സമുദായപരിഗണനയില്‍ നടത്തിയ ഇത്തരം നിയമനങ്ങളും കെ.പി.സി.സിയെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഘടകകക്ഷികള്‍ നടത്തുന്ന സാമുദായിക പ്രീണനങ്ങള്‍ക്കു മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസാണു മറുപടി നല്‍കേണ്ടിവരുക. |
No comments:
Post a Comment